അവധി ദിവസങ്ങളില്‍ റഹീം വിളിച്ചാലെ റുക്സാന ഉറക്കമുണരുകയുള്ളൂ. ശനിയാഴ്ച ദിവസം റഹീമിന് ജോലിയുള്ളതിനാല്‍ ചായയും ഒട്സും ഉണ്ടാക്കി രണ്ടു കഷണം ബ്രഡില്‍ ചീസും നട്ടെല്ലയും പുരട്ടി അലുമിനിയം പേപറില്‍ പൊതിഞ്ഞു മേശപ്പുറത്ത് വെച്ചതിനു ശേഷം വീണ്ടും പുതപ്പിനകത്തു ചുരുണ്ടുകൂടുകയാണ് പതിവ്.
എല്ലാ ശനിയാഴ്ചയും ജോലിക്ക് പോകുമ്പോള്‍ റഹീം വാതില്‍ക്കലില്‍ നിന്നും തിരിഞ്ഞു നോക്കും. അസിടിട്ടിയാണ് ഭക്ഷണം സമയാസമയം കഴിക്കണം എന്നൊക്കെ പറഞ്ഞു ടിഫിന്‍ ബോക്സുമായി വാതില്‍ക്കല്‍ വരെ വന്നു രുകസാന തന്നെ യാത്രയയ്ക്കുന്ന രംഗം അയാള്‍ പലപ്പോഴും മനസ്സില്‍ കണ്ടിരുന്നു. ഓ എന്‍ വി യുടെ കവിതയില്‍ പറപഞ്ഞതുപോലെ വെറുതെയാണെന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുവാന്‍ മോഹം.
സ്കൂള്‍ അധ്യാപികയായ റുക്സാന പ്രവൃത്തി ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ അലാറം വെച്ച് അതിരാവിലെ തന്നെ ഉറക്കമുണര്‍ന്നു എല്ലാ ജോലികളും വളരെ ഭംഗിയായി ചെയ്തുതീര്‍ത്തു ആറു മണിക്കുതന്നെ ഊര്‍ജ്ജസ്വലതയോടെ ജോലിക്ക് പോകും.
പക്ഷെ ഇന്ന് ശനിയാഴ്ച ടിഫിന്‍ പാത്രം മേശമേല്‍ വെച്ചതിനു ശേഷം പതിവുപോലെ അവള്‍ പുതപ്പിനകത്ത് ചുരുണ്ടു കൂടിയില്ല. അവള്‍ക്കതിനു കഴിഞ്ഞില്ല.
ബാത്ത്റൂമില്‍ നിന്ന് കുളിയും കഴിഞ്ഞിറങ്ങുന്ന ഭര്‍ത്താവിനെയും പ്രതീക്ഷിച്ചവള്‍ മകന്‍ സല്‍മാന്‍റെയരികില്‍ ഇരുന്നു.അവന്‍ നല്ലയുറക്കത്തിലാണ്. റുക്സാന അവനെ തലോടിക്കൊണ്ടിരുന്നു.
എങ്ങിനെ ചോദിക്കും? എങ്ങിനെ അവതരിപ്പിക്കും? എന്തായിരിക്കും പ്രതികരണം? കഴിഞ്ഞ വര്‍ഷത്തെ പോലെ ചൂടാകുമോ? രാവിലെ തന്നെ ആളെ മുഷിപ്പിക്കണോ? റുക്സാന വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തിലാണ്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സല്‍മാന്‍റെ ഓപ്പണ്‍ ഹൗസാണ് ഇന്ന്. കുട്ടികളുടെ പഠിത്തത്തെകുറിച്ചും അവരുടെ പ്രകടനത്തെക്കുറിച്ചും രക്ഷിതാക്കളും അധ്യാപകരും പരസ്പരം ചര്‍ച്ച ചെയ്യുന്ന ഒരു ദിവസം.
കുളി കഴിഞ്ഞിറങ്ങിയ റഹീം രുക്സാനയെ കണ്ടു ആശ്ചര്യത്തോടെ നോക്കി . മോഹങ്ങളൊന്നും വെറുതെയല്ല എന്നയാള്‍ക്ക് തോന്നി.
“ നിങ്ങള്‍ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്? “അപൂര്‍വ്വമായി കണ്ടിരുന്ന നാണത്തോടെ അവള്‍ ചോദിച്ചു.
റഹീം ഒന്നും മിണ്ടിയില്ല.. അടുക്കളയില്‍ ചെന്ന് ഒരു ചെറു പാത്രത്തില്‍ ഒട്സുമായി അവള്‍ വന്നു.
“ അല്‍ഹംദുലില്ലാഹ്, സര്‍വ്വ സ്തുതിയും സര്‍വ്വശക്തനായ ദൈവത്തിനാകുന്നു, ഇവള്‍ക്കിതെന്തുപറ്റി? ഇവള്‍ എന്‍റെ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇട്ടു തരുമോ? ഷൂ പോളിഷ് ചെയ്തു തരുമോ? പുഞ്ചിരിയോടെ എന്നെ യാത്രയയക്കുമോ? “ അയാള്‍ ആഹ്ലാദഭരിതനായി.
ഓട്സ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഡ്രെസ്സുമായി റുക്സാന അരികിലെത്തി. ഷൂ പോളിഷ് ചെയ്തു.
“ ഇന്ന് സൈറ്റ് മീറ്റിങ്ങും മറ്റുമായി തിരക്കിലാണെന്നറിയാം എങ്കിലും ഉച്ച ഭക്ഷണത്തിന് താമസിക്കുകയാണെങ്കില്‍ അറിയിക്കണം. പിന്നെ മീറ്റിങ്ങിന്‍റെയിടയില്പെട്ടു ബ്രൈക്ക് ഫാസ്റ്റ് കഴിക്കാന്‍ മറക്കരുത്.”
ഒടുവില്‍ ചെറു പുഞ്ചിരിയോടെ റഹീമിനെ യാത്രയാക്കുമ്പോള്‍ അവള്‍ പറഞ്ഞു.
ഓട്സ് കൊടുക്കുമ്പോഴും ഷൂ പോളിഷ് ചെയ്യുമ്പോഴും യാത്ര പറയുമ്പോഴും മകന്‍റെ ഓപണ്‍ ഹൌസിനെക്കുറിച്ചു റഹീമിനെ ഓര്‍മിപ്പിക്കാന്‍ അവള്‍ക്ക് ധൈര്യം വന്നില്ല.
ഗ്ലാസ് ജനവാതിലില്‍ കൂടി റുക്സാന പുറത്തേക്ക് നോക്കി. സൂര്യന്‍ ഉദിച്ചുപോങ്ങിക്കൊണ്ടിരിക്കുന്നു. മുന്‍വശത്തുള്ള പര്‍കിങ്ങില്‍ നിന്നും വണ്ടികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. റഹീമിന്‍റെ വണ്ടിയും അതിലുണ്ടായിരുന്നു. അവള്‍ സൂക്ഷിച്ചു നോക്കി. റഹീം തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
മഞ്ഞുമലകള്‍ ഉരുകുന്നത് പോലെ അവള്‍ക്കു തോന്നി. മനസ്സിലെ പ്രതിബന്ധങ്ങള്‍ അലിഞ്ഞില്ലാതായിരിക്കുന്നു. ഒരു പുത്തനുണര്‍വ് കിട്ടിയത് പോലെ അവള്‍ക്ക് തോന്നി.
അവള്‍ ധൃതിയില്‍ മൊബൈല്‍ ഫോണില്‍ മെസ്സേജ് എന്‍റര്‍ ചെയ്തു തുടങ്ങി.
“ ഇന്ന് പത്തു മണി മുതല്‍ ഒരു മണി വരെ സല്‍മാന്‍റെ ഓപണ്‍ ഹൗസാണ്, സമയമുണ്ടെങ്കില്‍ അറിയിക്കണം ,ഞങ്ങള്‍ ഒരുങ്ങി നില്‍ക്കാം”
മൊബൈലില്‍ മെസ്സേജ് അയച്ചതിനു ശേഷം അവള്‍ അടുക്കളയിലേക്കു പോയി.
മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ റഹീംകാന്‍റെ കോള്‍ ആയിരിക്കുമെന്ന് കരുതി റുക്സാന അടുക്കളയില്‍ നിന്നും ഓടി വന്നു ഫോണ്‍ എടുത്തു. ഒന്‍പതു മണിക്ക് ഉണരുവാന്‍ വെച്ച അലാറമായിരുന്നു അത്. അവള്‍ നിരാശയോടെ കട്ടിലിലിരുന്നു.ഉറങ്ങികൊണ്ടിരുന്ന മകനെ ഉണര്‍ത്താന്‍ ശ്രമിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു അവന്‍ ഉമ്മയെ കളിപ്പിച്ചു.
ഓപണ്‍ ഹൗസിനു റഹീം എങ്ങിനെ പോകാനാണ്? ആദ്യത്തെ ഓപണ്‍ ഹൗസിനു വളരെ പ്രതീക്ഷകളോട് കൂടിയായിരുന്നു അയാള്‍ പോയത്.മകന്‍റെ അധ്യാപകരെയും കൂട്ടുകാരെയും പ്രത്യേകിച്ച് രാഹുല്‍ എന്ന കൂട്ടുകാരനെ കാണുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. പക്ഷെ അന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് ശേഷം ഇനി ഒരിക്കലും ഓപണ്‍ ഹൗസിനു പോകില്ലാ എന്ന് തീരുമാനിക്കുകയായിരുന്നു.
ക്ലാസ്സില്‍ ഇംഗ്ലീഷ് ഫ്ലുവന്‍സി ഇല്ലാത്ത ഒരേയൊരു കുട്ടി സല്മാനാണെന്ന് ക്ലാസധ്യപിക പറഞ്ഞപ്പോഴായിരുന്നു അയാള്‍ പൊട്ടിത്തെറിച്ചത്. അയാള്‍ അധ്യാപികയോട് വളരെ രൂക്ഷമായി തന്നെ കയര്‍ത്തു സംസാരിച്ചു.
“മേഡം എന്താ എന്‍റെ മകനെ അപമാനിക്കുകയാണോ? ഈ നാലു വയസ്സുകാരനില്‍ നിന്നും മേഡം എന്ത് ഫ്ലുവന്‍സിയാണ് ഉദ്ദേശിക്കുന്നത്?. ഇംഗ്ലീഷ് അക്ഷരമാല നന്നായി പറയുകയും എഴുതുകയും ചെയ്യുന്നുണ്ടവന്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഞാന്‍ ആദ്യമായി കാണുന്നത്. ഇന്ന് ഞാന്‍ ഒരു എഞ്ചിനീയര്‍ ആണ്. എന്‍റെ മകന് ഇത്രയൊക്കെ ഫ്ലുവന്‍സി മതി. കുട്ടികളെ പഠിപ്പിക്കാന്‍ അറിയില്ലെങ്കില്‍ ഈ ജോലിക്ക് വന്നു കുട്ടികളുടെ ഭാവി നശിപ്പിക്കരുത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഈ നിലക്കാണ് പോകുന്നതെങ്കില്‍ ഗര്‍ഭ പാത്രത്തില്‍ വെച്ചുതന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വല്ല പുതിയ സംവിധാനങ്ങളും കണ്ടുപിടിക്കെണ്ടിവരും!”.ക്ഷുഭിതനായ റഹീമിനെ കണ്ട് നിറകണ്ണുകളോടെ അധ്യാപിക ക്ലാസ്സില്‍ നിന്നും ഇറങ്ങിയോടി.
ഈ സംഭവങ്ങളൊക്കെയും ഇന്നലെയെന്നപോലെ രുക്സാനയുടെ മനസ്സില്‍ തെളിഞ്ഞു വന്നു. അതുകൊണ്ട് തന്നെ ഓപണ്‍ ഹൗസിനു പോകാന്‍ കഴിയുമെന്നുള്ള എല്ലാ പ്രതീക്ഷകളും വെടിഞ്ഞ് ഉച്ച ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അവള്‍ അടുക്കളയിലേക്കു പോയി.
മൊബൈല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചപ്പോള്‍ അവള്‍ ഓടിച്ചെന്ന് നോക്കി. റഹീംകാന്‍റെ
ഓഫീസ് നമ്പര്‍. ഒരു തെല്ല് പരിഭ്രമത്തോടെ അവള്‍ ഫോണ്‍ എടുത്തു.
“ഹലോ?’
“നിന്‍റെ മെസ്സേജ് കിട്ടി . ഞാന്‍ ഓപണ്‍ ഹൗസിന്‍റെ കാര്യം മറന്നുപോയി, നീ റെഡിയായി നിന്നോളൂ ഞാന്‍ അര മണിക്കൂറിനകം പര്‍കിങ്ങില്‍ എത്താം.”
രുക്സാനക്ക് എന്താന്നില്ലാത്ത സന്തോഷം തോന്നി. കിടക്കയില്‍ കിടന്നുരുളുന്ന മകനെ പൊക്കിയെടുത്തു കുളിപ്പിച്ച് കുട്ടപ്പനാക്കി. ഭക്ഷണവും കഴിഞ്ഞ് വസ്ത്രങ്ങളണിഞ്ഞ് ഗ്ലാസ് ജാലകത്തില്‍ കൂടി റഹീംന്‍റെ വരവും കാത്തിരുന്നു.
അവള്‍ വെറുതെയൊന്നു ആലോചിച്ചു. രാവിലെ കിടക്കയില്‍ കിടന്നുകൊണ്ട് ഇന്ന് മകന്‍റെ ഓപണ്‍ ഹൌസല്ലേ? നിങ്ങള്‍ക്കെന്താ അവന്‍റെ കാര്യത്തില്‍ ശ്രധയില്ലേ?എന്നൊക്കെ ചോദിച്ചിരുന്നുവെങ്കില്‍എന്താകുമായിരുന്നു അവസ്ഥ.?
ഓപണ്‍ ഹൗസിനു പോയില്ല എന്ന് വിചാരിച്ചു അതെങ്ങിനെയാ അശ്രധയാകുക? അവനെ രാവിലെ ബസ്റ്റോപ്പില്‍ കൊണ്ടുവിടുന്നതാരാ? അവന്‍റെ ഫീസ് അടക്കുന്നതാരാ? ഇതൊക്കെ പിന്നെ എന്താണ്?
ഇങ്ങനെയൊക്കെപ്പറഞ്ഞു പരസ്പരം വഴക്ക് കൂടി ദിവസങ്ങളോളം മിണ്ടാതിരിക്കും. ഇതിന്‍റെയിടയില്‍ പെട്ട് സല്‍മാന്‍ വീര്‍പ്പുമുട്ടും. അപ്പോള്‍ മനസ്സ് വെച്ചാല്‍ പ്രശ്നങ്ങളെ സങ്കീര്‍ണ്ണതയിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ കഴിയും.
റഹീം പലപ്പോഴും രുക്സാനയോടു പറയുമായിരുന്നു. “വല്ലപ്പോഴും മദ്യപിക്കുന്ന ഒരു മനുഷ്യന്‍ ..അയാളോടുള്ള ഭാര്യയുടെ പെരുമാറ്റത്തിന്‍റെ സ്വഭാവമനുസരിച്ച് ചിലപ്പോള്‍ മദ്യപാനം നിര്‍ത്തിയെന്ന് വരാം മറ്റു ചിലപ്പോള്‍ മുഴു കുടിയനായെന്നും വരാം.”
പറഞ്ഞതുപോലെതന്നെ റഹീം അരമണിക്കൂറിനകം പാര്‍ക്കിംഗില്‍ എത്തി.
“ നീ എന്തായിന്നു യുനിഫോമെന്നും ഇടാതിരുന്നത്?” അയാള്‍ കളിതമാശയോടെ മകനോട് ചോദിച്ചു.
“ഇന്ന് ഓപണ്‍ ഹൌസല്ലേ? ഈ പപ്പായ്ക്ക് ഒന്നും അറിയില്ല.”അവന്‍ പറഞ്ഞു തുടങ്ങി.
വണ്ടിയില്‍ കയറിയിരുന്നാല്‍ അവന്‍ വാതോരാതെ കലപിലാന്നു ചിലച്ചുകൊണ്ടെയിരിക്കും. ഇവിടെ നിന്ന് സ്ട്രെയ്റ്റ് പോയാല്‍ എവിടെയെത്തും? ലെഫ്റ്റ് പോയാല്‍ എവിടെയെത്തും? റൈറ്റ് പോയാല്‍ എവിടെയെത്തും? അതെന്താണ്? ഇതെന്താണ്? ബില്‍ഡിങ്ങ്കള്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത്? കോണ്‍ക്രീറ്റ് അതെന്താണ്? അങ്ങിനെ ഒത്തിരി ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാകും അവനു ചോദിയ്ക്കാന്‍.
മകന്‍ പറയുന്നതൊക്കെ റഹീം വളരെ ശ്രദ്ധയോടെ കേട്ടിരിക്കും.അവന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അറിയാവുന്ന വിധത്തില്‍ അയാള്‍ മറുപടി പറയും.പക്ഷെ രുകസാന വണ്ടിയില്‍ കയറിയിരുന്നാല്‍ പിന്നെ മിണ്ടാട്ടമേയില്ല.ചിന്തകള്‍ എവിടെയൊക്കെയോ ആയിരിക്കും.വണ്ടിയിലിരുന്നു എന്താണ് ഇത്ര ഗൗരവത്തില്‍ ആലോചിക്കുന്നത് എന്ന് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അയാള്‍ക്ക് മനസ്സിലായില്ല. മകന്‍ പറയുന്നതൊന്നും തന്നെ അവള്‍ ശ്രദ്ധിക്കില്ല. അടങ്ങിയിരിക്ക് എന്ന് പറഞ്ഞു പേടിപ്പിക്കും അല്ലങ്കില്‍ പഠിത്തത്തിന്‍റെയോ പ്രോഗ്രസ്സ് കാര്‍ഡിന്‍റെയോ പേരും പറഞ്ഞു അവനെ ചൊറിഞ്ഞുകൊണ്ടേയിരിക്കും.
പക്ഷെ ഇന്ന് റുക്സാന മകന്‍ പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ഓപണ്‍ ഹൌസിന്‍റെയോ പ്രോഗ്രസ്സ് കാര്‍ഡിന്‍റെയോ കാര്യം അവന്‍റെയടുത് മിണ്ടിയതേയില്ല. സ്കൂള്‍ എത്തുന്നത് വരെ പുറം കാഴ്ചകള്‍ വിവരിച്ചുകൊണ്ടേയിരുന്നു.
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളുമായി സ്കൂള്‍ വരാന്തയില്‍ നിറയെ ജനങ്ങളാണ്. പപ്പയുടെ വിരലില്‍ തൂങ്ങി സല്‍മാന്‍ വളരെ ആവേശത്തോടെ ക്ലാസ് മുറിയിലെക്ക് നടന്നു. ക്ലാസധ്യാപികയെ അഭിവാദ്യം ചെയ്ത ശേഷം പിന്‍ വശത്ത് ഒഴിവുണ്ടായിരുന്ന സീറ്റില്‍ അവരിരുന്നു. അയാള്‍ ക്ലാസാകമാനം ഒന്ന് വീക്ഷിച്ചു.
വടക്കേ ഇന്ത്യക്കാരിയായ ക്ലാസധ്യാപിക വളരെ വിശദമായി തന്നെ രക്ഷിതാക്കളുമായി സംവാദിച്ചുകൊണ്ടിരുന്നു. അവന്‍ മിടുക്കനാണ്,നല്ല വണ്ണം പഠിക്കുന്നവനാണ്,മടിയനാണ്,തീരെ ശ്രദ്ധയില്ല, ഹാന്‍ഡ് റൈറ്റിംഗ് വളരെ മോശമാണ്.........അങ്ങിനെ പലതും വിവരിച്ചു കൊണ്ടേയിരുന്നു.
ക്ലാസ് മുഴുവന്‍ ഒന്ന് കറങ്ങി വന്നതിനു ശേഷം സല്‍മാന്‍ വളരെ സങ്കടത്തോടെ പറഞ്ഞു. “ പപ്പാ രാഹുല്‍ വന്നിട്ടില്ല”
“ സാരമില്ല മോനെ നമുക്കവനെ അവന്‍റെ വീട്ടില്‍ പോയി കാണാം” അയാള്‍ മകനെ സമാധനിപ്പിച്ചു.
രക്ഷിതക്കലെല്ലാവരും വളരെ ഉത്ക്കണ്ഠയോടെയിരിക്കുന്നു. ഈ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ എന്താണിത്ര വേവലാതി?
ക്ലാസധ്യാപിക സല്‍മാന്‍റെ റിപ്പോര്‍ട്ട് തിരിച്ചും മറിച്ചും നോക്കികൊണ്ട് വളരെ ഗൌരവത്തില്‍ സല്‍മാന്‍റെയടുത്തു രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. രക്ഷിതക്കളുടെയിടയില്‍ പതുങ്ങിയിരുന്ന സല്‍മാന്‍ ചെറിയ നാണത്തോടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറഞ്ഞു.
“ മിസ്റ്റര്‍ റഹീം ,” ടീച്ചര്‍ തുടര്‍ന്നു.
“ സല്‍മാന്‍റെ കാര്യത്തില്‍ നിങ്ങള്‍ അടിയന്തരമായി വല്ലതും ചെയ്തേ പറ്റൂ.അവന്‍ വളരെ സ്ലോ ആണ്, ചിന്തിക്കാനുള്ള കഴിവ് വളരെ കുറവാണ്.”
റുക്സാന റഹീമിനെ നോക്കി. ഒരു പൊട്ടിത്തെറിക്കു മുന്‍പുള്ള ശാന്തത അയാളില്‍ പ്രകടമായിരുന്നു.
“എനിക്ക് എന്ത് ചെയ്യാന്‍ പറ്റും? ഈ ചിന്താശക്തി എവിടെ നിന്നെങ്കിലും വാങ്ങാന്‍ കിട്ടുമോ?”അയാള്‍ പരിഹാസ സ്വരത്തില്‍ ചോദിച്ചു.
“ അതൊന്നും എനിക്കറിയില്ല ..നിങ്ങള്‍ വേറ വല്ല സംവിധാനങ്ങളും കണ്ടേ പറ്റൂ” ടീച്ചര്‍ വളരെ ഗൌരവത്തില്‍ തന്നെ പറഞ്ഞു.
“പിന്നെ ഞാന്‍ എന്തിനാണ് എന്‍റെ മകനെ ഈ സ്കൂളില്‍ അയക്കുന്നത്.,നിങ്ങളുടെ ജോലി എന്താണ്?, ഒരു അധ്യാപികയുടെ കടമകള്‍ എന്താണ്?” റഹീമിന്‍റെ ശബ്ദം ഉയര്‍ന്നു തുടങ്ങി.
രുക്സാനക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
“ഈ ടീച്ചര്‍ക്ക് ഇത് കിട്ടണം , ഈ തരത്തില്‍ അപമാനിക്കാന്‍ പാടില്ലായിരുന്നു.” അവള്‍ മനസ്സില്‍ വിചാരിച്ചു.
“ കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കണം, കുട്ടികള്‍ വളരുന്നതിനനുസരിച്ചേ അവരുടെ ചിന്താശക്തിയും വളരുകയുള്ളൂ. അതിനെന്തിനാണ് വെറുതെ കുട്ടികളെ കുറ്റപ്പെടുത്തുന്നത്? ക്ലാസ്സില്‍ ഒന്നാം സ്ഥാനത്ത് അല്ലങ്കിലും എന്‍റെ മകന്‍ നന്നായി പഠിക്കും , അത് എനിക്കു ബോധ്യപ്പെട്ടതാണ്. പിന്നെ എന്തിനാ ഈ പ്രായത്തില്‍ ഇത്രയും ചിന്താശക്തി?”
അയാള്‍ ടീച്ചറോട് ചോദിച്ചു.
“ ഞാന്‍ അതല്ല ഉദേശിച്ചത്?” ടീച്ചര്‍ സ്വയം ന്യായികരിക്കാന്‍ ശ്രമിച്ചു.
“ മേഡം എന്ത് തന്നെ ഉദ്ദേശിച്ചാലും ശരി, ഈ തരത്തില്‍ വിളിച്ചു വരുത്തി അപമാനിക്കരുത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മന:പാഠമാക്കുക എന്ന രീതി ഒഴിവാക്കണം. പ്രബഞ്ചത്തെക്കുറിച്ചും അതിലെ സകലമാന വിഷയത്തെക്കുറിച്ചും കുട്ടികളില്‍ ഒരു താത്പര്യം ഉണ്ടാക്കണം. എങ്കില്‍ അവര്‍ തനിയെ പഠിച്ചുകൊള്ളും. വിദ്യാഭ്യാസം ഒരിക്കലും ഒരു ഭാരമായി തോന്നരുത്. ക്ലാസ്സില്‍ ഒന്നാം സ്ഥാനത്തെത്താന്‍ മത്സരിക്കുന്ന കുട്ടികളില്‍ അസൂയയുടെയും വിദ്വേഷത്തിന്‍റെയും വിഷ വിത്തുകളാണ് നിങ്ങള്‍ പാകുന്നതെന്ന് ഓര്‍മ്മ വേണം. മേഡം ..നിങ്ങള്‍ ഈ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നതിനിടെ ഏതെങ്കിലും ഒരു കുട്ടിയുടെ സ്വഭാവത്തെ കുറിച്ച് രക്ഷിതാക്കളുമായി സംസാരിച്ചോ?”
അധ്യാപിക തല താഴ്ത്തിയിരുന്നു. അയാള്‍ തുടര്‍ന്നു .
“സംസ്കാരസമ്പന്നരായ വിദ്യാര്‍ഥികളെയാണ് സമൂഹത്തിനാവശ്യം., ഉന്നത വിദ്യാഭ്യാസം നേടിയ സംസ്കാര ശൂന്യരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് ഈ സമൂഹത്തിന്‍റെ ശാപം. വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പ്രാധാന്യം നല്‍കുന്ന തരത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തണം. വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കരുത്.”
റഹീം ക്ലാസ്സില്‍ നിന്നും ഇറങ്ങി നടന്നു. രുക്സാനയും മകനും അയാളെ പിന്തുടര്‍ന്നു.
റഹീം ചിലപ്പോള്‍ അങ്ങിനെയാണ്.എങ്ങിനെ,എപ്പോള്‍ പ്രതികരിക്കും എന്ന് പറയാന്‍ കഴിയില്ല . സാമൂഹിക ,സാമ്പത്തിക,രാഷ്ട്രീയ,വിദ്യാഭ്യാസ മേഖലകളിലെ അതിക്രമങ്ങള്‍ എന്നും അയാളെ പ്രകോപിപ്പിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ