തിങ്കളാഴ്‌ച, ജനുവരി 31, 2011

സമൂഹമേ മാപ്പ്..

"എടീ വേഗം ഒരുങ്ങു, സ്കൂളില്‍ എത്തണം, നാളെ അഡ്മിഷന്റെ അവസാന തീയതി ആണ്"

'ഈ ഡ്രസ്സ്‌ മതിയോ'? കെട്ട്യോളുടെ ചോദ്യം.

"മോശമാക്കേണ്ട നല്ല ഡ്രസ്സ്‌ ഇട്ടോ"

തിരക്കിട്ട് സ്കൂളില്‍ എത്തി. മോളെ അഡ്മിഷന് വേണ്ടി ഫോം എല്ലാം പൂരിപ്പിച്ചു കൊടുത്തു.

"വരേണ്ട തീയതി അറിയിക്കാം" എല്ലാം വായിച്ചു നോക്കിയ പ്രിന്‍സിപ്പലിന്റെ കമന്റ്.

ഹാവൂ സമാധാനമായി. എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ ഇന്റര്‍വ്യൂ ഒന്നും ഇല്ല.

ഒരു പാട് പുസ്തകങ്ങള്‍ ഒക്കെ നോക്കി വായിച്ചു മോളെ പഠിപ്പിച്ചാ വരുന്നത്.

കുറച്ചു ദിവസത്തിന് ശേഷം വിളി. നാളെ ഇന്റര്‍വ്യൂ .

മോളെയും ഒരുക്കി ഇറക്കി, ഞാനും എന്റെ 'നല്ല പാതിയും' സ്കൂളിലേക്ക് വെച്ച് പിടിപ്പിച്ചു.

"ഇരിക്കൂ"

"വേണ്ട ടീച്ചര്‍, ഞങ്ങള്‍ ഇവിടെ നിന്നോളാം, ഇന്റര്‍വ്യൂ അവളോടല്ലേ".

"അല്ല നിങ്ങള്‍ ഇരുവരും ഇരിക്കൂ. ഇന്റര്‍വ്യൂ നിങ്ങള്‍ക്കാണ്."

ങേ. ഞാനൊന്ന് ഞെട്ടി. ഇതെന്താ പാട്. പഠിക്കാന്‍ പോകുന്നത് എന്റെ മോള്‍!

ഇന്റര്‍വ്യൂ ഞങ്ങള്‍ക്കോ?

ചോദ്യ ശരങ്ങള്‍ തുടങ്ങി...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, കേട്ടിട്ട് കൂടി ഇല്ലാത്ത പൊതു വിജ്ഞാന ചോദ്യങ്ങള്‍?

ഇംഗ്ലീഷ് ഭാഷയിലെ ഗ്രാമറിന്റെ പ്രാധാന്യം......

സംസാര ഭാഷയും എഴുത്ത് ഭാഷയും തമ്മിലുള്ള വ്യത്യാസം.

എട്ടാം ക്ലാസ് കഷ്ടിച്ച് പാസാവാന്‍ പാട് പെട്ട ഞാനും, സ്കൂളില്‍ തന്നെ പോയിട്ടില്ലാത്ത കെട്ടിയോളും, കിടന്നു വിയര്‍ത്തു കുളിച്ചു.

ഇടയ്ക്കു മോളോടും ചോദിച്ചു, കടിച്ചാല്‍ പൊട്ടാത്ത ചില "ഇംഗ്ലീഷ് ചോദ്യങ്ങള്‍".

മലയാള വാക്കുകള്‍ തന്നെ മുഴുവനും പഠിച്ചു വരുന്ന ആ കുഞ്ഞിനോടും ?!!!!!!!!!




വയസു കുറെ ആയെങ്കിലും, അന്നാദ്യമായി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച മാഷെ, ഇടയ്ക്കു വെറുതെ എങ്കിലും പത്രം വായിക്കാന്‍ പറയാറുള്ള ഉപ്പയെ, അങ്ങിനെ എല്ലാരെയും ഓര്‍ത്തു.

കോട്ടും, ടൈയും കെട്ടി പത്രാസിനു മോളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയ ഞങ്ങള്‍ തിരിച്ചു വന്നത് പ്രിന്‍സിപ്പലിന്റെ അവഞ്ജയോടെ ഉള്ള ചിരിയും കണ്ടു കൊണ്ട്.



തിരിച്ചു വീട്ടിലെത്തി കസേരയില്‍ ഇരുന്നു ആലോചിക്കാന്‍ തുടങ്ങി.

തെറ്റ് ആരുടെ അടുത്താണ്?

ഒടുവില്‍ ഉത്തരവും കിട്ടി. ശരിയാ എന്റടുത്തു തന്നെ.




ചെറിയ കുട്ടിയല്ലേ, ബാല്യം നഷ്ട്ടപെടരുത് എന്ന് കരുതി, വീട്ടിലും പറമ്പിലും ഓടിച്ചാടി കളിക്കാന്‍ വിട്ടു.

തുമ്പിയുടെയും, പൂമ്പാറ്റയുടെയും പുറകെ ഓടി നടന്നു കഥ പറയാന്‍ വിട്ടു.

കണ്ണ് പൊത്തി കളിച്ചും, കല്ല്‌ കളിച്ചും, കോട്ടി "ഗോലി" കളിച്ചും, ഓലപമ്പരവും, ഓല പന്തും ഉണ്ടാക്കി, പാറി പറന്നു നടക്കാന്‍ വിട്ടു.

ഇത്തിരി നല്ല, മലയാളം കുഞ്ഞി കവിതകളും, കുഞ്ഞി കഥകളും പറഞ്ഞു കൂട്ടുകാരോടൊപ്പം ആടി പാടുവാനായി, നടന്നു പോകാവുന്ന ദൂരമുള്ള വീടിനടുത്തെ "ബാലവാടിയില്‍" വിട്ടു.

പകരം ഒരുപാട് ദൂരെ, വണ്ടിയില്‍ യാത്ര ചെയ്തു, കഴുത്തിനിറുകുന്ന ടൈയും കെട്ടി, എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങളുമായി ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് വിട്ടില്ല.




കളിക്കേണ്ട ഒഴിവു സമയത്ത് പോലും ട്യുഷനെന്നും പറഞ്ഞു വീട്ടിലിരുത്തി പഠിപ്പിച്ചില്ല.

എല്ലാരെയും പോലെ, വീട്ടിലെ പട്ടിയുടെയും, പൂച്ചയുടെയും പേരുകള്‍, "പപ്പ, ഡാഡി" എന്നും,

പെറ്റമ്മയെ "ഈജിപ്ഷ്യന്‍ ശവത്തിന്റെ" പേര് (മമ്മി) എന്ന് വിളിക്കാന്‍ പഠിപ്പിച്ചില്ല.

നാലാള്‍ കേള്‍ക്കെ ഡാഡി, മമ്മി എന്നിങ്ങനെ ഞങ്ങളെ വിളിക്കുന്നതാണ് അഭിമാനം എന്ന് പറഞ്ഞു പഠിപ്പിച്ചില്ല.

പകരം സ്നേഹത്തോടെ, ഉപ്പ, ഉമ്മ, അച്ഛന്‍, അമ്മ... എന്നിങ്ങനെ വിളിക്കാന്‍ പഠിപ്പിച്ചു.




വീടിനു പുറത്തിറങ്ങിയാല്‍, വെയില്‍ കൊണ്ട് കറുത്ത് പോകുമെന്നും, ദേഹത്ത് പൊടി ആകുമെന്നും പറഞ്ഞു വീടിനകത്ത് കുത്തി ഇരുത്തിയില്ല, പകരം തൊടിയിലേക്ക്‌ ഇറക്കി വിട്ടു.

മഴ പെയ്തപ്പോള്‍ മഴ നനയാതെ വീടിനുള്ളില്‍ അടച്ചിരുത്തി വാതിലുകള്‍ കൊട്ടിയടച്ചില്ല, കുട്ടികളല്ലേ, മഴ ആസ്വദിക്കട്ടെ എന്ന് കരുതി മഴ കൊള്ളാന്‍ അനുവദിച്ചു.




ഇങ്ങിനെ തെറ്റുകള്‍ ഒരുപാട് ചെയ്തു കൂട്ടി.

മാപ്പ് സമൂഹമേ, മാപ്പ്..........

ഞാനും ചേരയെ തിന്നുന്ന നാട്ടിലെത്തിയപ്പോള്‍ നടുക്കണ്ടം തന്നെ തിന്നണമായിരുന്നു.





(ഈയിടെ മോളുടെ അഡ്മിഷന്‍ വേണ്ടി സ്കൂളില്‍ അന്വേഷിക്കാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു ചെറിയ അനുഭവം ആണ് എന്നെ ഇവിടെ ഈ കുറിപ്പില്‍ എത്തിച്ചത്)

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

മാപ് വേണ്ട.. ആവശ്യത്തിനു എല്ലാവരുടെ അടുത്തും മാപ്പുണ്ട്.. പിന്നെ കുന്നംകുളത്തിന്റെ മാത്രം ഇല്ല..

നല്ല വിവരണം.. ചെറിയ അപാതകൾ ഒഴിച്ചാൽ.. കൊള്ളാം ദൈര്യമായി എഴുതിക്കോളൂ.. ഭാവിയിലെ ബഷീർ..