ഞായറാഴ്‌ച, മേയ് 29, 2011

ഒരു പ്രവാസിയുടെ മടക്കയാത്ര

എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കരിപ്പൂരില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...

“ഷാര്‍ജ ആല്‍ വഹത”

പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ഷാര്‍ജയില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ഷാര്‍ജയില്‍ലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും ഉപ്പനേയും , ഉമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.

" ഉപ്പ നാളെ പോയാ ഇനി എന്നാ വരിക ..? "

" ഉപ്പ വേഗം വരാട്ടോ ...."

" എന്തിനാ ഉപ്പ ഷാര്‍ജയിലേക്ക്‌ പോവുന്നത്‌ ... ഉപ്പ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "

" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ ഉപ്പ ഷാര്‍ജയിലേക്ക്‌ പോവുന്നത്‌ .... ? "

" അതിനു വേണ്ടീട്ടാണെങ്കില്‍ ഉപ്പ ഷാര്‍ജയിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, ഉപ്പ പോവണ്ടാട്ടോ .."

ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. ഉപ്പയും, ഞാനും, മക്കളും ഇരുന്നു. ഉമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.


നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു

" ഉപ്പാക് ഒരു ഉമ്മ തന്നേ ..."

" ഉമ്മ "

മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. മോടന്‍ കമ്പനിയും, ഫറോക്ക് പുഴയും താണ്ടി കാറ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല…………

അഭിപ്രായങ്ങളൊന്നുമില്ല: