ബുധനാഴ്‌ച, സെപ്റ്റംബർ 26, 2012

'ഇന്നസെന്റ്സ് ഓഫ് മുസ്ലിം'

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ രൂക്ഷമായ രൂപത്തില്‍ വിമര്‍ശിച്ചുകൊണ്ട് ഇസ്രായേല്‍ വംശജനായ അമേരിക്കക്കാരന്‍ സാം ബസില്‍ നിര്‍മിച്ച 'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ്' എന്ന സിനിമ ലോകമാകമാനം പ്രധിഷേധത്തിനും വ്യാപകമായ അക്രമങ്ങള്‍ക്കും നിമിത്തമായിക്കൊണ്ടിരിക്കുകയാണ്. ലിബിയയില്‍ പ്രതിഷേധക്കാരുടെ അക്രമണത്തില്‍ അമേരിക്കന്‍ അംബാസിഡര്‍ ക്രിസ്റഫര്‍ സ്റീവന്‍സടക്കം നാല് പേര്‍ കൊല്ലപ്പെടുകയും യമനിലും ഈജിപ്തിലും യു.എസ് എംബസി തകര്‍ക്കപ്പെടുകയും ബംഗ്ളാദേഷ്, ടുണീഷ്യ, സുഡാന്‍, മൊറോക്കൊ, എന്നിവടങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്ക് നേരെ അക്രമണമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ലോകവ്യാപകമായ മതധ്രുവീകരണമാണ് സംഭവിക്കാന്‍ പോകുന്നത്. പണ്ട് ഡെന്മാര്‍ക്കില്‍ മുഹമ്മദ് നബിയെ അവഹേളിച്ച് വളരെ മോശമായ വിധത്തില്‍ കാര്‍ട്ടൂണ്‍ വരക്കുകയും ലോകമുസ്ലിംകള്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഒരു വേള സക്രിയമായ പ്രതിഷേധങ്ങളില്‍ നിന്ന് മാറി സായുധമായ തരത്തിലേക്ക് അധഃപതിക്കുകയും ചെയ്തതിനേക്കാളേറെ ഭീഷണമായ തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.


അതേസമയം 2000 വര്‍ഷം പഴക്കമുള്ള 'ഡെസേര്‍ട്ട് വാരിയര്‍' എന്ന അറബിക്കഥ ചിത്രീകരിക്കാനാണ് തന്നെ ക്ഷണിച്ചതെന്നും അതിലെ മുഹമ്മദ് എന്ന് അഭിസംബോധന ചെയ്യുന്ന ഭാഗങ്ങളെല്ലാം താന്‍ ജോര്‍ജ്ജ് എന്ന് ഉച്ചരിച്ചതിനെ മാറ്റിയതാണെന്നും വെളിപ്പെടുത്തിക്കൊണ്ട് സിനിമയിലെ നടി സിന്‍ഡി ലീ ഗാര്‍ഷ്യ പ്രത്യക്ഷപ്പെട്ടത് ഇത് കൃത്യമായ ഗൂഢാലോചയുടെ ഭാഗമായാണ് നിര്‍മിച്ചത് എന്നതിന്റെ വ്യക്തമായ തെളിവാണ്. കേവലം ചില സ്റുഡിയോ വര്‍ക്കുകളും ചുരുങ്ങിയ ലൊക്കേഷനുകളും മാത്രം ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ചിതത്തിന്റെ കഥാബീജമെന്നത് പിന്‍വലിക്കുന്നതിന്റെ മുമ്പുള്ള യൂ ട്യൂബ് ദൃശ്യങ്ങള്‍ കണ്ടാലറിയാം. എന്നാല്‍ ഒരാളെ എത്രത്തോളം ഇകഴ്ത്താനും മോശമായ രീതിയില്‍ ചിത്രീകരിക്കാഎന്നാല്‍ ഒരാളെ എത്രത്തോളം ഇകഴ്ത്താനം മോശമായ രീതിയില്‍ ചിത്രീകരിക്കനം കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ കൂടിയാണ് സിനിമയിലെ നബിയെ പരിചയപ്പെടുത്തുന്ന ഭാഗങ്ങള്‍.നം കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ കൂടിയാണ് സിനിമയിലെ നബിയെ പരിചയപ്പെടുത്തുന്ന ഭാഗങ്ങള്‍.

പ്രവാചകനെ വിമര്‍ശിക്കുകയും ഭല്‍സിക്കുകയും ചെയ്യുന്ന നടപടിക്ക് പ്രവാചകനിയോഗത്തോളം തന്നെ പഴക്കമുണ്ട്. പ്രവാചകന്റെ ബന്ധുജനങ്ങളടക്കമുള്ളവരില്‍ നിന്നാണ് അദ്ദേഹത്തിന് ആദ്യമായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. അസഹ്യമായ ഈ പീഡനങ്ങളില്‍ നിന്ന് രക്ഷതേടി മദീനയിലേക്ക് പലായനം ചെയ്ത് ദൈവനിയമപ്രകാരം സാമൂഹികജീവിതം നയിക്കുമ്പോഴും, പുറമെ മിത്രഭാവം നടിച്ച് ഉള്ളില്‍ പുകഞ്ഞു കത്തുന്ന പകയുമായി ജീവിച്ചിരുന്ന ക്രൈസ്തവ-ജൂത ഗോത്രങ്ങളും കപടവിശ്വാസികളും തിരുനബിക്ക് കടുത്ത പ്രയാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ജീവിതാന്ത്യം വരെ ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കളുടെ പരിഹാസങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും നിരവധി തവണ ഇരയാകേണ്ടി വന്നിട്ടുണ്ട് പ്രവാചകന്.

പ്രവാചക വിയോഗത്തിന് ശേഷം ഇസ്ലാമികാദര്‍ശം സമീപ പ്രദേശങ്ങളിലേക്ക് കടന്നതോടെ പ്രതിഷേധത്തിന് പുതിയ രൂപവും ഭാവവും കൈവന്നു. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വറഖത്ത് ബ്നു നൌഫലിലൂടെ ബുഹൈറ എന്ന ക്രൈസ്തവ പണ്ഡിതന്‍ തയ്യാറാക്കിയ വചനങ്ങളാണ് ഖുര്‍ആന്‍ എന്നായിരുന്നു അക്കാലങ്ങളിലെ പ്രധാന ആരോപണം. ഖുര്‍ആന്‍ മുന്‍ വേദങ്ങളുടെ പകര്‍പ്പാണെന്ന വാദം ജൂതക്രൈസ്തവര്‍ ഏറ്റുപിടിക്കുകയും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ആധുനിക കാലഘട്ടത്തിലെ പ്രവാചകവിമര്‍ശനങ്ങള്‍ക്ക് ആദര്‍ശതാല്‍പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി മാനങ്ങള്‍ കണ്ടെത്താന്‍ കഴിയും. മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ആദര്‍ശസംഹിത തങ്ങളുടെ ഉപഭോഗ താല്‍പര്യങ്ങള്‍ക്കു വിഘാതമാകുമെന്നു കണ്ട പാശ്ചാത്യവിമര്‍ശകരാണ് ഇതിന്റെ മുഖ്യധാരയില്‍ വര്‍ത്തിച്ചത്. കുരിശുയുദ്ധമടക്കമുള്ള പല ഇസ്ലാമികാധിനിവേശങ്ങള്‍ക്കും അന്തര്‍ധാരയായി വര്‍ത്തിച്ചത് ഈയൊരു ദുഷ്ടചിന്തയാണെന്ന് കാണാന്‍ കഴിയും.

കായികമായുള്ള അക്രമങ്ങളിലൂടെ മാത്രമല്ല, മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ബുദ്ധിയേയും ചിന്തകളേയും മരവിപ്പിച്ചു നിര്‍ത്തി ഇസ്ലാമികാശയങ്ങളെ തകര്‍ക്കാനും പാശ്ചാത്യര്‍ ധൃഷ്ടരായി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിരവധി ഗ്രന്ഥങ്ങളായിരുന്നു വിമര്‍ശനത്തിനായി തെരഞ്ഞെടുത്ത പ്രധാന ആയുധം. കുരിശുയുദ്ധ പശ്ചാത്തലത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ലാറ്റിന്‍ ഭാഷയില്‍ പുറത്തിറക്കിയ ഖുര്‍ആനിന്റെ വികല പരിഭാഷയും അതോടനുബന്ധിച്ച് മുസ്ലിംകളുടേതെന്ന് തോന്നിപ്പിക്കുന്ന നിരവധി ചരിത്രഗ്രന്ഥങ്ങളുമായിരുന്നു ഏറ്റവും വലിയ ഇസ്ലാം വിരുദ്ധ നീക്കങ്ങള്‍. തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇസ്ലാമികാദര്‍ശങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്ന നിരവധി ലേഖനങ്ങള്‍ പാശ്ചാത്യലോകത്ത് പിറവിയെടുത്തു. മധ്യകാല യൂറോപ്പിന്റെ സാംസ്കാരിക ചരിത്രത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം ഇസ്ലാമിനെ കരിവാരിത്തേക്കുക കൂടി ചെയ്യുന്ന 'സോംഗ് ഓഫ് റൊണാള്‍ഡി'ലൂടെയും നബിയെ നരകത്തിന്റെ ഒമ്പതാം നിലയില്‍ ചിത്രീകരിക്കുന്ന 'ഡിവൈന്‍ കോമഡി'യിലൂടെയുമെല്ലാം ലക്ഷ്യം വെച്ചത് അഭൂതപൂര്‍വമായ ഇസ്ലാമിന്റെ വളര്‍ച്ചയെ തടയിടുക എന്നതു തന്നെയായിരുന്നു.

പുതിയ സഹസ്രാബ്ദത്തോടെ ഇസ്ലാം വിമര്‍ശനത്തിന്റെ സ്വഭാവത്തില്‍ സാരമായ മാറ്റം വന്നു. ഒരു ഭാഗത്ത് കോളിന്‍ മെയിനിന്റെ 'ദി ഡെഡ് ഹാന്റ് ഓഫ് ഇസ്ലാ'മിനെയും ഇബ്ന്‍ വര്‍റാക്കിന്റെ 'വൈ ഐ ആം നോട്ട് എ മുസ്ലിമി'നെയും പോലുള്ള ഗ്രന്ഥങ്ങളിലൂടെ ഇസ്ലാമികാദര്‍ശങ്ങളെ മോശമായി ചിത്രീകരിക്കുകയും അതേസമയം തന്നെ മറുഭാഗത്ത് ഹദീഥിന്റെ ആധികാരികതയെയും സീറാ ഗ്രന്ഥങ്ങളിലെയും തഫ്സീറുകളിലെയും അബദ്ധങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് വന്‍തോതിലുള്ള ഇസ്ലാം വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന രീതിയാണ് വിമര്‍ശകര്‍ സ്വീകരിച്ചുവന്നത്.

ഇസ്ലാമിക പ്രബോധന രംഗത്ത് അടുത്ത കാലത്തുണ്ടായ നവജാഗരണം ഇസ്ലാമികേതര ദര്‍ശനങ്ങളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. തങ്ങളുടെ ആദര്‍ശം, പരസ്പര സംവാദം നടത്തി ഇസ്ലാമിനോട് മാറ്റുരച്ച് നോക്കുവാന്‍ സാധിക്കില്ലെന്നും അത് മുഖേനെ ഗൌരവപരമായി വിഷയങ്ങളെ സമീപിക്കുന്നവര്‍ ഒടുവില്‍ ഇസ്ലാമിലേക്ക് എത്തിച്ചേരുകയാണ് ഉണ്ടാവുകയെന്നും മനസ്സിലാക്കിയ മതപുരോഹിതന്മാരാണ് മതരംഗം കലുഷിതമാക്കി അതിലൂടെ മതപരമായ സംവാദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. 'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസി'ന്റെ അണിയറയിലും മുമ്പ് ഖുര്‍ആന്‍ കത്തിക്കാന്‍ നേതൃത്വം നല്‍കിയ ക്രൈസ്തവ പുരോഹിതന്‍ ടെറി ജോണ്‍സന്റെ കൈകളുണ്ടെന്നതിന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സമാധാനചിത്തരായ മതാനുയായികളെ പ്രകോപിതരാക്കി മതപ്രബോധനം നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമം മുമ്പും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ തവണ നടന്നിട്ടുണ്ട്. ഭാരതത്തില്‍ തന്നെ ഇതിന് സമാനമായ നിരവധി സംഭവങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ അത്തരം 'പ്രീ പ്ളാന്‍ഡ്' അജണ്ടകളുടെ കെണിയില്‍ വീഴാതെ പക്വമായ പ്രതികരിച്ച പാരമ്പര്യമാണ് ഭാരതത്തിലെ മുസ്ലിംകള്‍ക്കുള്ളത്. ചരിത്രത്തിന്റെ ഏതെങ്കിലും കാലത്ത് ഈ ചതിയെ തിരിച്ചറിയാതെ അതിലേക്ക് വൈകാരികമായി എടുത്തുചാടിയപ്പോഴെല്ലാം ഏറ്റവും ദുരന്തപൂര്‍ണമായ തിക്താനുഭവങ്ങളാണ് മുസ്ലിംകള്‍ നേരിട്ടത്. സ്വാതന്ത്രപൂര്‍വ ഭാരതത്തില്‍ മുഹമ്മദ് നബി(സ)യെ മോശമായി ചിത്രീകരിച്ച് 'രംഗീല റസൂല്‍' എന്ന പേരില്‍ പുസ്തകം രചിച്ച സ്വാമി ശ്രദ്ധാനന്ദയെ കൊന്നുകളഞ്ഞ ചില അവിവേകികളുടെ ജുഗുപ്സാവഹമായ പ്രവര്‍ത്തനം മൂലമുണ്ടായ പ്രതികരണം ഭാരതമുസ്ലിംകള്‍ക്ക് ഇന്നും ഞെട്ടലോടെ മാത്രമെ ഓര്‍ക്കാനാവൂ. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ടെന്ന വിധം തുടര്‍ന്നുവന്ന സമാനപ്രശ്നങ്ങളിലെല്ലാം സമചിത്തതയോടു കൂടിയ പ്രതികരണങ്ങളാണ് ഇന്ത്യന്‍ മുസ്ലിംനേതൃത്വം നടത്തിപ്പോന്നിട്ടുള്ളത്. ഇതുകൊണ്ടൊക്കെത്തന്നെയാകണം ഭൂരിപക്ഷം വരുന്ന മുസ്ലിമേതര സാംസ്കാരിക പ്രവര്‍ത്തകരുടെയും സമാധാനകാംക്ഷികളുടെയുമെല്ലാം ഭാഗത്തുനിന്നു നാളിതുവരെ നിര്‍ലോഭമായ സഹായങ്ങളും സഹകരണങ്ങളും ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കിട്ടിപ്പോന്നത്. ഒരു ഭാരതീയ മുസല്‍മാനെ സംബന്ധിച്ചിടത്തോളം അവന്റെ നിര്‍ബന്ധിതബാധ്യതയായ ഇസ്ലാമിക ദഅ്വത്ത് ഏറ്റവും സമാധാനപരവും അവക്രവുമായ രീതിയില്‍ നിര്‍വഹിച്ചുപോരാന്‍ തെല്ലൊന്നുമല്ല ഇത് സാഹചര്യമൊരുക്കിയത്.

കലുഷിതമായ സാഹചര്യങ്ങള്‍ സൃഷിടിച്ചേക്കാവുന്ന ഇത്തരം സംഭവങ്ങളില്‍ വൈകാരികമായി പ്രതികരിക്കാതെ പ്രവാചകന്റെ സംശുദ്ധമായ ജീവചരിത്രം തുറന്നുകാണിക്കുന്നതിനുള്ള പ്രഭാഷണങ്ങളും ലഘുലേഖ-സിഡി വിതരണങ്ങളും സ്ക്വാഡ് വര്‍ക്കുകളും സംഘടിപ്പിച്ച് ഏറ്റവും ഗുണപരമായ പ്രബോധന സാഹചര്യങ്ങളാണ് ഇസ്ലാമിക പ്രബോധിതര്‍ ഈ സമയങ്ങളില്‍ ചെയ്യേണ്ടത്. മുഹമ്മദ് നബിയെ നിന്ദ്യമായ രീതിയില്‍ പരിഹസിച്ച ഡെന്മാര്‍ക്ക് കാര്‍ട്ടൂണ്‍ പ്രദര്‍ശന സമയത്ത് നബിയെ കൃത്യമായി പരിചയപ്പെടുത്തുന്ന പുസ്തകം സൌജന്യമായി വിതരണം ചെയ്ത് ഡെന്മാര്‍ക്ക് മുസ്ലിംകള്‍ ഈ രംഗത്ത് മാതൃകയായിരുന്നു. എന്നാല്‍ മേല്‍പ്രവര്‍ത്തനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയില്‍, ധിഷണാപരമായി കാര്യങ്ങള്‍ ഗ്രഹിക്കുന്നവരുടെ നിഷ്പക്ഷതയുടെ അതിര്‍ത്തി മാറ്റിവരക്കുന്ന രീതിയിലായി മാറും ഇത്തരം വിഷയങ്ങളെ കായികമായി നേരിട്ടാല്‍ സംഭവിക്കുക. ജീവിതത്തിന്റെ സകല മേഖലകളിലും ദയാവായ്പും കാരുണ്യവും കൈക്കൊണ്ട പ്രവാചകന്റെ ആദര്‍ശത്തെ പരസ്യമായി വെല്ലുവിളിക്കലാണ് ഭരണകൂടങ്ങളുള്ള നാടുകളില്‍ സായുധമായി പ്രതികരിക്കലും നിരപരാധികളെ കൊന്നൊടുക്കലും. എതിരാളികളോട് ക്ഷമിയ്ക്കാനും ഏറ്റവും സൌമ്യമായ രീതിയില്‍ പ്രതികരിക്കാനുമാണ്, ലോകത്തിനു മുഴുവന്‍ കാരുണ്യമായിക്കൊണ്ട് കടന്നുവന്ന പ്രവാചകനോട് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നത്: "നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ളേശത്തിലാവുകയും അരുത്. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്വൃത്തരായിട്ടുള്ളവരോടൊപ്പവും.'' (ഖുര്‍ആന്‍ 16:127,128).

'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ്' പുറത്തിറങ്ങിയ ലോകക്രമത്തിനേക്കാള്‍ വളരെ മോശമായ ഒരു ജനസമൂഹത്തിനു മുന്നിലാണ് വിശുദ്ധഖുര്‍ആനിന്റെ മേല്‍വചനം അവതരിച്ചതെന്ന് ഓര്‍ക്കണം. അക്കാര്യം കൃത്യമായി സ്വജീവിതത്തില്‍ പകര്‍ത്തുകവഴി ഖുര്‍ആനിന്റെ പ്രായോഗിക മാതൃകയായി മാറി, പ്രവാചകന്‍. നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ സര്‍വ്വ പ്രതീക്ഷയുമായി ത്വാഇഫില്‍ അഭയം തേടിയേടത്തു നിന്ന് കൂക്കൂവിളിയും കല്ലേറുംകൊണ്ട് രക്തമൊഴുകുമ്പോഴും അവരുടെ നന്മക്കുവേണ്ടി പ്രാര്‍ഥിച്ച പ്രവാചകന്‍, നിരന്തരം ചപ്പുചവറുകള്‍ ശരീരത്തിലേക്ക് വലിച്ചെറിയുന്ന അയല്‍ക്കാരി രോഗിണിയായപ്പോള്‍ അവളെ അന്വേഷിക്കുകയും ചെന്ന് കണ്ട് പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന്‍, കഅ്ബയുടെ ഉള്‍വശം കാണാന്‍ അനുവാദം ചോദിച്ചതിന്റെ പേരില്‍ താക്കോല്‍ സൂക്ഷിപ്പുകാരനില്‍ നിന്ന് കാര്‍ക്കിച്ചു തുപ്പല്‍ ഏല്‍ക്കേണ്ടി വന്ന് അപമാനിതനായി മക്കാ വിജയവേളയില്‍ അതേ ഉഥ്മാനു ബ്നു ത്വല്‍ഹക്ക് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പവകാശം തിരികെ നല്‍കിയ പ്രവാചകന്‍, ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ജൂതനേതാവായ സലാമു ബ്നു മിശ്കമിന്റെ ഭാര്യ സൈനബിന് നിരുപാധികം മാപ്പുനല്‍കിയ പ്രവാചകന്‍, ഉറങ്ങിക്കിടന്ന പ്രവാചകന്റെ നേരെ വാള്‍ ചൂണ്ടിയ ഗൌസ്ബ്നു ഹാരിഥിനെ പകരം വീട്ടാന്‍ കിട്ടിയ അവസരത്തില്‍ സമാധാനിപ്പിച്ചു വിട്ട പ്രവാചകന്‍, ഇസ്ലാം സ്വീകരിച്ച ശേഷം, പ്രവാചകനെ ദ്രോഹിച്ച മക്കക്കാര്‍ക്ക് ഭക്ഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ സുമാമത്ത് ബ്നു ആഥാലിന് ധാന്യക്കടത്ത് തടഞ്ഞ് അവരെ ദ്രോഹിക്കരുതേയെന്ന് കത്തെഴുതിയ പ്രവാചകന്‍. ആ പ്രവാചകന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് ഏറ്റവും നല്ലരീതിയില്‍ പ്രതികരിക്കുവാനാണ് മുസ്ലിംകള്‍ ശ്രമിക്കേണ്ടത്. ഖുര്‍ആനിന്റെ അധ്യാപനവും അതുതന്നെയാണ്. "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.'' (ഖുര്‍ആന്‍ 41:34,35)