വെള്ളിയാഴ്‌ച, നവംബർ 25, 2011

സൈബര്‍ ശബ്ദം പ്രകമ്പനമായി.........

അറബിക്കടലിന്റെ റാണിയെ പ്രകമ്പനം കൊള്ളിച്ചു സൈബര്‍ കൂട്ടായ്മയുടെ ശബ്ദം :

സൈബര്‍ യുവത്വത്തിന്റെ ശബ്ദം അറബിക്കടലിന്റെ തിരമാലകളെ പ്രകമ്പനം കൊള്ളിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ആവശ്യവുമായാണ് ബ്ലോഗ്‌ ,ഫേസ് ബുക്ക്‌ , ഗൂഗിള്‍ ബസ്സ്‌ എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ യുവാക്കള്‍ ഭൂലോകത്തിലേക്കിറങ്ങി പ്രതികരിച്ചത്. നവംബര്‍ 25 നു വൈകിട്ട് ആറുമണിക്ക് അറബിക്കടലിന്റെ മടിത്തട്ടായ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒത്തു ചേര്‍ന്ന ആയിരത്തോളം യുവാക്കള്‍ കായലോളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. അവര്‍ ഒത്തൊരുമയോടെ കത്തിച്ച മെഴുകുതിരി വെട്ടത്തിലൂടെ ഉറക്കം നടിക്കുന്ന അധികാര - നീതി ന്യായ മേലാളന്മാരുടെ മനസ്സിലേക്ക് ഒരു തരി വെളിച്ചം പകരുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.



രണ്ടു വര്ഷം മുന്‍പ് 2009 ല്‍ ആണ് നമ്മുടെ ബൂലോകം ബ്ലോഗ്‌ പോര്‍ട്ടലിന്റെ ബാനറില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ശ്രീ നിരക്ഷരന്റെ നേതൃത്വത്തില്‍ സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്‍ ആരംഭിച്ചത്. 'മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍' എന്ന ലേഖനത്തില്‍ ഉപയോഗപ്പെടുത്തിയ ബ്ലോഗര്‍ പാച്ചു സാഹസികമായി എടുത്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭിത്തികളുടെ ഫോട്ടോകളിലൂടെയാണ് സൈബര്‍ ലോകം ആ ഭീകരതയെ ആദ്യമായി അടുത്തറിയുന്നത്. തുടര്‍ന്ന് ഇംഗ്ലീഷിലേക്ക് ഈ ലേഖനം പരിഭാഷപ്പെടുത്തുകയും മെയില്‍ ഫോര്‍വേര്‍ഡുകളായി അയക്കപ്പെടുകയും ചെയ്തു. കാമ്പെയിന്‍ സജീവമായി തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ബൂലോകത്തിന്റെ നേതൃത്വത്തില്‍ നിരക്ഷരന്‍ എഡിറ്റര്‍ ആയി റീ ബില്ഡ് ഡാം എന്ന മറ്റൊരു ബ്ലോഗ്‌ തുടങ്ങിയത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും നല്‍കുക എന്നതിനപ്പുറം ഒരു വാര്‍ത്താ ആര്‍ക്കൈവ് ആയും ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്തുകയും നാള്‍ ഇതുവരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ ബ്ലോഗര്‍ നന്ദന്‍ ഡിസൈന്‍ ചെയ്ത ലോഗോ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും തങ്ങളുടെ ബ്ലോഗുകളില്‍ അവ പ്രദര്‍ശിപ്പിച്ചു ഐക്യധാര്‍ഷ്ട്യം പ്രഖ്യാപിക്കുകയും ചെയ്തു . റീ ബില്ഡ് ഡാം ബ്ലോഗിന്റെ ഹെഡര്‍ ഡിസൈന്‍ ചെയ്തു തന്നത് പകല്‍‌കിനാവന്‍ എന്ന ഷിജു ബഷീര്‍ ആണ് . ഏവരെയും നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കട്ടെ. കാമ്പെയ്നിങ്ങിന്റെ ഭാഗമായി നിരക്ഷരനോടൊപ്പം നമ്മുടെ ബൂലോകം പബ്ലിഷേര്‍ ജോ ജോഹര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഹരീഷ് , വിനോദ് എന്നിവര്‍ ചേര്‍ന്നു വര്‍ഷങ്ങളായി ഈ ആവശ്യത്തിനു വേണ്ടി സമരം നടത്തിവരുന്ന ചാപ്പാത്തു ഗ്രാമത്തില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു പന്തലില്‍ ഇരിക്കുകയും അവിടെ ഈ ലോഗോ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ലോഗോ തന്നെ അല്‍പ്പം രൂപ മാറ്റം വരുത്തിയാണ് സൈബര്‍ പ്രചാരണ പരിപാടിക്ക് ഉപയോഗിച്ചിരിക്കുന്നത്.

നാളുകള്‍ കഴിഞ്ഞു. ബ്ലോഗ്‌ സജീവമാല്ലാതാകുകയും ഫേസ് ബുക്കിലേക്ക് ആളുകള്‍ ചേക്കേറുകയും ചെയ്തപ്പോള്‍ ഈ സമര പരിപാടിയോട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞു സൈബര്‍ മലയാളികള്‍ പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നിരക്ഷരന്റെ നേതൃത്വത്തില്‍ ഈ കൂട്ടായ്മകളെ ഒരു കുടക്കീഴിലാക്കി ഏകോപിപ്പിച്ചു ഭൂലോകത്തിലെക്കിറങ്ങി പ്രതികരിക്കുകയാണ് ചെയ്തത്. വളരെ വലിയ ഒരു മാധ്യമ ശ്രദ്ധ ഈ അവസരത്തില്‍ ഈ പരിപാടിക്ക് ലഭിച്ചു എന്നത് എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്.

ഈ പരിപാടിയോട് സഹകരിച്ച ഏവര്‍ക്കും നമ്മുടെ ബൂലോകം ടീമിന്റെ നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല: