കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍ മുസല്ല്യാരുടെതായിരിക്കും. കാരന്തൂരിലെ ചതുപ്പുനിലത്തെ പടുകൂറ്റന്‍ വിദ്യാഭ്യാസ സമുച്ചയമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ പരിണാമ ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി, കാന്തപുരം ഉസ്താദിന്റെ നേതൃപാടവം അംഗീകരിക്കാന്‍. കേരളമൊട്ടുക്കും ഇപ്പോള്‍ കേരളത്തിനു പുറത്തും പള്ളികളും സ്കൂളുകളും കുടിവെള്ള പദ്ധതികളുമൊക്കെയായി അദ്ദേഹം തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തികൊണ്ടിരിക്കുകയാണ്.
സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കാന്തപുരത്തിന്റെ വകയായി ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കാന്‍ പോകുന്ന വാര്‍ത്ത പുറത്തു വരുന്നത്. നാല്പതു കോടിയോളം വരുമത്രേ നിര്‍മാണ ചെലവ്! 'ശഅറെ മുബാറക് ഗ്രാന്‍റ് മസ്ജിദ് ' എന്ന് പേര് വെച്ചിട്ടുള്ള പ്രസ്തുത പള്ളിയില്‍ ഇരുപത്തി അയ്യായിരം പേര്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാവും. ആയിരത്തി ഇരുന്നൂറു പേര്‍ക്ക് താമസിക്കാനുള്ള സൌകര്യവും ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിവയും പ്രത്യേകതകളാണ്. ഒരു സാംസ്കാരിക സമുച്ചയം എന്ന നിലവാരത്തിലേക്ക് പ്രസ്തുത പള്ളി ഉയരും എന്നാണ് പ്രതീക്ഷ.
കോഴിക്കോട് നഗരപരിധിയില്‍ ഇത്രയും പേര്‍ ഒന്നിച്ചു നമസ്കരിക്കാന്‍ എല്ലാ വെള്ളിയാഴ്ചകളിലും ഒരു പള്ളിയില്‍ ഒത്തുകൂടാന്‍ സാധ്യതയില്ല എന്ന കാര്യത്തില്‍ സംശയമില്ല. പിന്നെയെന്തിന് ഇത്ര വലിയ പള്ളി എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് പ്രവാചക തിരുമേനിയുടെ 'തിരു കേശ'ത്തിനുള്ള ആദരവാണ് ഈ പള്ളി എന്നത്. ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ പ്രവാചകന്റെ 'ഒരു മുടി' എങ്ങിനെ ഉസ്താദിന്റെ അധീനതയില്‍ വന്നു എന്നതാണ് ചോദ്യമെങ്കില്‍, ഉത്തരം അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് എന്നയാളാണ് ഇത് കൈമാറിയത് എന്നതും.
ബഹുമാനപ്പെട്ട കാന്തപുരം, താങ്കളോടുള്ള എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ട് ചില കാര്യങ്ങള്‍ പറയട്ടെ: നാല്പതു കോടി എന്നൊക്കെ പറഞ്ഞാല്‍ താങ്കളെ സംബന്ധിച്ചേടത്തോളം വലിയ സംഖ്യ ഒന്നുമായിരിക്കില്ലെന്നറിയാം. എന്നാല്‍, ഉസ്താദിനെ കാണുമ്പോള്‍ ആവേശത്തോടെ എഴുന്നേറ്റു തക്ബീര്‍ മുഴക്കുന്ന ഒരുപിടി പാവങ്ങള്‍ക്ക് അങ്ങനെയല്ലെന്നു താങ്കളറിയണം. താങ്കളുടെ തന്നെ പള്ളികളില്‍ ആണ്ടിനും നേര്ച്ചയ്ക്കും ഇറച്ചി ചോറിനു ക്യൂ നില്‍ക്കുന്ന അനുയായികളില്‍ വലിയൊരു വിഭാഗത്തിന് ആ അന്നം കേവലം 'പ്രസാദം' മാത്രമല്ല; ഒരു ദിവസത്തെ തള്ളി നീക്കാനുള്ള ഊര്‍ജം കൂടിയാണ്.
നാടിന്റെ നാനാഭാഗത്തും പ്രഭാഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഓടിനടക്കുന്ന താങ്കള്‍ വയനാടന്‍ മേഖലകളിലെ ചെറ്റക്കുടിലുകള്‍ കാണാതിരിക്കില്ല. പടച്ചതമ്പുരാനോട് 'വീശിയടിക്കുന്ന കാറ്റിനെ തൊട്ടു ഞങ്ങളെ കാക്കണേ' എന്ന് ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ മനമുരുകി പ്രാര്‍ഥിക്കുന്നത് വിശാലമായ വയല്നിലങ്ങളിലെ വാഴത്തോട്ടം നിലംപതിക്കുമോ എന്ന് കരുതിയിട്ടല്ല. ടാര്‍പ്പോളിന്‍ ഷീറ്റ് ചുറ്റിയ ദുര്‍ബലമായ മേല്‍ക്കൂര പിഞ്ചുമക്കളുടെ മൂര്‍ദ്ധാവിലേക്ക് തകര്‍ന്നു വീഴുമോ എന്ന ഭയപ്പാടു കൊണ്ടാണ്. ഗ്രാന്‍ഡ് മോസ്കിനു വേണ്ടി താങ്കളൊഴുക്കുന്ന പണം ഈ പാവങ്ങളുടെ പുനരധിവാസത്തിന് ഉപയോഗിച്ചാല്‍ ആയിരം പള്ളികള്‍ നിര്‍മ്മിച്ചതിന്റെ പ്രതിഫലം താങ്കള്‍ക്കു ലഭിക്കാതിരിക്കില്ല. പള്ളിക്ക് ചുറ്റും താങ്കളൊരുക്കുന്ന ഉദ്യാനത്തിന് ചെലവഴിക്കുന്ന കോടികള്‍, കോഴിക്കോട് നഗരത്തിലെ കിടത്തിണ്ണകളിലും ബസ്സ്‌സ്റ്റാന്റിലും അന്തിയുറങ്ങുന്നവരുടെ ഉന്നമനത്തിനു ചെലവഴിച്ചാല്‍, നാളെ മരണാനന്തരം ഏറ്റവും മഹത്തായ ഉദ്യാനം തന്നെ താങ്കള്‍ക്കു സമ്മാനിക്കപ്പെടാതിരിക്കില്ല. താനും പ്രസ്ഥാനവും പൊതുജന സേവനം വേണ്ടുവോളം താന്‍ നടത്തുന്നുണ്ട് എന്നാവാം മറുവാദം. അവിടെയോര്‍ക്കേണ്ടത് കൈയ്യിലുള്ളതെല്ലാം ദാനം ചെയ്ത പ്രവാചകാനുയായികളെയാണ്. താങ്കള്‍ വിചാരിച്ചാല്‍ നാല്പതല്ല, നാനൂറു കോടി പിരിച്ചുണ്ടാക്കാന്‍ കഴിയുമെന്നറിയാം. എന്നാല്‍ അവയൊക്കെയും പള്ളിയും ഉദ്യാനവും നിര്‍മിച്ചു ധൂര്‍ത്തടിക്കാനാണ് പരിപാടിയെങ്കില്‍ അതിനെ വിമര്‍ശിക്കാതെ വയ്യ.
പള്ളിയില്ലാത്തതിന്റെ കുറവ് കൊണ്ട് നിസ്കരിക്കാത്ത കോഴിക്കോട്ടുകാരന്‍ ഉണ്ടെന്നു താങ്കള്‍ കരുതുന്നുണ്ടോ? കോഴിക്കോട് നഗരത്തില്‍ ഒരു കേന്ദ്രം ഇല്ലാത്തതിന്റെ പരിമിതി താങ്കളുടെ പ്രസ്ഥാനത്തിനുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ ഇരുപത്തി അയ്യായിരം പേരെ പ്രതീക്ഷിച്ചു ഒരു മഹാമസ്ജിദ് നിര്‍മ്മിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്? പ്രാവചകകേശം എന്ന് തന്നെയാണ് ഉത്തരമെങ്കില്‍ ചോദിക്കാതെ നിര്‍വാഹമില്ല; എന്താണീ കേശത്തിന്റെ ആധികാരികത? മക്കയിലും മാദീനയിലും ഇല്ലാതെ പോയ ഒരു 'കേശപൂജാകേന്ദ്രം' കോഴിക്കോട്ടു തുടങ്ങുന്നതിന്റെ ഉദ്ദേശ്യമെന്താണ്? വാദത്തിനു വേണ്ടി ഇത് പ്രവാചകന്റേത് തന്നെ എന്ന് സമ്മതിച്ചാല്‍, എങ്ങനെയാണ് താങ്കളാ കേശത്തെ ആദരിക്കാന്‍ പോകുന്നത്? ഹസ്രത്ത്ബാല്‍ പള്ളിയിലേത് പോലെ ചില പ്രത്യേക ദിവസങ്ങളില്‍, പ്രത്യേക ചടങ്ങുകളോടെ 'നട തുറന്നു' പ്രദര്‍ശനം നടത്താനാണോ പരിപാടി? ഈയൊരു മുടി സത്യമാണെന്ന് വിശ്വസിച്ചു വരുന്ന പാമര ജനങ്ങള്‍ കാട്ടിക്കൂട്ടാന്‍ പോകുന്ന കോപ്രായങ്ങള്‍ എന്തൊക്കെയാവുമെന്നു താങ്കള്‍ ആലോചിച്ചിട്ടുണ്ടോ? തൊഴുതു ചുംബിച്ചു പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഒരു ബഹുദൈവ സമൂഹത്തിന്റെ സൃഷ്ടിപ്പല്ലേ ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നത്? നബിദിനത്തിലും മറ്റുമായി അവിടെ നടക്കാന്‍ പോകുന്ന അനാചാരങ്ങള്‍ താങ്കള്‍ മുന്‍കൂട്ടി കണ്ടിട്ടില്ല എന്ന് വിശ്വസിക്കാനാവില്ല. താങ്കളെ പോലെ പ്രവാചകനെ സ്നേഹിക്കുന്നവരാന് ഇവിടെയുള്ള സര്‍വ മുസ്ലിംകളും. സ്വന്തത്തെക്കാള്‍ പ്രവാചകനെ സ്നേഹിക്കുന്നവര്‍. ആ പ്രവാചക സ്നേഹ സാക്ഷ്യം ഉറവിടം വ്യക്തമല്ലാത്ത ഒരു മുടിയിഴയില്‍ കെട്ടിനിര്‍ത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. സ്വന്തം ചിത്രം പോലും വരച്ചു വെക്കുന്നത് തടഞ്ഞ പ്രവാചകന്‍ ഭയപ്പെട്ടത് വ്യക്തിപൂജയിലേക്ക് തന്റെ സമുദായം ചെന്നെത്തുമോ എന്നതായിരുന്നു. ബിംബാരാധകരെ കൊണ്ട് തന്നെ ബിംബങ്ങള്‍ തച്ചുടപ്പിച്ചയാളാണ് പരിശുദ്ധ പ്രവാചകന്‍. ആ പ്രവാചകന്റെ പേരില്‍ തന്നെ ഒരു 'കേശ ബിംബം' ഉയരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാവില്ല.
ഗ്രാണ്ട്മോസ്കില്‍ 'കേശപൂജ' തുടങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ 'അജ്മീരായി' കോഴിക്കോട് മാറിയേക്കാം. ഈ റെക്കോര്ഡ് തകര്‍ക്കാന്‍ ഇതിലും വലിയ പള്ളിയുമായി അടുത്ത സംഘടന ഇറങ്ങിത്തിരിച്ചേക്കാം. 'പ്രവാചക കേശത്തിന്' പകരം 'പ്രവാചകപ്രതിമ' തന്നെ സ്ഥാപിക്കപ്പെട്ടേക്കാം. അപ്പോഴും ഉസ്താദുമാരെ കാണുമ്പോള്‍ തക്ബീര്‍ വിളിച്ച്, കൈപ്പുറം മുത്തി വിശക്കുന്ന അരമുണ്ട് മുറുക്കി കെട്ടി ഒരുപറ്റം പാവങ്ങള്‍ ഇറച്ചി ചോറിനു പാത്രം കഴുകുന്നുണ്ടാവും. അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാത്ത ബാങ്കുവിളി മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടാവും. പള്ളയുടെ വിളിക്ക് ഉത്തരമേകാന്‍ കഴിയാത്തവര്‍ പള്ളിയുടെ വിളി കേള്‍ക്കാതിരുന്നാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ