...........................................ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍............................................
"എന്താ ഷമീറേ! വൈകീട്ടും മെസ്സില്‍ ഉണ്ടാവില്ല എന്ന് പറഞ്ഞു പോയിട്ട് ഇത്ര വേഗം തിരികെവന്നോ.
വല്ലതും മറന്നോ നീ ?"
എന്‍റെ ഒരു നാട്ടാരന്‍ ഇവിടണ്ട്, ഓന്‍ കൊറച്ചീസായീ റൂമിലേക്ക് വിളിക്കണ്. അവിടെ വരെ പോകാന്‍ ബസ്സില്‍ കയറിയതാ. അപ്പോഴാണ് നാട്ടില്‍ നിന്ന് അടിപ്പിച്ചു അടുപ്പിച്ചു മിസ്ഡ് കാള്‍, തിരികെ വിളിക്കാന്‍ നോക്കുമ്പോള്‍ മൊബൈലില്‍ ബാലന്‍സ് ഇല്ല. പിന്നെ റഫീക്കിനെ വിളിച്ചു ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യ്തു തിരിച്ചു വിളിക്കുമ്പോള്‍ ആണ് ആളിനെ പിടി കിട്ടുന്നത്. ഞങ്ങളുടെ വീടിനടുത്തുള്ള അന്ത്രുമാനിക്ക. അല്ലറ ചില്ലറ ജോലികളും ചെറിയ ദല്ലാള് പണിയും ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം ഒരു വിധം കഴിഞ്ഞു കൂടുന്ന പാവത്തിന് വിളിക്കാനുള്ള പൈസാ മൊബൈലില്‍ കാണില്ല."
"അന്ത്രുമാനിക്ക എന്നിട്ട് എന്താണ് പറഞ്ഞത്"
“അല്ലാന്നേ ഉമ്മാക്ക് ഒരു തല കറക്കം, ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഒരീസം കിടക്കാന്‍ പറഞ്ഞു. നാളെ വെള്ളിയാഴ്ച വിളിക്കുമ്പോള്‍ ഉമ്മ ഫോണ്‍ എടുക്കാതെ വരുമ്പോള്‍ ഞാമ്പേജാറാകാതിരിക്കാന്‍ ഉമ്മ പറഞ്ഞിട്ട് വിളിച്ചതാ. ഉമ്മേന്‍റെ കൈയില്‍ ആണെങ്കില്‍ മൊബേലും ഇല്ല, ഒന്ന് വിളിച്ചു നോക്കാന്‍. പിന്നെ എനിക്ക് ഒരു മൂട് തോന്നീല്ലാ. അടുത്ത ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു പോന്നു."
“നീ പേടിക്കേണ്ട ഷമീറേ, ഇപ്പോള്‍ ആശുപത്രിയില്‍ ചെന്നാല്‍ അവര്‍ രണ്ടു ദിവസം കിടത്തിയിട്ടെ വിടുകയൊള്ളൂ. ചെയ്യാവുന്ന ടെസ്റ്റ് ഒക്കെ ചെയ്യാനും പറയും. . പ്രത്യേകിച്ചു മകന്‍ ഗള്‍ഫില്‍ ആണെന്ന് അറിയുമ്പോള്‍. വാങ്ങി വച്ചിരിക്കുന്ന ഉപകരണങ്ങള്‍ക്ക് മുടക്കിയ കാശ് തിരികെ പിടിക്കേണ്ടേ അവര്‍ക്ക്.” റൂമിലെ സീനിയര്‍ മെമ്പര്‍ പിള്ളച്ചേട്ടന്‍ ആശസിപ്പിക്കാന്‍ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഷമീറിന്റെ ഫോണ്‍ പിന്നയും ശബ്ദിച്ചു. നോക്കുമ്പോള്‍ അന്ത്രുമാനിക്കയുടെ മിസ്ഡ് കാള്‍. തിരിച്ചു വിളിച്ചപ്പോള്‍ ' നിന്‍റെ ഉമ്മാക്ക് നിന്നെ ഒന്ന് കാണന്ന് വരാന്‍ പറ്റോന്ന് ചോദിക്കാന്‍ പറഞ്ഞു"
ഇന്നിപ്പോ വ്യായാഴ്ച്ച രാത്രി ഇനി എവിടെ ടിക്കറ്റ് കിട്ടാനാ. അഥവാ ടിക്കറ്റ് കിട്ടിയാല്‍ തന്നേ പാസ്പോര്‍ട്ട് വിസ അടിക്കാന്‍ കൊടുത്തിരിക്കുക ആല്ലേ. അത് ഇനി കിട്ടണം എങ്കില്‍ ഞായറാഴ്ച ആവണം. എന്തായാലും ഷമീര്‍ പ്രതീഷ കൈവിടാതെ കമ്പനി പി . ആര്‍. ഓ. യെ വിളിച്ചു . ഭാഗ്യത്തിന് അയാള്‍ ഫോണ്‍ എടുത്തു. സാധാരണ ഓഫിസ് സമയം കഴിഞ്ഞാല്‍ ഫോണ്‍ എടുക്കാറില്ല. ഇന്നാള്‍ ഒരു ദിവസം കമ്പനിയില്‍ ജോലിചെയ്യുന്ന ഒരാളുടെ അമ്മ മരിച്ചപ്പോള്‍ അയാളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടു അയാളുടെ വീട് തപ്പി പിടിച്ചു കൂട്ടികൊണ്ട് വന്നു ഓഫിസില്‍ നിന്ന് പാസ്പോര്‍ട്ട് വാങ്ങി ആണ് അയാള്‍ പോയത്. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു “രണ്ടു ദിവസം മുമ്പാണ് വിസ അടിക്കാന്‍ കൊടുത്തത് . വ്യായാഴ്ച നോക്കിയപ്പോള്‍ പുതുക്കി വന്നിട്ടില്ല ഇനിയിപ്പോള്‍ എന്തായാലും ഞായറാഴ്ച ശരിയാകും” രാവിലെ തന്നേ പോയി എടുത്തു തരാം”. പി.ആര്‍.ഓ. യും ആയി സംസാരിച്ചു കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് വീണ്ടു ഒരു കാള്‍. തിരിച്ചു വിളിച്ചപ്പോള്‍ മൂത്തുമ്മയുടെ മകന്‍ ഫൈസല്‍.
"നീ എങ്ങെനെ എങ്കിലും വരുന്നത് നന്നായിരിക്കും, പേടിക്കാന്‍ ഒന്നും, ഇല്ല, എന്നാലും നാട്ടീന്നു പോന്നിട്ട് ഇപ്പോള്‍ കുറച്ചു ആയില്ലേ, വയ്യാണ്ട് ആയപ്പോള്‍ കുഞ്ഞുമ്മ ഒരു ആഗ്രഹം പറഞ്ഞുന്നൊള്ളൂ, നീ പറ്റോന്ന് നോക്ക്"
ഇതിപ്പോള്‍ എന്ത് പറ്റി, സാധാരണ ഉമ്മ ഒരു ആഗ്രഹവും പറയാറില്ല. ഇവിടെ വന്നു ഒന്ന് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ വിളിക്കുമ്പോള്‍ ചോദിക്കും. “നീ എന്നാ വരുന്ന്” അത്ര മാത്രം. അല്ലെങ്കിലും ഉമ്മയുടെ ആഗ്രഹം ഒക്കെ എനിക്ക് വേണ്ടി ഉപേഷിച്ചതല്ലേ. ഞാന്‍ ഈ ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ ഉമ്മ വിധവ ആയി . ഉപ്പുപ്പയും വീട്ടുകാരും വേറൊരു നിക്കാഹിനു വളരെ നിര്‍ബന്ധിച്ചതാ , കുട്ടി ആയ എന്നെ ഏതെങ്കിലും യെത്തീം ഖാനയില്‍ ആക്കാന്‍ ആയിരുന്നു അവരുടെ നിര്‍ദേശം. അതിനു സമ്മതം ഇല്ലെങ്കില്‍ അവര്‍ വളര്‍ത്തിക്കോളാം എന്ന ഉറപ്പു കൊടുത്തു . പക്ഷെ ഉമ്മ അതിനൊന്നും വഴങ്ങിയില്ല. അപ്പോള്‍ വീട്ടുകാരുടെ മുഖം മാറി. നിക്കാഹു കഴിച്ചു വിട്ട പെണ്ണ്, അതും ഭര്‍ത്താവു മരിച്ചിട്ട്, വീട്ടില്‍ നില്‍ക്കുന്നത് . അവര്‍ക്ക് ബുദ്ധി മുട്ടായി പ്രത്യേകിച്ചു സഹോദരങ്ങളുടെ വിവാഹ ആലോചനകള്‍ വരുന്ന സമയത്ത് ഒരു വിഷയം ആയി. ആരോടും പരാതി പറയാതെ ഉമ്മ പൊടികുഞ്ഞായ എന്നെയും എടുത്തു വീട് വിട്ടിറങ്ങി. അന്ന് ഞങ്ങളുടെ വീടിനു കുറച്ചടുത്തായി ഒരു ചേച്ചി കുട്ടികളും ആയി തനിച്ചു താമസിച്ചിരുന്നു അവരുടെ ഭര്‍ത്താവ് ഗള്‍ഫില് ആയിരുന്നു. ഉമ്മയുടെ നിസ്സഹായ അവസ്ഥ കണ്ടു ആവര്‍ ഞങ്ങളെ അവരുടെ വീട്ടില്‍ താമസിപ്പിച്ചു. അവരെ പലരും പലതും പറഞ്ഞു പേടിപ്പിച്ചു, കൂരേം പറമ്പും ഇല്ലാത്തവരെ താമസിപ്പിച്ചാല്‍ പീന്നീട് അവകാശം കൊടുക്കേണ്ടി വരും അത്രേ, ഇങ്ങനെ ഉപദേശം കൊടുത്തവരില്‍ ഞങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ആ വീട്ടിലെ ജോലി കഴിഞ്ഞു ഉമ്മ ചുറ്റു വട്ടത്തുള്ള മറ്റു ചില വീടുകളിലും കൂടെ ജോലിക്ക് പോകുമായിരുന്നു.
എന്‍റെ പഠനത്തിനുള്ള ചെലവ് മുഴുവന്‍ ആ വീട്ടുകാര്‍ നല്‍കി. ഒരു പൈസാ പോലും കളയാതെ ഉള്ളതെല്ലാം സ്വരുകൂട്ടി ഉമ്മ രണ്ടു സെന്‍റ് സ്ഥലം വാങ്ങി അതില്‍ ഒരു ചെറിയ വീടും വച്ചു. ഞങ്ങളുടെ കഷ്ടപാടുകള്‍ മനസ്സിലാക്കി ഉമ്മ ജോലി ചെയ്ത വീട്ടുകാര്‍ അവര്‍ക്ക് ആവും വിധം സഹായിച്ചു. വീട് പണി കഴിഞ്ഞിട്ടും മാറി താമസിക്കാന്‍ ചേച്ചി ഞങ്ങളെ അനുവദിച്ചില്ല. തനിയെ താമസിക്കുന്ന ചേച്ചിക്കും കുട്ടികള്‍ക്കും ഞങ്ങള്‍ അവിടെ ഉള്ളത് ഒരു സഹായം ആയിരുന്നു. പീന്നീട് അവിടുത്തെ കുട്ടികള്‍ വളര്‍ന്നു ഉപരി പഠനത്തിന് വീട് വിട്ടു പോയപ്പോള്‍ ചേച്ചി അവരുടെ ഭര്‍ത്താവിന്‍റെ അടുത്ത് പോയി. അപ്പോള്‍ ആണ് ഞങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ താമസം ആരംഭിച്ചത്. അപ്പോള്‍ ഞാന്‍ പത്താം തരത്തില്‍ എത്തിയിരുന്നു.
" ഷമീറേ നീ ഇങ്ങനെ ആലോചിച്ചു മനസ്സ് വിഷമിപ്പിച്ചിട്ടു എന്താ പ്രയോജനം . വാ നമുക്ക് ഭക്ഷണം കഴിക്കാം , എല്ലാവരും വെളിയില്‍ പോയതിനാല്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല ഉച്ചയ്ക്കത്തെ കോഴിക്കറി കുറച്ചു ഇരിപ്പുണ്ട് കുബൂസു കൂട്ടി കഴിക്കാം" ഭക്ഷണം കഴിഞ്ഞപ്പോള്‍ വെറുതെ ഒന്ന് ടീവി വച്ചു. സാധാരണ കിടക്കുന്നത് വരെ ടിവി എപ്പൊഴും ഓണായിരിക്കും ഇന്നിപ്പോള്‍ മിക്കവരും പുറത്തു പോയതിനാല്‍ ടീവി വെച്ചിരുന്നില്ല.
പഠനം കഴിഞ്ഞു ജോലി ഒന്നും ശരിയാകാതെ നാട്ടില്‍ കറങ്ങി നടന്ന സമയത്തായിരുന്നു ചേച്ചിയും കുടുംബവു അവരുടെ മൂത്ത മകളുടെ കല്യാണത്തിന് നാട്ടില്‍ വരുന്നത് . ഞാനും ഉമ്മയും അവരോടൊപ്പം എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.
"ഷമീര്‍ ഉള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും എളുപ്പം ആയി , അല്ലെങ്കില്‍ നാട് വിട്ടിട്ട് പത്ത് ഇരുപത്തഞ്ച് വര്ഷം ആയ ഞാന്‍ ഇവിടുത്തെ രീതികള്‍ അറിയാതെ പെട്ട് പോയേനെ " ചേച്ചിയുടെ ഭര്‍ത്താവ് ഇടയ്ക്ക് ഇടയ്ക്ക് പറയുമായിരുന്നു .
പോകാന്‍ നേരത്ത് ഏട്ടന്‍ പറഞ്ഞു. " എക്സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ ആദ്യം നല്ല ജോലി ഒന്നും ആയിരിക്കില്ല കിട്ടുക , കുറച്ചു കഷ്ടപാട് കാണും , ഗള്‍ഫില്‍ എത്തുന്ന എല്ലാവര്‍ക്കും ആദ്യം ഇങ്ങനെ ഒക്കെ തന്നെയാ, ഏതായാലും ഞാന്‍ ശ്രമിക്കാം'
അദ്ദേഹം വാക്ക് പാലിച്ചു അധികം താമസിക്കാതെ തന്നെ വിസ അയച്ചു തന്നു. അങ്ങനെ എന്‍റെ ഉമ്മയെ തനിച്ചാക്കി, ഏതൊരു ശരാശരി മലയാളി യുവാവിന്‍റെയും സ്വപ്ന ഭൂമിയായ ഈ മണലാരിണ്യത്തില്‍ ഭാഗ്യം തേടി ഞാനും എത്തിച്ചേര്‍ന്നു, “ഗള്‍ഫ്‌കാരന്‍” ആയി . ആദ്യം കമ്പനിയുടെ സൈറ്റില്‍ ആയിരുന്നു ജോലി, താമസം ലേബര്‍ ക്യാമ്പിലും . അവിടുത്തെ ജോലിയും ജീവിതവും വളരെ കഷ്ടപാട് ആയിരുന്നും . പലപ്പോഴും തിരിച്ചു പോയാലോ എന്ന് ആലോചിച്ചതാ .അപ്പോഴക്കെ ഞാന്‍ ഉമ്മയെ ഓര്‍ക്കും. എന്‍റെ കണ്മുന്‍പില്‍ ഉമ്മ അനുഭവിച്ച കഷ്ടപാടുകള്‍ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുവാന്‍ പ്രേരിപ്പിച്ചു . രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓഫിസില്‍ ജോലി ആയി . ഈയിടെ വിസാ പുതുക്കുവാന്‍ തൊഴില്‍ കരാര്‍ പുതുക്കുന്ന സമയത്ത് ശമ്പളവും ഉയര്‍ത്തി . കാര്യങ്ങള്‍ ഒരു വിധം ഭംഗി ആയി നടക്കുന്നു എന്ന് തോന്നി തുടങ്ങി. വിസാ പുതുക്കിയിട്ട് വേണം അവധിക്കു അപേക്ഷിക്കുവാന്‍ വന്നിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം ആകുന്നു ഇതുവരെ നാട്ടില്‍ പോയിട്ടില്ല . നാട്ടില്‍ ചെന്ന് ഉമ്മയെ ഡല്‍ഹിയും താജ്മാഹലും ഒക്കെ കൊണ്ട് കാണിക്കണം. ഉമ്മ നാട് വിട്ടു വെളിയില്‍ പോയിട്ടില്ല. എന്നെ യാത്ര അയക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നതാണ് ഉമ്മയുടെ ഏക ദൂര യാത്ര.
മൊബൈലില്‍ നിര്‍ത്താതെ ഉള്ള ബെല്‍ അടി കേട്ടാണ് രാവിലെ ഉറക്കം ഉണര്‍ന്നത്. വെള്ളി ആഴ്ച ആയതിനാല്‍ ആരും ഉണര്‍ന്നിട്ടില്ല. ഉറങ്ങുന്നവരെ ശല്യ പെടുത്താതെ മുറിക്കു പുറത്തിറങ്ങി ആണ് സംസാരിച്ചത് . ഫൈസല്‍ ആയിരുന്നു മറുതലയ്ക്കല്‍ " നീ എങ്ങനെ എങ്കിലും വരണം , കുഞ്ഞുമ്മക്ക് തീരെ സുഖം ഇല്ല, ഇപ്പോള്‍ ഐ. സീ. യു .യിലാ, നിന്നെ കാണണോന്ന് ഒന്ന് രണ്ടു വട്ടം പറഞ്ഞും"
ഷമീറിന്റെ എങ്ങലടി കേട്ടാണ് മറ്റുള്ളവര്‍ ഉണര്‍ന്നത്. കാര്യം അറിഞ്ഞപ്പോള്‍ അവര്‍ അവനെ എങ്ങനെ നാട്ടില്‍ എത്തിക്കാം എന്ന് പല വഴിയില്‍ ആലോചിച്ചു . പക്ഷെ പാസ്പോര്‍ട്ട് എങ്ങനെ തിരികെ വാങ്ങാം എന്നതിന് യാതൊരും രൂപവും ഇല്ലായിരിന്നു. അവസാനം ശ്രമം എന്ന നിലയ്ക്ക് എല്ലാവരും കൂടി തിരക്കി പിടിച്ചു പി.ആര്‍.ഓ. യുടെ വീട്ടില്‍ എത്തി. അവധി ദിവസം കാലത്തെ വന്നു ശല്യ പെടുത്തിയതില്‍ ഉള്ള നീരസം അയാളുടെ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും പ്രയാസം മനസ്സിലാക്കിയപ്പോള്‍ അയാള്‍ കാര്യങ്ങള്‍ അനുഭാവ പൂര്‍വ്വം കേട്ടു പക്ഷെ. എമിഗ്രേഷന്‍ ഓഫീസില്‍ നിന്ന് അവധി ദിവസം പാസ്പോര്‍ട്ട് കിട്ടാനുള്ള മാര്‍ഗം മാത്രം അയാളുടെ മുന്‍പിലും തെളിഞ്ഞില്ല. ഞായറാഴ്ച് രാവിലെ തന്നെ പാസ്പോര്‍ട്ട് വാങ്ങി കൊടുക്കാം എന്ന് ഉറപ്പു നല്‍കി അയാള്‍ അവരെ തിരിച്ചയച്ചു.
സാധാരണ അവധി ദിനങ്ങള്‍ എത്ര പെട്ടന്നാണ് കടന്നു പോകുന്നത് ഇന്നിപ്പോള്‍ ദിവസത്തിനു ദൈര്‍ഹ്യം കൂടിയത് പോലെ തോന്നി അവന്. ഞായറാഴ്ച നേരം വെളുക്കുന്നതിനു മുന്‍പേ തന്നെ ഓഫീസില്‍ എത്തി. പി ആര്‍.ഓ. വരുന്നത് നോക്കിയിരിപ്പായി. എന്തായാലും അധികം താമസിക്കാതെ അയാള്‍ എത്തി അവനേയും കൂട്ടി നേരെ എമിഗ്രേഷന്‍ ഓഫിസില്‍ ചെന്നു. ബോക്സില്‍ ഇതുവരെ പാസ്പോര്‍ട്ട് വന്നിട്ടില്ല . പി. ആര്‍. ഓ. അയാളുടെ നിലയ്ക്ക് ചില ശ്രമങ്ങള്‍ ഒക്കെ നടത്തി നോക്കി എന്നിട്ടും രക്ഷ ഇല്ല. "ഏതായാലും ഇന്ന് വൈകുന്നേരം ശരി ആകും, നാട്ടില്‍ പോകാനുള്ള മറ്റു കാര്യങ്ങള്‍ നോക്കിക്കോ, പാസ്പോര്‍ട്ട് ഞാന്‍ വീട്ടില്‍ എത്തിച്ചു കൊള്ളാം " എന്ന് പറഞ്ഞു അയാള്‍ അവനെ തിരിച്ചയച്ചു.
ഇടയ്ക്ക് ഇടയ്ക്ക് നാട്ടില്‍ നിന്ന് വിളി വന്നുകൊണ്ടിരുന്നു, പാസ്പോര്‍ട്ട് കിട്ടിയോ എന്ന ചോദ്യം മാത്രം. വൈകുന്നേരം വിസ പുതുക്കിയ പാസ്പോര്‍ട്ട് പി. ആര്‍. ഓ. ഷമീറിന്‍റെ താമസ സ്ഥലത്ത് എത്തിച്ചു. ടിക്കറ്റും നാട്ടില്‍ കൊണ്ടുപോകാന്‍ അല്പസ്വല്പ സാധനങ്ങളും മുറിയിലുള്ളവര്‍ സംഘടിപ്പിച്ചു. എല്ലാം ശരി ആയികഴിഞ്ഞപ്പോള്‍ എയര്‍ പോര്‍ട്ടിലേക്ക് വണ്ടി അയക്കാന്‍ വേണ്ടി നാട്ടിലേക്ക് വീണ്ടു വിളിച്ചു. അങ്ങേ തലയ്ക്കല്‍ നിന്ന് ശബ്ദം പുറത്തു വരാതെ വിങ്ങിപോട്ടല്‍ മാത്രം. അവസാനം മടിച്ചു മടിച്ചു വാക്കുകള്‍ പുറത്തു വന്നു “ഇനി നീ വന്നിട്ട് കാര്യം ഇല്ല ഞങ്ങള്‍ വൈകുന്നേരം വരെ കാത്തിരുന്നു. നീ വരുന്ന കാര്യത്തിനു ഉറപ്പു ഉറപ്പില്ലാത്തതിനാല്‍ മഖരീബിനു മുന്‍പ് കബറടക്കം നടത്തി, ഇന്ന് വെളുപ്പിനെ ആണ് മരിച്ചത് ബ്രെയിന്‍ ടുമര്‍ ആയിരുന്നത്രെ അറിയാന്‍ താമസിച്ചു പോയി. നിന്നോട് ഇവിടെ എത്തിയിട്ട് പറയാനിരുന്നതാ .”
ഷമീര്‍ മുഖം പൊത്തികൊണ്ട് കട്ടിലില്‍ കുനിഞ്ഞിരുന്നു തേങ്ങി. കൂട്ടുകാര്‍ അവനെ ഒന്ന് ആശസിപ്പിക്കുവാന്‍ പോലും ആകാതെ ചുറ്റും കൂടി നിന്നു. ഒരു മകന് വേണ്ടി മാത്രം ജീവിച്ച പ്രിയപ്പെട്ട ഉമ്മയെ അവസാനം ആയി ഒന്ന് കാണുവാന്‍ പോലും കഴിയാതെ പോയ മകന്റെ മനസ്സിന്റെ നൊമ്പരം അവര്‍ക്ക് മനസിലാകും, കാരണം അവര്‍ പ്രവാസികള്‍ ആയിരുന്നു, നാട്ടില്‍ വീട്ടുകാരുമൊത്ത് അല്ലലില്ലാതെ സുഖം ആയി ജീവിക്കുന്ന നാളയെ സ്വപ്നം കണ്ട് എല്ലാം സഹിക്കുവാന്‍ ശീലിച്ച പ്രവാസികള്‍..........