തിങ്കളാഴ്‌ച, ജൂൺ 28, 2010

നമ്മുടെ രണ്ടാം ദേശീയോത്സവം

കേരളത്തിന്റെ രണ്ടാം ദേശീയോത്സവം കൊണ്ടാടുകയാണ് നാം ജൂണ്‍ 26 ശനിയാഴ്ച. മലയാളികള്‍ ഒരുപക്ഷേ ഓണത്തേക്കാലും ഇഷ്ടത്തോടെ കൊണ്ടാടുന്നതാണ് ഈ രണ്ടാം ദേശീയോത്സവം. രണ്ട് മാസത്തിലൊരിയ്ക്കലെങ്കിലും ഈ രണ്ടാം ദേശീയോത്സവം ആഘോഷിച്ചില്ലെങ്കില്‍ മലയാളിയ്ക്ക് ദുഖമാണ്.
കേരളത്തിന്റെ ആ രണ്ടാം ദേശീയോത്സവം പണ്ട് 'ബന്ദ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കുറച്ച് കാലം മുമ്പ് കോടതി ഇടപെട്ട് ആ പേര് വേണ്ട പകരം 'ഹര്‍ത്താല്‍' എന്ന് മതി എന്ന് നിഷ്കര്‍ഷിച്ചു. ഒരു പേരിലെന്തിരിയ്ക്കുന്നു എന്ന് പറഞ്ഞ് മലയാളികള്‍ ആ നിര്‍ദ്ദേശത്തെ നെഞ്ചിലേറ്റി.
ഇത്തവണ ഈ ആഘോഷത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കൂട്ടിയതിനാണ്. 2010 ഏപ്രില്‍ 27 നായിരുന്നു ഇതിന് മുമ്പ് നാം ഈ ഉത്സവം ആഘോഷിച്ചത്.
അന്ന് ഇന്ത്യ ഒട്ടുക്ക് ഈ ഉത്സവം ആഘോഷിയ്ക്കണമെന്നാണ് എന്‍ഡിഎ ഒഴികെയുളള 13 ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചത്. കേരളം ഈ നിര്‍ദ്ദേശം സമ്പൂര്‍ണമായി ഉള്‍ക്കൊണ്ട് അത് മഹത്തായ ഉത്സവമാക്കി മാറ്റി. പക്ഷേ പരമ ബോറന്മാരായ മറ്റ് സംസ്ഥാനക്കാര്‍ ഈ ആഘോഷത്തില്‍ കാര്യമായി പങ്കെടുത്തില്ല. കേരളം മാത്രം (വല്ലപ്പോഴും ബംഗാളും) ആഘോഷിയ്ക്കുന്ന ഉത്സവമായതുകൊണ്ട് അവര്‍ പുറം തിരിഞ്ഞ് നിന്നതാണോയെന്ന് സംശയമുണ്ട്. അടുത്ത തവണയും ഇത് തുടര്‍ന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മറ്റൊരു കേരള ഹര്‍ത്താല്‍ ആഘോഷിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ട്.
അന്ന് ഈ ആഘോഷത്തില്‍ വിശ്വാസമില്ലാത്ത ചേര്‍ത്തല കെഎസ് ആര്‍ടിസി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ എസ് ബിജു(41) ജോലിയ്ക്കെത്തി. ഹര്‍ത്താല്‍ ദിവസം പണിചെയ്തില്ലെങ്കില്‍ ജോലിയില്‍നിന്നു് പിരിച്ചുവിടുമെന്ന് ഉത്തരവുകിട്ടിതിയനെത്തുടര്‍ന്നാണ് ബിജു ജോലിയ്ക്കെത്തിയത്. ബസ് ഓടിച്ച ബിജുവിനെ യൂണിയന്‍ പ്രവര്‍ത്തകര്‍ ചെരുപ്പുമാല അണിയിച്ചു. പിന്നെ ബിജുവിന്റെ തലയില്‍ മൂത്രമൊഴിച്ചു.
ആലത്തൂരുകാരി സിന്ധുവിന് അന്നേ ദിവസം അവിസ്മരണീയമാക്കാന്‍ ഉള്ള സൗകര്യം ഉണ്ടാക്കിയതും ഈ ആഘോം തന്നെ. എസ്.ഐ ദനേശ് കോറോത്ത് 2010 ജൂണ്‍ 26 ഒരിയ്ക്കലും മറക്കില്ല. കണ്ണൂര്‍ വളപട്ടണത്തായിരുന്നു ജൂണ്‍ 26ന് ദനേശിന് ജോലി. ഇത്തരം കുഞ്ഞുകുഞ്ഞ് ഓര്‍മകളല്ലേ ഒടുവില്‍ ഉത്സവങ്ങളെക്കുറിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടാവൂ.
ഏപ്രില്‍ 27ന് ശേഷം നാം കിനാലൂരിലും വടകരയിലും കണ്ണൂരിലും ഒക്കെ ചെറിയ തോതില്‍ ഹര്‍ത്താല്‍ നാട്ടുത്സവങ്ങള്‍ നടന്നു. എങ്കിലും അഖില കേരള ആഘോഷത്തിന് ഒരു അവസരം കിട്ടിയത് ഇപ്പോഴാണ്. ഇനി അടുത്തത് എന്നാണോ എന്തോ. ഓഗസ്റ്റ് പകുതികഴിയുമ്പോള്‍ ഉണ്ടാവും എന്ന് പ്രതീക്ഷിയ്ക്കാം
ഓണമോ, ക്രിസ്മസോ പോലെ നിശ്ചിത ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കേണ്ടെന്നതാണ് ഈ രണ്ടാം ദേശീയോത്സവത്തിന്റെ ഗുണം. നാല് പേര്‍ ചേര്‍ന്ന് തീരുമാനിച്ചാല്‍ നമുക്ക് ഇത് ആഘോഷിയ്ക്കാം. വടക്ക് കാഞ്ഞങ്ങാട്ടോ തെക്ക് പാറശാലയിലോ ഇരുന്ന് നാല് പേര്‍ പ്രഖ്യാപിച്ചാല്‍ മതി. "നാളെ നാം, മലയാളികള്‍ രണ്ടാം ദേശീയോത്സവം ആഘോഷിയ്ക്കും".
ഈ പ്രഖ്യാപനം ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും അറിഞ്ഞുകഴിഞ്ഞാല്‍ സുരപാനത്തില്‍ സന്തേഷം കണ്ടെത്തുന്ന മലയാളികള്‍ അഹമഹമിഹയാ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബെവറേജസ് കോര്‍പ്പറേഷന്റെ 337 കടകളിലേയ്ക്കും മാര്‍ച്ച് ചെയ്യും. സര്‍വ മര്യാദയോടും കൂടി വരിവരിയായി നില്‍ക്കും. കൂടിയതും കുറഞ്ഞതുമായ മറ്റവനെ വാങ്ങി വീട്ടിലേയ്ക്കോ അല്ലെങ്കില്‍ കൂട്ടുകാരുമായി കൂടാനാവുന്ന മറ്റേതെങ്കിലും കൂട്ടിലേയ്ക്കോ പോകും. വേണമെങ്കില്‍ അവിടെ തന്നെ തയ്യാറാക്കാനായി ബീഫും കപ്പയും മറ്റ് അനുസാരികളും കണ്ടെത്തും. ഇതൊക്കെ ചെയ്യാന്‍ കൂട്ടുകാര്‍ക്ക് എന്തൊരു ഒത്തൊരുമ ആണെന്നോ. ദേശീയോത്സവ ആഘോഷം മോശമാക്കരുതല്ലോ.
എന്തായാലും ഏത് പാര്‍ട്ടി രണ്ടാം ദേശീയോത്സവം പ്രഖ്യാപിച്ചാലും എല്ലാ പാര്‍ട്ടിക്കാര്‍ക്കും സന്തോഷമാണ്. ഭരണ പക്ഷത്തിന് വന്‍ സന്തോഷം. കാരണം ഒരു ആഘോഷം ഖജനാവിലേയ്ക്ക് കുറച്ച് കോടികള്‍ കൂടുതല്‍ എത്തിയ്ക്കും. എല്ലാ ഹര്‍ത്താല്‍ ദിവസത്തിന്റെ തലേന്നും ബെവറേജസ് കോര്‍പ്പറേഷന്റെ വരുമാനം 20 ശതമാനം കണ്ട് കൂടും. ധനമന്ത്രിയ്ക്ക് ഇത് കണ്ടില്ലെന്ന് നടിയ്ക്കാനാവുമോ. ധനക്കമ്മി കുറയ്ക്കാന്‍ ഇതിനേക്കാള്‍ മികച്ച മറ്റെന്ത് വിദ്യയുണ്ട്.
മറ്റെല്ലാ ആഘോഷവും എന്ന പോലെ തന്നെ ഈ ആഘോഷത്തിലും എല്ലാ മലയാള ടെലിവിഷന്‍ ചാനലുകളും പങ്ക് ചേരും. നേരത്തേ പ്രഖ്യാപിച്ചിരുന്ന പരിപാടികള്‍ മാറ്റും. പകരം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും തട്ട് പൊളിപ്പന്‍ മലയാള സിനിമ സംപ്രേക്ഷണം ചെയ്യും.
സുരപാനത്തില്‍ കമ്പമില്ലാത്തവരും ആഘോഷം മുടക്കാറില്ല. തലേന്ന് തന്നെ ചിക്കനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിശിഷ്ട ഭോജ്യ വസ്തുവോ വാങ്ങും. ആഘോഷ ദിവസം അതൊക്കെ തയ്യാറാക്കി കുഞ്ഞുകുട്ടി പരാധീനങ്ങളോടൊപ്പം ചാനലിലെ സിനിമയും കണ്ട് ആര്‍ത്ത് ഉല്ലസിയ്ക്കും. വീട്ടമ്മമാര്‍ക്കും സന്തോഷത്തിന്റെ ദിനമാണിത്. എല്ലാപേരും വീട്ടില്‍. കണവനെക്കൊണ്ട് ശല്യമില്ല. ഒന്നുകില്‍ ഒരുമൂലയില്‍ രണ്ടെണ്ണം അടിച്ചുകൊണ്ട് ഇരുന്നുകൊള്ളും. അല്ലെങ്കില്‍ കൂട്ടുകാരുടേ കേന്ദ്രത്തിലേയ്ക്ക് പൊയ്ക്കൊള്ളും പിന്നെ വൈകീട്ടേ അതിയാന്റെ ശല്യമുണ്ടാവൂ. ഇനി സുരപാന പ്രീയനല്ലെങ്കില്‍ ചിക്കന്‍ വെട്ടാനും ഉള്ളി തൊലിയ്ക്കാനും ഒക്കെ അടുക്കളയില്‍ കൂടുകയും ചെയ്യും. ആനന്ദലബ്ദിയ്ക്കിനി എന്ത് വേണം.
ചാനല്‍ സിനിമയില്‍ കമ്പം ഇല്ലാത്തവര്‍ സി ഡി വാടകയ്ക്കെടുത്ത് ആഘോഷം കൊഴുപ്പിയ്ക്കും. സ്റ്റാര്‍ മൂവീസ്, എച്ച് ബി ഒ തടങ്ങിയ പരദേശി ചാനലുകള്‍ക്ക് നമ്മുടെ ഈ ദേശീയോത്സവത്തെക്കുറിച്ച് അറിഞ്ഞുകൂടെന്ന് തോന്നുന്നു. അതുകൊണ്ട് അവര്‍ പ്രത്യേക പരിപാടി ഒന്നും ഉള്‍പ്പെടുത്താറില്ല. ഉടനെ തന്നെ ആരെങ്കിലും അവരുടെ പ്രോഗ്രാമിംഗ് വിഭാഗത്തെ ഈ കൊയ്ത്ത് വേളയെക്കുറിച്ച് അറിയിയ്ക്കേണ്ടതാണ്.
കച്ചവടക്കാര്‍ക്ക് ഒരു ദിവസം കട അടയ്ക്കുക എന്ന് പറഞ്ഞാല്‍ അത് ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കട അടയ്ക്കാന്‍ സന്തോഷമാണ്. എന്തിന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവന്റെ മൂത്രം തന്റെ കടയ്ക്കുള്ളിലാക്കണം? അടച്ചില്ലെങ്കില്‍ മിഠായി കുപ്പികള്‍ വേറെ വാങ്ങേണ്ടി വരും. മുന്നില്‍ ചില്ലിട്ട കടയാണെങ്കില്‍ ചില്ല് മാറ്റേണ്ടി വരും. ഈ പൊല്ലാപ്പോന്നും വേണ്ട. കട തുറക്കാതിരുന്നാല്‍ പോരേ. ആരും തുറക്കാത്തതുകൊണ്ട് കച്ചവടം നഷ്ടമാവുമെന്ന പൊല്ലാപ്പുമില്ല.
പടക്കം വില്കാന്‍ ലൈസന്‍സുള്ള ഒരു കടക്കാരന്‍ ഈയിടെ ഇങ്ങനെ പറ‍ഞ്ഞു.
അടുത്ത തവണ മുതല്‍ ഹര്‍ത്താലിന്റെ തലേദിവസം പടക്ക കടകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നതാണ്.

ചൊവ്വാഴ്ച, ജൂൺ 15, 2010

ചര്‍ച്ചയില്‍ വീര്‍പ്പുമുട്ടുന്ന കേരളം

ചര്‍ച്ചകളും വിശകലനവും കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു പ്രദേശം ഭൂമിയിില്‍ കേരളമല്ലാതെ മറ്റൊരു പ്രദേശമുണ്ടാവില്ല.കാതലായ ചര്‍ച്ചകളും പരിഹാരനിര്‍ദ്ദേശവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന സാഹചര്യത്തില്‍ നാം നമ്മുടെ സമയവും സംഭാഷണങ്ങളും ഒരു തരത്തിലും പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയാതെ ചിലച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ അല്ലെങ്കില്‍ ചര്‍ച്ചകളുടെ എണ്ണം കുറയ്ക്കാന്‍ നാം ഒരു ചര്‍ച്ച കൂടി സംഘടിപ്പിക്കേണ്ടിവരുമോ?

ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ ഇന്റര്‍നെറ്റ്, ഓര്‍ക്കൂട്ട്, ബ്ലോഗ് എന്നീത്യാദി സങ്കേതിക മാര്‍ഗ്ഗങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നമ്മുടെ പ്രദേശത്തിന്റെ വരള്‍ച്ച മുരടിച്ച് ഒരു വ്യവസായവും ഒരു തൊഴിലവസരവും കിട്ടാതെ കൂടിവെള്ളവും കറന്റും വിദ്യാഭ്യാസവും കൃഷിയും ചെറുകിട വന്‍കിട പദ്ധതികളൊന്നും തിരിഞ്ഞ് നോക്കാതെ അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടപ്പെടുമ്പോള്‍ നമുക്ക് മാണി കോണ്‍ഗ്രസ് ലയനവും സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും ഐ.എന്‍.എല്‍ ഇടതുപക്ഷം വിടുമോ, പി.സി.തോമസിനെ ഇടതുപക്ഷത്തില്‍ ചേര്‍ക്കുമോ, കളരിയറിയാത്ത കളരി ഗുരുക്കന്മാരുടെ സംഘടനയുടെ വെല്ലുവിളികളോ, പെണ്‍കുട്ടികള്‍ ചുരുദാറോ, ജീന്‍സോ ധരിക്കുന്നത് നല്ലത് എന്നോ... കല്ല്യാണത്തിന് മുന്‍പ് ലൈംഗികബന്ധങ്ങള്‍ ആവാമോ എന്ന് ഗൗരവകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.

ഇവിടെ ശരാശരി ഒരു പ്രവാസി തന്റെ 15 വര്‍ഷത്തിന്റെയോ 20 വര്‍ഷത്തിന്റെയോ അദ്ധ്യാനഫലം കൊണ്ട് നാട്ടില്‍ ഒരു കൂര പണിയാന്‍ തുടങ്ങിയാല്‍ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതകുറവ് കൊണ്ട് പകുതിവെച്ച് നിര്‍ത്തിയ എത്ര വീടുകളും കെട്ടിടങ്ങളും ഉണ്ട് .കേരളത്തില്‍ ലഭ്യമല്ലാത്ത മണല്‍ മണല്‍ കിട്ടാതായിട്ട് വര്‍ഷങ്ങളായിട്ടും നമ്മുടെ ഗവണ്‍മെന്റോ അനുബന്ധവകുപ്പോ ഒരു ബദല്‍ സംവിധാനമൊ അല്ലെങ്കില്‍ മണല്‍ ലഭ്യമാകുന്ന തരത്തില്‍ ഒരു ഇടപെടലൊ നടത്തിയിട്ടുണ്ടൊ എന്ന് പറയാന്‍ പറ്റുമോ. ഒരു നിര്‍മാണ പ്രവര്‍ത്തനത്തിന് അഭികാമ്യമായ മണല്‍പോലും ലഭ്യമല്ലാതെ വരുമ്പോള്‍ ഉള്ള സ്ഥലത്ത് നിന്ന് ഇറക്കുമതി ചെയ്‌തോ അല്ലെങ്കില്‍ മറ്റു വഴികളൊ തേടി സുഗമമായി നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണല്ലോ വേണ്ടത്. ഈ നിസ്സാര പ്രവര്‍ത്തിന് പോലും പരിഹാരം കാണാന്‍ കഴിയാതെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ചെങ്കല്ല്, ഇഷ്ടിക എന്നിവയുടെ വില വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു, ചെത്ത് കല്ല് അവരവര്‍ക്ക് തോന്നിയത് പോലെ വില്‍ക്കുന്നു. വില കൂടാനുള്ള കാരണം പോലും കാണിക്കാനില്ലാതെ ഈ കല്ലുടമകള്‍ക്ക് അല്ലെങ്കില്‍ ഏജന്റ്മാര്‍ക്ക് വിലകൂട്ടുന്നതില്‍ ഒരു പ്രയാസവുമില്ല. ഗവണ്‍മെന്റിന്റെ ഒരു നിയന്ത്രണവും നിയമവും ഇവരുടെ മേലില്ല - അത് തന്നെ കാരണം.

മരപ്പണിക്കാരനും കല്‍പ്പണിക്കാരനും വാര്‍ക്കപ്പണിക്കാരനും ഇവിടെ സംഘടനകളുമുണ്ട്. അവകാശങ്ങള്‍ക്ക് വേണ്ടി ഇവരെല്ലാവരും ധര്‍ണയും സമരവും നടത്താറുണ്ട്. കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളുടെ പിന്‍ബലമുണ്ട്. ഈ പണിക്കാരില്‍ ഏതെങ്കിലും ഒരു പണിക്ക് നമ്മള്‍ വിളിച്ചാല്‍ ആവേശത്തില്‍ ഓടിയെത്തും. ആദ്യ ദിവസം പണി തുടങ്ങും അന്നത്തെ കൂലി വാങ്ങും. പണി സാധനവും വെച്ച് അര്‍ പോകും. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാലാണ് ഇവര്‍ പണിയെടുക്കാനെത്തുന്നത്. മറ്റൊരു തൊഴിലാളിയെ വിളിച്ചാല്‍ അവര്‍ വരില്ല. വര്‍ഗ്ഗബോധത്തിന്റെ മകുടോദാരണം.

ഒരു മാസത്തിന്റെ ലീവിന് പോയ പ്രവാസി തന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന ഈ തൊഴില്‍ ലംഘനത്തിന് ഏത് യൂണിയനില്‍ ചെന്ന് പരാതി പറയണം. തീര്‍പ്പ് കല്‍പ്പിക്കാന്‍ ഏത് നേതാവുണ്ട്. കാണാന്‍ ഒരു പ്രദേശത്തെ എല്ലാ നിര്‍മാണ പ്രവര്‍ത്തനവും 'തൊട്ട്' വെച്ച് തൊട്ട് വെച്ച് അവര്‍ ജോലി ചെയ്യുകയാണ്. ജോലിക്കാര്‍ എന്ന്‌വരും എന്നറിയാന്‍ 'കവടി' നിരത്തിക്കാത്തിരിക്കാം നമുക്ക്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആരുമാകട്ടെ, കെ.മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യട്ടെ. യൂത്ത് കോണ്‍ഗ്രസ്സില്‍ സമവായമോ തെരഞ്ഞെടുപ്പോ നടക്കട്ടെ, മുസ്ലീംലീഗില്‍ ജമാഅത്തെ ഇസ്ലാമിയൊ മറ്റുള്ളവരോ ചേരട്ടെ, പള്ളികളില്‍ ഇടയലേഖനം വായിക്കട്ടെ, ഇതല്ല കാതാലായ ചര്‍ച്ചകള്‍ക്ക് വിഷയമാവേണ്ടത്. ഇത് എന്തുമാകട്ടെ, ഇതിലൊന്നും കേരളത്തിലെ ഒരു പൗരന് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു വിഷയവുമില്ല.

പ്ലസ് ടുവും, എസ്.എസ്.എല്‍.സിയും പാസ്സായവര്‍ക്ക് ഉന്നത പഠനത്തിന് കേരളത്തില്‍ സീറ്റില്ല. മണല്‍, കമ്പി, കല്ല്, കട്ട എന്നീ നിര്‍മാണ വസ്തുക്കള്‍ കിട്ടാനില്ല. കുളിവെള്ളവും, അടിസ്ഥാന സൗകര്യവും ഫലപ്രദമല്ല. മെഡിക്കല്‍ കോളേജിലും ആരോഗ്യ കേന്ദ്രത്തിലും മരുന്നും മറ്റു സൗകര്യങ്ങളുമില്ല. നല്ല ഡോക്ടര്‍മാരില്ല. കേരളത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ മൂത്രപുരയില്ല. പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വിമാന കമ്പനിയുടെ ക്രൂരത സഹിക്കേണ്ടിവരിക എയര്‍ പോര്‍ട്ടില്‍ യൂസേഴ്‌സ് ഫ്രീ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ഒരിക്കല്‍കൂടി പ്രവാസിയോട് കൊഞ്ഞനം കാണിക്കുകയും ചെയ്തു. നീറുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പരിഹരിക്കാന്‍ മുറവിളി കൂട്ടേണ്ടതും വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിസ്സാര ചര്‍ച്ചകള്‍ ബോധപൂര്‍വ്വം പര്‍വ്വതീകരിച്ച് കാണിക്കുകയും ഒരു സമൂഹത്തെ പൊള്ളയായ ചര്‍ച്ചകളിലൂടെ മനസ്സും ശരീരവും ഒരു ലക്ഷ്യത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുക നമുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതിന് മുന്‍പ് മറ്റൊരു ചര്‍ച്ചയുടെ പൊള്ളയായ യാഥാര്‍ത്ഥ്യം നമ്മുടെ തലയില്‍ കൊണ്ടിടുക.

പ്രവാസികളുടെ ചര്‍ച്ചകള്‍ റേഡിയോയിലൂടെയും മറ്റു മധ്യമങ്ങളിലൂടെയും കേള്‍ക്കുമ്പോഴറിയാം. എല്ലാ വിഷമങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നവര്‍ ഒരേ ആള്‍ക്കാര്‍ തന്നെ. രണ്ട് ഇടത്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍, രണ്ട് നിഷ്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍. രണ്ട് നിഷ്പക്ഷ മതികള്‍. ഇതില്‍ നിന്ന് എന്തിനാണ് ഉരുത്തിരിയുക. ഒന്നും മനസ്സിലാവില്ല. പരിഹാര നിര്‍ദ്ദേശമുണ്ടാവില്ല. ഒറ്റപ്പെടുത്തലുകളും അനുകൂലിക്കുകയും ചെയ്യുക. വീണ്ടും അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ ഇവര്‍ തന്നെ ഒത്തുകൂടും. എല്ലാ വിഷയങ്ങളിലും അധികാരികമായി സംസാരിക്കാന്‍ ഇവര്‍ പലപ്പോഴും ശ്രദ്ധിക്കും അത് കേള്‍വിക്കാര്‍ അേേലാസരമുണ്ടാക്കും ചര്‍ച്ചകള്‍ കേരളത്തിന് ശാപമാവുകയാണ്.

പണ്ടൊക്കെ ടി.വിയില്‍ ഒരു ഫ്ലഷ് ന്യൂസ് എന്ന് ഏഴുതിക്കാണിക്കുമ്പോള്‍ നെഞ്ചിടിപ്പോട് കൂടെയേ നോക്കികാണാന്‍ പറ്റുകയുള്ളൂ. വല്ല അത്യാഹിതമൊ മരണമോ പ്രകൃതി ദുരന്തമോ എന്തെങ്കിലുമായിരിക്കും. ഇന്ന് ഫ്ലഷ് ന്യൂസില്‍ 'കെ. മുരളീധരന്‍ കരുണാകരനെ കണ്ടു' മകന്‍ അച്ഛനെ കാണുന്നത് വാര്‍ത്തയാക്കുന്ന കാലം കലികാലമാണോ അല്ലെങ്കില്‍ 'തിലകന് അമ്മയില്‍ നിന്ന് നോട്ടീസ് കിട്ടി' ഇതുപോലുള്ള ഫ്ലഷ് ന്യൂസുകള്‍ ന്യൂസ് വാല്യുവിന്റെ എത്ര താഴെയാണെന്ന് അറിയുക. മത്സരത്തിന്റെ പരക്കം പാച്ചിലില്‍ എല്ലാം വാര്‍ത്തകളാകുന്നു. ശരിയും തെറ്റും തിരിച്ചറിയുന്നതിന് മുന്‍പ് ന്യൂസ് ഫ്ലഷാവുന്നു. ചര്‍ച്ചകള്‍ തുടങ്ങുന്നു. വാപൊളിച്ച് കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഞങ്ങള്‍ ചാനലുകള്‍ മാറ്റുമ്പോള്‍ ന്യൂസിന്റെ വാര്‍ത്തയുടെ സ്വഭാവം മാറുന്നു. ഗതിമാറുന്ന ഉള്ളടക്കം മാറുന്നു. ഏത് വിശ്വസിക്കണം ആവോ അറിയില്ല. ചര്‍ച്ചകള്‍ തുടരാം. എസ്.എം.എസ് അയക്കാം. ചര്‍ച്ചയില്‍ പങ്കെടുക്കാം. ചര്‍ച്ചകള്‍ കേട്ട് കേട്ട് മനോവിഭ്രാന്തി പിടിച്ച് ടി.വി. തല്ലിപൊളിക്കുന്ന ഒരു തലമുറ വളര്‍ന്ന് വരുമോ? ആവോ? അറിയില്ല. ഒന്നറിയാം നമ്മുടെ പ്രതികാര ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഞായറാഴ്‌ച, ജൂൺ 06, 2010

ഞാനും ഒരു രാജകുമാരിയെ സ്വപ്‌നംകണ്ടു...

എന്നുമുതലാണ്‌ ഞാനൊരു രാജകുമാരിയെ സ്വപ്‌നം കാണാന്‍ തുടങ്ങിയത്‌?
ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത്‌ സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്‌ക്കാന്‍ ഒരു രാജകുമാരി വേണമെന്ന്‌ ഞാനും കൊതിച്ചു തുടങ്ങിയത്‌. ആറാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സുഹറയുടെ മുഖത്ത്‌ കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന്‌ രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്‌നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്‌പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു.
കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക്‌ പ്രണയത്തിന്റെ എണ്ണയുമായി വന്നത്‌ എന്റെ റെഹനാസ് . അവളെന്റെ മനോരാജ്യത്തിലെ രാജകുമാരിയായി. സുഖമായി ജീവിയ്‌ക്കാന്‍ അവളെന്നും കൂടെയുണ്ടാകുമെന്ന്‌ ഞാന്‍ കൊതിച്ചു.
അവളെ ആദ്യം കണ്ടത്‌ നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികം. നാടകം കാണാന്‍ കൂട്ടുകാരൊത്തു പോയതാണ്‌. പത്താം ക്ലാസ്‌ കഴിഞ്ഞ വര്‍ഷം. പെണ്ണുങ്ങളുടെ സൈഡിലാണ്‌ ഞങ്ങള്‍ ആദ്യമേ സ്ഥലം പിടിച്ചത്‌. പരിപാടികളുടെ ഇടവേളകളില്‍ വെളിച്ചം തെളിയുമ്പോള്‍ സുന്ദരിമാരുടെ കണ്ണുകളുടെ തിളക്കം കാണാം. ഒരു നോട്ടത്തിന്‌ പകരം കിട്ടുന്ന പുഞ്ചിരിയില്‍ നിര്‍വൃതി കൊള്ളാം. ചിലപ്പോള്‍ ഒരു തുറിച്ചു നോട്ടത്തിന്റെ ചമ്മലില്‍ കണ്ണുകള്‍ പിന്‍വലിക്കേണ്ടിയും വരാം.
നാടകത്തില്‍ ഒരു രംഗം തീര്‍ന്ന്‌ കര്‍ട്ടന്‍ വീണു. ട്യൂബ്‌ ലൈറ്റുകളുടെ ധാരാളിത്തത്തില്‍ തിളങ്ങുന്ന പെണ്‍മുഖങ്ങളില്‍ ഒരു പുഞ്ചിരി തിരയുകയായിരുന്നു ഞാന്‍. ഉച്ചഭാഷിണിയില്‍ അപ്പോള്‍ നഖക്ഷതങ്ങളിലെ ഹിറ്റ്‌ഗാനം ഒഴുകി വരുന്നു.
`ആരേയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണ്‌ നീ..'
ആകാശത്തുനിന്ന്‌ നിലാവെളിച്ചം താണിറങ്ങുന്നു. ഭൂമിയില്‍ കണ്ണഞ്ചിക്കുന്ന ട്യൂബ്‌ലൈറ്റുകളുടെ വെളിച്ച പ്രളയം.
അപ്പോള്‍ പെണ്ണുങ്ങളുടെ ഭാഗത്തു നിന്ന്‌ ആരോ എന്റെ പേര്‌ വിളിച്ചു. നോക്കുമ്പോള്‍ നൂര്‍ജഹാന്‍. എന്റെ വിടിന് അടുതു ഉള്ള കുട്ടിയാണ് ഒരുപാട്‌ മുമ്പ്‌ കണ്ടതാണ്‌. വായിനോട്ടം അവള്‍ കണ്ടുപിടിച്ചോ എന്ന ചമ്മലുമായി നില്‍ക്കുമ്പോള്‍ അവളുടെ പിന്നില്‍ തിളങ്ങുന്ന വലിയ രണ്ട്‌ കണ്ണുകള്‍. ഇതാരാണെന്ന്‌ ഞാന്‍ നൂര്‍ജഹാനോട്‌ ചോദിയ്‌ക്കാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ആ കണ്ണുകളുടെ ഉടമ എന്നോട്‌ ചോദിച്ചു. ഓര്‍മയുണ്ടോ?
ഓര്‍മയില്ലായിരുന്നു. ഓര്‍മക്കുറവിനോട്‌ അത്രയും വെറുപ്പു തോന്നിയ നിമിഷം വേറെ ഉണ്ടായിട്ടുണ്ടാകില്ല. അപ്പോള്‍ നൂര്‍ജഹാന്‍ ആ ചോദ്യം പൂരിപ്പിച്ചു. നിനക്ക്‌ ഓര്‍മയില്ലേ? മുത്തയുടെ മോള്‌. നൂര്‍ജഹാന്റെ ഉമ്മയുടെ ജ്യേഷ്‌ഠത്തിയുടെ മോളാണ്‌. റെഹനാസ്. ഞാന്‍ അവളെ വളരെ ചെറുപ്പത്തില്‍ കണ്ടതാണ്‌. ഉമ്മയുടെ കൂടെ പണ്ടെന്നോ അവരുടെ വീട്ടില്‍ പോയപ്പോള്‍.
നാടകം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും നാടകത്തിന്റെ കഥ ഞാന്‍ മറന്നു പോയിരുന്നു. മനസ്സില്‍ അവള്‍ മാത്രം. റെഹനാസ്. എന്റെ രാജകുമാരി. അടുത്തൊരു ദിവസം, അവസരമുണ്ടാക്കി ഞാന്‍ നൂര്‍ജഹാന്റെ വീട്ടില്‍ ചെന്നു. അവിടെ നിന്നാണ്‌ റെഹനാസ് സ്‌കൂളില്‍ പോകുന്നത്‌. പത്താം ക്ലാസിലായിരുന്നു അവള്‍. അവള്‍ക്കു കൊടുക്കാന്‍ എഴുതിവെച്ച പ്രണയ ലേഖനം കീശയിലുണ്ട്‌. ഞാന്‍ കോലായിലേക്ക്‌ കയറി. ഓഫീസ്‌ റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവിടെ മേശപ്പുറത്ത്‌ റെഹനാസിന്‍റെ പുസ്‌തകങ്ങള്‍. അവ മറിച്ചു നോക്കിക്കൊണ്ട്‌ ഞാന്‍ കസേരയിലിരുന്നു. ഒരു നോട്ടുപുസ്‌തകത്തില്‍ നഖക്ഷതങ്ങളിലെ നായകന്‍ വിനീതിന്റെ ചിത്രം. ഇവള്‍ ആളു കൊള്ളാമല്ലോ എന്ന്‌ ചിന്തിച്ചു കൊണ്ടിരിക്കെ, പിന്നില്‍ നിന്ന്‌ ആരോ വന്ന്‌ എന്റെ കണ്ണുപൊത്തി. പൊത്തിയ കൈകള്‍ തപ്പി നോക്കിയപ്പോള്‍ ആ കൈത്തണ്ടയിലെ കുപ്പിവളകള്‍ വിരലിലുടക്കി. ഒരിയ്‌ക്കലും അത്‌ റെഹനാസ് അകുമെന്ന്‌ ഞാന്‍ കരുതിയില്ല. എന്നാല്‍ അത്‌ അവളായിരുന്നു. അവള്‍ കയ്യെടുത്തപ്പോള്‍ സ്വതന്ത്രമായ കണ്ണുകള്‍ കൊണ്ട്‌ ഞാന്‍ അവളുടെ കണ്ണുകളിലേക്ക്‌ നോക്കി. എന്താണ്‌ ഈ വഴിയൊക്കെ വരാന്‍ തോന്നിയത്‌? അവള്‍ ചോദിയ്‌ക്കുകയാണ്‌. അവളുടെ പെരുമാറ്റം നല്‍കിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. നിന്നെ കാണാന്‍.
വിശ്വാസം വരാതെ അവള്‍ ചോദിച്ചു.
എന്നെ കാണാനോ?
അതെ.
അത്‌ വെറുതെ.
അല്ല, സത്യം.
ഞാന്‍ വിശ്വസിക്കില്ല.
ഒരു സാധനം തന്നാല്‍ വിശ്വസിക്കുമോ?
എന്തു സാധനം?
വിശ്വസിക്കുമോ ഇല്ലയോ?
ആദ്യം സാധനം താ..
ഞാന്‍ കീശയില്‍ നിന്ന്‌ പ്രണയ ലേഖനം എടുത്തു അവള്‍ക്ക്‌ കൊടുത്തു. കൈയ്‌ക്ക്‌ നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള്‍ കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ്‌ അത്രയും ധൈര്യമായി ആ പ്രണയ ലേഖനം കൈമാറാന്‍ കഴിഞ്ഞത്‌. അപ്പോഴേക്കും നൂര്‍ജഹാനും അവളുടെ ഉമ്മയും മുറ്റത്തെത്തിയിരുന്നു. റെഹനാസ് കത്ത്‌ നോട്ടുപുസ്‌തകത്തിലെവിടയോ ഒളിപ്പിച്ചു.

റെഹനാസ്ന്‍റെ ഫോട്ടോ പെട്ടിയില്‍ സൂക്ഷിച്ചതാണ്‌ കോളേജില്‍ പഠിയ്‌ക്കുമ്പോള്‍ ഞാന്‍ ചെയ്‌ത ഏറ്റവും വലിയ അപരാധം. സഹപാഠികള്‍ക്കിടയില്‍ അതെന്നെ വല്ലാതെ അപമാനാനിതനാക്കി.

ഞാന്‍ ഗള്‍ഫില്‍ വന്നു ഒരു കബനിയില് ട്രെയിനിയായി ജോയിന്റ്‌ ചെയ്‌ത്‌ അധിക നാളായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെയായെന്ന്‌ കരുതിയാകും ഒരു ദിവസം റെഹനാസ്ന്‍റെ മുത്തപ്പാ എന്‍റെ വിട്ടില്‍ വന്നു
റെഹനാസ്ന്‍റെ കല്യാണക്കാര്യം പറയാന്‍ വന്നതാണ്‌ അവര്‍. ആലോചനകള്‍ വന്നപ്പോള്‍ നൂര്‍ജഹാനാണ്‌ ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച്‌ പറഞ്ഞത്‌. അല്ലെങ്കിലും അവര്‍ക്കറിയാമായിരുന്നുവല്ലോ.
നിക്കാഹ്‌ എങ്കിലും ചെയ്‌തു വെക്കണമെന്ന്‌ റെഹനാസ്ന്‍റെ മുത്തപ്പാ എന്റെ ഇക്കയൂടെ അടുത്തത് വാശി പിടിച്ചു.
എനിയ്‌ക്ക്‌ അപ്പോള്‍ കല്യാണത്തെക്കുറിച്ച്‌ ആലോചിക്കാന്‍ സാധിക്കുമായിരുന്നില്ല. നാലോരു ജോലി, വിസ, ഇതായിരുന്നു എന്റെ മനസില്‍ പതിനെയു വയസ്സുള്ള റെഹനാസ്ന് എനിയ്‌ക്കായി ഇനിയും കാത്തു നില്‍ക്കാനും കഴിയുമായിരുന്നില്ല.
എന്റെ വിട്ടില്‍നിന്നും നിന്ന്‌ ചായ കുടിച്ച്‌ പിരിയുമ്പോള്‍ റെഹനാസ്ന്‍റെ മുത്തപ്പയുടേ മനസ്സില്‍ നിരാശയായിരുന്നുവോ ദേഷ്യമായിരുന്നുവോ? അതോ മകളെ പ്രേമിച്ച അധീരനായ കാമുകനോടുള്ള പുഛമോ?
പിന്നീട്‌ റെഹനാസിനെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഒരു ക്ഷമാപണത്തിന്‌ പോലും ഞാന്‍ അവളുടെ മുന്നില്‍ പോയില്ല. രണ്ടു വര്‍ഷം മുമ്പുള്ള ഒരവധിക്കാലത്ത്‌ നൂര്‍ജഹാന്റെ ഉമ്മയെ രോഗക്കിടക്കയില്‍ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ നൂര്‍ജഹാനോട്‌ റെഹനാസിനെക്കുറിച്ച്‌ ചോദിച്ചു.അവള്‍ക്ക്‌ സുഖമാണ്‌. മോന്‍ നാലാം ക്ലാസില്‍ പഠിയ്‌ക്കുന്നു -നൂര്‍ജഹാന്‍ പറഞ്ഞു.
കാലം എത്ര പെട്ടെന്നാണ്‌ പോയ്‌മറഞ്ഞത്‌. ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകള്‍ വല്ലാതെ ശ്വാസം മുട്ടിയ്‌ക്കുമ്പോള്‍ ഞാന്‍ വെറുതെ റെഹനാസിനെ ഓര്‍ക്കും. അവളുടെ ശാപമായിരിക്കുമോ ഈ പൊരുത്തക്കേടുകളുടെ പൊറുതികേട്‌? ഒരിയ്‌ക്കലുമാകില്ല.

!എന്റെ റെഹനാസിനു എന്നെ ശപിക്കാന്‍ സാധിയ്‌ക്കില്ലല്ലോ!