ബുധനാഴ്‌ച, മാർച്ച് 16, 2011

കാര്യം കാണാന്‍

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും
കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല.

'എടീ... ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും' അടുക്കളയിലുള്ള ഭാര്യയോട്
സൈദാലിക്ക ഉറക്കെ
ചോദിച്ചു.

'എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ... ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ
ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ?'

'ചായ ആദ്യം കൊടുക്കണ്ടേ ആമിനാ...?'

'ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും... പോരെ?'

'അത് മതി'

അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.

'ആമിനാ.. ഓനിങ്ങെത്തി..' എന്നും പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ്
തുറന്നുകൊടുത്തു. നല്ല പുത്തന്‍ പുതിയ സുസൂക്കി സ്വിഫ്റ്റ് കാറ് സൈദാലക്കയുടെ
വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍നിന്നും 35 നോടടുത്ത് പ്രായം
തോന്നിയ്ക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനേയും
കൂട്ടി അകത്തേക്ക് നടന്നു.

'മോന്‍ ചെരിപ്പൊന്നും അയിക്കണ്ട.. അങ്ങനെതന്നെ ഇങ്ങോട്ട് കേറിപ്പോര്'

സൈദാലിക്കയുടെ ആ വാക്ക് വകവെയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചുവച്ച്
അകത്തേക്ക് നടന്നു.

'ആദ്യം ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം.. എന്നിട്ടാവാം ബാക്കി' എന്ന് പറഞ്ഞ്
സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി. രണ്ടുപേരും
ഇരുന്നു..
ആമിനതാത്ത ചൂടുള്ള ചായക്ലാസ് തട്ടവും കൂട്ടിപിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട്
ചിരിച്ചു.

'മോന്‍ക്കായിട്ട് പ്രത്യേകം ഉണ്ടാക്കിയതാ.. നല്ലോണം കഴിക്കണട്ടോ... നോക്കി
നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ..' എന്നും പറഞ്ഞ്
ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി.

സൈദാലിക്ക അവന്റെ പ്ലേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുകയും കറി
ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിനത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.

'അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുത്യേടാണ്,
സൈദാലിക്ക എപ്പളും പറയും അന്നെ ഇങ്ങോട്ട് കണ്ടീലല്ലോ.. കണ്ടീലല്ലോന്ന്'

അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.

'പിന്നേ... അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നാക്കായേം ഒക്കെ
ഉണ്ടാക്കി
വെച്ച്ക്ക്ണ്. ആ മാക്സിക്കാരന്‍ വന്നപ്പോ അന്റെ പെണ്ണ്ങ്ങള്‍ക്ക് ഞാനൊരു മാക്സിയും
വാങ്ങിച്ച്ക്ക്ണ്. പോവുംബോ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്സി
ഇഷ്ടപെട്ടീല്ല്യെങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ.. നോക്കി നിക്കാണ്ടെ ഓന്‍ക്ക്
കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...'

സൈദാലിക്ക അവന്റെ പ്ലേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ
അവന്‍ സമ്മതിച്ചില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. 'മോന്‍
ഒന്നും കഴിച്ചില്ല' എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിത്തിയിട്ട കാറിന്റെ ഡിക്കി
തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി
ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ അവന്‍
പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിയ്ക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍,
ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍, തോര്‍ത്ത്മുണ്ട്
അഴിഞ്ഞുപോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിയ്ക്കുന്നു. ബാഗില്‍നിന്ന് ഒരു
മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ
കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'ഇപ്പോ ആ മൊളകമ്പ് ഇല്ല്യല്ലേ മോനേ രാമാ?'

'ഇല്ല സൈദാലിക്ക... അതൊക്കെ കൊണ്ട് നടക്കാന്‍ വല്ല്യ ബുദ്ദിമുട്ടല്ലേ?'

'മോനേ രാമാ... നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ' ആമിനതാത്ത
പറഞ്ഞു

'അതിന് ചൂടി എവിടെ ഇത്താ... ?'

'നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ.. ആ
നെടുംബരേല്ണ്ട്'

'ആളൊരു മണുങ്ങൂസനാണ്' സൈദാലിക്ക നേടുംപുരയിലേക്ക് ചൂടിയ്ക്കായി ഓടിയപ്പൊള്‍
ആമിനതാത്ത രാമനോട് ഇങ്ങനെ പറഞ്ഞു കുണുങ്ങിചിരിച്ചു.

സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു.

രാമന്‍ ചൂടിയുമായി തെങ്ങിനുമുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നോക്കി
ഇരിയ്ക്കുന്നത് കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'എന്തു പറ്റി രാമാ... കയ്യില് വല്ല ആരും കൊണ്ടോ?'

'ഏയ് ഇല്ല.. ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ്,
തെങ്ങിന്റെ മണ്ടേലാണെന്ന്'

'എന്നാ പിന്നെ ആ ഓണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്ടേറ്റ്
ചെയ്തേക്ക്ട്ടോ, താഴെ
എത്തീന്ന്' ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കി കൊടുത്തു.

ഫേസ്ബുക്കിനെ കുറിച്ചറിയാത്ത കിളവന്‍ എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.

രാമന്‍ അരമണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ
അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍
അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി, കാറിന്റെ ചെറു കുലുക്കം വീണ്ടും.
പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍ കൊണ്ട്
വച്ചു.

സൈദാലക്ക അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു, നാണം
കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.

'രാമാ.. പോവല്ലേ..' എന്ന് പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി ആമിനതാത്ത വന്നു.

'നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്...' ആമിനതാത്ത
സൈദാലിക്കയോട് ആവശ്യപെട്ടു.

സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വച്ചിരിയ്ക്കുന്ന മറ്റു പൊതികളുടെ
കൂട്ടത്തിലേയ്ക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് 'എന്നാല്‍ ശരി'
എന്നും പറഞ്ഞ് വണ്ടിയുമായി പോയി.

ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്ക്കൊപ്പം ആമിനതത്തയും മുറ്റത്തേക്കിറങ്ങിചെന്നു.

'ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്ര സ്നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല, ഇന്റെ
മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല.. ഈ
തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍... 1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ
വലിക്കാന്‍ വര്ണതിന്റെ ചെലവ്' ആമിനതാത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

'സാരല്ല്യ ആമിനാ... ഇനിയിപ്പോ ഞമ്മക്കും ഞമ്മളെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും
ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ.. മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം.
തേങ്ങ തലേല് വീഴും, ഓല മേല് വീഴും എന്നൊന്നും പേടിക്കണ്ടല്ലോ'

സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആമിനതാത്തയുടെ മുഖത്ത് ഒരു പുഞ്ചിരി
വിടര്‍ന്നു.

******

പിന്‍ കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള
സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം.

ശനിയാഴ്‌ച, മാർച്ച് 05, 2011

അകലുന്ന ബന്ധങ്ങള്‍

"ഉപ്പ.. അത് നോക്കിക്കേ, അമ്പിളി മാമന്‍.

മോളുടെ വിളി കേട്ടാണ് ഞാനും അത് കണ്ടത്.

ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് നോക്കിയാണ് അവള്‍ പറഞ്ഞത്.

വെറുതെ കടല്‍ തീരത്ത് ഭാര്യയേയും മക്കളെയും കൂട്ടി നടക്കാനിറങ്ങിയതാ.

അവളെ കളിക്കാന്‍ വിട്ടു ഇത്തിരി മാറി ഇരുന്നു ഞാന്‍.

"ഉം എന്താ ഇത്ര ആലോചന, പുതിയ ബ്ലോഗിനുള്ള വകയായിരിക്കും.

അല്ലേല്‍ ഒന്നുമില്ല, നിങ്ങളോട് മിണ്ടിയാല്‍ അത് ബ്ലോഗാക്കും, ഞാനും മോളെ അടുത്തേക്ക് പോവുകയാ" എന്റെ പ്രാണ പ്രേയസി.

"ഉപ്പ.. വാ നമുക്ക് ഓടിക്കളിക്കാം, ഇവിടെ നല്ല രസമുണ്ട്"

തല്‍ക്കാലം ചിന്തകള്‍ക്കും മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിട പറഞ്ഞു ഞാനും അവളുടെ കൂടെ കൂടി.

ഓടാനും വെള്ളത്തിനടുത്തേക്ക്‌ ചാടി ഇറങ്ങാനും, തിരകളെ നോക്കി നില്‍ക്കാനും.

ഇടയ്ക്കു തിരമാലകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ പേരെഴുതി കളിക്കാനും.

അത് മായുമ്പോള്‍ സങ്കടത്തോടെ, അയ്യോ അത് പോയല്ലോ എന്ന് പറയാനും.

വാശിയോടെ പിന്നെയും പേരെഴുതാനും.. അങ്ങിനെ ഞാനും എന്റെ കെട്ടിയോളും മക്കളുടെ കൂടെ മറ്റു രണ്ടു കുഞ്ഞുങ്ങളായി മാറുകയായിരുന്നു.

എത്ര സന്തോഷമാണ് ആ മുഖത്ത് ആ സമയത്ത് കണ്ടതെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.

കുറച്ചപ്പുറത്ത് ഞങ്ങളുടെ ഈ കളികളെല്ലാം നോക്കി ഒരു കുടുംബം ഇരിക്കുന്നത് കണ്ടു. ഇടയ്ക്കു അവര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഒരു പക്ഷെ കളിയാക്കി ചിരിക്കുകയാവാം. ഇവരെന്താ ഈ കുട്ടികളെ പോലെ എന്ന്.

കുഞ്ഞുങ്ങളെ അനങ്ങാന്‍ വിടാതെ, ഇവര്‍ പിന്നെ എന്തിനാ ഇവിടെ വന്നതെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.

ഒടുവില്‍ സൂര്യാസ്തമയം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍, എന്റെ മൌനം കണ്ടു, "ഉം നിങ്ങള്‍ക്ക് ആലോചിക്കാന്‍ വകുപ്പായി അല്ലെ" എന്നായി സഹധര്‍മിണി.



ശരിക്കും നമ്മള്‍ക്കെന്താ സംഭവിച്ചത്. കുടുംബ ബന്ധങ്ങളും സ്നേഹവും എല്ലാം എവിടെ പോയി? മലയാളി ഇന്ന് തിരക്കുകളുടെ ലോകത്തായി മാറിയിരിക്കുന്നു.

കുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി മാറി ഫ്ലാറ്റുകള്‍ക്ക് അകത്തേക്ക് ഒതുങ്ങിയിരിക്കുന്നു. അടുത്ത വീട്ടിലുള്ളവര്‍ ആരെന്നു പോലും അറിയാത്ത വിധം നാം മാറിയിരിക്കുന്നു.



പണ്ടൊക്കെ രാത്രികളില്‍ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ കുടുംബ നാഥന്‍ വരാന്‍ കാത്തിരിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കും.

ഇന്നോ? വരുന്നവര്‍ ഓരോരുത്തരും അവരവരുടെ ലോകത്ത് തിരക്കിലായിരിക്കും.



തീന്‍ മേശയിലെ ആ ഇരുത്തത്തിനു പ്രത്യേകത ഉണ്ടായിരുന്നു. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള പ്രത്യേക ബന്ധം.

കുട്ടികള്‍ക്ക് ചോറ് വിളമ്പി കൊടുത്തു, അവരെ ഊട്ടിച്ചു, അവര്‍ കഴിക്കുമ്പോള്‍ അത് വെറുമൊരു ഇരുപ്പായിരുന്നില്ല. മാതാ പിതാക്കളും കുട്ടികളും, സഹോദരങ്ങള്‍ തമ്മിലും ഉള്ള ബന്ധത്തിന്റെ മറ്റൊരു ഊട്ടി ഉറപ്പിക്കല്‍ കൂടെ ആയിരുന്നത്.

കുഞ്ഞിനെ മാറോടടക്കി പിടിച്ചു എടുക്കുന്ന എത്ര അമ്മമാരുണ്ടിപ്പോള്‍?

കുഞ്ഞുങ്ങളുടെ സ്ഥാനം, അമ്മമാരുടെ ഒക്കത്ത് നിന്നും, തള്ളി കൊണ്ട് നടക്കുന്ന കൈ വണ്ടികള്‍ ഏറ്റെടുത്തിരിക്കുന്നു. അവരെ എടുത്താല്‍ ഇട്ട വസ്ത്രങ്ങള്‍ ചുളിവു വരില്ലേ, സമൂഹം കണ്ടാല്‍ മോശമല്ലേ.

കാലം മാറി തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ വേലക്കാരികളും, ആയമാരും കൊണ്ട് നടക്കുന്ന കാലമായിരിക്കുന്നു.

മാറോടടക്കി പിടിച്ചു, മുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളുടെ സ്നേഹം, ഒരിക്കലും ആയമാരാലും, വേലക്കാരികളാലും നോക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാതാപിതാക്കളോട് ഉണ്ടാവുന്നില്ല എന്ന് ശാസ്ത്രീയമായ അപഗ്രഥനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

പിന്നെ, അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ടിടുന്നതിനു നമ്മള്‍ എന്തിനു അവരെ പഴിക്കണം. ഒരിക്കലും വൈകാരികമായ ഒരു ബന്ധം ഈ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് ഉണ്ടാവുന്നില്ല.




നമ്മളില്‍ എത്ര പേര്‍ കുട്ടികളെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കാറുണ്ട് ?

എന്തിനു നേരില്‍ കാണുമ്പോള്‍ കൈ കൊടുക്കാറുണ്ടോ? കൈ കൂട്ടി പിടിക്കുന്നതില്‍ പോലും വ്യക്തമായ സ്നേഹ ബന്ധങ്ങളുടെ ചലനങ്ങളുണ്ടെന്നാണ് ശാസ്ത്രീയ ചിന്ത.

ഒരു ചെറിയ ഉദാഹരണം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നമ്മെ കാത്തു നില്‍ക്കുന്ന മാതാപിതാക്കള്‍. കൂടെ നമ്മുടെ ബന്ധുക്കളോ കൂട്ടുകാരോ ഒക്കെ ഉണ്ടാവും, സ്വീകരിക്കാനായി. പുറത്തിറങ്ങുന്ന നാം, ആര്‍ക്കാണ് കൈ കൊടുക്കാറുള്ളത്?

കൂട്ടുകാര്‍ക്ക് കൊടുക്കും, ചില ബന്ധുക്കള്‍ക്കും കൊടുക്കുമായിരിക്കും. ആരെങ്കിലും എപ്പോഴെങ്കിലും അച്ഛനമ്മമാര്‍ക്ക് കൈ കൊടുത്തിട്ടുണ്ടോ, അവരെ കെട്ടി പിടിച്ചു സന്തോഷം, അല്ലെങ്കില്‍ സങ്കടം പങ്കിട്ടിട്ടുണ്ടോ? ഉണ്ടാവില്ല.

നമുക്കൊക്കെ മടിയാണ്, ഒരു പക്ഷെ ആരെങ്കിലും കണ്ടാല്‍ മോശമല്ലേ എന്നാ ചിന്ത ആയിരിക്കാം. പക്ഷെ അവര്‍ അതിനായി കൊതിക്കുന്നുണ്ട് എന്ന വിവരം നമുക്കാര്‍ക്കെങ്കിലും അറിയുമോ?

ഒരു സ്നേഹസാന്ത്വനം, അതൊരു കൈ പിടിത്തമാവാം, കെട്ടി പിടുത്തമാവാം, ചിലപ്പോഴൊക്കെ നമ്മളും അറിയാതെ കൊതിച്ചു പോയിട്ടില്ലേ.




നാം പഴമയിലേക്കു പോയെ തീരൂ. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മെ പഴഞ്ചന്‍ എന്ന് വിളിച്ചാല്‍ അവരെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഞാനീ പറഞ്ഞത് വെറുമൊരു ചെറിയ സംഭവം. ഓര്‍ക്കാനും പറയാനും ഒരുപാട്. ഇനി നിങ്ങള്‍ തന്നെ ചിന്തിക്കുക.

ആദ്യം നാം നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നെങ്കിലും തുടങ്ങുക. നഷ്ട്ടപെടുന്ന സ്നേഹ ബന്ധങ്ങളെ, കൂട്ടി ഉറപ്പിക്കുക. അവര്‍ അത് കണ്ടു പടിക്കട്ടെ. നാം നഷ്ട്ടപ്പെടുത്തിയ നമ്മുടെ മാതാപിതാക്കളുടെ സ്നേഹം, അടുത്ത തലമുറ എങ്കിലും അനുഭവിക്കട്ടെ.

ചൊവ്വാഴ്ച, മാർച്ച് 01, 2011

മറക്കില്ല റെഹനാസ് നിനെ ഒരിക്കലൂം മറക്കില്ല……

ഏറെ കാലത്തിന്‍ ശേഷം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിനെ കാണുവാന്‍ കണ്ണുര് വരെ പോകുകയാണ് ഒരു റയില്‍വേ ഗെയിറ്റ് എതിയപോള് ട്രെയിന് കടന്നുപോകുന്നതിനായി ഗെയിറ്റ് പൂട്ടിയിരിക്കുന്നു ഞാന്‍ വണ്ടി ഒരു സൈഡില്‍ നിര്‍ത്തി കാറിന്‍റെ സൈഡ് വിന്റ്റോ തുറന്ന് മുഖം വെളിയിലേക്ക് പിടിച്ചു ആ പഴയ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ ഓര്‍ത്ത് ഇരിക്കുകയാണ്
. പെട്ടെന്നാണ് എതിര്‍ ദിശയിലെ കാറില്‍ പരിചയമുള്ള ഒരു മുഖം കണ്ടത്.പക്ഷേ ആളെ പെട്ടെന്നങ്ങ് മനസ്സിലായില കുറച്ച് നേരം കൂടി നോക്കി.അവളും എന്നെ തന്നെ നോക്കുന്നുണ്ട്.കുറച്ച് നേരമെടുത്തു അത് റെഹനാസ് ആണെന്ന് മനസ്സിലാക്കാന്‍.
ശ്ശോ..!! എന്തേ ഞാന്‍ ആ മുഖം മറന്ന് പോയി.ഒരുപാട് തിരിക്കിനിടയില്‍ നിന്നേയും മറന്ന് പോയോ?ഹേയ് അതല്ല അവള്‍ ഒരുപാട് മാറിയിരിക്കുന്നു. എന്നെ ഒരുപാട് ആകര്‍ഷിച്ച കണ്ണിലെ തിളക്കം ഇന്നില്ല.എന്നെ ഒരുപാട് കൊതിപ്പിച്ച ആ ചുണ്ടിലെ ചിരി മാഞ്ഞ് പോയിരിക്കുന്നു.ഞാന്‍ അന്ന് കണ്ട ആ സുന്ദരിക്കൊച്ചേ അല്ല ഇന്ന്. ഞാന്‍ കാറില്‍ നിന്നിറങ്ങി അവളുടെ അടുത്ത് ചെന്നു ഞാന്‍ വരുന്നത് കണ്ടു അവളും കാറില്‍ നിന്നിറങ്ങി.
പതിനാലു വര്‍ഷം മുന്‍പാണ് അവസാനം കണ്ടത്. ഞാന്‍ ചോതിച്ചു “നിനക്കോര്‍മ്മയുണ്ടോ ആ കാലമൊക്കെ” അവള് പറഞ്ഞു “ജീവിതത്തിലെ ആദ്യ പ്രണയം ആരും മറക്കില്ലെന്ന്” എന്‍റെ ജീവിതത്തില്‍ പ്രണയം എന്ന് പറയാന്‍ ആകെ ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ ഇന്നും ഓര്‍ക്കുന്നു എല്ലാം.നഷ്ടപ്പെടുമ്പോളാണ്‍ നാം സ്നേഹത്തിന്‍റെ വില അറിയുന്നത് എന്ന് പറയാറുണ്ട് ചിലപ്പോള്‍ അങ്ങനെ ആവാം.
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ഞാന്‍ ആശിച്ചില്ല നിനക്ക് വെണ്ടി മാത്രമായിരുന്നു അന്ന് ഗള്‍ഫില്‍ പോകാന്‍ കാരണം .
നിന്നെ സംരക്ഷിക്കാനുള്ള കെൽപ്പുണ്ടെന്ന് തോന്നിത്തുടങ്ങിയത് മുതല്‍ ഞാന്‍ നിന്നെ തിരയുകയായിരുന്നു.
ഒടുവില്‍ നിന്‍റെ ഒരു സുഹൃത്ത് വഴി നിന്‍റെ ഫോണ് നമ്പര് കിട്ടി ഞാന് ഫോണ് വിളിച്ചപ്പോള്‍ നിനക്ക് പറയാനുണ്ടായിരുന്നത് ഒരു പുതു ജീവിതം തുടങ്ങുന്നതിന്‍റെ വിശേഷങ്ങളായിരുന്നു
കല്യാണത്തിന് ക്ഷണിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കാന്‍ മറന്ന് പോയോ അതോ മനപൂര്‍വ്വം നീ എന്നെ വിളിക്കാതെ ഇരുന്നതോ ? എന്തായാലും ഞാന്‍ അന്നേ മനസ്സ് കൊണ്ട് എല്ലാ നന്മകളും നേര്‍ന്നതാണ്. കുറെ നാളുകള്‍ക്ക് ശേഷമാണ് നിന്‍റെ കാര്യങ്ങള്‍ അറിഞ്ഞത്. പക്ഷേ എന്താണ് നിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്. ഒരുപാട് പ്രശ്നങ്ങളാണെന്ന്. ഞാന്‍ അറിഞ്ഞു . നീ ആഗ്രഹിച്ചത് പോലെ നിന്നെ റാണിയെ പോലെ വാഴിക്കാന്‍ കഴിവുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയപ്പോള്‍ അവന് നിന്നെ മതിവരുവോളം സ്നേഹിക്കാന്‍ കഴിയുമോ എന്ന് നീ അന്വേഷിച്ചില്ലായിരുന്നോ?
ട്രെയിന് കടന്ന് പോയി റോഡിലെ തിരക്ക് എല്ലാം കുറഞ്ഞതും അവള്‍ എനോടു പറഞ്ഞു ഞാന്‍ ഒരു മരണ വിട്ടില് പോകുന്ന വഴിയ നമുക്കിനിയും കണ്ട് മുട്ടാം. കലങ്ങിത്തുടങ്ങിയ നിന്‍റെ കണ്ണുകള് ഇനിയെങ്കിലും പ്രകാശിക്കട്ടെ,
നിന്‍റെ ചുണ്ടുകളില്‍ ആ പഴയ കുസൃതിച്ചിരി കളിയാടട്ടെ. എന്ന പ്രാര്‍ത്ഥനകള്‍ മത്രമേ ഇന്ന് നിനക്ക് നല്‍കാന്‍ എന്‍റെ പക്കലുള്ളു. ജീവിതത്തിന്‍റെ രണ്ട് ദിശകളിലേക്ക് നമ്മള്‍ നീങ്ങി തുടങ്ങി.അകന്ന് തുടങ്ങിയപ്പോള്‍ അവള്‍ ഒന്ന് തിരിഞ്ഞ് നോക്കി.ആ കണ്ണുകള്‍ എന്തായിരുന്നു പറയാന്‍ കൊതിച്ചിരുന്നത്.എന്തിനായിരുന്നു ആ കണ്ണുകള്‍ നിറഞ്ഞിരുന്നത്..??

എന്നെങ്കിലും നീ ഇത് വായിക്കാനിടയായാല്‍ അന്ന് നീ അറിയുക ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നെന്ന്.

മറക്കില്ല റെഹനാസ് നിനെ ഒരിക്കലൂം മറക്കില്ല…………………………