ബുധനാഴ്‌ച, ജൂലൈ 25, 2012

സോഷ്യല് നെറ്റ്വര്ക്കിംഗ് നക്കിയ ജീവിതം!!


... സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് യുഗം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് ഗൂഗിള്‍ പ്ലസ്സില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തിലും പഴയ പ്രതാപത്തിന് ഒട്ടും കുറവു വന്നിട്ടില്ലാത്തതു കൊണ്ടാണ് ഭാര്യാ‍ക്ക് ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ അത് സ്‌നേഹത്തിന്റെ പുറത്ത് ഒരു ദുര്‍ബല നിമിഷത്തില്‍ ദശരഥന്‍ കൈകേയിക്ക് വരം കൊടുത്ത പോലെ, ജീവിതത്തിലെ െ്രെപം ടൈമില്‍ എനിക്ക് തന്നെ പാരയായിട്ടു മാറുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇതിപ്പോ പൊരുത്തുക്കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ അവള് കമ്പ്യൂട്ടറിന് മുന്നിലിരിപ്പാണ്. അങ്ങോട്ട് അടുപ്പിക്കുന്നില്ല. ആ പരിസരത്ത് കൂടി പോയാല്‍ ചീറും!! എന്താ കാര്യം??


1,വാതില്‍ കട്ടിള അടുത്ത് വരരുതെന്ന ഉദ്ദേശത്തോടെ 2 കൈ കൊണ്ടും തടഞ്ഞു നിര്‍ത്തുന്ന പോസില്‍ എടുത്ത ഫോട്ടോ.
2,തൂണിന് ഉമ്മ കൊടുക്കുന്ന പോസിലുള്ള ഫോട്ടോ
3,സ്വയം മൊബൈല്‍ ക്യാമറ തിരിച്ചു പിടിച്ച്, കൈ ഉളുക്കാതെ അതിസാഹസികമായി എടുത്ത ഫോട്ടോ

ഇമ്മാതിരി ഓണക്ക ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നതിന്റെയും അവളൊരു പെണ്ണായത് കൊണ്ട് മാത്രം അതിനു ചില കോന്തന്‍മാരിടുന്ന പരട്ട കമന്റ്‌സ് വായിക്കുന്നതിന്റെയും തിരക്കാണ്…



അതല്ലേലും അങ്ങിനെയാണ്. ഏതെങ്കിലും ആണൊരുത്തന്‍ കാമ്പുള്ള എന്തെങ്കിലും ഒരു സാധനം പോസ്റ്റ് ചെയുന്ന സമയത്ത് കണ്ണുകള്‍ക്ക് തിമിരവും തലച്ചോറിന് അല്‍ഷിമേഴ്‌സുമോക്കെ ബാധിക്കുന്ന ചില ലവന്‍മാര് ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുത്തി ഇടുന്ന phirrr… എന്ന പോസ്റ്റിന് തേനില്‍ കല്‍ക്കണ്ടവും ഡെയറി മില്‍ക്കും അരച്ച് ചേര്‍ത്ത വാക്കുകളാല്‍ What happend dear??, Wow, Coooolഎന്നിങ്ങനെയൊക്കെ പ്രതികരിക്കുന്നതിന് ദൃക്‌സാക്ഷികളും അനുഭവസ്തരും ഏറെയാണ്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ‘എന്നെ ഈ ഗ്രൂപ്പില്‍ ആര്‍ക്കും ഇഷ്ട്ടമല്ല’ എന്ന് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിനു കിട്ടിയത് 805 commentsഉം 500 ലധികം ലൈക്കുകളുമാണ്. ഇതൊക്കെ കാണുമ്പോള്‍ ചില സമയത്ത്, വല്ല ശ്രീക്കുട്ടി എന്ന പേരിലെങ്ങാനും ഒരു അക്കൗണ്ട്‌ തുടങ്ങിയാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ഇജ്ജാതി ടീംസ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നൊക്കെ എന്ന് VRS എടുക്കുന്നോ അന്നേ ഇവളുമാരൊക്കെ ഒരു പാഠം പഠിക്കുകയുള്ളൂ. ഇനി എന്നെങ്കിലും അങ്ങനെ സംഭവിച്ചാലും ഇനിയങ്ങോട്ട് എനിക്ക് മാത്രമായി വീട്ടിലെ കമ്പ്യൂട്ടര്‍ വിട്ടു കിട്ടുമെന്ന് തോന്നുന്നില്ല. കാരണം മാര്‍ക്ക് സുക്കന്‍ബര്‍ഗ് എന്ന പുണ്യാത്മാവ് രൂപപ്പെടുത്തിയ ഫേസ് ബുക്ക് എന്ന പ്രസ്ഥാനം ഇപ്പൊ പലര്‍ക്കും ഓക്‌സിജന്‍ പോലെയായാണ്. ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിരിക്കുന്നു. കൊച്ചിയില്‍ കായലരികത്ത് ഫ്‌ലാറ്റ് എന്നൊക്കെ പറയുന്നത് പോലെ സ്വന്തമായി ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് എന്ന് പറയുന്നത് ഇപ്പോള്‍ സ്റ്റാറ്റസിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പിരിയാന്‍ നേരത്ത് ‘വൈകിട്ട് കാണാം’ എന്ന് ചിലര് പറയുന്നത് ഏതെങ്കിലും കവലയിലോ അവരുടെ പ്രിയപ്പെട്ട സ്ഥലത്തോ വെച്ചുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചല്ല ഫേസ് ബുക്കില്‍ കാണുന്നതിനെക്കുറിച്ചാണ്. Savings accountതുടങ്ങുന്നത് പോലെ, പോളിസിയൊക്കെ ചേര്‍ന്നിടുന്നത് പോലെ ഒന്നര വയസുള്ള മകള്‍ക്ക് ഇപ്പോഴേ ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു പെരുന്തച്ചന്‍ ഫേസ് ബുക്ക് എന്ത്രമാത്രം ചിലരുടെയൊക്കെ ജീവിതത്തിന്റെ ഫേസ് മാറ്റിയിട്ടുണ്ട് എന്നുള്ളതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്…

ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ചിലരൊക്കെ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതും അത് നമ്മളില്‍ പലരും അറിയുന്നതും ഫേസ്ബുക്ക് ഉള്ളത് കൊണ്ടാണ്. ഇവരില്‍ ചിലര്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ആയിരിക്കും. ഏത് സമയത്ത് കയറിയാലും ഇവരെ കാണാന്‍ പറ്റും. പോസ്റ്റ് ഇടുന്നതിനു മുന്‍പേ ലൈക്ക് അടിക്കുന്ന ഇവര് എപ്പോഴാണ് ഉണ്ണുന്നത്, ഉറങ്ങുന്നത്, മറ്റു കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നുള്ളത് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല.

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ്‌ഉപയോഗം വ്യാപകമായതോടെ വല്ലപ്പോഴുമൊക്കെ ഫേസ്ബുക്കില്‍ കയറുന്നവന്‍റെയൊക്കെ സ്റ്റാറ്റസ് അപ്ഡേറ്റ് ക്രിക്കറ്റ്‌ കമന്ററി പോലെയായി. കഴിക്കാന്‍ പോണൂ, കഴിച്ചു തുടങ്ങീ… nice, എക്കിളെടുക്കുന്നു… wow, കൈ കഴുകി thats really cool ഇങ്ങനെയൊക്കെയായി. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഒറ്റക്കൈ കൊണ്ട് status update ചെയ്തിട്ടേ ഇക്കൂട്ടര്‍ താഴേക്ക്‌ പോകൂ… ഹോ മഴ കാത്തിരിക്കണ വേഴാമ്പലിനെ പോലെ ചില ലവന്‍മാര് ‍ഫേസ് ബുക്കില്‍ ഒരു comment കാത്തിരിക്കണ ഇരിപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. fbയ്ക്ക് മുന്നിലിരുന്നാല്‍ (ഇപ്പൊ fbന്നാ പറയുക പോലും) ഒലക്കയ്ക്കടിച്ചാലും, റൂമിന് തീയിട്ടാലും അറിയാത്ത ഇവരില്‍ ചിലരോട് എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് fbയില്‍ account ഉണ്ടാക്കി ചാറ്റില്‍ വരേണ്ട അവസ്ഥയാണ്. അവിടെ ഒന്നിലധികം ചാറ്റ് ബോക്സുകള്‍ തുറന്നിട്ട്‌ ശിവമണി ഡ്രംസ് വായിക്കണ പോലെ ഓടിനടന്നു ചാറ്റ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ chat box കണ്ടാല്‍ അന്നത്തെ അത്താഴം തയ്യാറാണെന്നുള്ളത് അവനെ അറിയിക്കാം. അല്ലെങ്കില്‍ ചിലര്‍ക്ക് പറ്റാറുള്ളത് പോലെ ചാറ്റ് ബോക്സ്‌ അവന് മാറിപ്പോകണം…

സ്വന്തം സ്ഥാപനം വളര്‍ത്താനെന്ന പോലെ സ്വന്തം ഗ്രൂപ്പ് വളര്‍ത്താന്‍ ഓടുന്നവര്‍, അതില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വേറെ ഗ്രൂപ്പുണ്ടാക്കുന്നവര്‍, എന്തിനെയും കയറി ലൈക്കുന്നവര്‍, പോസ്റ്റിനു കിട്ടുന്ന കമന്റുകളുടെയും ലൈക്കുകളുടെയുമൊക്കെ എണ്ണം കൂട്ടാനായിട്ടു കഷ്ട്ടപ്പെടുന്നവര്‍, പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ് കമന്റ് ഇടീക്കുന്നവര്‍, പോസ്റ്റിനു കമന്റ് ഇട്ടില്ലെങ്കിലോ ലൈക്ക് അടിച്ചിട്ടില്ലെങ്കിലോ പിണങ്ങുന്നവര്‍… ഇങ്ങനെ അതികലശലായ ഫേസ്ബുക്ക് മാനിയ പിടിപെട്ട്, ഉള്ളിലുള്ള fb നാഗവല്ലിയെ ഓടിക്കാനായി ഒരു ഡോക്ടര്‍ സണ്ണിയുടെ വരവും കാത്തിരിയ്ക്കുന്നവര്‍ ഒരുപാടാണ്.

മുന്‍പൊരിക്കല്‍ ഞാന്‍ fbയില്‍ ഇട്ട ഒരു പോസ്റ്റിനു ലൈക്ക് അടിച്ച നമ്മുടെ ഒരു സുഹൃത്ത് പുറകെ മൊബൈലില്‍ ഒരു മെസ്സേജും അയച്ചിരിക്കുന്നു. ‘എന്റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യില്ല അതുകൊണ്ട് ഇപ്പൊ ഒന്നും മനസിലാവുന്നില്ല കുറേ കട്ടകള്‍ മാത്രമേ കാണുന്നുള്ളൂ വിശദമായി പിന്നീട് കമന്റ് ഇടാം’ എന്ന്.അതിനര്‍ത്ഥം ഞാന്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് പോലും നോക്കാതെയാണ് ലൈക്കിയിരിക്കുന്നത് എന്നല്ലേ?. അപ്പൊ ക്ഷണിച്ചിട്ടു കല്യാണത്തിന് പോയില്ലെങ്കില്‍ മോശമല്ലേ എന്നൊക്കെ ചിന്തിക്കുന്ന പോലെ അവന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിട്ട് ഒന്ന് ലൈക്കിയില്ലെങ്കില്‍ മോശമല്ലേ എന്നുള്ള രീതിയിലൊക്കെ ആളുകളിപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മറ്റൊരു fb സുഹൃത്ത് എനിക്കയച്ച മെസ്സേജ് എന്താണെന്നോ ‘മറ്റേ ഗ്രൂപ്പില്‍ നിന്നും കുറച്ചു പാരകളൊക്കെ നമ്മള്‍ക്ക് വരുന്നുണ്ട് അതുകൊണ്ട് ഒന്ന് അലേര്‍ട്ട് ആയിരിക്കണം. ഇതിലേക്ക് പരമാവധി ആളുകളെ ചേര്‍ക്കാന്‍ മറക്കരുത്. നമുക്ക് ഒരുമിച്ചു നിന്ന് പോരാടണം’ എന്ന്. അത് വായിച്ചപ്പോള്‍ അത്രയൊക്കെ അലേര്‍ട്ട് ആവാന്‍ മാത്രം, ഞാന്‍ നില്‍ക്കുന്നത് കാര്‍ഗിലിലാണോ എന്ന് ചിന്തിച്ചു പോയി…

ചിലരൊക്കെ fb വഴി സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണല്ലോ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് പലപ്പോഴും സങ്കടം തോന്നിപ്പോയിട്ടുണ്ട്. നിസ്സാരകാര്യങ്ങളുടെ പേരില്‍ നമ്മളുമായിട്ട് യാതൊരു ബന്ധവുമില്ലാതിരുന്ന ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഒരു മനുഷ്യനെ ശത്രുവാക്കാനും പലര്‍ക്കും ഇതുവഴി സാധിക്കുന്നുണ്ട്. മര്യാദയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന പലര്‍ക്കും ഇതു അത്ഭുതം ഉളവാക്കുന്ന കാര്യമായിരിക്കുമെങ്കിലും അതാണ് സത്യം എന്നുള്ളത് fbയില്‍ ആക്ടിവ് ആയിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇതിന്റെയൊക്കെ അടിത്തട്ടില്‍ കിടക്കുന്ന പ്രശ്‌നം Self promotionഎന്നുള്ളതാണ്. പലരും സമ്മതിക്കില്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ… സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയൊന്നു Self promotionനു വേണ്ടിയാണ് നല്ലൊരു വിഭാഗവും ഇതില്‍ ആക്ടിവ് ആയിരിക്കുന്നത്. അതിനുള്ള സൗകര്യങ്ങള്‍ കൂടുതലാണ് എന്നുള്ളതാണ് ഫേസ് ബുക്കിനെ മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തവും ഏവര്‍ക്കും പ്രിയങ്കരവുമാക്കി മാറ്റിയത്.

ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഇവരോടൊക്കെ എനിക്കൊന്നു മാത്രമേ പറയാനുള്ളൂ. ഫേസ് ബുക്ക് അല്ല ജീവിതം. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ‘ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത് ജീവിക്കാന്‍ വേണ്ടിയാവണം ഭക്ഷണം കഴിക്കേണ്ടത്’ എന്ന് പറയാറുള്ളത് പോലെ ഫേസ്ബുക്കിനു വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഫേസ്ബുക്ക് ഉപയോഗിക്കേണ്ടത്’. അല്ലെങ്കില്‍ പിന്നെ ഫേസ് ബുക്ക് നമ്മള്‍ക്ക് ദിവസവും ഒരു ലിറ്റര്‍ പാല് തരികയോ, മുട്ടയിടുകയോ മറ്റോ ചെയ്യണം. അതുമല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് Facebooker Prizeവല്ലതും ഉണ്ടാകണം. ഇതൊന്നുമില്ലല്ലോ?? പിന്നെയുള്ളത് സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യമല്ലേ?? അതിപ്പോ വാസ്‌കോ ഡ ഗാമ കോയിക്കോട്ട് ബന്നതും കച്ചോടം ഒറപ്പിച്ചതും ഫേസ്ബുക്ക് വഴിയല്ലല്ലോ??? അതാണ് പറയണത്, അക്കാലത്തും ആളുകള്‍ക്ക് അന്യദേശങ്ങളില്‍ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ പിണ്ണാക്ക് നിയാസിന്റെ മൂത്താപ്പാക്ക് മൂപ്പരുടെ ആയ കാലത്ത് ബര്‍മയില്‍ വരെ പരിചയക്കാരുണ്ടായിരുന്നു. അന്ത കാലത്ത് ഫേസ് ബുക്കിന്റെ ഫാദര്‍ മാര്‍ക്ക് സുക്കന്‍ ബര്‍ഗിനെക്കുറിച്ചു അങ്ങോരുടെ ഫാദറ് പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ട് fbയില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനായിട്ടു ഓടുമ്പോള്‍, ഫുള്‍ ടൈം നെറ്റില്‍ കുരുങ്ങുമ്പോള്‍… കണ്ണിന്റെ ഫിലമന്റ് അടിച്ചു പോകാതെയും, ആ സമയം കൊണ്ട് ആസ്വദിക്കാമായിരുന്ന മനോഹരമായിട്ടുള്ള മറ്റു പലതും നഷ്ട്ടപ്പെടാതെയും ശ്രദ്ധിക്കുക…

ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക് സക്കര്‍ബര്‍ഗുമായിട്ടു എനിക്ക് അതിര് തര്‍ക്കമോ ഫേസ് ബുക്ക് എന്റെ ദാമ്പത്യ ജീവിതം തകര്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചിലരുടെയൊക്കെ ജീവിതത്തിലെ ഏക ആശ്രയം ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുമൊക്കെയാണെന്നുള്ള കാര്യം ഞാന്‍ മറന്നിട്ടുമില്ല. എന്നാല്‍ നിരവധി നന്‍മകളുള്ള ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന് നമ്മുടെയൊക്കെ വിലപ്പെട്ട ഈ ജീവിതത്തില്‍ മറ്റെന്തിനെക്കാളും പ്രാധാന്യം ചിലര്‍ കൊടുക്കുന്നത് കാണുമ്പോള്‍ ജീവിതം ഫേസ്ബുക്ക് നക്കിപ്പോകരുത് എന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് കീബോര്‍ഡ് കണ്ടപ്പോള്‍ അറിയാതെ ടൈപ്പ് ചെയ്തു പോയതാണ്…



(അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ… കഴിഞ്ഞ ദിവസം ഇട്ട ഫോട്ടോയ്ക്ക് കമന്റും വല്ലതും വന്നിട്ടുണ്ടോന്നു നോക്കട്ടെ ഹി ഹി ഹീ :)

തിങ്കളാഴ്‌ച, ജൂലൈ 02, 2012

പ്രവാസി അഥവാ അറവുമാട്

പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന ഓരോ രൂപയ്ക്കും 12.36% സര്‍വ്വീസ്‌ ചാര്‍ജ്ജ്‌... തികച്ചും സ്വാഗതാര്‍ഹമായ തീരുമാനം.... കാരണം ഇത്രനാളും ജീവന്‍ പണയംവെച്ച്, കുടുംബത്തെ ഓര്‍മ്മകളില്‍ മാത്രം ഒതുക്കി നമ്മള്‍ ഇന്‍ഡ്യയുടെ സാമ്പത്തിക സ്ഥിതിയെ മുച്ചൂടും തകര്‍ക്കുകയായിരുന്നല്ലോ... സോണിയ ചേച്ചിയെ മുന്നിലിരുത്തി UPA എന്ന അധാര്‍മ്മിക സര്‍ക്കാരാകുന്ന കൊതുമ്പുവള്ളം തുഴയുന്ന മന്മോഹന്‍ അണ്ണന് തീര്‍ത്താല്‍ തീരാത്ത കടപ്പാട് രേഖപ്പെടുത്തി ഞാന്‍ തുടങ്ങട്ടെ....




നാട്ടിലെ കുടുമ്പം മൂന്നു നേരം ആഹാരം കഴിക്കുവാന്‍, അല്ലെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി, സഹോദരിയുടെ വിവാഹത്തിനായി, ബാങ്ക് ജെപ്തി ചെയ്യുനതിനു മുന്‍പേ ജെനിച്ചു വളര്‍ന്ന ഭവനം സ്വന്തമാക്കാന്‍ ഒരുനേരത്തെ ആഹാരം കുറച്ച് ജീവിക്കുന്ന ഒട്ടേറെ പ്രവാസികളെ എനിയ്ക്ക് നേരിട്ടറിയാം... പലപ്പോഴും അത്തരക്കാര്‍ക്കിടയിലേയ്ക്ക് നേരിട്ടിറങ്ങി ചെല്ലുമ്പോള്‍ ഹൃദയഭേദകമായ പല സത്യങ്ങളും ആവും പുറത്തുവരിക...



കുറച്ചുനാള്‍ മുന്‍പുവരെ പ്രവാസി എന്നാല്‍ വെറുമൊരു കറവപ്പശു മാത്രം ആയിരുന്നെങ്കില്‍ ഇന്നത് ഒരു അറവുമാടിന്‍റെ അവസ്ഥയിലേക്ക് മാറിമാറി വരുന്ന ഭരണകൂടങ്ങളും, സമൂഹവും ചേര്‍ന്ന് ചേര്‍ന്ന് കൊണ്ടെത്തിച്ചിട്ടുണ്ട്... പ്രതികരണ ശേഷിവരെ നഷ്ട്ടപ്പെട്ട് മരവിച്ച് വെറും ജീവനുള്ള ശവങ്ങളായി കഴിയുന്ന പിഴിഞ്ഞ് മനിമാളികകളും വിദേശ പര്യടനങ്ങളും നടത്താന്‍ മത്സരിക്കുന്ന പത്തു പൈസക്ക്‌ വിലയില്ലാത്ത ഈ രാഷ്ട്രീയ കോമരങ്ങള്‍ ഒരിയ്ക്കലും അറിഞ്ഞിട്ടുണ്ടാകില്ല, ഓരോ രൂപയ്ക്കും പ്രവാസികള്‍ അവരുടെ ജീവന്‍റെ ഒരു അംശമാണ് പകരം നല്‍കുന്നതെന്ന്, അവര്‍ സഹിക്കുന്ന യാതനകള്‍, നഷ്ട്ടങ്ങള്‍, എന്തിനേറെ ജീവന്‍റെ ഒരു ഭാഗം വരെ നഷ്ട്ടമാകാത്ത എത്ര പ്രവാസികള്‍ ഉണ്ട്...



ജെന്മനാടിന്‍റെ ഊഷ്മളതയെ, സ്വന്തം മണ്ണിനെ, സ്വന്തം മാതാപിതാക്കളെ, സ്വ വധുവിനെ, എന്തിനേറെ സ്വന്തം ചോരയില്‍ ഉണ്ടായ കുഞ്ഞിനെ പോലും തടവറയില്‍ അടക്കപ്പെട്ട കുറ്റവാളികളെ പോലെ സമയം തിട്ടപ്പെടുത്തി കാണേണ്ട ഒരവസ്ഥ പ്രവാസികള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും ഇതുവരെ ഉണ്ടായിക്കാണില്ല...



സ്വന്തം നാടിന്‍റെ അതിര്‍ത്തി കാക്കുന്ന ജവാന്മാരെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടാതെ വശം വദരാകുന്ന സമൂഹമേ ഒരിയ്ക്കലെങ്കിലും നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ... ഈ നാടിനെ കാക്കുന്ന സാമ്പത്തിക സ്രോതസ് എന്താണെന്ന്... തീര്‍ച്ചയായും അത് പ്രവാസിയുടെ ചോരയുടെ മണമുള്ള മുഷിഞ്ഞ നോട്ടുകെട്ടുകള്‍ മാത്രമാണ്... എങ്കിലും എന്നും അവഗെണനകള്‍ മാത്രം ഏറ്റുവാങ്ങേണ്ടി വരുന്ന ഓരോ പ്രവാസികളെയും അവരെ വര്‍ഷങ്ങളോളം കാത്തിരിയ്ക്കുന്ന കുടുംബത്തെയും പറ്റി ഇതുവരെ ആരേലും ഒരിയ്ക്കലെങ്കിലും ഒന്ന് നെടുവീര്‍പ്പിടുക എങ്കിലും ചെയ്തിട്ടുണ്ടോ...???



വിമാനജീവനക്കാരുടെ സമരം മൂലം ആദ്യത്തെ ആണി ഞങ്ങളുടെ ശവപ്പെട്ടിയില്‍ തറച്ചുകഴിഞ്ഞു... നിയമസഭയ്ക്ക് അകത്തും പുറത്തും വാതോരാതെ രാഷ്ട്രീയവും അരാഷ്ട്രീയവും അശ്ലീലവും, ഗുണ്ടായിസവും കാട്ടുന്ന രാഷ്ട്രീയക്കാര്‍ ഒരിയ്ക്കല്‍ പോലും ഈ എയര്‍ഇന്‍ഡ്യ ജീവനക്കാരുടെ സമരം ദുരിതത്തില്‍ ആഴ്ത്തിയ പാവം മറുനാടന്‍ മലയാളികളുടെ കഷ്ട്ടപ്പാടിനെ കുറിച്ച് ഒരു വാക്കും മിണ്ടി കണ്ടില്ല...



ഒന്നും വേണ്ട, അംഗീകാരംഗളോ, പ്രശംസകളോ ഒന്നും... ഒന്ന് ജീവിയ്ക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി... ഞങ്ങളെ ഇനിയെങ്കിലും ഒന്ന് വെറുതെ വിട്ടുകൂടെ....???



ഒരു കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ, ഒരിക്കല്‍ സങ്കടിതരായിക്കഴിഞ്ഞാല്‍ ആരാലും തോല്‍പ്പിക്കുവാന്‍ ആകാത്ത ഒരു ശക്തിയായി പ്രവാസികള്‍ മാറും... വെറും 4 മാസം ഞങ്ങള്‍ നാട്ടിലേയ്ക്ക് പണം അയക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ ആളോഹരി 10018 രൂപ കടബാധ്യതയുള്ള ഇന്‍ഡ്യാമഹാരാജ്യത്തിന്‍റെ അവസ്ഥ തികച്ചും ശോചനീയം ആകും എന്നുള്ളതിന് ഒരു സംശയവും ഇല്ല...





പ്രതികരിയ്ക്കാന്‍ മറന്ന ഒരുകൂട്ടം പ്രവാസികള്‍ക്കായി...