ഞായറാഴ്‌ച, ഫെബ്രുവരി 28, 2010

പ്രവാസികളുടെ കുട്ടികള്‍ വളരുകയാണ്

ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ ഭൂമിയില്‍ നമ്മോടൊത്തു അവരും വളരുകയാണ്. നാം ചേര്‍ക്കുന്ന സ്‌കൂളുകളില്‍... നാം ഇഷ്ടപ്പെടുന്ന സിലബസില്‍.. നാം നിര്‍ദേശിക്കുന്ന സമയത്ത്... അവര്‍ പഠിക്കുകയാണ്. ഇടുങ്ങിയ താമസ സൗകര്യത്തില്‍ ഒരു പഠനമുറി (അല്ല പഠനസ്ഥലം) അവര്‍ക്ക് അനുവദിക്കുകയാണ്. ആവശ്യപ്പെട്ട കമ്പ്യൂട്ടറും ഒരു കൊച്ചുകട്ടിലും... അനുബന്ധ സാധനങ്ങളുമായി നാം നമ്മുടെ കുട്ടികളെ മൂലയിലിരുത്തി. പഠനവും ട്യൂഷനും... വീഡിയോ ഗെയിമും... മാത്രമാണോ നമ്മുടെ കുട്ടികള്‍ക്കാവശ്യം.

അല്ല, എന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. പക്ഷേ എന്ത് ചെയ്യാം. വായു കടക്കാത്ത മുറിയില്‍ നിന്ന് എ.സി.യുടെ ശീതികരിച്ച സ്‌കൂള്‍ ബസ്സിലേക്ക് അവിടുന്ന് ഈര്‍പ്പമുള്ള ക്ലാസ് മുറിയിലേക്ക്... പ്ലേ ഗ്രൗണ്ടില്‍ കളിക്കാനനുവദിക്കാത്ത സ്‌കൂളുകളുണ്ട്. മിക്ക സ്വകാര്യ സ്്കൂളുകളിലും പ്ലേഗ്രൗണ്ടില്ല. പിന്നീട് ഉള്ളത് ഇന്‍ഡോര്‍ ഗെയിമാണ്. വായു കടക്കാത്ത കൊച്ചു മുറിയിലുള്ള ഗെയിമില്‍ കുട്ടികളുടെ വളര്‍ച്ചായ്ക്കാവശ്യമായതെന്താണ് കിട്ടുന്നത്. പ്രഭാതഭക്ഷണവും... ഉച്ചഭക്ഷണവും ടിന്‍ഫുഡ് കൊണ്ട് തയ്യാറാക്കി ടിന്‍ പാത്രത്തിലടച്ച് നാം നമ്മുടെ കുട്ടികളെ സ്‌കൂളിലയക്കുന്നു.പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ ഒരു തലമുറ 'സുഖ'മായി ഇവിടെ ജീവിക്കുന്നു.

നൂറ് കുട്ടികള്‍ കൂടി നില്‍ക്കുന്നതില്‍നിന്ന് ഗള്‍ഫില്‍ ജീവിക്കുന്ന കുട്ടികളെ വളരെ പെട്ടെന്ന് തിരിച്ചറിയാനാവും. പൊണ്ണത്തടിയും പവര്‍കണ്ണടയും... നിസ്സഹായത നിറഞ്ഞ മുഖവുമായി അവരുണ്ടാവും. ആരോടും പരിചയപ്പെടാനാവാതെ... ആരോടും കലപില കൂട്ടാനറിയാതെ... ഒറ്റപ്പെട്ടുപോയ ഭാവിതലമുറ.. നാം ഒറ്റപ്പെടുത്തി വളര്‍ത്തുന്ന പുതുതലമുറ.

ഇതുവായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം.. 'ഇവിടെ പഠിച്ച കുട്ടികള്‍ ഡോക്ടറും, എഞ്ചിനീയറും, കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഒക്കെ ആയിട്ടില്ലെ എന്ന്...' 'നല്ല ഭാവി പടുത്തുയര്‍ത്തിയവരില്ലേ എന്ന്...' ഉണ്ടാവാം, ഇനിയും ഉണ്ടാവും.. ഉണ്ടാവണം... അതിലപ്പുറം ഒരു പ്രൊഫഷനില്‍ മാത്രം ശോഭിച്ചത് കൊണ്ടായില്ല. ഒരു ഡോക്ടറായ കുട്ടിക്ക് മറ്റൊരു മേഖലയിലേയും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ ഡോക്ടര്‍ മാത്രമാവുമ്പോഴാണ്.... പഠിച്ചത് ഡോക്ടറാവാന്‍ മാത്രം.. പഴുപ്പിച്ചെടുത്തത് ഡോക്ടറായി മാത്രം... അതാണ് പ്രശ്്‌നം. മറ്റൊരു പ്രശ്്‌നത്തില്‍ ഇടപെടല്‍ നടത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കാവുന്നില്ല...സ്‌കൂള്‍ ബസ്സ് ഇറങ്ങുന്നതിന് തൊട്ടടുത്ത ജംഗ്ഷനില്‍ കുട്ടികളെ ഇറക്കിയാല്‍ ഫ്ലറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ... കുഴങ്ങിപോകുന്നവരെ നാം കാണുന്നു. മാതാവിന്റെ കൈപിടിച്ച്.... പിതാവിന്റെ കാറ് പിടിച്ച് സ്‌കൂളില്‍ പോകുന്ന എത്ര കുട്ടികള്‍ക്ക് സ്വന്തമായി സ്‌കൂളില്‍ പോകാന്‍ കഴിയും.

നമ്മളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ്സ് സമരം സ്ഥിരം സംഭവമായിട്ടുപോലും നമ്മള്‍ പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുന്നു. സഹപാഠികളുടെ സൗഹൃദവും, പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിച്ചത് ഈ കൂട്ടുകെട്ടില്‍ നിന്നാണല്ലോ...

ഒരു മഷിതണ്ടിന്... ഒരു മഞ്ചാടിക്കുരുവിന്.... ഒരു പൊട്ടിയ സ്ലേറ്റ് പെന്‍സിലിന് നമ്മള്‍ കൂടിയ കലപിലകളെത്ര.. സഹപാഠിയുടെ അമ്മയ്്ക്ക്, അച്്ഛന് അസുഖമാണെന്നറിഞ്ഞാല്‍ നാം അവിടങ്ങളില്‍ സന്ദര്‍ശനം നടത്താറില്ലേ... മത്സരങ്ങള്‍ പരീക്ഷകളില്‍ മാത്രമല്ലല്ലോ.. കലാ സാഹിത്യ കായിക മത്സരങ്ങളില്‍ നാം പൊരുതിയില്ലേ... വളപ്പൊട്ടുകള്‍ പോലെ നാം സൂക്ഷിക്കുന്ന സൗഹൃദവും... കൂട്ടുകാരും... നമ്മള്‍ക്ക് തന്ന അറിവ്... പങ്ക് വെച്ച ലോകവിവരം... ഏത് സ്‌കൂളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയും.. ഉത്തരവാദിത്വബോധവും സ്വയം പരിരക്ഷയും... പ്രതിരോധവും സൂക്ഷിപ്പും നമ്മള്‍ക്ക് കിട്ടിയത് കൂട്ടുകുടുംബത്തില്‍ നിന്നുള്ള മുത്തശ്ശിമാരില്‍ നിന്നല്ലേ... ഈ അറിവ് കലാലയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുമോ...

എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ചില സാധനങ്ങള്‍ മോഷണം പോയി. ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന 13 വയസ്സായ മകനോട് അമ്മ ചോദിച്ചു. 'ഇവിടെ ഇരുന്ന സാധനങ്ങള്‍ എന്ത്യേ...' 'മോനെ ഇവിടെ ആരെങ്കിലും വന്നിരുന്നോ..' 'മമ്മീ... ഒരങ്കിള്‍ വന്നിരുന്നു..' കുട്ടി മറുപടി പറഞ്ഞു. കുട്ടിക്കറിയില്ല. കള്ളനായാലും... നല്ലവനായാലും... എല്ലാം അങ്കിളാണ്... ഈ 'അങ്കിള്‍'മാരാണ് ഇവിടെയുള്ള കുടുംബങ്ങളില്‍ പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്.

നമ്മുടെ മക്കള്‍ സ്വയംപര്യാപ്തതയില്‍ എത്തിയേ തീരൂ. അവരുടെ വളര്‍ച്ചയില്‍ നാം ശ്രദ്ധിച്ചേ പറ്റൂ. നന്നായി വളരണം... ഈ ലോകം അവരറിയണം. ഇവിടെ ജീവിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വളരാന്‍ പഠിക്കണം. ഭക്ഷണത്തിന് കഞ്ഞിയും പയറുമാണെന്നറിയണം.. എരിവും പുളിയുമുണ്ടെന്നറിയണം... പാദരക്ഷകളില്ലാതെ നടക്കാന്‍ പഠിക്കണം. കൊതുകും പാറ്റയും ഉണ്ടെന്നറിയണം. പൂവിളിയും പൊന്നോണവും ഉണ്ടെന്നറിയണം. മഴയും... വേനലും.. കാണണം. മരണവും, സംസ്‌കാരവും പഠിക്കണം. കൂട്ടുകാരുടെ കൂടെ നടന്ന് തനത് സംസ്‌കാരം പഠിക്കണം. മുത്തശ്ശിമാരുടെ മൊഴിമുത്തുകളില്‍ നിന്ന് നാട്ടറിവ് പഠിക്കണം. ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കണം..

നാവില്‍ ഒരു രുചിയുമില്ലാത്ത ബര്‍ഗറും പിസ്സയും മാത്രമല്ല ഭക്ഷണം. ജീന്‍സും ടീഷര്‍ട്ടും ഷൂസുമല്ല വസ്ത്രങ്ങള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമല്ല കളികള്‍. ഇംഗ്ലീഷ് പറയലല്ല സംസ്്കാരം. ഹാരിപോട്ടറും മിക്കിമൗസും മാത്രമല്ല കാണേണ്ടത്. ഇങ്ങനെ മാത്രമാണ് എന്റെ മകന്‍...... അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത സൗകര്യങ്ങളില്‍ മതിമറന്ന് പോയത് കൊണ്ടാണ് നമ്മുടെ ചെറുപ്പകാലത്ത് നമ്മള്‍ക്ക് ലഭിക്കാത്തത് - ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയാത്തത്- മക്കളിലൂടെ കേള്‍ക്കുമ്പോള്‍.. തോന്നുന്ന അഭിമാനവും... അഹങ്കാരവും കൊണ്ടാണ്... നാടെന്ന് പറയുമ്പോള്‍ ഡേര്‍ട്ടിയെന്നും... വീടെന്ന് പറയുമ്പോള്‍ 'ലോട്ടോഫ് പീപ്പിള്‍' എന്ന് പറയുന്നതും നമ്മളാണ്. ഈ സംസ്‌കാരം കേട്ടാണ് അവര്‍ വളരുന്നത്. നാം അവരെ ശിക്ഷിക്കുകയാണ്.

തടിച്ച് തുടുത്ത് ദുര്‍മേദസ്സുള്ള കണ്ണടവെച്ച ഒരമൂല്‍ ബേബിയെ വളര്‍ത്തിയെടുക്കുകയാണ്. സ്‌കൂളില്‍ ഒന്നാമതെത്താന്‍, പരീക്ഷയില്‍ ഒന്നാമതെത്താന്‍ നാം അവരെ ഓടിക്കുകയാണ്. മണ്ണിന്റെ മണമറിയിക്കാതെ... പുല്ലിന്റെ, പൂവിന്റെ ഗന്ധമറിയിക്കാതെ... മണ്ണില്‍ വീണ് മുട്ട് പൊട്ടാതെ.. ചൊറിയും... ചിരങ്ങും വരാതെ... നാം അവരുടെ തൊലി മുട്ട പാടപോലെ കാത്ത് സൂക്ഷിക്കുകയാണ്. വളരുമ്പോള്‍ പ്രതിരോധിക്കാന്‍ പ്രതിരോധ ശക്തിയില്ലാതെ അവര്‍ വളരുകയാണ്, വളര്‍ത്തുകയാണ് 'ഷോക്കേയ്‌സ് പീസായി'. ഇതും പ്രവാസിയുടെ തലയിലെഴുത്ത്.

നമ്മുടെ കുട്ടികള്‍ നാട്ടില്‍ പോകണമെന്നും പൂവും പുല്‍ക്കൊടിയും ഉത്സവവും പൂരവും കാണണമെന്നും എല്ലാവരും പറയും. അതിനുള്ള സാഹചര്യമില്ലാത്തവര്‍ ടൂറിസ്റ്റ് കാര്‍ പിടിച്ച് കുട്ടനാട്ടില്‍ പോയി മക്കള്‍ക്ക് നെല്‍വയലും കായലും കാണിക്കണമെന്നല്ല ഇതിനര്‍ത്ഥം. ലീവ് കിട്ടുമ്പോഴൊക്കെ കുട്ടികളെ നാട്ടിലയക്കുക.. മാതാപിതാക്കള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കിലും... അവരെ അയക്കാന്‍ ശ്രമിക്കുക... ഒരു വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണ പോകാന്‍ പറ്റിയെങ്കില്‍ അവരുടെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമാണ്

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

മൊബൈല്‍ ദുരുപയോഗം തടയാന്‍

മനുഷ്യന്റെ നിലനില്‍പ്പിന് ചില അലിഖിത നിയമങ്ങളുണ്ട്. ഈ അലിഖിത നിയമങ്ങള്‍ക്ക് മാറി തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും. മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടെങ്കിലും ലിഖിത നിയമങ്ങള്‍ പലതും മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതാണ് ഇതിന് കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നിയമവും മാറേണ്ടിയിരിക്കുന്നു.

ഉദാഹരണത്തിന് ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമം അനുസരിച്ച്, പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമപുസ്തകത്തില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടില്ല. നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഈ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.

ഇപ്പോള്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതല്ല, ലംഘിച്ചാലും തകരാറില്ല എന്ന വിചാരം പൊതുവേ എല്ലാപേര്‍ക്കും ഉണ്ട്. നിയമങ്ങളെക്കാള്‍ ഇവിടെ ആവശ്യം ബോധവത്‌ക്കരണമാണ്. മറ്റ് പലതിനേയും പോലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചും ഇത് വേണം. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.

പക്ഷേ ഇനി ചര്‍ച്ചയല്ല ആവശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. കൊച്ചുകേരളത്തിന്റെ കാര്യം തന്നെ നോക്കൂ. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുകയാണ്. നഗരമന്നോ ഗ്രാമമെന്നോ വ്യത്യാസം ഇതിനില്ല. ഇവയില്‍ ഉള്‍പെട്ടിരിക്കുന്നത് ഏറെയും കുട്ടികള്‍ ആണ്. അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നത് എന്ന് പറയാനാവില്ല. പിന്നെ എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു?

അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങള്‍ എന്ന് നോക്കാം.

മൊബൈല്‍ കുറ്റകൃത്യങ്ങള്‍

മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ എന്ത് കണ്ടന്റും (അശ്ലീല സന്ദേശങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ) മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം. പരാതികള്‍ ഇല്ലാതെ നടപടി എടുക്കാന്‍ കഴിയില്ലല്ലോ?

മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ നിരന്തരം ‘മിസ്‌ഡ് കാള്‍’ ചെയ്യുന്നതും കുറ്റം തന്നെ. അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ ആരുടെ പേരിലാണ്, അവരായിരിക്കും ആദ്യം കുടുങ്ങുക.

എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു?

ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ച് കുറ്റകരമായ കാര്യങ്ങള്‍ ചെയ്യുന്നത്.

കൃത്യം എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് /ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പ‌നേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം.

മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. വൈകാതെ തന്റെയും വീട്ടുകാരുടേയും ഇമേജ് സീറോ ആവുമെന്ന് അവന്‍ ഓര്‍ക്കുന്നില്ല.

തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും സന്ദേശ വിവരങ്ങള്‍ സേവനദാതാക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഇത് എപ്പോഴും ഓര്‍ക്കുക.

എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു?

ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍‌കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. കവലയിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ ക്യാമറാ മാനായത്. ഇത് പകര്‍ത്തി കൊടുത്താല്‍ അവന് കിട്ടുന്നത് ഒരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത് ‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് ഈ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാ‍നുള്ള ശേഷി ഉണ്ടാവുകയില്ല. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.

പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു?

1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാതാ പിതാക്കളും ഓന്നോ രണ്ടോ മക്കളും എന്ന അണുകുടുംബരീതിയിലേയ്ക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയിലേക്ക് മാറുന്നു. (ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാ‍ഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തുകാരനോട് അവര്‍ കൂട്ടുകൂടും.

2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.

3. മുന്‍പ് ഒരിയ്ക്കല്‍ സൂചിപ്പിച്ചതുപോലെ തങ്ങള്‍ ഒരിയ്ക്കലും ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ പെട്ടുപോകുന്നു.

കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാം?

കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തതയുണ്ട്.

ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവശ്യം. സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??

പലകുട്ടികളും ഹോസ്റ്റലുകളില്‍ നിന്നാണ് പഠിയ്ക്കുന്നത്. വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ ഇവരുടെ കൈയില്‍ ഫോണില്ലാതെ പറ്റുമോ? സ്കൂള്‍/കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസ്റ്റലുകളില്‍ അനുവദിയ്ക്കുകയുമാവാം. ഹോസ്റ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ അടിസ്ഥാന സൗകര്യം മാത്രമുള്ള മൊബൈല്‍ ഫോണുകളാണെന്ന് ഉറപ്പ് വരുത്തണം.

ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം

രക്ഷകര്‍ത്താക്കളുടെ പങ്ക്

1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡുകൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.

2. കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്ന ഫോണ്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അത്യാവശ്യമല്ലാത്ത സൗകര്യങ്ങള്‍ ഉള്ള ഫോണുകള്‍ നല്‍കാതിരിയ്ക്കുക.

3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെ കുറിച്ച് ചോദിക്കണം.

അദ്ധ്യാപകരുടെ പങ്ക്

1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധിയ്കണം.

2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിയ്ക്കുക.

3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.

4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപരമായ ഇടപെടലിലൂടെ അവയുടെ ഗൌരവത്തിന് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. അത്യാവശ്യമെങ്കില്‍ നിയപപാലകരുടെ സഹായം തേടണം.

മൊബൈല്‍ സേവനദാതാക്കളുടെ പങ്ക്

1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് ഉറപ്പുവരുത്തുക.

2. അനാവശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.

3. ഉപഭോക്താക്കളുടെ പേരു വിവരം തയ്യാറാക്കി തങ്ങളുടെ വൈബ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.

4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍ രക്ഷകര്‍ത്താവിന്റെ സാനിധ്യവും ആവശ്യപ്പെടുന്നുണ്ട്.)

സര്‍ക്കാരിന്റെ പങ്ക്

1. മൊബൈല്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. അവ പാലിക്കപെടുന്നുണ്ടന്ന് ഉറപ്പാക്കുക.

2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.

ഉപയോക്താക്കളുടെ പങ്ക്

1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
2. സിം കാര്‍‍ഡോ ഫോണോ നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. മറ്റുള്ളവര്‍ക്ക് തങ്ങളുടെ പേരില്‍ കണക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.

കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണവും ഉണ്ടെങ്കിലേ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. സൈബര്‍ കുറ്റകൃത്യങ്ങളോടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. കുട്ടികളുടെ ജീവിതം ചതിക്കുഴികളില്‍ പെട്ട് ഹോമിയ്ക്കപ്പെടാതിരിയ്ക്കാന്‍ കണ്ണുതുറന്നുവയ്ക്കാം.

മൊബൈല്‍ ക്യാമറ വരുത്തുന്ന ദുരന്തങ്ങള്‍

ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്‍നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാം കൈക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂ.

ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു.

പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.

വിറ്റഴിയുന്നത് ക്യാമറ മൊബൈല്‍ ഫോണുകള്‍

ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് ക്യാമറ മൊബൈല്‍ ഫോണുകളാണ്. ‘ഫോണ്‍ ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയിക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി.

ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത്? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ ‘രഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു. തങ്ങളുടെ കൂട്ടുകാരികളയോ , ടീച്ചര്‍മാരയോ, കാമുകിയോ , അയല്‍‌വക്കത്തുള്ളവരയോ എന്തിന് സ്വന്തം ഭാര്യയെപ്പോലും തങ്ങളുടെ ‘ഇര’കളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.


ഇന്റര്‍നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൈബൈലില്‍ എടുത്തിട്ടുള്ള ‘ഹോട്ടു’കളാണ്. ഈ ‘ഹോട്ടു’കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ? ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ‘ഹോട്ട് ‘. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ ‘ഹോട്ടി’ന്റെ ഉറവിടം പെണ്‍കുട്ടിയുടെകൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; “ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് സഞ്ചരിക്കുമ്പോള്‍ ആയിരം ഏല്‍ക്കുമ്പോള്‍ പതിനായിരം“. ഇത്തരം ‘ഹോട്ടു’കളുടെ ഭീകരതയും ഇതു തന്നെയാണ് .

[ഇന്റര്‍നെറ്റ് വഴിയുള്ള - മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള - കുറ്റകൃത്യങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട് എന്നത് ഈ അവസരത്തില്‍ ഓര്‍മ്മിയ്ക്കുക.]


കേരളത്തില്‍ ആദ്യമായി ഒരു ‘ഹോട്ട്’ പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ് . എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയോ ‘ബുദ്ധിയില്‍’ നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം ‌റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ ‘സാധ്യത’ മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണംഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ ‘ക്യാമറ ദുരന്തം’.


ഇത് ബ്ലൂടൂത്ത് യുഗം

‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തി നില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ ‘ഇര’കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്.

പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.


പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.


കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെഅവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നിടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .

സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രീക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ. ഈ ചിത്രങ്ങള്‍ നോക്കുക.


തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.


കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം. വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെ മദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലും മെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.


സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്കടുത്ത് ഞങ്ങള്‍ ഫോണ്‍ ചെയ്യാനായി ചെലവാക്കാറുണ്ടെന്നും അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ?

ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍/സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍ എത്തുന്നത്.

കുട്ടികള്‍ എന്തേ പരിധിയ്ക്ക് പുറത്താവുന്നത്

ചില ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നോക്കാം. ‘ ഹാപ്പി ഔവര്‍സ് ‘ എന്നാല്‍ എന്താണ് ? സന്തോഷപ്രദമായ
മണിക്കൂറുകള്‍ എന്ന് നമുക്ക് ഇതിന് അര്‍ത്ഥം കല്പിക്കാവുന്നതാണ്. ഈശ്വരന്‍ എന്തിനാണ് ‘രാത്രി‘ സൃഷ്ടിച്ചിരിക്കുന്നത് ?
വിശ്രമിക്കാന്‍ എന്ന് ഉത്തരം. നിദ്രയില്‍ കൂടി ശരീരത്തിന്റെ സംതുലനാവസ്ഥ പാലിക്കാന്‍ വേണ്ടിയാണല്ലോ ഉറക്കം!!
എപ്പോഴാണ് മനുഷ്യര്‍ ഉറങ്ങുന്നത് ? രാത്രിയില്‍ എന്ന് ഉത്തരം. ഈ ചോദ്യങ്ങളെല്ലാം
കൂടി ചേര്‍ത്ത് മറ്റൊരു ചോദ്യം എപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത് ? ഉത്തരത്തെ ഞാനൊന്ന് വളച്ചൊടിക്കൂന്നു.
ഉറങ്ങാത്തപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത്. മനുഷ്യരെല്ലാം ഉറങ്ങുന്ന സമയത്ത്
സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുമോ? രാത്രിയിലേ സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭീക്കൂ എന്നാണ് നമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ പക്ഷം. അവരുടെ പരസ്യം ശ്രദ്ധിച്ചിട്ടില്ലേ? രാത്രി പതിനൊന്നു മണിമുതല്‍ രാവിലെ ഏഴുമണിവരെയാണ് മൊബൈല്‍ സേവനദാതാക്കള്‍ ‘ ഹാപ്പി ഔവര്‍സ് ‘ നല്‍കുന്നത്. അപ്പോള്‍ ഈ ‘ഹാപ്പി ഔവര്‍സ് ‘ ന്റെ ഉപഭോക്താക്കള്‍ ആരാണ് ? കൂടും കുടുംബവുമുള്ളവന് രാത്രി ഉറങ്ങാനുള്ളതാണ്. അവന്റെ സന്തോഷപ്രദമായ മണിക്കൂറുകള്‍ പകല്‍ സമയത്താണ്.
ഉറക്കം പിടിച്ച കണ്ണുകളോടെയാണ് കുട്ടികള്‍ രാവിലിത്തെ ക്ലാസുകളില്‍ ഇരിക്കുന്നത് എന്നാണ് ഒരു കോളേജ് അദ്ധ്യാപകന്റെ അനുഭവസാക്ഷ്യം. നമ്മുടെ യുവതലമുറയ്ക്കായ് മൊബൈല്‍ സേവനദാതാക്കളുടെ സമ്മാനമാണ് പാതിരാത്രിയിലെ ‘ഹാപ്പി ഔവര്‍സ്‘. നമ്മുടെ ഓണചന്തകളിലും ഉത്സവചന്തകളിലും കച്ചവടക്കാര്‍ പയറ്റുന്ന ഒരു കച്ചവട തന്ത്രമുണ്ട്. ഒന്നെടുത്താല്‍ ഒന്നു ഫ്രി!!!. ഈ തന്ത്രം തന്നെ മൊബൈല്‍ സേവനദാതാക്കളും പ്രയോഗിയ്ക്കുന്നു. ഒരു സിം എടുത്താല്‍ ഒരു സിം ഫ്രി!
ഇന്ന് സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഒരേ ഒരു മേഖല ഏതാണ്? ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ ഒരു മാന്ദ്യവും വന്നിട്ടില്ല. പച്ചക്കറിയുടേയും മത്സ്യത്തിന്റെയും അരിയുടേയുംപഞ്ചസാരയുടേയും വില കുത്തിച്ചു കയറുമ്പോള്‍ ‘സിം‘മ്മിന്റെ വില താഴോട്ടാണ്. മുന്നൂറ് രൂപ കൊടുത്താല്‍ മാത്രം കിട്ടിയിരുന്ന് ‘സിം‘മ്മുകള്‍ക്ക് ഇന്ന് വില അഞ്ചുരൂപാമാത്രം. അതായത് ഒരു മത്തിയുടെ വിലമാത്രം!
ഇനി വീണ്ടും നമ്മുടെ വിഷയത്തിലേക്ക്. തെക്കന്‍ ജില്ലകളിലൊന്നിലെ സൈബര്‍ സെല്ലില്‍ കിട്ടിയ ഒരു
പരാതിയെ തുടര്‍ന്നുള്ള അന്വേഷണം നമ്മുടെ കുട്ടികളുടെ ‘പുതിയ മുഖം’ അനാവരണം ചെയ്യുന്നതാണ്. തന്റെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരു നമ്പരില്‍ നിന്ന് മിസ്‌ഡ് കോള്‍ വരുന്നു എന്നാണ് പരാതിക്കാരന്‍(ഒരു പിതാവ്) നല്‍കിയ പരാതിയുടെ ചുരുക്കം. ആ പിതാവ് എന്തുകൊണ്ട് ഇങ്ങനെയൊരു പരാതി നല്‍കി. പരാതിക്കാരന്റെ മകള്‍ ഒരു നേഴ്സിംങ്ങ് കോളേജില്‍ പഠിക്കുകയാണ്. ആ കോളേജിലും ഹോസ്റ്റലിലും മൊബൈല്‍ ഉപയോഗ്ഗിക്കാന്‍ പറ്റുകയില്ല. ഈ പെണ്‍കുട്ടി വീട്ടില്‍ വരുന്ന സമയത്താണ് പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് മിസ്‌ഡ് കോളിന്റെ പ്രവാഹം.
പിതാവിന്റെ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നതിനിടയില്‍ ഒരു ദിവസം നേഴ്സിംങ്ങ് കോളേജില്‍ നിന്ന് പിതാവിനൊരു അറിയിപ്പ് കിട്ടി. മൊബൈല്‍ ഉപയോഗിച്ചതിന് അയാളുടെ മകളെ കോളേജില്‍ നിന്ന് പുറത്താക്കുന്നു എന്നായിരുന്നു അറിയിപ്പ്. പിതാവ് കോളേജില്‍ എത്തി. രാത്രിയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വാര്‍ഡന്റെ കൈയ്യില്‍ പെട്ടതാണ്. കോള്‍ രജിസ്റ്റ്ര് പരിശോധിച്ചപ്പോള്‍ ഒരു നമ്പരില്‍ നിന്ന് മാത്രമേ കോളുകള്‍ വരാറുള്ളു. അവസാനത്തെ കോള്‍ റിസീവിംങ്ങ് സമയം രണ്ട് മണിക്കൂര്‍ നാല്‍പ്പത്താറു മിനിട്ട്! താന്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കിയിട്ടില്ലന്ന് അയാള്‍ പറയുന്നു. വീട്ടില്‍ വരുമ്പോള്‍ അവളുടെ കൈയ്യില്‍ മൊബൈല്‍ ഉള്ളതായി ആരുടേയും കണ്ണില്‍ പെട്ടിട്ടില്ല.
മകളേയും കൊണ്ട് പിതാവ് തിരിച്ചു വീട്ടിലെത്തി. ചോദിക്കേണ്ട രീതിയില്‍ മകളോട് അയാള്‍ ചോദിച്ചു.”ഫോണ്‍ എവിടെ നിന്നാണ് ?
അവള്‍ക്ക് അവളുടെ കാമുകന്‍ വാങ്ങി നല്‍കിയ ഫോണാണ്. ആരും അറിയാതെ മാസങ്ങളോളം അവള്‍ അത് ഉപയോഗിച്ചു എന്ന് കൂടി അറിയുമ്പോഴാണ് മൊബൈലുകാരുടെ ‘ഹാപ്പി ഔവര്‍സ് ‘ മാതാപിതാക്കള്‍ക്ക് ‘അണ്‍ ഹാപ്പി ഔവര്‍സ് ‘ ആണ് എന്ന് മനസിലാവുന്നത്. ഏതായാലും അച്ഛന്‍ മകളെ നല്ലവണ്ണം കൈകാര്യം ചെയ്തു.
അപ്പോഴേക്കും സൈബര്‍ സെല്‍ മിസ്‌ഡ് കോള്‍ കാരനേയും കണ്ടെത്തി. സിം എടുത്തിരിക്കുന്ന ആളല്ല ഇപ്പോഴത് ഉപയോഗിക്കുന്നത്.
ആ സിം ഉപയോഗിക്കുന്നത് മുകളില്‍ പറഞ്ഞ പെണ്‍കുട്ടിയുടെ കാമുകന്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് ചിലതൊക്കെ മനസിലായിട്ടുണ്ട് എന്ന് കരുതുന്നു. ഇവിടെ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ഈ കേസിലേക്ക് വലിച്ചിഴയക്കപ്പെട്ടിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കാമുകന്‍ ഉപയോഗിക്കുന്ന സിമ്മിന്റെ യഥാര്‍ദ്ധ്യ ഉടമസ്ഥന്‍. തന്റെ കൂട്ടുകാരന് വേണ്ടി സിം എടുത്തു നല്‍കി എന്ന ഒരു കുറ്റം മാത്രമേ അവന്‍ ചെയ്തിട്ടുള്ളു. കൈമാറിമറിയുന്ന സിം കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാമെന്നായിട്ടുണ്ട്. പോലീസ് അന്വേഷണം വരുമ്പോള്‍ കുടുങ്ങുന്നത് നിരപരാധികള്‍ ആയിരിക്കും.
ഈ സംഭവത്തിന് അനുബന്ധമായി മറ്റൊരു ആത്മഹത്യ / കൊലപാതക(?) കേസ് കൂടി ഓര്‍മ്മിപ്പിക്കുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് (അന്ന് മൊബൈല്‍ ഇങ്ങനെ സാധാരണമാല്യിട്ടില്ല.) തിരുവല്ലയില്‍ ഒരു ആത്മഹത്യ / കൊലപാതകം നടന്നു. ഒരു പെണ്‍കുട്ടിയുടെ ശരീരം കത്തിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മ കേരളത്തിനു വെളിയിലായിരുന്നു ജോലിചെയ്തിരുന്നത്. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ പോലീസിനെതിരെ തിരിഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളുകള്‍ ആരുടെയൊക്കെ ആണന്ന് അന്വേഷിക്കണം. ഈ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടെയൊക്കെയാണന്ന് എന്തുകൊണ്ട് ബന്ധുക്കള്‍ അന്വേഷിച്ചില്ല??? ആ പെണ്‍കുട്ടിയോടുതന്നെ ചോദിച്ചില്ല?
ഉത്തരം കിട്ടത്ത ചോദ്യങ്ങള്‍ക്കും പൂരിപ്പിക്കാനാവാത്ത സമസ്യകളും പോലെ ആ പെണ്‍ക്കുട്ടിയുടെ ആത്മഹത്യ/കൊലപാതകകേസ് ഇന്നും ഏതോ ഫയലില്‍ ഉണ്ട്.
ഇവിടെക്കൊണ്ടും ആ ദുരന്തം അവസാനിച്ചില്ല. പെണ്‍കുട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു ഡ്രൈവറുടെ ആത്മഹത്യ/ കൊലപാതകത്തിലാണ് അന്വേഷണം അവസാനിക്കുന്നത്.
ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല? ആത്മഹത്യ ആയിരുന്നെങ്കില്‍ എന്തിന്? കൊലപാതകമാണങ്കില്‍ ആര് ? ആ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു.
കേരളത്തെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യാക്കേസിന്റെ ചര്‍ച്ച ചൂടുപിടിച്ചപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളിലെ ഒരാളുടെ മൊബൈല്‍. ആ മൊബൈല്‍ ആ കുട്ടിക്ക് എങ്ങനെകിട്ടി? നമ്മള്‍ പരസ്പരം സമൂഹത്തെ പഴിചാരി രക്ഷപെടാന്‍ സാധിക്കും. ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ആ മൊബൈലിനെക്കുറിച്ച് വീട്ടുകാര്‍ ആരെങ്കിലും അറിഞ്ഞിരുന്നു എങ്കില്‍ ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു.
നഷ്ടപ്പെട്ട ജീവന്‍ ഒരിക്കലും തിരിച്ചു കിട്ടുകയില്ലന്ന് ഓര്‍ക്കുക. പിന്നീട് ഒരു മനസാക്ഷികുത്തിന് ഇടനല്‍കാതിരിക്കാന്‍ ജാഗരൂകരായി ഇരിക്കേണ്ടവര്‍ അതിന് തയ്യാറാകണം. നഷ്ടപെടുന്നവര്‍ക്ക് ആ വേദന ഒരിക്കലും മാറുകയില്ലന്ന് ഓര്‍ക്കുക. മറ്റുള്ളവര്‍ക്ക് ഒരു സഹതാപനോട്ടത്തില്‍ എല്ലാം അവസാനിപ്പിക്കാം.
ഫ്രി എസ്.എം.എസ്., ഒരു നമ്പരിലേക്ക് അണ്‍ലിമിറ്റിഡ് കാള്‍ , ഒരു നമ്പരിലേക്ക് മിനിട്ടിന് പത്തുപൈസ ... ഇങ്ങനെയൊക്കെയാണ് സമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ വാഗ്ദാനങ്ങള്‍.
ഈ മൊബൈല്‍ ദാതാക്കളില്‍ മിക്കവര്‍ക്കും ലാന്‍‌ഡ് ഫോണ്‍ സര്‍വ്വീസും ഉണ്ട്. എന്തുകൊണ്ട് അവര്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ ലാന്‍ഡ് ഫോണിന് നല്‍കുന്നില്ല എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ് . അവരുടെ തെറ്റുകള്‍ തിരുത്തേണ്ടത് നമ്മള്‍ തന്നെയാണ് .
‘ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല് ‘ എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അഞ്ചുരൂപായ്ക്ക് ചൂടപ്പം പോലെ വിറ്റഴിഞ്ഞുപോകുന്ന സിമ്മുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നമ്മള്‍ കാണാതിരുന്നു കൂടാ.
അടിച്ചിട്ട മുറിയില്‍ പുസ്തകത്തിനുമുന്നില്‍ ഉറക്കളച്ചിരുന്ന പഠിക്കുന്ന കുട്ടികളെ കണ്ട് നമുക്കിന്ന് സന്തോഷിക്കാനാവുമോ? ചെവിയിലെ ഇയര്‍ഫോണിലൂടെ അവന്റെ അല്ലങ്കില്‍ അവളുടെ കാതുകളിലേക്ക് ഒഴുകി എത്തുന്നത് എന്താണ് ? തലയിലൂടെ പുതപ്പ് വലിച്ചിട്ടാല്‍ അവന്റെ അല്ലങ്കില്‍ അവളുടെ സംസാരം ആരെങ്കിലും കേള്‍ക്കുമോ? ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ അവര്‍ പഠിക്കാനായി പോകുമ്പോള്‍ അഭിമാനത്തോടെ അവരെ നോക്കാന്‍ വരട്ടെ. ഒരു പക്ഷേ അവര്‍ ‘ ഹാപ്പി ഔവര്‍സ് ‘ ആഘോഷിക്കുകയാണെങ്കിലോ?
ഡൈനാമിറ്റിനെ പോലെ ആയിത്തീരുകയാണോ ഇന്നത്തെ ലോകത്ത് മൊബൈല്‍? തന്റെ കണ്ടുപിടിത്തം മനുഷ്യരെ കൊന്നൊടുക്കുന്നു എന്ന് കണ്ട് ഡൈനാമിറ്റ് കണ്ടുപിടിച്ച ആള്‍ എന്ന പേരില്‍ തന്നെ ലോകം അറിയരുതെന്ന് ആഗ്രഹിച്ച നിസ്സഹായനായ ആ വലിയ ശാസ്ത്രജ്ഞന്‍ ആല്‍‌ഫ്രഡ് നൊബെല്‍! നൊബെല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവ് എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ച ആല്‍‌ഫ്രഡ് നൊബൈല്‍ !! ആല്‍‌ഫ്രഡ് നൊബൈലിനെപ്പോലെ മാര്‍ട്ടിന്‍ കൂപ്പറും ചിന്തിക്കുമോ എന്നുള്ളതിന് ഉത്തരം നല്‍കാന്‍ കാലത്തിനുമാത്രമേ കഴിയുകയുള്ളു.
രണ്ടാഴ്ചകള്‍ക്ക് മുമ്പ് പത്തനംതിട്ടയിലെ കോഴഞ്ചേരിഭാഗത്ത് നിന്ന് ഇരട്ട സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം എന്താണന്നല്ലേ? അടുത്ത വീട്ടിലെ വീട്ടമ്മ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കിയതിനായിരുന്നു പോലീസ് അറസ്റ്റ്. ആ വീട്ടമ്മ അവരെ സ്വന്തം സഹോദരന്മാരെപ്പോലെ അവരെ കണ്ട് സ്വാതന്ത്ര്യം ആ വീട്ടില്‍ നല്‍കിയിരുന്നു.
ആ സ്വാതന്ത്ര്യം ആണ് ഇരുപതുവയസുള്ള ആ ഇരട്ടസഹോദരന്മാര്‍ ദുര്‍വിനിയോഗം ചെയ്തത്. ഇവരെടുത്ത വീഡിയോ കിട്ടിയ ഒരു ബന്ധു വീട്ടമ്മയുടെ വീട്ടുകാരോട് പറഞ്ഞപ്പോഴാണ് ആ വീട്ടമ്മ തനിക്ക് പറ്റിയ ദുര്‍വിധി അറിയുന്നത്. ആ സമയം തന്നെ അവര്‍ ബോധം കെട്ട് വീണു. ആ വീട്ടമ്മയെ അറിയാവുന്ന മറ്റ് പലര്‍ക്കും ഈ മൊബൈല്‍ ക്ലിപ്പിംങ്ങ് കിട്ടിയിട്ടും അവരാരും ഇതിനെക്കുറിച്ച് ആ വീട്ടുകാരെ അറിയിച്ചില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ ദുഷ് ചിന്തകളാണ് അനാവരണം ചെയ്യുന്നത്.
ഡൈനാമിറ്റിനെക്കാള്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഉപയോഗം തടയാന്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും?

ഗള്‍ഫ് സ്റ്റേജ് ഷോകള്‍

സ്റ്റേജ് ഷോകള്‍ ഞങ്ങള്‍ പ്രവാസികള്‍ക്ക് എന്നും ഹരമാണ്. ആറ് ദിവസത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിലുള്ള ഓഫീസ് തിരക്കില്‍ നിന്ന് ആഴ്ചയുടെ അവസാനം കിട്ടുന്ന അവധി ദിനത്തില്‍, കലാപരിപാടികളോ, സ്റ്റേജ് ഷോകളോ കാണാന്‍ എത്ര ദൂരത്തായാലും ഞങ്ങള്‍ എത്താറുണ്ട്.

കുടുംബിനികള്‍ക്ക് നാല് ചുവരുകള്‍ക്കുള്ളിലെ ജീവിതം കൊണ്ടുള്ള പൊറുതിമുട്ട് ഒഴിവാക്കാം.... പ്രിയതമന് ഭാര്യയേയും കുട്ടികളെയും കൂട്ടി ഒന്ന് പുറത്തിറങ്ങുകയുമാവാം.

സ്റ്റേജ് ഷോകള്‍ക്ക് പോകുന്നത് ഭര്‍ത്താക്കന്‍മാര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. കാരണം ടിക്കറ്റിന്റെ നിരക്ക് തന്നെ. പക്ഷേ, സ്റ്റേജ് ഷോ ഒഴിവാക്കി വല്ല ഷോപ്പിംഗ് മാളിലോ മറ്റോ ഇവറ്റകളെ കൊണ്ടുപോയാല്‍ ടിക്കറ്റിനേക്കാള്‍ വലിയ ചിലവാണ് ചെയ്യുക. അതുകൊണ്ട് 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന നിലയ്ക്കാണ് കൊണ്ടുപോകുന്നത്.

സ്റ്റേജ് ഷോയ്ക്കുള്ള സ്ഥലത്തെത്തിയാലോ മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക് കയറാന്‍ കഴിയില്ല. ഒരു പ്ലാനിങ്ങും ഇല്ലാതെ കയറ്റിവിടുന്ന ഗേറ്റ്മാനും... എങ്ങനെ ടിക്കറ്റെടുക്കാതെ കയറാം എന്ന് പ്ലാനിടുന്ന ജനക്കൂട്ടത്തെയും കാണാം. ഉത്തരവാദത്തപ്പെട്ട കമ്മറ്റിക്കാരോ അസോസിയേഷന്‍കാരോ അതിന്റെ നാല് അയലത്ത് ഉണ്ടാവില്ല. (സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്ന രണ്ടാംതരം സിനിമ-സീരിയല്‍-മിമിക്രി നടന്‍മാരുടെയും നടിമാരുടെയും പിന്നാലെ ഇവര്‍ വിനീതവിധേരായി നടക്കുന്നത് കാണാം).

തള്ളിലും... വലിയിലും... 'പിടുത്തത്തിലും' ഒരു വക അകത്തെത്തിയാല്‍ ഷോ കൃത്യസമയത്ത് തുടങ്ങകയുമില്ല. ടിക്കറ്റ് റേറ്റ് 250 ദിര്‍ഹ മുതല്‍ 50 ദിര്‍ഹ വരെയാണ്. ഹാള്‍ നിറഞ്ഞ് കവിയും. വളരെ വൈകി തുടങ്ങിയാല്‍ തന്നെ സ്‌പോണ്‍സര്‍മാരുടെ പ്രളയമാണ്. ടിക്കറ്റെടുത്ത് പരിപാടി കാണുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ മഹത്വം വിളിച്ചോതുന്ന അവതാരികയെ സഹിക്കേണ്ടി വരും. (ടിക്കറ്റെടുത്ത് ഷോ കാണുന്ന ഞങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകാറില്ല, ഇവരെന്താണ് സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്ന്).

പത്തുമുതല്‍ ഇരുപതുവരെ വമ്പന്‍ വ്യാപാരസ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍മാരുണ്ടാവും. അവരുടെ ഗീര്‍വാണവും റോസാപ്പൂ വിതരണവും കഴിഞ്ഞാല്‍... പിന്നെ മ്യൂസിക് ഇന്‍സ്ട്രുമെന്റ്‌സ്... ശ്രുതി ഒപ്പിക്കാന്‍ തുടങ്ങും. തബല കൊട്ടിയും, ഓടക്കുഴല്‍ മാറ്റിയും മറിച്ചും... ഗിറ്റാറില്‍ ശ്രുതി മീട്ടിയും അതു തുടരും... (ഇതൊക്കെ കണ്ടാല്‍ തോന്നും ഈ പരിപാടിക്ക് മ്യൂസിക്ക് ഇവരാണ് വായിക്കുന്നത് എന്ന്. മ്യൂസിക്കിന്റെ കരോക്കെ സി.ഡി.ഇല്ലായിരുന്നെങ്കില്‍ അറിയാമായിരുന്നു കീബോഡിസ്റ്റിന്റെ ടെമ്പോ).

പിന്നീട് അവതാരിക വരവായി.... സ്റ്റേജില്‍ വരാന്‍പോകുന്ന നടിയെക്കുറിച്ച്... നടനെക്കുറിച്ച് ഒരു വിവരണമാണ്. അഭിനയിച്ച ചിത്രങ്ങള്‍, ജനിച്ച നാട്... പഠിച്ച സ്‌കൂള്‍, കിട്ടിയ അവാര്‍ഡ്... ക്ഷമയുടെ നെല്ലിപടിയോളമെത്തിയ പ്രേക്ഷകര്‍ നിശ്വാസമിടും. തൊട്ടടുത്തിരിക്കുന്ന ഭര്‍ത്താവ് ഒന്നു നോക്കും, 'നിനക്ക് അങ്ങനെത്തന്നെ വേണം' എന്ന മട്ടില്‍.

നാട്ടിലായിരിക്കുമ്പോള്‍ പരിപാടിക്കിടയില്‍ കൂക്കിവിളിക്കുന്നവരെയോ... ശബ്ദമുണ്ടാക്കി തടസ്സപ്പെടുത്തുന്നവരെയോ കണ്ടാല്‍ ശല്യമായി തോന്നാറുണ്ടായിരുന്നു. പക്ഷേ ഈ പ്രവാസ ഭൂമിയിലെത്തിയതുമുതല്‍ അങ്ങനെയുള്ളവരെ കാണുമ്പോള്‍ ബഹുമാനമാണ് തോന്നാറ്.

ഇവിടുത്തെ പരിപാടികള്‍ അനന്തമായി നീളുമ്പോഴും ശബ്ദക്രമീകരണത്തിന്റെ പിഴവിലും പരിപാടി ബോറായാലും കൂക്കിവിളിച്ച് പ്രതിഷേധിക്കുന്നവര്‍ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്.

പിന്നീട് നീണ്ട മൈക്ക് ചെക്കിങ്ങും കഴിഞ്ഞാണ് നമ്മള്‍ കാത്തിരിക്കുന്നവര്‍ വരിക. അവര്‍ വന്ന് നമസ്‌കാരവും സീല്‍ക്കാരവും കഴിഞ്ഞാല്‍, പിന്നെ പറയുന്നത് ഇങ്ങനെയാണ്. ''പ്രത്യേകമായി ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല... ഒന്ന് രണ്ട് നമ്പര്‍ ഇവിടെ കാണിക്കാം, തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക'' പിന്നീട് കാണിക്കുന്ന മിമിക്രി- പല ചാനലുകളിലും, പല പ്രാവശ്യം, പല ഗ്രൂപ്പ് പലവിധത്തില്‍ കാണിച്ചതിന്റെ ഫോട്ടോ കോപ്പി ആയിരിക്കും. ആദ്യമേ ക്ഷമിക്കണം എന്നുപറഞ്ഞ് തുടങ്ങിയത് കാരണം ക്ഷമിച്ചു. ക്ഷമയ്ക്കപ്പുറം പ്രവാസിക്ക് മറ്റൊരു വികാരവുമില്ല എന്നറിയുന്നവര്‍ കൊയ്തുകൊണ്ടുപോകുന്നു. ഇവിടെ ഈ ഭൂവില്‍ വിതയ്ക്കുന്നവര്‍ കൊയ്യാറില്ല.

സ്റ്റേജ് ഷോ നടത്തുന്നവര്‍ക്ക് ഒരു ബാധ്യതയുമില്ല. ടിക്കറ്റുകള്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ചാല്‍, നല്ല തുകയ്ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടിയാല്‍ അവര്‍ ധന്യരായി.

സ്ഥലപരിമിതിയോ സാങ്കേതിക തകരാറോ ടിക്കറ്റെടുത്തവരുടെ പ്രവേശനമോ അവരെ ബാധിക്കില്ല.

കേരളത്തിലെ പ്രശസ്ത ചാനല്‍ നടത്തിയ സ്റ്റേജ് ഷോയ്ക്ക് ടിക്കറ്റെടുത്തവര്‍ക്ക് അകത്ത് കയറാന്‍ കഴിയാതെ ഉന്തിലും തള്ളിലും വിലപിടിച്ച പേഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ട് കീറിയ ഡ്രസ്സുമായി വീട്ടിലേക്ക് പോകേണ്ടി വന്നതും ഇവിടെയാണ്. ഈ ഷോയ്ക്ക് അകത്ത് കയറാന്‍ കഴിയാതെ പുറത്ത് കുടുങ്ങിപ്പോയ എന്റെ സ്‌നേഹിതയോടും ഭര്‍ത്താവിനോടും തൊട്ടടുത്ത നിന്ന ഒരാള്‍ പതുക്കെ പറഞ്ഞു. ''ഞാനാണ് ഈ പരിപാടിയുടെ ഡയറക്ടര്‍, എനിക്ക് കയറാന്‍ പറ്റിയിട്ടില്ല ഇതുവരെ''.

വിനോദ വിജ്ഞാന സാഹിത്യ സാംസ്‌കാരിക പരിപാടികളില്‍, വിജ്ഞാന സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ ഇവിടെ തുലോം കുറവാണ്. കാരണം ടിക്കറ്റ് വെച്ച് ഈ പരിപാടികള്‍ നടത്താന്‍ കഴിയില്ല എന്നതുതന്നെ.

ലാഭമില്ലാത്ത ഒരു പരിപാടിക്കും ഇവിടെ കമ്മിറ്റിക്കാരുണ്ടാവില്ല. സ്റ്റേജ് ഷോകള്‍ ആസൂത്രണം ചെയ്യുന്നവരുടെ ലക്ഷ്യം ദിര്‍ഹവും ദിനാറും റിയാലും തന്നെയാണ്. അത് ആയിക്കോളൂ... അതിലിത്തിരി മാന്യതയും ശരിയായ ആസൂത്രണവും ആവശ്യമാണ്.

സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുന്ന പലരും ഇവിടെ എത്തിയശേഷമാണ് മറ്റു കലാകാരന്‍മാരെ പരിചയപ്പെടുന്നത്. (നാട്ടില്‍ ഒരു റിഹേഴ്‌സല്‍ പോലും ഇവര്‍ ചെയ്യാറില്ല). തമ്മില്‍ കാണുന്ന ഒന്നോ രണ്ടോ മണിക്കൂറാണ് പരിപാടി എന്താണെന്ന് തീരുമാനിക്കുന്നത്. ശരിയായ പ്ലാനിങ്ങോ, സംവിധാനമോ ഇല്ലാതെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ആളെ കിട്ടുന്നു എന്നതാണ് ഗള്‍ഫിലെ വിശേഷം. കാരണം ഞങ്ങള്‍ ഞങ്ങളുടെ നാടിനെ സ്‌നേഹിക്കുന്നു. ഭാഷയെ സ്‌നേഹിക്കുന്നു. സംസ്‌കാരത്തെ സ്‌നേഹിക്കുന്നു. ഒറ്റപ്പെടലിന്റെ, നെടുവീര്‍പ്പിന്റെ, ഏകാന്തതയുടെ... നിമിഷങ്ങളില്‍ നിന്ന് ശബ്ദമുഖരിതമായ കളര്‍ വെളിച്ചത്തിലേക്ക്, മിന്നുന്ന വേഷത്തിലേക്ക് മൊഴിയുന്ന വാക്കുകളിലേക്ക്... ഞങ്ങള്‍ ഓടിയെത്തുന്നത് ഈ പൊക്കിള്‍കൊടി ബന്ധം കൊണ്ടാണ്. എടുക്കുന്ന ടിക്കറ്റിന്റെ വില രൂപയിലേക്ക് മാറ്റിയാല്‍ ആയിരത്തിന് മുകളില്‍ വരും. എന്നിട്ടും ഓരോ ഷോയ്ക്കും എന്തിനാണ് ഞങ്ങള്‍ ഓടിയെത്തുന്നത്. ആവോ, അറിയില്ല ഞങ്ങള്‍ പ്രവാസികള്‍ അങ്ങനെയായിപ്പോയി ഒന്നും ബഹിഷ്‌കരിക്കാനോ... തിരസ്‌കരിക്കാനോ... ഞങ്ങള്‍ക്കാവില്ല... അങ്ങനെയാവുമായിരുന്നെങ്കില്‍....

അല്‍പം ചില വീട്ടുവര്‍ത്തമാനങ്ങള്‍

പ്രവാസി കുടുംബിനികള്‍ നെടുവീര്‍പ്പുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു എന്ന് ബോധ്യപ്പെട്ടതുമുതലാണ്.എന്താണ് ഗള്‍ഫ് കുടുംബങ്ങളിലെ പ്രശ്‌നം? 'സാമ്പത്തികമാന്ദ്യം' (ക്ഷമിക്കണം, ഫിനാന്‍ഷ്യല്‍ ക്രൈസിസ്. അങ്ങനെ പറയാനാണല്ലോ നമ്മള്‍ക്കു താത്പര്യം.)

ഓഹരിക്കമ്പോളത്തിലും വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും എന്നുവേണ്ട സകലയിടങ്ങളിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗള്‍ഫ് മേഖലയെയാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നെത്തി, ഇവിടെ ജോലിചെയ്യുന്ന ഇടത്തരക്കാരെ.

ചക്രംപോലെ കറങ്ങുന്ന ജീവിതവ്യവസ്ഥയിലാണ് പലരുടെയും മുന്നോട്ടുള്ള ചലനം. ചക്രത്തിന്റെ ചലനത്തിന് ചെറിയ വേഗക്കുറവ് അനുഭവപ്പെട്ടപ്പോള്‍-ശമ്പളത്തിന്റെ തീയതി ഒരാഴ്ച മാറിയപ്പോള്‍-കണക്കുകൂട്ടലുകള്‍ പിഴച്ചത് പല നിലകളിലാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ പെയ്‌മെന്റ്, സ്‌കൂള്‍ ഫീസ്, താമസവാടക, കാര്‍ലോണ്‍, ചിട്ടി, ഇന്‍ഷുറന്‍സ്, മറ്റു ചെലവുകള്‍...ഇതിലൊക്കെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത് ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലാതെ വന്നപ്പോള്‍ പരസ്​പരം സഹായം ചോദിക്കാന്‍പോലും വഴിയില്ലാതായി.

ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ രേഖപ്പെടുത്തിയ ചലനം വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ള പ്രവചനം കൂടിവന്നപ്പോള്‍ പ്രവാസികള്‍ നെഞ്ചുരുക്കത്തിന്റെ വിങ്ങലിലായി. പ്രവാസികള്‍ക്കിടയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ഞെട്ടല്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ചെറുചലനങ്ങള്‍ തേടിയെത്തുന്നത്. ഈ ആകുലതയില്‍ ഒന്നിനും കഴിയാതെ, നിസ്സഹായതയോടെ നെടുവീര്‍പ്പിടാന്‍ മാത്രം കഴിയുന്ന കുടുംബിനികള്‍ ഒരുപാടുണ്ട് ഇവിടെ. പ്രവാസികളായി കഴിയുന്നവരില്‍ പലരും കഷ്ടിച്ച് കുടുംബങ്ങളെ താമസിപ്പിക്കാന്‍ മാത്രം വരുമാനമുള്ളവരാണ്. താമസവാടകയും ഭക്ഷണച്ചെലവും മറ്റും കഴിച്ചാല്‍ ഒന്നും മിച്ചംവരാതെ ജീവിച്ചുപോകുന്നവര്‍.

ഭര്‍ത്താവിന്റെ വരുമാനംകൊണ്ട് ഇവിടെ കഴിഞ്ഞുകൂടാം എന്നുള്ളതല്ലാതെ, അവസാനനാളില്‍, അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഒരു സമ്പാദ്യവും മിച്ചം കാണില്ല എന്നറിഞ്ഞുകൊണ്ട് താമസിക്കുന്നവര്‍.

കറച്ചുകാലം ഒന്നിച്ചു കഴിയാം എന്നുകരുതി വരുന്നവരും ''നിങ്ങളുടെ വീട്ടില്‍ ഒരു സ്വസ്ഥതയും ഇല്ല'' എന്നുപറഞ്ഞ് പിടിച്ചുനില്ക്കുന്നവരും മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിച്ച് കൂടെ നിര്‍ത്തുന്നവരും പൊടുന്നനെയുള്ള പ്രതിസന്ധി മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല...

ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...ഈ ഗള്‍ഫ് ഭൂമിയില്‍നിന്ന് ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്. അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍. ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി...നാം അയച്ച എസ്.എം.എസ്. എത്ര? ഇങ്ങനെ പരിതപിക്കുന്ന ഒട്ടേറെ വീട്ടമ്മമാരെ എനിക്കറിയാം.

ഓഹരിക്കമ്പോളങ്ങളിലേക്ക് സുന്ദരമായ വാഗ്ദാനം നല്‍കി ആകര്‍ഷിച്ചപ്പോള്‍, ഒന്നുമറിയാത്ത പ്രവാസി മിച്ചംവന്നത് അംബാനിയിലോ സത്യം കമ്പ്യൂട്ടറിലോ നിക്ഷേപിച്ചു. പെരുകുന്നതും കാത്തിരുന്നു. ഇതില്‍ മുക്കാലും നഷ്ടപ്പെട്ടു. മിച്ചം വന്ന ശതമാനം തിരിച്ചുകിട്ടാന്‍ നെട്ടോട്ടമോടുന്നതും നാം കാണുന്നു.

ആഴ്ചയില്‍ സിനിമാനടന്മാരും മിമിക്രി, ഗാനമേളക്കാരും രാഷ്ട്രീയക്കാരും ഊരുചുറ്റിയ ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യത്തിന്റെ വരുംവരായ്കയെക്കുറിച്ച് സംസാരിക്കാന്‍ ഒരു സാമ്പത്തികകാര്യ വിദഗ്ധനും വന്നില്ല. ബോധവത്കരിക്കാന്‍ 'നോര്‍ക്ക'യോ മറ്റ് ഏജന്‍സികളോ മുന്‍കൈ എടുത്തില്ല.

സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും നൂറുകണക്കിനു സംഘടനകളുണ്ടിവിടെ. ആരും ഈ പ്രതിസന്ധി ചര്‍ച്ചചെയ്തില്ല. മുല്ലപ്പൂ ധരിച്ച് താലപ്പൊലിയെടുത്ത് ആനയിച്ച, രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളാരും വന്നില്ല.
ടെര്‍മിനേഷന്‍ ലെറ്ററിനു നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഭര്‍ത്താവിനെ സാന്ത്വനിപ്പിക്കാന്‍പോലും ഞങ്ങള്‍ അര്‍ഹരല്ല. വാശിക്കും പൊങ്ങച്ചത്തിനുംവേണ്ടി വരുത്തിവെച്ച പാഴ്‌ചെലവുകളുടെ കണക്ക് തികട്ടിവരുന്നതു തന്നെ കാരണം.

എന്തു നേടി? നാലു ചുവരുകള്‍ക്കുള്ളിലെ ശുദ്ധവായു ഇല്ലാത്ത ജീവിതം. ടിന്‍ഫുഡുകളുടെ ദുര്‍മേദസ്സ്...പിന്നെയോ? മരണവും കല്യാണവും നാട്ടിലെ ഒരാചാരവും കാണാതെ വളരുന്ന ഒരു തലമുറ. പൂരവും നേര്‍ച്ചയും കോമരവും തെയ്യവും മഴയും വസന്തവും കാണാതെ, കാണിക്കാതെ നാം അവരെ വളര്‍ത്തുകയാണ്.

ഗള്‍ഫില്‍നിന്ന് മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ സ്നേഹിതയുടെ മകന്‍ വല്ലുപ്പയുടെ മയ്യത്ത് വെള്ളപുതപ്പിച്ച് കിടത്തിയ അതേ മുറിയിലുള്ള കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നു. പ്രതിരോധിച്ചും പ്രഹരിച്ചും 13 വയസ്സുള്ള മകന്‍ കമ്പ്യൂട്ടറില്‍ തന്റെ മിടുക്ക് കാണിക്കുന്നു. ഈ വയസ്സിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നാട്ടില്‍ വന്ന കൊച്ചുമകന് 'മരണ'ത്തിന്റെ കിടപ്പറിയില്ല. വല്ലുപ്പ കൊഴിഞ്ഞ് ഇല്ലാതായതാണെന്നറിയില്ല. കുട്ടിക്ക് ആത്മബന്ധമില്ലാത്ത വല്ലുപ്പയുടെ വിറങ്ങലിച്ച ശരീരം വെള്ളത്തുണിയിട്ട എന്തോ ഒന്നായിരിക്കാം.

ടെലിഫോണ്‍ വിളിയുടെ ചെലവ് കുറയ്ക്കാന്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും വാങ്ങി. വിളി തുടങ്ങിയപ്പോള്‍ പഴയ ചെലവിനേക്കാള്‍ കൂടി. പണ്ട് ഗള്‍ഫില്‍നിന്നുള്ള ഫോണ്‍ വിളിക്ക് നല്ല മതിപ്പായിരുന്നു. ഇന്ന് നമ്പര്‍ കണ്ടാല്‍ത്തന്നെ പറയും: ''ശല്യം. ദിവസവും രണ്ടുനേരം വിളിക്കും. സംസാരിച്ചാല്‍ വെക്കത്തില്ല.''

ശരാശരി ഒരു പ്രവാസി കുടുംബത്തിന് താമസിക്കാന്‍ മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം ദിര്‍ഹം വരെ പ്രതിവര്‍ഷം വാടക വേണ്ടിവരും. രണ്ടു വര്‍ഷത്തെ ഈ വാടക സ്വരുക്കൂട്ടി വെച്ചെങ്കില്‍ നാട്ടില്‍ നല്ല വീട് പണിയാമായിരുന്നു. ഈ നെടുവീര്‍പ്പിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്.

ഈ അവസ്ഥയില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായിട്ടും ചില കുടുംബിനികള്‍ തയ്യാറാവുന്നില്ല. പഴയ തറവാട്ടു വീട്ടിലേക്ക് പോയി അന്യയെപ്പോലെ കഴിയേണ്ടിവരും. ഗള്‍ഫുകാരിയുടെ പത്രാസില്‍ ഈ കണ്ടകാലം മുഴുവന്‍ കഴിഞ്ഞിട്ട്, ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട് പാപ്പരായി തിരിച്ചുവന്നാല്‍ കേള്‍ക്കേണ്ടിവരുന്ന കുത്തുവാക്കുകള്‍... മക്കളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം... ഇതൊക്കെ ഓര്‍ക്കുമ്പോള്‍... ഇവിടെ വരാതിരുന്നെങ്കില്‍ നാട്ടില്‍ ഒരു വീട് ആകുമായിരുന്നേനെ. രണ്ടു വര്‍ഷമെങ്കിലും നിന്നിട്ട് തിരിച്ചുപോയിരുന്നെങ്കില്‍ നാട്ടിലെ ജോലി രാജിവെക്കേണ്ടിയിരുന്നില്ല. ഇങ്ങനെ പ്രത്യക്ഷകാരണങ്ങളുടെ പടവുകള്‍ ഇറങ്ങിയാല്‍ എവിടെയൊക്കെയോ എത്താം.

പ്രായോഗികമായ തീരുമാനമെടുക്കാനുള്ള സമയമാണ്-ജീവിതം ബാക്കിക്കിടക്കുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള തീരുമാനം വൈകിക്കൂടാ.

ഇത്രകാലം ഒരുമിച്ച് കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഓരോരുത്തരും അവരുടെ അവസ്ഥയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ടിവരും.
നാട്ടിലുള്ള കല്യാണധൂര്‍ത്തും വീടുമോടികൂട്ടലും ആഡംബര കാറും ഒക്കെ നിലനിന്നുപോകണമെങ്കില്‍ ഇവിടെനിന്നുള്ള വരുമാനം വേണം. അതില്ലാതെ വന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചുപോകും. ഇനിയുള്ള കാലമെങ്കിലും പ്രതീക്ഷയുടെ കരുതിവെപ്പിനാകണം.

കഴിഞ്ഞതെല്ലാം മുന്നോട്ടുപോകാനുള്ള അനുഭവപാഠമാവണം. ആരുടെ മുന്നിലും മേനിനടിച്ചിട്ടു കാര്യമില്ല. മിച്ചംപിടിക്കാനുള്ള മനസ്സുണ്ടാവണം. ചെലവ് ചെയ്യുന്ന ഒരു 'ഫില്‍സ്' പോലും ഉണ്ടായതെങ്ങനെ, ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പകിട്ടുള്ള പ്രലോഭനങ്ങള്‍ കണ്ടേക്കാം. എസ്.എം.എസ്സില്‍ അയയ്ക്കുന്ന ഓരാ ദിര്‍ഹവും നമ്മുടെ അടിത്തറയുടെ നഷ്ടമാണെന്ന് ഉത്തമബോധ്യം വേണം.

കാലിടറുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആരും തുണയില്ല. നാം നമ്മുടെ കുടുംബത്തിന്റെ നല്ല കുടുംബിനിയാവണം. നല്ല ഭാര്യ. നല്ല അമ്മയും.ഒന്‍പതു വയസ്സായ 'നദ്‌ന' മോള്‍ ചോദിച്ചു: ''നാട്ടില്‍ പഠിക്കാന്‍ നമുക്ക് നല്ല സ്‌കൂള്‍ ഉണ്ടാവുമോ?''
പുഴുപെറുക്കിക്കളഞ്ഞ് വേവിച്ച അമേരിക്കന്‍ റവയുടെ ഉപ്പുമാവ് പോലെ ഇത്ര രുചിയുള്ള ഉച്ചഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ബര്‍ഗറും പിസ്സയും കഴിച്ച് വളരുന്ന മോള്‍ക്കതറിയില്ല.

കാലിളകിയ മരബെഞ്ചിലിരുന്നു പഠിച്ചുവളര്‍ന്ന ഒരു തലമുറ വഴിതെറ്റിപ്പോയില്ല. ആകാവുന്ന ഉയരത്തിലെത്തിയ നമ്മുടെ നാട്ടിലുള്ളവരെല്ലാം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നാട്ടറിവ് പഠിച്ചത് സ്വന്തം നാട്ടില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ പോയിട്ട് കാല്‍ക്കുലേറ്റര്‍ പോലുമില്ലാത്ത കാലത്ത് പഠിച്ചതൊന്നും പാഴായില്ല. ഇതൊന്നും മകളെ പറഞ്ഞുമനസ്സിലാക്കാനാവില്ല. അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ''നല്ല സ്‌കൂളുണ്ട്...നല്ല കളിമുറ്റമുണ്ട്...നല്ല സാറന്മാരുണ്ട്...എല്ലാമുണ്ട്...പക്ഷേ...?

നാം പ്രവാസികള്‍ എന്തു പിഴച്ചു

ഇന്ന് കേരളത്തില്‍ നടക്കുന്ന സംവാദവും ചര്‍ച്ചയും ധര്‍ണയുമെല്ലാം നാടിന്റെ അവകാശികളായ ആദിവാസികളെക്കുറിച്ചാണ്. ഒട്ടുമിക്ക രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യപ്രവര്‍ത്തകരെല്ലാംതന്നെ കാടിന്റെ മക്കളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു, ഡോക്യുമെന്ററി നിര്‍മിക്കുന്നു, സിനിമ പിടിക്കുന്നു, ബോധവത്കരണം നടത്തുന്നു. എന്നിട്ടും ആദിവാസികള്‍ പഴയതില്‍നിന്ന് ഒട്ടും മാറിയിട്ടില്ല. അവരുടെ ജീവിതചുറ്റുപാടുകള്‍,ഭക്ഷണം, വിദ്യാഭ്യാസം, വീട്, വസ്ത്രം ഇതിലൊന്നും കാതലായ മാറ്റംവരുത്താന്‍ നമുക്കായിട്ടില്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നകന്ന് ഒറ്റപ്പെട്ട്, ചൂഷിതരായി അവര്‍ ഇന്നും ജീവിക്കുന്നു.

ഇവരുടെ അവസ്ഥതന്നെയാണ് ഈ പ്രവാസികളും അനുഭവിക്കുന്നത്. ഗള്‍ഫില്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടന്നു. എത്ര ബോധവത്കരണമുണ്ടായി. എത്ര രാഷ്ട്രീയക്കാര്‍ വന്നു. ലേബര്‍ക്യാമ്പിന്റെ അവസ്ഥ കണ്ട് 'ഞെട്ടിയ' രാഷ്ട്രീയക്കാരെത്ര? പെണ്‍വാണിഭത്തിലും മനുഷ്യക്കടത്തിലും ഇരയായവരെ കണ്ട് സഹതപിച്ചവരെത്ര? വിസാത്തട്ടിപ്പില്‍ ഇവിടെയെത്തി നരകയാതനയനുഭവിച്ച ചെറുപ്പക്കാര്‍ ഭരണത്തിലുള്ളവരെയും അത് ഇല്ലാത്തവരെയും കണ്ട് ഞങ്ങളെ ചതിച്ച കോഴിക്കാട്ടെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും..... ട്രാവല്‍, റിക്രൂട്ടിങ് ഏജന്റിന്റെ റജിസ്‌ട്രേഷന്‍ നമ്പറടക്കം, ലെറ്റര്‍ഹെഡും ഫോണ്‍ നമ്പര്‍ മുതലായവ കാണിച്ചിട്ടും എന്തു നടപടിയുണ്ടായി. അവര്‍ ഇന്നും കേരളത്തിന്റെ വിരിമാറില്‍ത്തന്നെ വിലസുന്നു, അടുത്ത ഇരയെത്തേടി.

ഇവിടെ വന്ന് പരാതികളും പരിഭവവും കേട്ടുമടങ്ങുന്ന രാഷ്ട്രീയക്കാര്‍ നാട്ടില്‍ചെന്നാല്‍ ഉടന്‍ പരിഹാരം കാണുമെന്ന വിശ്വാസത്തില്‍ ലേബര്‍ ക്യാമ്പിന്റെ കുടുസ്സു മുറിയില്‍നിന്ന് ഏതെങ്കിലും കെട്ടിടത്തിന്റെ ശീതീകരിച്ച മുരള്‍ച്ചയിലേക്ക് ഇല്ലാകാശുമുടക്കി ടാക്‌സിയിലോ സീറ്റില്ലാത്ത പിക്കപ്പിലോ വന്ന് രാഷ്ട്രീയമേലാളന്റെ ഒത്താശയോടെ, കാരുണ്യത്തില്‍, പരാതിയുടെ കെട്ടഴിച്ചാല്‍ ''ഒക്കെ, ശരിയാക്കാം'' എന്നു പറയുന്നതു കേട്ടു മടങ്ങുന്ന ശരാശരി ഒരു തൊഴിലാളിയുടെ മനസ്സ് വായിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ഒരു സാഹിത്യകാരനും ആവില്ല. ആവിപൊങ്ങുന്ന മണല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ മനസ്സുമായി കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിയാതെ പ്രശ്‌നസങ്കീര്‍ണമായിക്കിടക്കുന്നു പ്രവാസിയുടെ പ്രശ്‌നങ്ങള്‍.

നാട്ടിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍പോലെ, ഒരിക്കലും പരിഹരിക്കാന്‍ കഴിയാതെ, അതിനു ശ്രമിക്കാതെ നാം നടത്തുന്ന പാഴ്ശ്രമങ്ങള്‍ തിരിച്ചറിയുന്ന കാലംവരും. അന്ന് പ്രവാസികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാവില്ല.

നമുക്ക് ഇല്ലാത്തതായി എന്താണുള്ളത്? പത്രങ്ങളുണ്ട്, ചാനലുകളുണ്ട്, റോഡിയോ ഉണ്ട്, ഇന്റര്‍നെറ്റുണ്ട്, മെബൈലുണ്ട്, ടെലഫോണുണ്ട്. എല്ലാ പത്രങ്ങളും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവയാണ്. ഈ മണലാരണ്യത്തില്‍ ഇവിടത്തെ ഭരണാധികാരികള്‍ നമുക്കുചെയ്തുതന്നെ അനേകം ഉപകാരങ്ങളില്‍ ഒന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍.

സാധാരണക്കാരില്‍ സാധാരണക്കാര്‍ നെഞ്ചോടു ചേര്‍ക്കുന്ന ഈ റേഡിയോവില്‍നിന്ന് നമുക്കുകിട്ടുന്ന അറിവ് എത്രയെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ആര്‍.ജെ.യുള്ള ഈ നിലയങ്ങള്‍ മലയാളഭാഷയ്ക്ക് എന്തുഗുണമാണ് ചെയ്യുന്നത്?

വാഹനാപകടങ്ങള്‍പോലും സ്‌പോണ്‍സേഡ് പരിപാടിയാക്കി മാറ്റി ട്രാഫിക് അപ്‌ഡേറ്റ് തരുന്ന റേഡിയോകള്‍, നിരത്തുകള്‍ സജീവമാകുന്ന വ്യാഴാഴ്ചകളില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ അവതാരിക ''ശ്ശോ, ഇന്ന് ഒരപകടവും ഇല്ലെ'' എന്നു പരിതപിക്കുന്നതും നാം കേള്‍ക്കുന്നു.

മലയാളം മാത്രം സംസാരിക്കാന്‍ ഒരു മിനിറ്റ് അനുവദിച്ച്, അതിനുപോലും നമുക്കാവാതെ, ഒരു മിനിറ്റിന്റെ ഇടയില്‍ ഇംഗ്ലീഷ് കയറിവന്ന് പുറത്തായിപ്പോകുന്ന പലരെയും കാണാം. ഈ മലയാള പരിപാടിയുടെ പേര് 'സ്റ്റില്‍ എ മലയാളി'

ജൂണ്‍, ജൂലായിയുടെ വെന്തുരുകുന്ന ചൂടില്‍ കണ്‍സ്ട്രക്ഷന്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ശരീരത്തിലെ ജലവും ലവണവും നഷ്ടപ്പെടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, ഇംഗ്ലീഷില്‍ അരമണിക്കൂര്‍ 'ഡോക്ടറോടു ചോദിക്കാം' എന്ന പരിപാടി അവതരിപ്പിച്ചവരുമുണ്ട്. ഇടയ്ക്ക് ഇംഗ്ലീഷില്‍ കയറിവരുന്ന ചില വാക്യങ്ങള്‍ മാത്രം മനസ്സിലാക്കി തലകുലുക്കുന്ന സാദാ തൊഴിലാളിയെ കാണാം.

ഇത് പ്രവാസിയുടെ ജീവിതകാലം മുതല്‍ അന്ത്യം വരെയുണ്ടാകും. ആരെയും പഴിച്ചിട്ട് കാര്യമില്ല.

ചിലരുടെ നെട്ടോട്ടം കണ്ടാല്‍ തോന്നും പ്രവാസിക്ക് വോട്ടവകാശം കിട്ടിയാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു എന്നതാണ്. ചില അസോസിയേഷനുകളും ചില 'വൈറ്റ് കോളര്‍' മാന്യന്മാരും അതിനുള്ള ബദ്ധപ്പാടിലാണ്. ഇവര്‍ക്ക് എയര്‍ ഇന്ത്യ ഫൈ്‌ളറ്റ് റദ്ദുചെയ്താലും വിസ തട്ടിപ്പിനിരയായാലും ജോലിയില്ലാതെ, കിടപ്പാടമില്ലാതെ റോളയിലെ പാര്‍ക്കുകളിലെ മരഞ്ചൊട്ടില്‍ തണുത്ത് മരവിച്ചുകിടന്നാലും സൗദിയിലെ പാലത്തിനടിയില്‍ ഔട്ട്പാസിന് വേണ്ടി നരകയാതന അനുഭവിച്ചാലും ജോലി തരാമെന്നുപറഞ്ഞ് ഒന്നുമറിയാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലെത്തിച്ചാലും ഒന്നുമില്ല. അവരുടെ പ്രതികരണവും സഹകരണവും അര്‍പ്പണബോധവും ഇവയിലൊന്നും കാണാറുമില്ല. വോട്ടവകാശത്തിന്റെ അനുവാദത്തിനുവേണ്ടി ഡല്‍ഹിയിലെ ദര്‍ബാറുകളില്‍ കയറിയിറങ്ങി അവര്‍ 'സായുജ്യം' കണ്ടെത്തുന്നു.

ഒന്നു പറയാം. ഇവിടെ ആര്‍ക്കാണ് വോട്ടവകാശത്തിന് താത്പര്യം? പകുതിയില്‍ കൂടുതല്‍പേര്‍ വോട്ടവകാശം കാര്യമായെടുക്കുന്നില്ല. അല്ലെങ്കില്‍ അതിലും കാതലായ പ്രശ്‌നങ്ങള്‍ ഇവിടെ നിലവിലുണ്ട്. അതിലൊന്നും താത്പര്യമെടുക്കാതെ 'ഈയുള്ള കളി' നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. ഇലക്ഷനുള്ള വീറും വാശിയും നാം കണ്ടതാണ്. യു.എ.ഇ.യുടെ ചേംബര്‍ തിരഞ്ഞെടുപ്പില്‍ രണ്ട് മലയാളികള്‍ മത്സരിച്ചത് നാം അറിഞ്ഞതാണ്.

ഇവിടെയുള്ള രജിസ്‌ട്രേഡ് അസോസിയേഷനുകളിലെ തിരഞ്ഞെടുപ്പുകള്‍ നാം കണ്ടതാണ്. വീറും വാശിയും അതിരുവിടുകയും സാമ്പത്തികധൂര്‍ത്തിനും അനാരോഗ്യകരമായ പ്രസ്താവനകള്‍ക്കും വേദിയാവുകയുമാണ്.

ഇവിടെയുള്ള ശാന്തമായ അന്തരീക്ഷത്തിലേക്ക് വീറും വാശിയും കടത്തിവിട്ട് ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ അറിയാം 'വോട്ടവകാശം' വേണോ, വേണ്ടയോ എന്ന്. (എസ്.എം.എസ്. വഴിയല്ല മറ്റെന്തെങ്കിലും വഴി).

അഭിപ്രായം അറിഞ്ഞിട്ട് തീരുമാനിക്കണം. അല്ലാതെ പ്രവാസികള്‍ക്ക് ഇവിടെ നേതാക്കന്മാരില്ല. നേതൃത്വവും അധ്യക്ഷനുമില്ല. നമ്മുടെ കാര്യം തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. മറ്റുള്ളവരുടെ തീരുമാനം നമ്മില്‍ അടിച്ചേല്പിക്കാന്‍ അനുവദിച്ചുകൂടാ.

പ്രവാസജീവിതത്തിന്റെ ആകുലതകള്‍

പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ലേഖനമായും കവിതയായും പാട്ടായും സിനിമയായും മിമിക്രിയായും ഒരുപാട് പങ്കുവെച്ചതുമാണ്. എന്നിട്ടും പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും തട്ടിപ്പിനും ചതിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നാം ഇന്നും വിധേയരായികൊണ്ടിരിക്കുന്നു.

എന്താണ് പ്രവാസജീവിതത്തിന്റെ ആകുലത? ഇവിടെ ആകുലതകള്‍ പരസ്​പരപൂരിതമായി കിടക്കുകയാണ്. നാട്ടിലുള്ളവര്‍ കരുതുന്നതുപോലെയുള്ള 'സുഖ'ജീവിതം ഇവിടെയുണ്ടോ? ഭാര്യയുടെയും കുട്ടികളുടെയുംകൂടെ ഇവിടെ താമസിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, ''ഇവരെത്ര ഭാഗ്യവാന്മാര്‍'' എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍, ബാച്ചിലേര്‍സ് ലൈഫ് കാണുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യവും ......സുഖവും കാണുമ്പേള്‍ അറിയാതെ നെടുവീര്‍പ്പിടുക സ്വാഭാവികം. ഭാര്യയോടും കുട്ടികളോടുമുള്ള ഇഷ്ടക്കേടുകൊണ്ടല്ല. മറിച്ച് പുറത്തുനിന്ന് കാണുന്ന 'ഫാമിലി ലൈഫിന്റെ സുഖ'ത്തിനൊടുവില്‍ കൈയ്യിലൊന്നും മിച്ചംവരാതെ തിരികെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടുള്ള ചിന്തയാണിത്.

ഗള്‍ഫില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ പലതും ഈ സ്വപ്നഭൂമിയുടെ പറഞ്ഞുകേട്ട പൊങ്ങച്ചത്തിന്റെ മായക്കാഴ്ചകളില്‍ ഇക്കരെ കടന്നവരാണ്. ചെറുക്കനു പെണ്‍കുട്ടിയെ 'അക്കരെ കൊണ്ടുപോകാന്‍ പ്രാപ്തിയുണ്ടോ' എന്നു മാത്രമാണ് പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ രക്ഷിതാക്കള്‍ നോക്കിയിരുന്ന മാനദണ്ഡം. ഗള്‍ഫില്‍ കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ കെല്പുള്ളവന്‍ തരക്കേടില്ലാത്ത കാശുകാരന്‍ ആണെന്നാണ് വെപ്പ്. ഗള്‍ഫുകാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ഒന്നുമാത്രമാണിത്. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ 3000 ദിര്‍ഹം ശമ്പളക്കാരന്‍ ഫാമിലിയെ കൊണ്ടുവന്ന് നാട്ടില്‍ 'മാനം' കാത്ത് ഇവിടെ 'മാനം'കെട്ട പല കഥകളും ഇവിടെയുണ്ട്.

സിനിമയിലും ഫോട്ടോയിലും കഥകളിലും ചാനലിലും കണ്ട ഗള്‍ഫ് മാത്രമാണ് പെണ്‍കുട്ടികളുടെ മനസ്സില്‍. കുടുംബവുമായി ഗള്‍ഫില്‍ ജീവിക്കുന്നവര്‍ നാട്ടില്‍ വന്നാല്‍ പറയുന്ന പൊങ്ങച്ചക്കഥകളും പെണ്‍കുട്ടിയുടെ മനസ്സില്‍ ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്പലോകം നെയ്യുന്നു. ഇവിടെയുള്ള പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, നടന്മാരുടെ പ്രോഗ്രാമുകള്‍, മേല്‍ത്തരം തുണിത്തരങ്ങള്‍, കാറ്... ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്‍പം അതിന്റെ പാരമ്യതയിലെത്തുന്നു. എങ്ങനെയെങ്കിലും കെട്ടിയവന്റെ കൂടെ ഗള്‍ഫിലെത്തിയാല്‍ മതിയെന്നാവുന്നു അവള്‍ക്കും.

ഒടുവില്‍ പ്രവാസഭൂമിയിലെ പറഞ്ഞു വീര്‍പ്പിച്ച നീര്‍ക്കുമിളയുടെ പൊള്ളത്തരം. ഒടുവില്‍ ഇവിടത്തെ ജീവിതവും പരിമിതിയും നിസ്സാഹയതയും ഇവരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങും.

തറവാടിന്‍െ വിസ്തൃതിയില്‍നിന്നു നാലു ചുവരുകളിലേക്കുള്ള പറിച്ചുനടല്‍, ഒരു ഫ്‌ളാറ്റില്‍ നാലുമുറികളിലായി നാലുകുടുംബം ഭാഷയറിയാതെ...സംസാരിക്കാനാകാതെ...റൂമിന്റെ ഈര്‍പ്പത്തിലേക്ക് ഒതുങ്ങേണ്ടിവരുന്നു.

ഈ ജീവിതത്തിനിടയില്‍ ഗള്‍ഫ് ഭാര്യയെന്നുള്ള പദവി നിലനിര്‍ത്തേണ്ട ബാധ്യത തന്നിലാണെന്ന ബോധം ഇവള്‍ സ്വയം എടുത്തണിയും. നാട്ടില്‍നിന്നുള്ള വിളിക്ക് ഇല്ലാക്കഥകളുടെ പൊലിമ പെരുപ്പിച്ച് കാട്ടാന്‍ ഒരാള്‍കൂടിയാവുന്നു. അവളുടെ ഫോണ്‍ സംഭാഷണം കേട്ട് രക്ഷിതാക്കള്‍ സംതൃപ്തിയോടെ അനുജത്തിക്ക് ഒരു ഗള്‍ഫുകാരനെ മനസ്സില്‍ കുറിച്ചിട്ടുണ്ടാവും.... ഈ ചങ്ങല അറ്റുപോകാതെ....ഇപ്പോഴും തുടരുന്നു.

ഒരുകാര്യം തറപ്പിച്ചു പറയാം. ഞാനടക്കമുള്ള സ്ത്രീകള്‍ ഈ ഒരൊറ്റക്കാര്യത്തില്‍ അസൂയയും കുശുമ്പും തെല്ലും കാണിക്കാറില്ല. ഗള്‍ഫിലുള്ള മറ്റു സുഹൃത്തുക്കളുടെ ജീവിതത്തെക്കുറിച്ച് പരമസുഖമെന്നേ പറയൂ. കാരണം നമ്മളുടേത് അതിലും കഷ്ടമാണ്. ഈ കാര്യത്തില്‍ ഞങ്ങള്‍ ഒരുമയോടെ നില്‍ക്കുന്നു.

അടുക്കളയില്‍ അറിയാവുന്നത് ഉണ്ടാക്കുമ്പോള്‍ മറ്റൊരുമുറിയില്‍ നിന്നും ചോദ്യമുയരും, 'ജമീലാ ഇന്നും പരിപ്പാണൊ' എന്ന്. തറവാട്ടില്‍ ഒരുപാട് പേര്‍ ഒരുമിച്ചൊരു അടുക്കളയില്‍, അതുകൊണ്ട് തന്നെ സ്വന്തമായി പാകം ചെയ്യാന്‍ പഠിച്ചിട്ടുമില്ല. പുസ്തകം നോക്കി പരീക്ഷിക്കുന്നതിനിടെ എണ്ണയില്‍ തീകയറും, പിന്നെ നാലുമുറികളിലുമുള്ളവര്‍ ഓടിയെത്തും. ഉപദേശം, ശകാരം, പേടിപ്പിക്കല്‍... മടുത്തുപോകും, ആറുദിവസം തള്ളിനീക്കിയാല്‍ ആശ്വാസമായി അവധിയെത്തും.

ആറു ദിവസം തള്ളിനീക്കിക്കിട്ടുന്ന ഒരവധി ദിവസം, വൈകുന്നേരം ഒന്നു പുറത്തുപോയിവന്നാല്‍ കഴിഞ്ഞു, പിന്നെ ഒരാഴ്ചയുടെ കാത്തിരിപ്പ്.

അസഹ്യമായ ഒറ്റപ്പെടലിന്റെ നാളുകളാണ് പിന്നെ. ഓഫീസ് കഴിഞ്ഞുവരുന്ന ഭര്‍ത്താവിനു നേരത്തേ കിടക്കണം, കുളികഴിഞ്ഞാല്‍ ടി.വി.യുടെ മുന്നിലിരിക്കും... വാര്‍ത്ത കേള്‍ക്കാന്‍...ഭാര്യയെയും വിളിക്കും. രാവിലെ മുതല്‍ മണിക്കൂര്‍ ഇടവിട്ട് പല ചാനലിലെ വാര്‍ത്തകള്‍ കേട്ട് മനംമടുത്തിരിക്കുന്ന ഭാര്യയുടെ വിഷമം ആരറിയാന്‍?

ഇനി ഒരിക്കല്‍ക്കൂടി വാര്‍ത്തകേട്ടാല്‍ ഛര്‍ദ്ദില്‍ വരും. പുറത്തിറങ്ങാന്‍ കഴിയില്ല. ഒരു മുറിയില്‍നിന്ന് മറ്റു മുറിയുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവകാശമില്ല. അത് ഷെയര്‍ ഫാമിലിയുടേതാണ്. ശരിക്കും ഇതാണ് നിസ്സഹായത. പറഞ്ഞറിയിക്കാന്‍ കഴിയാതെ ദുരവസ്ഥ.

ഭര്‍ത്താവിനോട് പരാതിയോ പരിഭവമോ പറയാന്‍ ശ്രമിക്കാതെ ഒരു മുറിയില്‍ ഒരുപാട് നാള് ഒറ്റയ്ക്ക് കഴിയേണ്ടിവന്നവരില്‍ അര്‍ന്തര്‍മുഖികളായിപ്പോയ പലരുമുണ്ട്. ടി.വി.യുടെ ശബ്ദവും കുട്ടികളുടെ കളിയൊച്ചയും ഒടുവില്‍ അസഹ്യമായ ശല്യമായി തോന്നിപ്പോകും.

ഈ ജീവിതത്തിനിടയില്‍ നാം ചിന്തിക്കേണ്ടത് മറ്റൊരു വിഷയമാണ്. എത്ര കഴിവുള്ള പെണ്‍കുട്ടികളെ പലരും ഭാര്യമാരാക്കി ഇവിടെ കൊണ്ടുവന്നിരിക്കുന്നു. യൂണിവേഴ്‌സിറ്റി തലത്തിലും സ്‌കൂള്‍ യുവജനോത്സവ വേദികളിലും കഴിവുതെളിയിച്ചവരും കലാപ്രതിഭയായവരും ഇവിടെയുണ്ട്.

സംഗീതം വര്‍ഷങ്ങളോളം പഠിച്ചവരുണ്ട്. സംഗീതം പഠിപ്പിച്ചവരുണ്ട്. നൃത്തം അഭ്യസിച്ചവരുണ്ട്. കലാരൂപങ്ങള്‍ തുന്നുന്നവരുണ്ട്. ചിത്രരചന ജീവിതത്തിന്റെ ഭാഗമാക്കിയവരുണ്ട്.

സാഹിത്യത്തില്‍ നല്ല രചന നടത്തിയവരുണ്ട്. ഇവരില്‍ എത്രപേര്‍ ഇവിടെ തന്റെ കലാപരമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്? ഒരുശതമാനംപോലും ഉണ്ടാവില്ല.

അധ്യാപക യോഗ്യതയുള്ള പെണ്‍കുട്ടികള്‍പോലും വെറുതെയിരിക്കുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കാന്‍ എളുപ്പമല്ല,
അതിന് ഭര്‍ത്താക്കന്മാര്‍ താത്പര്യമെടുക്കാമുമില്ല. നാലുചവരുകള്‍ക്കുള്ളിലെ ജീവിതത്തിനിടെ ദുര്‍മേദസ്സുവന്ന് ഒന്നിനും കഴിയാതെ എല്ലാ വിധത്തിലും ഒതുങ്ങി സ്വയം നമ്മെ ഒരു മൂലയ്ക്കിരുത്തി.

ഇതിനൊക്കെ അവസരങ്ങള്‍ കൊടുക്കേണ്ട സംഘടനകളും സ്റ്റേജുകളും ഇവിടെ ധാരാളമുണ്ട്. ആഴ്ചയ്ക്ക് കലാപരിപാടികള്‍ നടത്താറുമുണ്ട്. 'മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്' എന്ന മട്ടില്‍ ഇഷ്ടക്കാര്‍ക്കും അവരുടെ മക്കള്‍ക്കും ംാത്രമാണ് ഇവിടെ അവസരം. ഈദായാലും ഓണമായാലും ക്രിസ്തുമസ്സായാലും ഇവര്‍തന്നെയാണ് ഗായകരും നര്‍ത്തകരും ഒപ്പനക്കാരും നടീനടന്മാരും.

ഉള്ള അസോസിയേഷനുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. ഈ മേഖലയെ തുറന്ന വേദിയാക്കി മാറ്റാന്‍ ഇവര്‍ ശ്രമിക്കാത്തത് പല നേട്ടങ്ങളും അധികാരവും നഷ്ടപ്പെടുമെന്നുള്ള ഭയംകൊണ്ടുതന്നെയാണ്.

പ്രാദേശിക റേഡിയോകളില്‍ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിക്കുന്ന പലരും നല്ല ഗായകരാണ്. ഇത്രയും നന്നായി പാടാന്‍ കഴിയുന്ന ഈ മത്സരാര്‍ഥികളെ ഗള്‍ഫിന്റെ ഒരു വേദിയിലും കാണാറില്ലെന്നുമാത്രം.

കഴിവുള്ളവര്‍ക്ക് പുറത്തുവരാന്‍ നാം അവസരം ഉണ്ടാക്കിക്കൊടുക്കണം. പ്രാദേശിക കൂട്ടായ്മയിലെങ്കിലും സജീവമാവുകയും അടക്കിവെച്ചിരിക്കുന്ന കഴിവുകള്‍ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നതിലൂടെ ഇവര്‍ക്ക് ഒറ്റപ്പെടുന്നതിന്റെ ചിന്തയില്‍നിന്ന് പുറത്തുകടക്കാം. അസോസിയേഷനുകളുടെ 'സ്ഥിരം കലാകാരന്മാരെ' കാണുന്നവര്‍ക്ക് രക്ഷപ്പെടുകയുമാകാം.

വാല്‍ക്കഷ്ണം:- കുറിപ്പുകളില്‍പ്പെടാത്ത ഒരു സമ്പന്നവര്‍ഗം ഗള്‍ഫിന്റെ എല്ലാ സുഖശീതള അന്തരീക്ഷത്തില്‍ ജീവിക്കുന്നുണ്ട്. പ്രതിപാദിച്ച വിഷയങ്ങളിലൊന്നും അവര്‍ ഉള്‍പ്പെടില്ല. ശരാശരി പ്രവാസിയുടെ പ്രശ്‌നങ്ങള്‍ മാത്രമാണിത്. ഞാനടക്കമുള്ളവരുടെ നേര്‍കാഴ്ചകളാണ്. അതുകൊണ്ട് കുറഞ്ഞ ശതമാനമുള്ള ഉപരിവര്‍ഗ കുടുംബങ്ങള്‍ നെറ്റിചുളിക്കേണ്ടതില്ല... പ്ലീസ്....

മാധ്യമങ്ങളേ നിങ്ങള്‍ക്ക്‌ ലജ്ജതോനുന്നില്ലേ

അലസനായൊരു പ്രവാസിയുടെ അവധിദിനങ്ങള്‍ റ്റെലിവിഷനുമുമ്പില്‍ കുരുതികൊടുക്കാനുള്ളതാണ്‌. അപ്പോള്‍ മലയാളം ചാനലുകളിലെ ലൈവ്‌ ന്യൂസുകളില്‍ റിമോര്‍ട്‌ ബട്ടന്‍ ഉടക്കിനില്‍ക്കുന്നത്‌ സ്വാഭാവികം.

ലൈവായി പുറംതള്ളുന്ന (വിസര്‍ജിക്കുന്ന - എന്നു മാന്യമായ തര്‍ജമ) ഇപ്പോഴുള്ള "ഞെട്ടിക്കുന്ന" വാര്‍ത്തകള്‍, നവസാക്ഷരര്‍ക്കു പോലും വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നതല്ല. അതിനായി കേരളത്തിന്റെ സാമൂഹിക മനശ്ശാസ്ത്രത്തില്‍ വലിയ പാണ്ഡിത്യം ആവശ്യമില്ല, കഴിഞ്ഞ 15-20 വര്‍ഷങ്ങളായ്‌ നമ്മുടെ അയല്‍പക്കങ്ങളില്‍ വന്ന പെരുമാറ്റം നേരിട്ടുശ്രദ്ധിച്ചാല്‍ മതി.

മാധ്യമങ്ങളേ - നിങ്ങള്‍ക്ക്‌ ലജ്ജതോനുന്നില്ലേ ? മുഴത്തിനു നീളത്തില്‍ മുന്നൂറു ലേഖകര്‍ "തല്‍സമയം" കാണിക്കാന്‍ പ്രാപ്തരായ്‌ നില്‍ക്കുന്നതിനിടയിലാണ്‌ ഇതെല്ലാം സമ്പവിച്ചിരുന്നത്‌. വലത്‌, ഇടത്‌, സംഘപരിവാര്‍, ന്യൂനപക്ഷം, ഭൂരിപക്ഷം, നായര്‍, ഈഴവന്‍, ദളിതന്‍, സഭാവിശ്വാസി, ഹവാല, തലവരി, യുവജനപ്രസ്ഥാനം, ക്വട്ടേഷന്‍, ബ്ലൈഡ്‌.... ഈ രക്തത്തിലൊന്നും പങ്കില്ലാതെയാണോ തീവ്രവാദം കേരളത്തില്‍ അവതരിച്ചത്‌ ? നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ വിശ്വസിക്കാന്‍ തയ്യാര്‍ !

കേരളത്തിന്റെ തൊലിപ്പുറമെ മാത്രം വാര്‍ത്തകള്‍ തേടിയ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമണ്‌ ഇതെല്ലാം "ഞെട്ടിക്കുന്ന" വാര്‍ത്തകളാകുന്നത്‌. ഷെല്ലാക്രമണങ്ങളുടേയും, കാര്‍പറ്റ്‌ ബോമ്പിങ്ങിന്റേയും ഇടയില്‍ നിന്നു വാര്‍ത്തകള്‍ ലോകത്തെ അറിയിച്ചവരുണ്ട്‌, നമ്മുടെ കപടമുഖത്തേക്ക്‌ അഴുകിതുടങ്ങിയ സാമൂഹിക യാധാര്‍ഥ്യങ്ങളെ വാരിയെറിഞ്ഞവരുണ്ട്‌.... അതെല്ലാം ഉന്നതലക്ഷ്യങ്ങള്‍ക്കായ്‌ മാധ്യമങ്ങളെ ഉപയോഗിക്കുകയായിരുന്നു..... പക്ഷെ, നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്‌ അന്യേഷണാത്മക പത്രപ്രവര്‍ത്തനം എന്ന പേരില്‍ ലഭിച്ച പരിശീലനം, കക്ഷിരാഷ്ട്രിയത്തിലെ കൂട്ടികൊടുപ്പും, പെണ്‍ വാണിഭ ഇടങ്ങളിലേക്കുള്ള ഒളിച്ചു നോട്ടവുമാണല്ലോ !

നിങ്ങളുടെ ഈ പാരമ്പര്യ ജീനുകളെ നശിപ്പിക്കേണ്ടതുണ്ട്‌; സമൂഹം നിങ്ങളുടെ രക്തത്തില്‍ രാജ്യസ്നേഹവും, ചെയ്യുന്ന ജോലിയില്‍ അന്തസ്സും ഈ സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നു. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കി രാജ്യത്തിന്റെ അഖണ്ഡത ശിധിലമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ശക്തികള്‍ക്കെതിരായി ഭരണകൂടവും, പോലീസും, കോടതിയും പ്രവര്‍ത്തിക്കുന്ന നിര്‍ണായകനിമിഷങ്ങളില്‍, മാധ്യമങ്ങളേ - നിങ്ങളില്‍ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നത്‌, കേസന്യേഷണത്തിലും, തെളിവെടുപ്പിലും തടസം സൃഷ്ടിച്‌, അതിരുകടന്ന ചാനല്‍ ചര്‍ചകളിലൂടെ (ക്വട്ടേഷന്‍ ചര്‍ച്ചക്കാര്‍ !) പ്രോസിക്യൂഷന്‍ വാദങ്ങളെ കോടതിയില്‍ ദുര്‍ബലപ്പെടുത്താന്‍ ഇടവരുതരുത്‌ എന്നാണ്‌.

രാജ്യരക്ഷയുടെ വിഷയങ്ങളിലെങ്കിലും, നിങ്ങളുടെ ഒളിഞ്ഞുനോട്ട മനോരൊഗവൈകൃതങ്ങളില്‍ ഞങ്ങളെ പങ്കാളിയാക്കാതിരിക്കുക.