എന്നുമുതലാണ് ഞാനൊരു രാജകുമാരിയെ സ്വപ്‌നം കാണാന്‍ തുടങ്ങിയത്?
ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത് സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്‌ക്കാന്‍ ഒരു രാജകുമാരി വേണമെന്ന് ഞാനും കൊതിച്ചു തുടങ്ങിയത്. ആറാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സുഹറയുടെ മുഖത്ത് കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന് രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്‌നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്‌പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു.
കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക് പ്രണയത്തിന്റെ എണ്ണയുമായി വന്നത് എന്റെ റെഹനാസ് . അവളെന്റെ മനോരാജ്യത്തിലെ രാജകുമാരിയായി. സുഖമായി ജീവിയ്‌ക്കാന്‍ അവളെന്നും കൂടെയുണ്ടാകുമെന്ന് ഞാന്‍ കൊതിച്ചു.
അവളെ ആദ്യം കണ്ടത് നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികം. നാടകം കാണാന്‍ കൂട്ടുകാരൊത്തു പോയതാണ്. പത്താം ക്ലാസ് കഴിഞ്ഞ വര്‍ഷം. പെണ്ണുങ്ങളുടെ സൈഡിലാണ് ഞങ്ങള്‍ ആദ്യമേ സ്ഥലം പിടിച്ചത്. പരിപാടികളുടെ ഇടവേളകളില്‍ വെളിച്ചം തെളിയുമ്പോള്‍ സുന്ദരിമാരുടെ കണ്ണുകളുടെ തിളക്കം കാണാം. ഒരു നോട്ടത്തിന് പകരം കിട്ടുന്ന പുഞ്ചിരിയില്‍ നിര്‍വൃതി കൊള്ളാം. ചിലപ്പോള്‍ ഒരു തുറിച്ചു നോട്ടത്തിന്റെ ചമ്മലില്‍ കണ്ണുകള്‍ പിന്‍വലിക്കേണ്ടിയും വരാം.
നാടകത്തില്‍ ഒരു രംഗം തീര്‍ന്ന് കര്‍ട്ടന്‍ വീണു. ട്യൂബ് ലൈറ്റുകളുടെ ധാരാളിത്തത്തില്‍ തിളങ്ങുന്ന പെണ്‍മുഖങ്ങളില്‍ ഒരു പുഞ്ചിരി തിരയുകയായിരുന്നു ഞാന്‍. ഉച്ചഭാഷിണിയില്‍ അപ്പോള്‍ നഖക്ഷതങ്ങളിലെ ഹിറ്റ്‌ഗാനം ഒഴുകി വരുന്നു.
`ആരേയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണ് നീ..'
ആകാശത്തുനിന്ന് നിലാവെളിച്ചം താണിറങ്ങുന്നു. ഭൂമിയില്‍ കണ്ണഞ്ചിക്കുന്ന ട്യൂബ്‌ലൈറ്റുകളുടെ വെളിച്ച പ്രളയം.
അപ്പോള്‍ പെണ്ണുങ്ങളുടെ ഭാഗത്തു നിന്ന് ആരോ എന്റെ പേര് വിളിച്ചു. നോക്കുമ്പോള്‍ നൂര്‍ജഹാന്‍. എന്റെ വിടിന് അടുതു ഉള്ള കുട്ടിയാണ് ഒരുപാട് മുമ്പ് കണ്ടതാണ്. വായിനോട്ടം അവള്‍ കണ്ടുപിടിച്ചോ എന്ന ചമ്മലുമായി നില്‍ക്കുമ്പോള്‍ അവളുടെ പിന്നില്‍ തിളങ്ങുന്ന വലിയ രണ്ട് കണ്ണുകള്‍. ഇതാരാണെന്ന് ഞാന്‍ നൂര്‍ജഹാനോട് ചോദിയ്‌ക്കാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ആ കണ്ണുകളുടെ ഉടമ എന്നോട് ചോദിച്ചു. ഓര്‍മയുണ്ടോ?
ഓര്‍മയില്ലായിരുന്നു. ഓര്‍മക്കുറവിനോട് അത്രയും വെറുപ്പു തോന്നിയ നിമിഷം വേറെ ഉണ്ടായിട്ടുണ്ടാകില്ല. അപ്പോള്‍ നൂര്‍ജഹാന്‍ ആ ചോദ്യം പൂരിപ്പിച്ചു. നിനക്ക് ഓര്‍മയില്ലേ? മുത്തയുടെ മോള്. നൂര്‍ജഹാന്റെ ഉമ്മയുടെ ജ്യേഷ്‌ഠത്തിയുടെ മോളാണ്. റെഹനാസ്. ഞാന്‍ അവളെ വളരെ ചെറുപ്പത്തില്‍ കണ്ടതാണ്. ഉമ്മയുടെ കൂടെ പണ്ടെന്നോ അവരുടെ വീട്ടില്‍ പോയപ്പോള്‍.
നാടകം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും നാടകത്തിന്റെ കഥ ഞാന്‍ മറന്നു പോയിരുന്നു. മനസ്സില്‍ അവള്‍ മാത്രം. റെഹനാസ്. എന്റെ രാജകുമാരി. അടുത്തൊരു ദിവസം, അവസരമുണ്ടാക്കി ഞാന്‍ നൂര്‍ജഹാന്റെ വീട്ടില്‍ ചെന്നു. അവിടെ നിന്നാണ് റെഹനാസ് സ്‌കൂളില്‍ പോകുന്നത്. പത്താം ക്ലാസിലായിരുന്നു അവള്‍. അവള്‍ക്കു കൊടുക്കാന്‍ എഴുതിവെച്ച പ്രണയ ലേഖനം കീശയിലുണ്ട്. ഞാന്‍ കോലായിലേക്ക് കയറി. ഓഫീസ് റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവിടെ മേശപ്പുറത്ത് റെഹനാസിന്‍റെ പുസ്‌തകങ്ങള്‍. അവ മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ കസേരയിലിരുന്നു. ഒരു നോട്ടുപുസ്‌തകത്തില്‍ നഖക്ഷതങ്ങളിലെ നായകന്‍ വിനീതിന്റെ ചിത്രം. ഇവള്‍ ആളു കൊള്ളാമല്ലോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കെ, പിന്നില്‍ നിന്ന് ആരോ വന്ന് എന്റെ കണ്ണുപൊത്തി. പൊത്തിയ കൈകള്‍ തപ്പി നോക്കിയപ്പോള്‍ ആ കൈത്തണ്ടയിലെ കുപ്പിവളകള്‍ വിരലിലുടക്കി. ഒരിയ്‌ക്കലും അത് റെഹനാസ് അകുമെന്ന് ഞാന്‍ കരുതിയില്ല. എന്നാല്‍ അത് അവളായിരുന്നു. അവള്‍ കയ്യെടുത്തപ്പോള്‍ സ്വതന്ത്രമായ കണ്ണുകള്‍ കൊണ്ട് ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്താണ് ഈ വഴിയൊക്കെ വരാന്‍ തോന്നിയത്? അവള്‍ ചോദിയ്‌ക്കുകയാണ്. അവളുടെ പെരുമാറ്റം നല്‍കിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. നിന്നെ കാണാന്‍.
വിശ്വാസം വരാതെ അവള്‍ ചോദിച്ചു.
എന്നെ കാണാനോ?
അതെ.
അത് വെറുതെ.
അല്ല, സത്യം.
ഞാന്‍ വിശ്വസിക്കില്ല.
ഒരു സാധനം തന്നാല്‍ വിശ്വസിക്കുമോ?
എന്തു സാധനം?
വിശ്വസിക്കുമോ ഇല്ലയോ?
ആദ്യം സാധനം താ..
ഞാന്‍ കീശയില്‍ നിന്ന് പ്രണയ ലേഖനം എടുത്തു അവള്‍ക്ക് കൊടുത്തു. കൈയ്‌ക്ക് നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള്‍ കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ് അത്രയും ധൈര്യമായി ആ പ്രണയ ലേഖനം കൈമാറാന്‍ കഴിഞ്ഞത്. അപ്പോഴേക്കും നൂര്‍ജഹാനും അവളുടെ ഉമ്മയും മുറ്റത്തെത്തിയിരുന്നു. റെഹനാസ് കത്ത് നോട്ടുപുസ്‌തകത്തിലെവിടയോ ഒളിപ്പിച്ചു.
റെഹനാസ്ന്‍റെ ഫോട്ടോ പെട്ടിയില്‍ സൂക്ഷിച്ചതാണ് കോളേജില്‍ പഠിയ്‌ക്കുമ്പോള്‍ ഞാന്‍ ചെയ്‌ത ഏറ്റവും വലിയ അപരാധം. സഹപാഠികള്‍ക്കിടയില്‍ അതെന്നെ വല്ലാതെ അപമാനാനിതനാക്കി.
ഞാന്‍ ഗള്‍ഫില്‍ വന്നു ഒരു കബനിയില് ട്രെയിനിയായി ജോയിന്റ് ചെയ്‌ത് അധിക നാളായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെയായെന്ന് കരുതിയാകും ഒരു ദിവസം റെഹനാസ്ന്‍റെ മുത്തപ്പാ എന്‍റെ വിട്ടില്‍ വന്നു
റെഹനാസ്ന്‍റെ കല്യാണക്കാര്യം പറയാന്‍ വന്നതാണ് അവര്‍. ആലോചനകള്‍ വന്നപ്പോള്‍ നൂര്‍ജഹാനാണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞത്. അല്ലെങ്കിലും അവര്‍ക്കറിയാമായിരുന്നുവല്ലോ.
നിക്കാഹ് എങ്കിലും ചെയ്‌തു വെക്കണമെന്ന് റെഹനാസ്ന്‍റെ മുത്തപ്പാ എന്റെ ഇക്കയൂടെ അടുത്തത് വാശി പിടിച്ചു.
എനിയ്‌ക്ക് അപ്പോള്‍ കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുമായിരുന്നില്ല. നാലോരു ജോലി, വിസ, ഇതായിരുന്നു എന്റെ മനസില്‍ പതിനെയു വയസ്സുള്ള റെഹനാസ്ന് എനിയ്‌ക്കായി ഇനിയും കാത്തു നില്‍ക്കാനും കഴിയുമായിരുന്നില്ല.
എന്റെ വിട്ടില്‍നിന്നും നിന്ന് ചായ കുടിച്ച് പിരിയുമ്പോള്‍ റെഹനാസ്ന്‍റെ മുത്തപ്പയുടേ മനസ്സില്‍ നിരാശയായിരുന്നുവോ ദേഷ്യമായിരുന്നുവോ? അതോ മകളെ പ്രേമിച്ച അധീരനായ കാമുകനോടുള്ള പുഛമോ?
പിന്നീട് റെഹനാസിനെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഒരു ക്ഷമാപണത്തിന് പോലും ഞാന്‍ അവളുടെ മുന്നില്‍ പോയില്ല. രണ്ടു വര്‍ഷം മുമ്പുള്ള ഒരവധിക്കാലത്ത് നൂര്‍ജഹാന്റെ ഉമ്മയെ രോഗക്കിടക്കയില്‍ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ നൂര്‍ജഹാനോട് റെഹനാസിനെക്കുറിച്ച് ചോദിച്ചു.അവള്‍ക്ക് സുഖമാണ്. മോന്‍ നാലാം ക്ലാസില്‍ പഠിയ്‌ക്കുന്നു -നൂര്‍ജഹാന്‍ പറഞ്ഞു.
കാലം എത്ര പെട്ടെന്നാണ് പോയ്‌മറഞ്ഞത്. ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകള്‍ വല്ലാതെ ശ്വാസം മുട്ടിയ്‌ക്കുമ്പോള്‍ ഞാന്‍ വെറുതെ റെഹനാസിനെ ഓര്‍ക്കും. അവളുടെ ശാപമായിരിക്കുമോ ഈ പൊരുത്തക്കേടുകളുടെ പൊറുതികേട്? ഒരിയ്‌ക്കലുമാകില്ല.
!എന്റെ റെഹനാസിനു എന്നെ ശപിക്കാന്‍ സാധിയ്‌ക്കില്ലല്ലോ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ