ബുധനാഴ്‌ച, ജൂലൈ 27, 2011

'I LOVE HIT 96.7FM'

ഒരുപാട് നേരം കാത്തുനിന്നു... ഇല്ല ഇന്നും വിളിച്ചില്ല... കുറേ ദിവസമായി sms അയക്കുന്നു. ഹിറ്റ് 96.7FM ലെ Hit Jet International ഇത്തവണ നൂറ് ശ്രോതാക്കളേയും വഹിച്ച് പറക്കുന്നത് തായിലാണ്ടിലെ ബാങ്കോക്കിലേക്കാണ്. SMS അയച്ച് ഇപ്പോള്‍ കോള്‍ വരും എന്ന പ്രതീക്ഷയോടെ കുറച്ച് ദിവസമായി ഇരിക്കുന്നു. ഫോണ്‍ എടുക്കുംബോള്‍ 'I love hit 96.7Fm' എന്നുവേണം പറയാന്‍. അല്ലാത്ത പക്ഷം ചാന്‍സ് ഗോവിന്ദ... ഇനിയിപ്പോള്‍ കോള്‍ ഒന്നും വരാന്‍ പോണില്ല. ഷാലു ഫൈസല്‍ അവതരിപ്പിക്കുന്ന 'ഗ്രാമഫോണ്‍' കേട്ട് ഗൃഹാതുരയിലേക്ക് ഊളിയിട്ടു. ഗ്രാമഫോണ്‍ കഴിഞ്ഞപ്പോള്‍ പ്രിയതമയുടെ സ്വരം കേള്‍ക്കാന്‍ തോന്നി. അവളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുനില്ല. നാട്ടില്‍ സമയം കുറേ ആയില്ലേ.. ഉറങ്ങിക്കാണും കള്ളി. ഉറങ്ങിക്കോട്ടെ.. ഒരു SMS അയക്കാം...

'ഷാലുവിന്റെ ശബ്ദം എന്നിലെ ഗൃഹാതുരത്വത്തെ ഉണര്‍ത്തിയപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം നിന്റേതായിരുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നി. അതാ വിളിച്ചത്. ഉറങ്ങിക്കോ...'

മൊബൈല്‍ മറ്റി വച്ച് ഞാനും ഉറങ്ങാന്‍ കിടന്നു, സുന്ദരമായ ഓര്‍മകളോടൊപ്പം. നാളെ ശനി... എത്ര സമയം വേണമെങ്കിലും ഉറങ്ങാം, ജോലിക്ക് പോകേണ്ടതില്ല ആരും ശല്ല്യം ചെയ്യാനുമില്ല. ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് കുറേ സമയം ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഉറക്കം അങ്ങോട്ട് വരുന്നില്ല. ഓര്‍മ്മകള്‍ മെല്ലെ ചിന്തകള്‍ക്ക് വഴിമാറി. ബാങ്കോക്കില്‍ പോകുന്നതും നാല് ദിവസം അവിടെ കറങ്ങി അടിച്ച് നടക്കുന്നതും എല്ലാം ചിന്തിച്ച് കൂട്ടി. ചിന്തകള്‍ക്കിടയി എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ഉറപ്പിച്ചു ഇത് നൈല തന്നെ, ഇപ്പോള്‍ റേഡിയോ FM ല്‍ വല്ല്യ നാസ്ത ക്ലബ് (big breakfast club) നടക്കുന്ന സമയം. ഇത്ര ദിവസം ഞാന്‍ കാത്തിരുന്ന കോള്‍ എന്നെ തേടിയെത്തിയിരിക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ. ആവേശത്തോടെ ഫോണ്‍ എടുത്ത് 'I love hit ninety' എന്ന് പറഞ്ഞപ്പഴേക്കും മറുപടിയെത്തി

'ഇന്നെ ദുബായിലേക്ക് കൊണ്ടോവാണ്ടിരുന്നപ്പളേ എനിക്ക് തോന്നീണ്, ഇങ്ങള്‍ക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്' (തേങ്ങലോടെയാണ് അവള്‍ പറഞ്ഞത്)

'എടീ... അത്..'

'ഇങ്ങളെ കൂടെ പണിയെട്ക്ക്ണ ആ റഷ്യക്കാരത്തി ആവുല്ലേ ഈ നൈന്റി?'

'എടീ അത് റഷ്യക്കാരത്തി ഒന്നും അല്ല'

'എന്നാ പിന്നെ ഇങ്ങള് പറഞ്ഞ ആ ഒരുമ്പെട്ട ഫിലിപ്പൈനി ആയിരിക്കും'

'അതും അല്ല'

'പടച്ചോനേ.. അതും അല്ലേ... പുത്യാപ്പളനെ എപ്പളും ശ്രദ്ദിക്കണം.. ശ്രദ്ദിക്കണം എന്ന് അമ്മായി വെറുതേയല്ല പറയ്ണത്. ദുബായീല് കൊറേ ഒരുമ്പെട്ട പെണ്ണ്ങ്ങളുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഇന്റെ അമ്മായി പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചീല്ല്യേനി.. ഇപ്പൊ വിശ്വാസായി'

'ഞാന്‍ നാട്ടില്‍ വന്നാല്‍ ആദ്യം അന്റെ ആ ദുബായിക്കാരി തള്ളനെ ചുട്ട് കൊന്നിട്ടേ പൊരേലേക്ക് വരുള്ളൂ, മന്‍ഷ്യന്റെ മനസ്സമധാനം കളയാനായിട്ടാണല്ലോ ആ തള്ളനെ പടച്ച് വിട്ടത്' (ഏത് സമയത്താണാവോ പടച്ചോനേ ബാങ്കോക്കില്‍ പോവാന്‍ തോന്നിയത്)

'ഇങ്ങളോരോന്ന് ചെയ്ത് കൂട്ടിട്ട് ഇന്റെ അമ്മായിനെ കുറ്റം പറയണ്ട'

'ഞാനെന്ത് ചെയ്തെന്നാ നീ ഈ പറയ്ണത്?'

'ഇങ്ങള്‍ എന്തിനാ കണ്ട പെണ്ണ്ങ്ങളോടൊക്കെ സംസാരിക്കാന്‍ പോണത്? '

'ഏത് പെണ്ണിനോട് സംസാരിച്ച കാര്യാ നീയീ പറയ്ണത്?'

'ഇന്നലെ sms അയച്ചില്ലേ.. ഏതോ ഒരു ഷാലുന്റെ സൗണ്ട് കേട്ടപ്പളാല്ലേ ഇങ്ങള്‍ക്ക് ഇന്നെ ഓര്‍മ്മ വന്നത്?'

'അതാണോ നീ ഞാന്‍ കണ്ട പെണ്ണങ്ങളോട് സംസാരിച്ചെന്ന് പറയ്ണത്? എടീ... അത് ഞാന്‍ കാണാത്ത പെണ്ണാ.. ഇവിടുത്തെ റേഡിയോ അവതാരികയാ.. ഷാലു ഫൈസല്‍'

'ഞാനിപ്പോ വിളിച്ചപ്പോ ഐ ലവ് യൂ പറഞ്ഞതോ?'

'അത് ഞാന്‍ നൈലയാണെന്ന് വിളിക്കുന്നതെന്ന് കരുതി.. അതാ'

'ഓളേതാ?'

'ഓളും റേഡിയോ അവതാരകയാ...'

'ഓളെന്തിനാ ഇങ്ങളെ വിളിക്ക്ണത്?'

'സബൂറാവ്.. പറഞ്ഞ് തരാം... ഇവിടത്തെ ഒരു റേഡിയോ FM ഉണ്ട്, അവര് എല്ലാ കൊല്ലവും കുറച്ചാള്‍ക്കാരെയും കൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് പോകും. അതിന് അവര് ആള്‍ക്കാരെ തിരഞ്ഞെടുക്കും. sms അയച്ചവരെ ഫോണില്‍ വിളിക്കും. അപ്പോ 'I love hit 96.7Fm' എന്ന് പറയണം. അതില് 'I love hit ninety' എത്തിയപ്പോഴേക്കും തുടങ്ങിയില്ലേ നിന്റെ കരച്ചിലും പിഴിച്ചിലും.'

'അത്രേ ഉള്ളൂ... ഞാന്‍ വെറുതേ എന്റെ ഇക്കാനെ തെറ്റി ധരിച്ചല്ലോ.. സോറിട്ടോ... അല്ല.. ഇങ്ങള്‍ക്ക് ഈ റേഡിയോ കേട്ടിരിക്ക്ണ നേരം ടിവി കണ്ടിരുന്നൂടെ?'

'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'

'എന്നാ കാണണ്ട... എന്നിട്ട് ഇക്കൊല്ലം എങ്ങട്ടാ ഓര് പോണത്?'

'ഇക്കൊല്ലം ബാങ്കോക്കിലേക്കാ പോണത്'

'ബാങ്കോക്കെന്ന് പറഞ്ഞാല്‍ തായിലണ്ടിന്റെ തലസ്ഥാനല്ലേ?'

'അതെ...'

'അങ്ങോട്ടൊന്നും ഫ്രീ ആണെങ്കിലും ഇങ്ങള് പോകണ്ട'

'അതെന്താടി?'

'അത് മോശപ്പെട്ട സ്ഥലാണെന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്'

'അതൊക്കെ വെറുതേ പറയുന്നതാടീ...'

'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

'എന്തിനാ?'

'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...

'ഇങ്ങള് എന്താ പറഞ്ഞേ?' സ്വരം കൂട്ടി അവള്‍...

'ഒന്നുല്ല്യ... എല്ലാ നാട്ടിലും കാണും നല്ലതും ചീത്തയും. ചീത്ത കാര്യങ്ങളുടെ പേരിലാ ഒരു നാട് അറിയപ്പെടുക'

'അതല്ലല്ലോ ഇങ്ങള് പറഞ്ഞത്... വേറെ എന്തൊ ആണല്ലോ?'

'അതെന്നാടീ പറഞ്ഞത്' പടച്ചോനേ ഓള് കേള്‍ക്കാഞ്ഞത് എന്റെ ഭാഗ്യം..

'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

'ഉണ്ടല്ലോ... എന്തേ?'

'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'

ഒന്ന് കൊണ്ടുവെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു 'അതിനെന്താ.. നീ എത്രവേണേലും കേട്ടിരുന്നോ'

'അയ്യെട... എന്തൊരു സ്നേഹം.., ബാങ്കൊക്കില്‍ പോണില്ലേ എന്നിട്ട്?'

'ഇല്ല.. നീയില്ലതെ എവിടെ പോയിട്ടെന്താ?'

'അള്ളോ.. എന്തൊരു സോപ്പ്..'

'മതി.. വച്ചേക്ക്... കുറച്ചുകൂടെ ഒന്ന് ഉറങ്ങട്ടെ'

'ഓ.. ശരി.. ശരി... നൈലയുടെ സൗണ്ട് കേള്‍ക്കേണ്ടി വരും അല്ലേ?'

'പോടി അവിടുന്ന് ...bye...' ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'bye' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറുതേയല്ല ആള്‍ക്കാര്‍ പെണ്ണ് കെട്ടരുത് മോനേ എന്ന് പറയുന്നത്... ഇപ്പഴല്ലേ മനസ്സിലായത്. ഏതൊക്കെ വഴിയിലാ അവള് മാറി ചിന്തിച്ചത്.. ഹൊ..

ഒന്നുകൂടെ ഒന്ന് sms അയച്ച് നോക്കാം... ടൈപ്പ്ചെയ്യാന്‍ തുടങ്ങുംബോഴേക്കും ഒരു sms വന്നു. പൊണ്ടാട്ടിയുടേതാണ്... സോറി പറയാനായിരിക്കും.. മെസേജ് ഓപണ്‍ ചെയ്തു, sms വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. അതില്‍ എഴുതിയത് ഇതായിരുന്നു.

'I LOVE HIT 96.7FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

തിങ്കളാഴ്‌ച, ജൂലൈ 25, 2011

ഞാന്‍ വെറും പ്രവാസി...

ഹാന്റ്ബാഗും പിടിച്ചിറങ്ങുമ്പോള്
‍തിരിഞ്ഞുനോക്കാതിരിക്കാന്‍‍
ഞാന്‍ പാടുപെട്ടിരുന്നു-അതകൊണ്ട്
പ്രയോജനമില്ലെന്ന് അറിയാമായിരുന്നിട്ടും

മനക്കണ്ണിന്റെ മൌനം
മനസ്സിന്റെ തിരശ്ശീലയില്‍ കുറിച്ച.
മറക്കാത്ത രംഗങ്ങളുമായി..
എന്റെ മനസ്സ്‌ തേങ്ങികൊണ്ടിരുന്നു.
എനിക്കുമാത്രമായി....

കുഴിഞ്ഞകണ്ണുകളില്‍ നിറയുന്ന കണ്ണീര്
‍തന്നെ ബാധിച്ചിട്ടില്ലന്ന് വരുത്തി
നരച്ചതാടിയില്‍ തലോടിനില്‍ക്കുന്ന;
അടുത്തുചെന്നപ്പോള്‍ അടക്കിപ്പിടിച്ച്‌
'സാരമില്ലാടാ.. നീ പോയിവാ..'
എന്നാര്‍ശീവദിച്ച
എന്റെ പ്രിയ പിതാവിനെ..

ചേര്‍ത്തുനിര്‍ത്തി
നെറ്റിയില്‍ അമര്‍ത്തിചുംബിച്ച്‌..
ഞാനേറ്റവുംമൃദുലമെന്ന് വിശ്വസിക്കുന്ന
തലോടലിലൂടെ 'ഇനിയെന്ന് മോനേ'..
മനസ്സിനോട്‌
മറ്റാര്‍ക്കുമറിയാഭാഷയില്‍ മന്ത്രിച്ച്‌..
നിറഞ്ഞകണ്ണുകളും മുറിഞ്ഞ
മനസ്സുമായിയാത്രയാക്കിയ
എന്റെ പ്രിയമാതാവിനെ...

കവിഞ്ഞൊഴുകുന്ന കണ്ണീരിലും
വിധിയുണ്ടെങ്കില്‍ നമുക്ക്‌ കാണാം
എന്നാശ്വസിപ്പിച്ച..
പ്രിയപ്രേയസിയുടെ നിറകണ്‍കളെ...

കനംതൂങ്ങിയ ദുഃഖാന്തരീക്ഷത്തിലും
ഒന്നുമറിയാതെ..ഒന്നുമോര്‍ക്കതെ..
"ആന കളിക്കാനായി വേഗംവരാം.."
എന്ന വാക്കും വിശ്വസിച്ച്‌
എന്നെ കാത്തിരിക്കുന്ന പ്രിയപുത്രിയെ...

'ഇനിയുംകാണാം' എന്ന
ഒറ്റവാചകത്തില്‍എല്ലാം ഒതുക്കിയ
സായാഹ്നത്തിലെ സൌഹൃദവലയത്തെ...
അകലുന്ന എന്നെനോക്കിനില്‍ക്കുന്ന..
അനേകം നിറകണ്മിഴികളെ..

ഞാന്‍ സ്നേഹിച്ച
എന്നെസ്നേഹിച്ച എന്റെ ഗ്രാമത്തെ...
ഓര്‍മ്മള്‍ക്ക്‌ ജീവന്‍ നല്‍കിയ
പച്ചപടര്‍പ്പുക്കളെ..

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച
നറുനിലാവിനെ...
പുലരിയില്‍ കൂട്ടിനെത്തിയിരുന്ന
മഞ്ഞുകണങ്ങളുടെ മന്ദഹാസത്തെ...
മൌനത്തിലൂടെ എന്നോട്‌ വാചാലമായിരുന്ന
നീലാകാശത്തിന്റെ നിര്‍-വൃതിയെ..

എല്ലാം ഞാനവഗണിച്ചു.
നീളുന്ന ആവശ്യങ്ങളുടെ ലിസ്റ്റിനടിയില്‍
‍ഞാന്‍ ആഗ്രഹങ്ങളെ കുഴിച്ചുമൂടി
പെറ്റമ്മയും പിറന്നനാടും
നല്‍കുന്നസ്വപ്നങ്ങള്‍ മാത്രം ബാക്കിയായ...
ഞാന്‍...‍ഇന്നൊരു പ്രവാസി