പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന്‍ പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന്‍ പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.
''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.
ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്സ്പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.
ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.
ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..
ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.
ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.
റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.
രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.
'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.
ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.
വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.
ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.
ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.
കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.
മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.
ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..
പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.
നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.
ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.
അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...
1 അഭിപ്രായം:
കൊള്ളാം.. ശരിക്കും ഒരു സാഹിത്യകാരന്റെ കാഴ്ചപ്പാടോടുകൂടി.. അവതരിപ്പിച്ചിട്ടുണ്ട്.. അവതരണ ശൈലി.. വളരെ നല്ലത്.. എഴുതൂ.. ഷാർജ ഇൻസ്റ്റിറ്റൂട്ടിലെ ജോലിക്കാർക്ക് ഉള്ളിൽ ഒരു കലാഹ്രിദയം ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നല്ലേ. അപ്പോൾ ഈ വർഷതെ ഷാർജ ഇൻസ്റ്റിറ്റൂട്ടിന്റെ.. സാഹിത്യ പുരസ്കാരം.. ശ്രീ.. അബ്ദുൾ റഫീകിനു.. എല്ലാവിദ ആശംസകളും.. ഷൈജു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ