ചൊവ്വാഴ്ച, മാർച്ച് 23, 2010

ബിജെപി വിത്തും കൊണ്ടെത്തുന്ന ബച്ചന്‍

കേരള ടൂറിസം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസ‍റാക്കിയാല്‍ എന്താണ് കുഴപ്പം? ബച്ചന്‍ വരുന്നത് മോഡിയുടെ കൈയില്‍ നിന്ന് വാങ്ങിയ ബിജെപി വിത്തും കൊണ്ടാണെന്നാണ് ചിലരുടെ വാദം. അത് ഇവിടെ വിതറിയാല്‍ അപ്പടി മലയാളികളും സംഘപരിവാറുകാരായി പോവുമത്രെ.

കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കാനായി കേരളത്തിലേയ്ക്ക് ബച്ചനെ അയയ്ക്കുന്നത് നരേന്ദ്രമോഡിയുടെ രഹസ്യ അജണ്ട ആണെന്ന് വരെ പലരും പറഞ്ഞ് കേട്ടു. കൊള്ളാം കേള്‍ക്കാന്‍ നല്ല രസം.

അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ഒന്നും കേരള വിനോദ സഞ്ചാര വകുപ്പിന്റെ പ്രചാരണത്തിനായി കരാറെടുത്ത് എത്തുമെന്ന് കരുതാനാവില്ല. അതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് വഴിയേ പറയാം.

അമിതാഭ് ബച്ചനെ കേരള വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത് ശരിയോ എന്നതല്ല ഇവിടത്തെ ചര്‍ച്ചാ വിഷയം. പക്ഷേ അത്തരത്തിലൊരു തീരുമാനത്തെ ചൂഴ്ന്ന് നില്‍ക്കുന്ന മറ്റ് ചില വിഷയങ്ങളാണ്.

എന്തിനാണ് അമിതാഭ് ബച്ചനെ പോലെ ഒരാളെ വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. ഏതൊരു കുട്ടിയോട് ചോദിച്ചാലും പറയും ഇതിന് ഉത്തരം. ബ്രാന്‍ഡ് അംബാസഡറുടെ ജോലി എന്താണ്. അയാള്‍ പ്രതിനിധീകരിയ്ക്കുന്ന ഉല്പന്നം പ്രചരിപ്പിയ്ക്കുക. അത്ര തന്നെ. അപ്പോള്‍ ഈ സാഹചര്യത്തില്‍ അമിതാഭ് ബച്ചന്‍ പ്രചരിപ്പിയ്ക്കേണ്ടത് കേരളം എന്ന വിനോദ സഞ്ചാര കേന്ദ്രത്തെ ആണ്.

ഈ പ്രചാരണ വേല ചെയ്യേണ്ടത് കേരളത്തിലല്ല. പകരം ഉത്തരേന്ത്യയിലും കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലുമാണ്. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഇത് ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് ഉള്ളില്‍ നിന്ന് കേരളം സന്ദര്‍ശിയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂട്ടുക എന്നത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഊന്നല്‍ നല്‍കേണ്ട കാര്യമാണ്. അതായിരിയ്ക്കണം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നത്. ഇത് ഒരളവ് വരെ നല്ല തീരുമാനമാണ്.

എന്നാല്‍ ഈ ആശയം എങ്ങനെ ഉണ്ടായി എന്ന് വ്യക്തമായി അറിയില്ല.പക്ഷേ ഇത് സുചിന്തിതമായ തീരുമാനമല്ലെന്ന് വേണം കരുതാന്‍. അമിതാഭിന്റെ നരേന്ദ്ര മോ‍ഡി ബന്ധം (അദ്ദേഹത്തിന് മുലയം സിഹുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ആരും പറയുന്നില്ല.) ഇപ്പോള്‍ ഉണ്ടാക്കുന്ന 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം' തന്നെ ഇതിന് തെളിവ്.

വിനോദ സഞ്ചാര വകുപ്പിന്റെ ഡയറക്ടറും സെക്രട്ടറിയും ഒന്നും ഇത്തരത്തിലുള്ള വിഷയത്തില്‍ കാര്യമായി ചിന്തിയ്ക്കാതെ തീരുമാനം എടുക്കാന്‍ ഇടയില്ല. മാര്‍ക്സിസ്റ്റ് മന്ത്രിയോടൊപ്പം ജോലി ചെയ്യുന്ന ഇവര്‍ക്കൊക്കെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന രാഷ്ട്രീയ ഓളങ്ങളെക്കുറിച്ച് അറിവുണ്ടാവാനാണ് സാദ്ധ്യത.

എന്തായാലും ബ്രാന്‍ഡ് അംബാസഡര്‍ വിഷയം ചൂടായത് ഈയിടെ അമിതാഭ് ബച്ചന്‍ നടത്തിയ കൊച്ചി സന്ദര്‍ശനത്തിന് ശേഷമാണ്. ഈ സന്ദര്‍ശന വേളയില്‍ ഏതോ ഒരു ടിവി മാധ്യമ പ്രവര്‍ത്തക/ന്‍ ബച്ചനോട് 'കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍' ആവുന്നതിനെക്കുറിച്ച് ചോദിച്ചു. അത് സര്‍ക്കാരാണ് തീരുമാനിയ്ക്കേണ്ടതെന്നും വിളിച്ചാല്‍ സന്തോഷമേ ഉള്ളു അത് ഏറ്റെടുക്കാന്‍ എന്നുമായിരുന്നു ബച്ചന്റെ സ്വാഭാവികമായ മറുപടി. കാശ് കിട്ടുന്ന പണി ആരെങ്കിലും വേണ്ടെന്ന് പറയുമോ?

പിന്നെ വൈകിയില്ല ബച്ചന് കേരളത്തിന്റെ കത്ത് കിട്ടി. ഒപ്പം കേരളത്തില്‍ പതിവ് പരിപാടിയും തുടങ്ങി. അതാണ് 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'.

വിവാദം നമുക്ക് എന്നും പ്രീയപ്പെട്ട വിഷയമാണ്. കേരളത്തിലെ വിവാദങ്ങളുടെ കൂടെ ഇതുകൂടി കിടക്കട്ടെ-'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'. പട്ടിണി കിടന്നാലും, എന്തെങ്കിലും ചെയ്യുമ്പോള്‍ കേരള മക്കള്‍ ഒരു കാര്യം ഉറപ്പാക്കും. ചെയ്യുന്ന കാര്യം എന്തായാലും, ഫലം എത്ര മികച്ചതായാലും അത് രാഷ്ട്രീയപരമായി ശരി (politically correct) ആയിരിയ്ക്കണം. അല്ലെങ്കില്‍ നാം വിവാദം സൃഷ്ടിയ്ക്കും. അത് കട്ടായം. തീരുമാനിയ്ക്കുന്ന കാര്യങ്ങളൊക്കെ നടക്കണമെന്ന് നമുക്ക് ഒരു നിര്‍ബന്ധവും ഇല്ല. നടപ്പാക്കേണ്ട കാര്യത്തിന് എത്ര നല്ല ഫലങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നാം കാര്യമാക്കില്ല. രാഷ്ട്രീയപരമായി ശരിയല്ലെങ്കില്‍ അത് നാം നടപ്പാക്കില്ല. നമ്മള്‍ സമ്പൂര്‍ണ സാക്ഷരതയുള്ള ഒരു രാഷ്ട്രീയ സമൂഹമല്ലേ... ഇതൊക്കെ അങ്ങനെ അവഗണിയ്ക്കാനാവുമോ?


വന്‍ പ്രശസ്തി ഉള്ള ഒരു ബോളിവുഡ് നടനോ ക്രിക്കറ്റ് താരമോ വിനോദ സഞ്ചാര വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാവില്ലെന്ന് നേരത്തേ പറഞ്ഞില്ലേ. കാരണം പറയാം. അതും ലളിതമായ കാര്യമാണ്.

അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ധോണിയോ കേരളത്തിന്റെ ഈ പരസ്യ ജോലി ഏറ്റെടുക്കുകയാണെന്ന് കരുതൂ. അവര്‍ക്ക് എത്ര രൂപ കൊടുക്കേണ്ടി വരും? അവടെയാണ് പ്രശ്നം. അഞ്ച് കോടി എങ്കിലും ഇവരില്‍ ആരായാലും ആവശ്യപ്പെടും. കുറഞ്ഞത് രണ്ടോ മൂന്നോ കോടിയെങ്കിലും ഇല്ലാതെ ഈ കളി നടക്കില്ല. ഇത് അവര്‍ക്ക് കൊടുക്കേണ്ട പണം മാത്രമാണ്. പിന്നെ പരസ്യ ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള പണം. പരസ്യ ചിത്രം ഷൂട്ട് ചെയ്യാനായി ഇവരെ കേരളത്തില്‍ എത്തിച്ച് മടക്കി അയയ്ക്കുന്നത് വരെയുള്ള ചെലവുകള്‍. പട്ടിക അങ്ങനെ നീണ്ട് പോകും. ഇതൊന്നും കേരള വിനോദ സഞ്ചാര വകുപ്പിന് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല.

കാരണം എന്തെന്നോ? വിനോദ സഞ്ചാര വകുപ്പിന് ബജറ്റില്‍ വക കൊള്ളിച്ചിരിയ്ക്കുന്ന തുക വെറും 15 കോടി ആണ്. ഇതില്‍ പകുതിയിലേറെ ഈ പ്രചാരണ പരിപാടിയ്ക്ക് ഉപയോഗിയ്ക്കാനാവുമോ? അതാണ് നേരത്തേ പറഞ്ഞത് ഇത് ഐഎഎസ് തലയില്‍ നിന്ന് വന്നതാവാന്‍ വഴിയില്ല എന്നത്. കാരണം കീശയിലുള്ള കാശിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധമുണ്ട്. ഇനി കേന്ദ്ര വിനോദ സഞ്ചാര വകുപ്പില്‍ നിന്ന് കണ്ടെത്താമെന്ന് വിചാരിച്ചാലും അത്ര എളുപ്പമല്ല.

പിന്നെ മോഡി, ബിജെപി എന്നൊക്കെ വിളിച്ച് ബഹളം വയ്ക്കുന്നത് നമ്മുടെ ഒരു സന്തോഷത്തിനായാണ്. വിവാദം വിട്ട് നമുക്ക് ജീവിയ്ക്കാനൊക്കുമോ.

വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ കൂടൂതല്‍ വിനോദ സഞ്ചാരികള്‍ എത്താനായി അമിതാഭിനെ ആണ് ഉപയോഗിയ്ക്കേണ്ടതെങ്കില്‍ അത് ചെയ്യുക. അല്ല അമീര്‍ ഖാനോ സച്ചിന്‍ ടെന്റുല്‍ക്കറോ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. നോക്കേണ്ടത് ചെയ്യുന്ന പരസ്യം എത്രമാത്രം ഉപയോഗപ്രദമാവും എന്നതാണ്.

പിന്നെ ഈ പണിയ്ക്ക് ഒരു ബോളിവുഡ് നടനേക്കാളും നല്ലത് ഒരു ക്രിക്കറ്റ് താരമായിരിയ്ക്കും. ബോളിവുഡ് താരത്തിനെ അറിയുന്നവര്‍ ഇന്ത്യാക്കാരും പിന്നെ കുറച്ച് വിദേശികളും മാത്രമാണ്. ക്രിക്കറ്റ് കളിയ്ക്കുന്ന എല്ലാ രാജ്യക്കാരും ഒരു ക്രിക്കറ്റ് താരത്തെ അറിയും. അതുകൊണ്ട് തന്നെ വിനോദ സഞ്ചാര വകുപ്പിന് ചെലവാക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിയ്ക്കാന്‍ അതാണ് നല്ലത്.

ക്രിക്കറ്റ് താരത്തിനെ പരസ്യത്തിന് ഉപയോഗിച്ചാല്‍ അയാളെ ഉപയോഗിച്ച് ബ്രിട്ടനിലും ഓസ്ത്രേലിയയിലും സൗത്ത് ആഫ്രീക്കയിലും തുടങ്ങി എല്ലാ ക്രിക്കറ്റ് കളിയ്ക്കുന്ന രാഷ്ട്രങ്ങളിലും കാണിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. അതായത് ഇന്ത്യയ്ക്കകത്തും പുറത്തും ഉപയോഗിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. ഇനിയും ഈ പദ്ധതിയ്ക്ക് തുനിയുകയാണെങ്കില്‍ അതാണ് വിനോദ സഞ്ചാര വകുപ്പ് ചെയ്യേണ്ടത്.

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എതിര്‍പാര്‍ട്ടിക്കാരന്റെ വോട്ട് വേണ്ടെന്ന് പറയില്ല. കാരണം അവിടെ വിജയമാണ് ലക്ഷ്യം, അത് മാത്രമേ ലക്ഷ്യമായുള്ളു. ഇത് എല്ലാ രാഷ്ട്രീയക്കാരും നേരിട്ട് സംസാരിച്ചാല്‍ സമ്മതിയ്ക്കുന്ന മന്ത്രമാണ്. ഏത് പാര്‍ട്ടിയുടെ വോട്ടായാലും അത് വോട്ടാണ്.

അതുപോലെ വികസനമാണ് ആത്യന്തിക ലക്ഷ്യം എന്ന നയം നമുക്ക് എന്തുകൊണ്ട് പാടില്ല. പണക്കാരായ ഗുജറാത്തികളെ കേരളത്തില്‍ കൊണ്ടുവരാന്‍ നരേന്ദ്രമോഡിയെ കൊണ്ട് തന്നെ പരസ്യം ചെയ്ത് ഗുജറാത്തില്‍ കാണിക്കണമെങ്കില്‍ അത് ചെയ്യുകയാണ് ബുദ്ധി. തിരഞ്ഞെടുപ്പില്‍ ഒരു നയവും ജനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നയവും എന്തിനാണ്. കാണുന്നവരുടെ മനം കവരുകയും അവരില്‍ സന്ദേശം എത്തിയ്ക്കുകയുമാണ് ഒരു പരസ്യത്തിന്റെ ആവശ്യം. അല്ലാതെ അത് ഉണ്ടാക്കുന്നവന്റെ സംതൃപ്തി അല്ല.

അഭിപ്രായങ്ങളൊന്നുമില്ല: