16/ഒക്ടോബര്‍/1993 അന്ന് രാത്രി പത്ത് മണിയോടടുത്താണ് ഞാന്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ വേനല്‍ക്കാലത്തിന്റെ അവസാനം. പുറത്തു നല്ല ചൂട്. ആ ചുടിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. ചുടു കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു.
ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന് അറബിയല്ലാതെ ഒന്നുമറിയില്ല. അയാള്‍ എന്തോ ചോദിച്ചു. അറബി വാമൊഴി ആദ്യം കേള്‍ക്കുകയാണ്. ഒന്നും മനസ്സിലായില്ല. സ്കൂളിലും മദ്രസയിലും പഠിച്ച അച്ചടിച്ച അറബിയുടെ സകല സൗന്ദര്യത്തോടെയും ഞാന്‍ പറഞ്ഞു -ഞാന്‍ പുതിയ വിസയില്‍ വരുന്നവനാണ്. അയാള്‍ പിന്നെയും എന്തോ ചോദിച്ചു. ഞാനെന്റെ അച്ചടി അറബി ആവര്‍ത്തിച്ചു. ഒരു രക്ഷയുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചത് സ്വാഭാവികം. സീറ്റില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം കൈ ദൂരേക്ക് ചൂണ്ടി ഒരലര്‍ച്ചയായിരുന്നു.. ബര്‍ര്‍ര്‍ര്‍റ............ബര്‍ര്‍ര്‍ര്‍റ..............................
(ഗെറ്റൗട്ട് എന്നതിന് അറബിയില്‍ അങ്ങിനെയാണ് പറയുകയെന്ന് അന്ന് അറിയില്ലായിരുന്നു).
വിമാനത്തില്‍ നിന്ന് ഒരു ഡിസ്എംബാര്‍കേഷന്‍ ഫോം തന്നിരുന്നു. അത് ഞാന്‍ പൂരിപ്പിച്ചതുമാണ്. ഇമിഗ്രേഷന് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എന്തോ പറഞ്ഞ് ഒരുദ്യോഗസ്ഥന്‍ എന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കൊണ്ടുപോയി. ആ ഫോം കാണാത്തതതു കൊണ്ടാണ് കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായത്. ബര്‍റയുടെ അര്‍ഥം അന്ന് പിടികിട്ടാതിരുന്നത് നന്നായി. അല്ലെങ്കില്‍ വന്നിറങ്ങിയ ദിവസം തന്നെ ഈ രാജ്യത്തു നിന്ന് പുറത്തായിപ്പോയല്ലോ ദൈവമേ എന്ന് ഞാന്‍ ബേജാറായേനെ!
ആദ്യയാത്രയുടെ വേദനയും ദുഃഖവും മനസ്സില്‍ ആവോളമുണ്ടായിരുന്നു. കരിപ്പൂരില്‍ നിന്നുള്ള വിമാനം ഷാര്‍ജയിലിറങ്ങി,
എന്റെ സ്വപ്നത്തില്‍ എവിടെയും ഗള്‍ഫ് ഉണ്ടായിരുന്നില്ല.
""പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറിന്‍ തുണികള്‍ അണിഞ്ഞുള്ള പത്രാസും
നാലുപേര്‍ കാണെ നടക്കുന്ന നാമൂസും
നാട്ടിലേറ്റം വല്യൊരു വീടിന്റെ അന്തസ്സും''
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ആശിച്ചില്ല.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപ്പാട്ട് ഞാന്‍ ആദ്യം കാണുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്ത്. അതെ, കേള്‍ക്കുകയല്ല, ആ പാട്ട് കാണുകയാണ് ആദ്യം ചെയ്തത്. അന്നൊക്കെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഒരു മാപ്പിളപ്പാട്ട് ആഴ്ചതോറും പ്രസിദ്ധീകരിക്കും. പുതിയ പല പാട്ടുകളും അങ്ങിനെ കേള്‍ക്കുന്നതിന് മുമ്പ് കാണുകയാണ് ഞാന്‍ ആദ്യം ചെയ്തത്. കല്യാണങ്ങള്‍ക്കും കുറിക്കല്യാണങ്ങള്‍ക്കും തെങ്ങിന്‍ മുകളില്‍ കെട്ടുന്ന വലിയ കോളാമ്പികളില്‍ പിന്നീട് കുറേ കഴിഞ്ഞായിരിക്കും ആ പാട്ടുകള്‍ കേള്‍ക്കുക.
അയല്‍പക്കത്തെ അഹമ്മദ്കോയക്കാക്കയുടെ വീട്ടില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വരും. കാര്‍ട്ടൂണുകളും ചിത്രകഥകളും കറങ്ങി എപ്പോഴും നേരെ ചെന്നെത്തുന്നത് മാപ്പിളപ്പാട്ടിലായിരിക്കും. ആ മാപ്പിളപ്പാട്ടുകളെല്ലാം എഴുതിയെടുത്ത് ഞാന്‍ കാണാപ്പാഠം പഠിക്കും.
അങ്ങിനെയൊരു ദിവസമാണ് എസ്.എ. ജമീലിന്റെ ദുബായ് കത്ത് കാണുന്നത്. അറിയാവുന്ന ഒരീണത്തില്‍ അത് അവിടെ തന്നെ കുത്തിയിരുന്നു കാണാതെ പഠിച്ചു. പിന്നീട് ഉച്ചഭാഷിണികളില്‍ നിന്ന് കേട്ട് ആ പാട്ടിന്റെ ഈണം പഠിച്ചു. ഒട്ടും മധുരമില്ലാത്ത എന്റെ കുട്ടിക്കൂറ്റില്‍ ഞാന്‍ പലേടത്തും അത് പാടി. അയല്‍പക്കത്ത താത്തമാരൊക്കെ എന്നെക്കൊണ്ട് ആ പാട്ട് പാടിക്കും. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ പോയവരുടെ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും അവരൊക്കെ ആ പാട്ട് കേട്ട് വല്ലാത്ത നെടുവീര്‍പ്പിടുകളിടും.
ആ പാട്ട് പകരുന്ന ആഴത്തിലുള്ള നോവുകള്‍ അന്നൊന്നും എന്നെ സ്പര്‍ശിച്ചിരുന്നില്ല. ബാപ്പയെ കാണാന്‍ വിധിയില്ലാതെ നടക്കുന്ന പാട്ടിലെ മൂന്നു വയസ്സുകാരനാണ് എന്നെ വേദനിപ്പിച്ചത്. ഓടിച്ചാടി കളിക്കുന്ന കുട്ടി ഇടക്കിടെ ബാപ്പയെ ചോദിക്കുന്നതും ഒരിക്കലും കാണാത്ത ബാപ്പയെ അവന്‍ മാടിമാടി വിളിക്കുന്നതും ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറയും. എന്റെ ബാപ്പയും ഗള്‍ഫില്‍ ആയിരുന്നു മുന്ന് വര്‍ഷം കുടുംബം വീട്ടിലെത്തുമ്പോള്‍ തന്നെ എന്ത് ആഹ്ലാദമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബാപ്പയെ ഓര്‍ക്കുമ്പോള്‍ ആ കുട്ടിക്ക് എന്തുമാത്രം സങ്കടമുണ്ടാകും?
ജമീലിന്റെ വരികള്‍:
രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടിക്കളിക്കും -മോന്‍ ബാപ്പാനെ
മാടി മാടി വിളിക്കും -അത് കാണുമ്പോള്‍
ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം
കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ..
ദുബായ് കത്തിലെ ആണ്‍ പെണ്‍ വിരഹവും മനസ്സും ശരീരവും അനുഭവിക്കുന്ന കൊടിയ ദാഹവുമൊന്നും എന്നെ അന്ന് സ്പര്‍ശിക്കേണ്ടതില്ല. പിന്നെ അതൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ ആശകളും കിനാക്കളുമടക്കി മലക്കല്ലാഞ്ഞിട്ടും മലക്കുകളെ പോലെ ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടു. ബാപ്പയെ കാണാതെ മൂന്നും നാലും വര്‍ഷം ഓടിച്ചാടി കളിക്കുകയും ഇടക്കിടെ ബാപ്പാനെ ചോദിക്കുകയും ദൂരെ ദൂരെ കണ്ണു നട്ട് ബാപ്പാനെ മാടി മാടി വിളിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടു. പത്രാസിനും നാമൂസിനുമപ്പുറം അക്കരെയിക്കരെ ഇരുന്നു കരഞ്ഞു തീരുന്ന രണ്ട് ജീവിതങ്ങളാണ് ഗള്‍ഫിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞത്. ഗള്‍ഫിലേക്ക് പറക്കുന്നവന്‍ നാട്ടിലെ പെണ്ണിനെ തീയിലിട്ട് വേവിക്കുകയാണ്. പെണ്ണിന്റെ ആവശ്യമറിയാത്ത, പൊണ്ണനായ ഗള്‍ഫുകാരന്‍ അവളുടെ തെറ്റിന്റെ കര്‍ത്താവാകുന്നു.
ജമീല്‍ പാടുന്നു:
മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും
യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്‍
കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍
കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട
നേര്‍ച്ചക്കോഴി പോലെയായ്
കുഞ്ഞോലന്‍ കുട്ടിയാണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഖത്തറില്‍ പോകുന്നത്. അടുത്ത ഗ്രാമത്തില്‍ കുറേ ഖത്തറുകാരുണ്ട്. അവിടുത്തെ ഏതോ ഖത്തര്‍ കുടുംബത്തില്‍ നിന്ന് പെണ്ണുകെട്ടിയ കുഞ്ഞോലന്‍ കുട്ടി ആ വഴിയാണ് ഖത്തറിലേക്ക് പോയത്. കുഞ്ഞോലന്‍ കുട്ടി ഖത്തറില്‍ നിന്ന് വരുമ്പോള്‍, അത്തറിന്റെ മണമൊക്കെ പരത്തി അങ്ങാടിയില്‍ വരും. അയാളെ ഒരല്‍ഭുത മനുഷ്യനെപ്പോലെ നോക്കി നിന്നിട്ടുണ്ട്. കുഞ്ഞോലന്‍ കുട്ടിയുടെ അയല്‍ക്കാരും കുടുംബക്കാരുമായ കുട്ടികള്‍ അയാള്‍ കൊണ്ടു വരുന്ന പേനയും മണമുള്ള മായ്ക്കും റബറും പടം മിന്നി മറയുന്ന സ്‌കെയിലുമൊക്കെയായി മദ്‌റസയിലും സ്കൂളിലുമൊക്കെ വരും. അയാള്‍ കൊണ്ടു വന്ന "ഫോട്ടം നോക്കി'യിലാണ് മക്കയും മദീനയും ആദ്യം കാണുന്നത്.
കുഞ്ഞോലന്‍ കുട്ടിയുടെ വീട്ടില്‍ നിന്നാണ് ടേപ്‌റെക്കോര്‍ഡര്‍ പാടുന്നത് ആദ്യമായി കേട്ടത്. മാപ്പിളപ്പാട്ടുകള്‍ക്കു പുറമെ, അന്ന് കേട്ടിരുന്നത് മുഹമ്മദ് റഫിയുടെയും മുകേഷിന്റേയുമൊക്കെ പാട്ടുകളാണെന്ന് കുറേക്കാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ദുബായ് കത്ത് പാടിയും ആ പെട്ടി ഇടക്കിടെ കരയും. ഇന്നിപ്പോള്‍ ഗള്‍ഫുകാരില്ലാത്ത ഒറ്റ വീടും എന്റെ നാട്ടിലില്ല. എന്റെ ബാപ്പ യാണ് എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം ഗള്‍ഫില്‍ പോയത്. ആദ്യത്തെ അവധിക്കു വന്നപ്പോള്‍ കൊണ്ടു വന്ന പെട്ടി തുറന്നപ്പോഴാണ് ഗള്‍ഫിന്റെ മണം ഞാന്‍ ആദ്യം ഞാന്‍ ശ്വസിച്ചത്. അപ്പോഴും ഗള്‍ഫ് ഒരു സ്വപ്നമായി എന്റെ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല.
ഗള്‍ഫുകാരുടെ വീട്ടില്‍ കാണുന്ന ഫോറിന്‍ ബ്ലാങ്കറ്റിനോട് എനിക്ക് വലിയ കൊതിയായിരുന്നു. എനിക്ക് എന്നും കൊതി തോന്നിയ ഒരേയൊരു ഫോറിന്‍ സാധനം. കാമുകിയെ കെട്ടിപ്പിടിച്ച് കിടക്കാന്‍ കൊതിക്കുന്നതുപോലെ ആ ബ്ലാങ്കറ്റ് പുതച്ചു കിടക്കാന്‍ ഞാന്‍ കൊതിച്ചു. ഷാര്‍ജ യിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ബ്ലാങ്കറ്റ് സ്വന്തമാക്കി. എയര്‍ കണ്ടീഷന്റെ തണുപ്പില്‍ പുതച്ചുറങ്ങാന്‍ അത് നിര്‍ബന്ധമാണ്. പിന്നെ ഓരോ അവധിക്കു പോകുമ്പോഴും ഒരു ബ്ലാങ്കറ്റ് ഞാന്‍ വെറുതെ വാങ്ങിക്കൊണ്ടുപോകും. ഒടുവില്‍ എന്‍റെ ഉമ്മ എനിക്ക്, അന്ത്യശാസനം നല്‍കി -മേലില്‍ ഇവിടെ ബ്ലാങ്കറ്റ് കൊണ്ടുവരരുത്. അതൊന്നും എടുത്തു വെക്കാന്‍ ഇവിടെ സ്ഥലമില്ല. അതോടെ ബ്ലാങ്കറ്റ് ക്കൊണ്ടുപോക്കു നിര്‍ത്തി.
ജമീലിന്റെ പാട്ട്:
മകനെ എടുത്ത് മതിയാവോളം മുത്താനും
മണിയറയില്‍ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും
മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടില്‍ പറന്നെത്താനും
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
ഗള്‍ഫിന് വിടകൊടുത്തുടന്‍ കടല്‍ കടന്നീടാന്‍
കൊതി കൂടുന്നേ നിന്നില്‍ കൊതി കുടുന്നേ
ജമീലിന്റെ അപ്പാട്ട് ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേവല കത്തിടപാടായി ഞാന്‍ കാണുന്നില്ല. ജന്മനാടും പ്രവാസിയും തമ്മിലുള്ള പിടിവിടാത്ത ബന്ധം തന്നെയാണ് അതില്‍ കാണുന്നത്. പുഴയും തോടും വയലേലകളും കുന്നും മലകളും പ്രിയപ്പെട്ടവരും നിറഞ്ഞ ജന്മനാടാണ് ആ മണിയറ. അവിടെ, പ്രിയപ്പെട്ട സകലതിന്റേയും സാന്നിധ്യം സന്തോഷം കത്തുന്ന മണിവിളക്കാകും. ആ ജീവിതത്തിന് ഒരിക്കലും വറ്റാത്ത മധുവിധുവിന്റെ ലഹരിയുണ്ട്. അവിടെ ഓടിച്ചാടി കളിക്കുന്നതും ഇടക്കിടെ നമ്മെ മാടി മാടി വിളിക്കുന്നതും നമ്മുടെ മനസ്സു തന്നെയാണ്. അതെ, പിന്‍വിളി വിളിക്കുന്നത് ഭാര്യയല്ല, സ്വന്തം നാടു തന്നെയാണ്. സ്‌നേഹത്തിന്റെ സകല ചാരിത്ര്യ ശുദ്ധിയോടും കൂടി നമ്മെ കാത്തിരിക്കുന്നത് ആ മണ്ണാണ്. ആ വിളി കേള്‍ക്കാതിരിക്കാനാകില്ല, ഒരു പ്രവാസിക്കും…………
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ