ആരായിരുന്നു അബ്ദുള്ളക്ക എന്ന അന്തുക്ക? കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചൊക്ലിയെന്ന ഗ്രാമത്തിലെ ഒരു നാട്ടുമ്പുറത്തുകാരന്. ചൊക്ലി മാപ്പിള സ്കൂളിലെ പഠനവും ദാരിദ്ര്യത്തിന്റെ കാഠിന്യവും ഒന്നിച്ച്കൊണ്ടു പോകാന്‍ കഴിയാത്തതിന്റെ പേരില്‍ പഠനവും കൗമാരവും ഗ്രാമത്തിന്റെ നന്മയും ഉപേക്ഷിച്ച് കടല്‍ കടന്ന് വന്ന നമ്മുടെ പൂര്‍വ്വികരില്‍ ഒരാള്‍. നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായ ഈ മണല്ക്കാട്ടിലേക്ക് അന്തുക്കയും എത്തിപ്പെട്ടു.
പലതൊഴിലും ചെയ്തു. അവസാനം എത്തിയത് ഒരു യമനിയുടെ ഹോട്ടലില്‍. പത്തിരിയും ഇറച്ചിയും പുട്ടും കടലയും ചോറും മത്തിക്കറിയും തിന്നറിവ് മാത്രമുള്ള അന്തുക്ക മന്ദബൂസും ഖബ്സയും അലീസയും മന്തിയും പാകപ്പെടുത്താന്‍ ശീലിച്ചു. അങ്ങനെ കാലാന്തരത്തില്‍ യമനിയുടെ കിച്ചനില്‍ അന്തുക്ക ഉസ്താദായി. അറബികളുടെ ഭക്ഷണ രീതിയുടെ രസക്കൂട്ടുകള്‍ പഠിച്ച് അന്തുക്ക ഒന്നാം നമ്പര്‍ പാചകക്കാരനായി. ഏതൊരു പ്രവാസിയും 'പഠിച്ചെടുത്ത് നിലനില്ക്കുക' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചത് കൊണ്ടാണല്ലോ നാം ഇവിടെ വരെ എത്തിയത്. ആ ഒരു കഴിവിനെ നമുക്ക് മാത്രം കൈമുതലായിത്തന്നത് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ച് നില്ക്കാന് മലയാളിക്ക് ദൈവം നല്കിയ കഴിവായിരിക്കും. ദാരിദ്ര്യത്തില്‍ നിന്ന് അന്തുക്കയുടെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി. യമനിയായ മുതലാളി അന്തുക്കയുടെ കാര്യത്തില്‍ നല്ല തീരുമാനങ്ങള്‍ മാത്രമേ എടുക്കാറുള്ളൂ. ഹോട്ടലിലെ പാചകപ്പുരയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും അന്തുക്ക 32 വര്‍ഷം പിന്നിട്ടു. അതിനിടയില്‍ ഹോട്ടലിന്റെ രൂപവും ഭാവവും മാറി. യമനിയായ മുതലാളി മരിച്ചു. മകന് ഏറ്റെടുത്തു. മാതാപിതാക്കളോടൊത്ത് കൈക്കുഞ്ഞുമായി ഹോട്ടലിലെത്തിയ അറബിക്കുട്ടികള്‍ വളര്‍ന്ന് വലുതായി. നിയമങ്ങളും ചിട്ടകളും മാറി വന്നു. അപ്പോഴും അന്തുക്ക മാറ്റമില്ലാതെ ഉസ്താദായി തുടര്‍ന്നു.
എല്ലാ പ്രവാസിയും ഒരു തിരിച്ചുപോക്കിന്റെ ചിന്ത തുടങ്ങുന്നത് പോലെ അന്തുക്കയും ഒരു തീരുമാനമെടുത്തു. 'വയ്യ ഞാന്‍ പോകുകയാണ്' അങ്ങനെ ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ ഇങ്ങനെ ചോദിക്കും 'നാട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണ്' എന്തെങ്കിലും ചെയ്താലെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ഉടലെടുക്കുക സ്വാഭാവികം. കാരണം നീക്കിയിരിപ്പോ, സമ്പാദ്യമൊ ഒന്നുമില്ലാതെ നാട്ടിലെങ്ങനെ ശിഷ്ടകാലം ജീവിക്കും. ഒരു റിട്ടേയര്‍മെന്റ് പോലും ഇല്ലാതെ, ഒരു പെന്ഷന് പോലുമില്ലാതെ, ഇന്‍ഷ്വറന്‍സ് പരിരക്ഷപോലുമില്ലാതെ, റേഷന്‍കാര്‍ഡില്‍ പേരില്ലാതെ ബാക്കിയെന്തുകാലം. പേടിപ്പെടുത്തുന്ന നൊമ്പരമായി പലരുടെയും മനസ്സില്‍ വിങ്ങലായി ഒരു ഞെട്ടിക്കുന്ന സത്യമായി അവശേഷിക്കുന്നു.
പക്ഷേ, അന്തുക്കയെ സംബന്ധിച്ചടത്തോളം പ്രയാസങ്ങള്‍ ഏറെയില്ല. മൂന്ന് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മകന് കോളേജില്‍ പഠിക്കുന്നു. ഒരു ചെറിയ വീടും സ്ഥലവും ഉണ്ട്. ചെറിയ വരുമാന ശ്രോതസ്സ് വാടകയിനത്തില്‍ രണ്ട് പീടകമുറിയില്‍ നിന്ന് കിട്ടുന്നുണ്ട്. ചെറിയ ബാങ്ക് ബാലന്‍സും ഉണ്ട്. അന്തുക്കാന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അതുമതി അല്ലാതെ ഇപ്പോ എന്താ ചെയ്യാ.. കാലാകാലം ഇവിടെ കഴിയാന്‍ കഴിയോ? വയ്യാണ്ടായി.. പോവാണ്'
അന്തുക്കയുടെ പരിചയക്കാര് കൂടുതലും അറബികളാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ഭക്ഷണം ഉണ്ടാക്കിയ ആളെ പ്രകീര്‍ത്തിക്കാനും ചെറിയ പാരിതോഷികങ്ങള്‍ നല്‍കാനും മഹാമനസ്കരാണ് അറബികള്‍. പിന്നെ അടുപ്പമുള്ളത് എന്റെ വീടുമായിട്ടാണ്. എന്റെ ഒരു സുഹൃത്തിന്റെ നാട്ടുകാരനാണ് അന്തുക്ക. അങ്ങനെയാണ് ഞാന്‍ അന്തുക്കയെ അറിയുന്നത്.
എന്റെ വീട്ടില്‍ ഇടക്കു ഇടക്കു വരാറ് ഉണ്ട് വരുമ്പോള്‍ എന്റെ കൊച്ചു മകള്‍ക്ക് ഒരു ചോക്ലേറ്റുമായിട്ടേ വരൂ. ഒരുപാട് സംസാരിക്കാത്ത സോഫയില്‍ അമര്‍ന്നിരിക്കാതെ ഒരു പരിഭവവും പ്രകടിപ്പിക്കാതെ ചെറിയ ചിരിയുമായി എല്ലാം മൂളികേള്‍ക്കാറുള്ള അന്തുക്ക പ്രവാസികളുടെ ഒരു പരിഛേദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ആ അന്തുക്കയാണ് ഗള്‍ഫ് വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നത്. യാത്രയപ്പിലാണ് അന്തുക്ക പറഞ്ഞത്. 'ഇതന്റെ 16-ാമത്തെ യാത്രയാണ്. 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 15 തവണ നാട്ടില്‍ പോയി. ഇത് അവസാനത്തേതും' വേര്‍പാടിന്റെ നൊമ്പരം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്നാലും ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊത്ത് നാട്ടിലെ വായുവും വെള്ളവും, ശ്വിസിച്ചും കുടിച്ചും ജീവിക്കാമല്ലോ അലാറത്തന്റെ അലാറമില്ലാതെ ഉറങ്ങുകയും ഉണരുകയും ചെയ്യാമല്ലോ.
യാത്രയപ്പിന് അറബിയുടെ മകന് യമന്കാരന് അബ്ദുള്ളയും ഉണ്ടായിരുന്നു. 'ബാപ്പ മരിച്ചപ്പോള്‍ ബാപ്പയുടെ സ്ഥാനത്ത് കണ്ടതാണ് അന്തുക്കയെ. ബാപ്പ നാട്ടില്‍ വന്നാല്‍ അന്തുക്കയുടെ കാര്യം വീട്ടില്‍ പറയാറുണ്ട്. തെറ്റെന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുക്കണം. എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം. എന്ന് പറഞ്ഞ് യമന്കാരന് അന്തുക്കയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ആത്മബന്ധത്തിന്റെ ഈ അടുപ്പം ഇത്രത്തോളമുണ്ടെന്നറിയാമായിരുന്നു അത്. ഓരോ മലയാളിയും കാത്ത് സൂക്ഷിച്ച വ്യക്തി ബന്ധത്തിന്റെ കെട്ടുറുപ്പാണ് കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും നമുക്ക് ഇവിടെ പിടിച്ച് നില്ക്കാന് കെല്‍പ്പേകുന്നത് ഈ ഹൃദയബന്ധമാണ്. സ്നേഹത്തന്റെ നേരറിവാണ്.
അവിടെയെത്തി വിളിക്കാം എന്ന പല്ലവി പോലെ അന്തുക്ക യാത്രയായി.
ഓര്‍മ്മയില്‍ നിന്ന് അന്തുക്കമാഞ്ഞ് പോയി . എഴ് മാസത്തോളമായി അദ്ദേഹം പോയിട്ട്.
വെള്ളിയാഴ്ചയായിരുന്നു ഒരു ഫോണ്‍ കോള്‍ വന്നത് മറുതലക്കല്‍ അന്തുക്കയാണ്.പോയിട്ട് ഇതുവരെ വിളിക്കാത്തിന്റെ പരിഭവവുമായി സംസാരിക്കവെയാണ് അന്തുക്ക കാര്യം പറഞ്ഞത്. നാളെ രാത്രിക്കുള്ള ഫ്ലൈറ്റിന് അങ്ങോട്ട് വരികയാണ്. മോന് പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ വരിക. ഫോണ്‍ കട്ടായി. ഞാന്‍ തരിച്ചിരിക്കുകയായിരുന്നു. എന്തായിരിക്കും അന്തുക്കയുടെ വരവിന്റെ ഉദ്ദേശം. അറിയില്ല. ഈ പ്രായത്തില്‍ വീണ്ടുമൊരു തിരിച്ചുവരവ് എന്തിനായിരിക്കും. കാര്യമറിയണമെങ്കില്‍ നാളെ രാത്രി വരെ കാത്തിരിക്കണം.
എയര്‍പോര്‍ട്ടില്‍ നിന്ന് അന്തുക്കയെ എന്റെ ഫ്ലാറ്റിലേക്കാണ് കൂട്ടിക്കൊണ്ടുവന്നത്. അന്ന് യാത്ര പറഞ്ഞ് പോയതിനേക്കാള്‍ ക്ഷീണമുണ്ട്. തീരെ വയ്യാതായിരിക്കുന്നു.
അല്പം ക്ഷീണം മാറിയപ്പോഴാണ് തിരിച്ച് വന്ന കാര്യം ചോദിച്ചത്. 'ഒന്നുമില്ലടാ നമുക്കൊന്നും നാട്ടില്‍ ശരിയാവില്ല.. ഇവിടെയാ സുഖം..' ശരിയായി കാര്യങ്ങളിലേക്ക് കടക്കാന്‍ കുറെ സമയമെടുത്തു.
അന്തുക്ക കൃത്യമായി മാസാമാസം ഒരു തുക നാട്ടിലേക്കയക്കും. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കലും പതിവ് തെറ്റിച്ചിട്ടില്ല. കല്ല്യണവും പഠിത്തവും വീടുപണിയും എന്നിവയ്ക്കൊക്കെ വേറെയും അയക്കും. ഈ മാസമാസം കിട്ടുന്ന വരുമാനം ഭാര്യക്ക് കിട്ടാതെ വരിക. അവര്‍ അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊക്കെ ചിലവഴിച്ചത്. ഒരു സുപ്രഭാതത്തില്‍ നഷ്ടമാവുക. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ പിന്നെ ചെലവൊക്കെ ഭര്‍ത്താവ് നോക്കും. മീന്‍ മേടിക്കാനും പഴങ്ങള്‍ മേടിക്കാനും പലചരക്ക് വാങ്ങിക്കാനും, കാശ് ചോദിക്കേണ്ടി വരിക, ചോദിക്കുന്ന കാശിന്റെ കണക്ക് ചോദിക്കുക. മീന്‍ എന്തിന് ഇത്ര വാങ്ങിച്ചു. പലചരക്ക് കടയില്‍ ഇത്ര ബില്ല് എങ്ങിനെവന്നു എന്ന് ചോദിക്കുക. ഇത്വരെയില്ലാത്ത നിയന്ത്രണം. ഭാര്യക്ക് അനുഭവപ്പെടുക. പുറത്ത് പോവുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍, മകന് ലേറ്റായി വരുമ്പോള്‍, പെട്രോള്‍ അടിക്കാന്‍ കാശ് ചോദിക്കുമ്പോള്‍, ടി.വിയുടെ വോള്യം കൂടിയാല്‍, ബാങ്ക് വിളി കേട്ടാല്‍ നിസ്കരിച്ചില്ലെങ്കില്, കല്ല്യാണത്തിന് പോകുമ്പോള്‍ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുക. അഭിപ്രായം ആരായേണ്ടിവരിക. കൈകളില്‍ കാശില്ലാതെ ഭര്‍ത്താവിനോട് ചോദിക്കേണ്ടി വരിക. ഈ അവസ്ഥ ഇവരെ സംബന്ധിച്ചടത്തോളം വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടാക്കിയിരിക്കാം.
അന്തുക്ക പ്രതീക്ഷിച്ചത്പോലെയുള്ള ഒരു ശിഷ്ടകാല ജീവിതമല്ല അവിടെ കണ്ടത്. അവര്‍ക്കാവശ്യം മാസാമാസം ചെലവിന് കൊടുക്കുന്ന രണ്ട് വര്‍ഷത്തിലൊരിക്കല്‍ രണ്ട് മാസം വിരുന്നുകാരനായി വരുന്ന ഒരാളെയായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ കോലായിലെ ചാരുകസേരയില്‍ ഇരുന്ന് എല്ലാത്തിന്റേയും കാര്യകാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു വയസ്സനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവര്‍ ശീലിച്ച ശീലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റപ്പെടുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം.
മകന് ലേറ്റായി വരുന്നതിന്റെ കാരണമന്വേഷിക്കുന്ന ഒരാള്‍. 500 രൂപയുടെ പെട്രോള്‍ കൊണ്ട് നീ എന്താണ് ചെയ്യുന്നത് എന്ന ചോദിക്കുന്ന ഒരാള്‍. ഫോണ്‍ ബില്ല് കൂടിയത് ചോദ്യം ചെയ്യുന്ന ഒരാള്‍, വീട്ട് പണിയെടുക്കാന്‍ ഒരാളെ എന്തിന് വെച്ചു, ഒട്ടോറിക്ഷയില്‍ പോകുന്നതിന് പകരം ബസ്സില്‍ പോയികൂടെ എന്ന് പറയുന്ന ഒരാള്‍. അങ്ങിനെ ഒരാള്‍ പൊടുന്നനെ വന്ന് സര്‍വ്വനിയന്ത്രണവും ഏറ്റെടുത്താല്‍ അങ്ങനെയൊരവസ്ഥയായിരുന്നു അന്തുക്കയുടേത്.
ഒരുപാഴ്വസ്തുവാണെന്നും എന്നെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവില്ലയെന്ന് തോന്നി തുടങ്ങിയപ്പോഴാണ് അറബിയുടെ മകനെ വിളിച്ച് ഒരു വിസ ഏര്‍പ്പാടാക്കിയത്.
'അവിടെത്തന്നെ നിന്നാല്‍ ഒരു കുടുംബം എന്ന നിലയില്‍ വളര്‍ത്തി വലുതാക്കി ഒരു കരയ്ക്കെത്തിച്ചവരെയൊക്കെ വെറുക്കേണ്ടി വരും. ഇവിടെയാവുമ്പോള്‍ അവര്‍ക്കൊക്കെ എന്നെ പെരുത്ത് ഇഷ്ടമായിരിക്കും എന്ന തോന്നലില്‍ ജീവിക്കാമല്ലോ.' ആ തോന്നലിന്റെ പിന്‍ബലത്തില്‍ മാത്രം ജീവിക്കേണ്ടി തരുന്ന നൂറുകണക്കിന് പ്രവാസികളുണ്ടിവിടെ. ഇതൊരു അന്തുക്കയുടെ മാത്രം ജീവിത കഥയല്ല. ഇവിടെ പകര്‍ത്തിയെഴുതിയത്. ഇത് പോലുള്ള അന്തുക്കമാര്‍ ഒരുപാട് ഉണ്ടിവിടെ. സാധ്യതയുടെ വീടിന്റെ കെട്ടിച്ചയക്കലിന്റെ കടത്തിന്റെ ഇല്ലാ കഥകളും പറഞ്ഞ് വയ്യാതായിട്ടും നാട്ടിലേക്ക് പോകാന്‍ ധൈര്യമില്ലാതെ എങ്ങനെ സ്വീകരിക്കുമെന്ന് ഒരുറപ്പുമില്ലാതെ ഇവിടെ ജീവിക്കുന്ന അന്തുക്കമാര്‍ എത്ര?
ഇനി അവരുടെ ഭാര്യയുടെയും മക്കളുടെയും ഭാഗത്ത് നിന്ന് നോക്കിയാല്‍ ശരിയുമാണ്. യൗവനവും കൗമാരവും നല്ല ആരോഗ്യവും ഇവിടെ നഷ്ടപ്പെടുത്തിയിട്ട് ഭാര്യയെന്ന സ്ത്രീയോട് കാണിക്കേണ്ട കടമയും കര്‍ത്തവ്യവും യഥാസമയം നിര്‍വ്വഹിക്കാതെ ഒന്നിനും വയ്യാത്ത പ്രായത്തില്‍ തിരിച്ച് ചെന്നിട്ട് എന്നെ ഇനിയുള്ള കാലം പൊന്നുപോലെ നോക്കൂ എന്ന് പറയുന്നതിന്റെ അര്‍ത്ഥ ശൂന്യത അവര്‍ മനസിലാക്കിയിട്ടുണ്ടാവും. അതിനുള്ള ശിക്ഷയായിരിക്കും ഈ അന്തുക്കയുടെ പതിനേഴാം വരവ്.