ചൊവ്വാഴ്ച, മാർച്ച് 30, 2010

ഗള്‍ഫുപുരാണം

ഞാന്‍നിങ്ങളുടെ റഫീഖ്, നാട്ടിലേക്കു പറക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഉണങ്ങി വരണ്ട മരുഭൂമിയോളം വരില്ല എങ്കിലും മോശ മല്ലാത്ത വരണ്ട പ്രതിക്ഷകളും മനസ്സില്‍ ഏറ്റിയാണ് യാത്ര. പക്ഷെ നിറവാര്‍ന്ന സുഹൃത്ത് ബന്ധങ്ങളും, പരപ്പാര്‍ന്ന അനുഭവ സമ്പത്തും എനിക്ക് കൈമുതലായുണ്ട്‌. മരുഭൂമിയില്‍ ശരിക്കും പൊന്നു വിളയുന്ന കാലം, ഗള്‍ഫ്‌ രാജ്യങ്ങള്‍ എണ്ണയുടെ സുലഭ്യതയാല്‍ അടിവച്ചു മുന്നേറുന്ന കാലം. കഷ്ടപ്പെട്ടു ഞാന്‍, പല ജോലികളും മാറി മാറി പരിക്ഷിച്ചു, ബിസിനെസ്സുകള്‍ പലതും ചെയ്തു. അത്യാവശ്യം ജീവിക്കാനുള്ളതൊക്കെ സമ്പാദിച്ചു. എന്നുവെച്ച്‌ ഞാന്‍ ഒരു പണക്കാരനായി എന്നര്‍ത്ഥമില്ല.
ഗൃഹാതുരത്തത്തിനു ഒരു അറുതി ക്കായി മലയാളം ചാനലുകളും മറ്റു സന്നദ്ധ സംഘടനകളുടെ കല പരിപാടികളുമൊക്കെ ഉണ്ടായിരുന്നു. മലയാളികള്‍ ഏറെ ഉള്ള ഈ മറുനാട്ടില്‍ സുലഭമായ നാടന്‍ ഭക്ഷണങ്ങളും നാട്ടില്‍ തന്നെയുള്ള പ്രതിതി ജനിപ്പിച്ചു. ചുരുക്കം പറഞ്ഞാല്‍ ഗള്‍ഫ്‌ എനിക്കൊരു രണ്ടാം വീട് തന്നെ ആയിരുന്നു .
കാര്യങ്ങളൊക്കെ വിചാരിച്ചത് പോലെ തന്നെ, പാസ്പോര്‍ട്ടും ടിക്കറ്റ്‌ ഉം ഒക്കെ തയ്യാറായിട്ടുണ്ട്‌ . പോകുന്ന ദിവസം ചിന്തിച്ചു ഞാന്‍ റൂമില്‍ തന്നെ വിശ്രമിച്ചു. ഏറ്റവും ചെറിയ രീതിയില്‍ പരിചയമുള്ളവരെ പോലും ഫോണില്‍ വിളിച്ചു യാത്ര പറഞ്ഞു. കെട്ടിവച്ച ലഗ്ഗേജ്ഉകള്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് വീണ്ടും തൂക്കി നൂക്കുന്നത് എന്റെ ഒരു ശീലമായി തീര്‍ന്നു. പെട്ടി പൊട്ടിച്ചു സാധനങ്ങള്‍ സ്വന്തക്കാര്‍കും കൂട്ടുകാര്‍ക്കും ഒക്കെ കൊടുക്കുമ്പോള്‍ അവരുടെ സന്തോഷം ആലോചിച്ചു സന്തോഷിക്കുന്നത് ഞാന്‍ ഒരു ചര്യആക്കിമാറ്റി കുന്നുംപുറത്തെ അഷ്റഫ്വും, തോന്നക്കലത്തെ നാസര്‍ ഒക്കെ എവിടെ ആണോ എന്തോ? അവരൊക്കെ ഒന്നിച്ചു പുഴവക്കത്തൊരു കബഡി കളി ശേഷമുള്ള മുങ്ങി കുളി..സ്വപ്‌നങ്ങള്‍ ഏറി വരുന്നു.. മനസിനെ പിടിച്ചാല്‍കിട്ടുന്നില്ല..
ദിവസം അടുത്തു..നാളെയാണ് യാത്ര. ഹൃദയമിടിപ്പിന്റെവേഗത കൂടിയോ..അതോ മനസ്സിന്റെ താളം തെറ്റുന്നോ എന്തെന്നില്ലാത്ത ഒരവസ്ഥ. "റഫീഖ് മരുന്ന് പെട്ടി എടുക്കാന്‍ മറക്കണ്ടാ" സുലൈമാന്റെ വക സ്നേഹ പൂര്‍വമായ ഓര്‍മ പെടുത്തല്‍. അല്ലെങ്കിലും ഒരു പ്രവാസിക്കും മറക്കാം കഴിയുന്നതല്ലല്ലോ തന്റെ ജീവ താളത്തെ നിയന്ത്രിക്കുന്ന ആ മരുന്ന് പെട്ടി. ആദ്യം തുടങ്ങിയത് കൊളസ്ട്രോള്‍ ആയിരുന്നു, രണ്ടു വര്‍ഷത്തിനകം പഞ്ചാരയിലെത്തി അതിനു ശേഷം ഉപ്പും പുളിയും പഞ്ചാരയുമില്ലാത്ത ഒട്ടും നിറങ്ങളില്ലാത്ത ജീവിതം. ജോലി കഴിഞ്ഞു അര്‍ദ്ധ രാത്രിയില്‍ വേച്ചു വേച്ചുല്ല നടത്തം. ഹോ ചിന്തിക്കുമ്പോള്‍ തന്നെ മടുപ്പുള്ള ജീവിതം. ഇപ്പോള്‍ ഞാന്‍ ആരോഗ്യവാനാണ്, സന്തുഷ്ടനും കാരണം ശരീരത്തില്‍ നിന്ന് പതിനഞ്ച് കിലോ കുറഞ്ഞപ്പോള്‍ അതും കൊണ്ട് എവിടെയും പോകാം എന്തും ചെയ്യിക്കാം എന്ന അവസ്ഥ. ഇനി അതുമിതും ചിന്തിച്ചു നേരം വൈകിച്ചാല്‍ നാളെ യാത്രയ്ക്കു ക്ഷിണം ആകുമെന്ന് കരുതി ഞാന്‍ ഉറങ്ങാന്‍ കിടന്നു. പല പല ചിന്തകളില്‍ കുടുങ്ങി എപ്പോഴോ മയങ്ങി പോയി....
സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. കുളിമുറിയില്‍ കേറാനുള്ള സ്ഥിരം പോരാകും എന്ന് ഞാന്‍ മനസ്സില്‍ കയറി. സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഒച്ച കൂടി വന്നു, ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു, ആ രംഗം കണ്ടു ഞാന്‍ സ്തബ്ദനായി..സുലൈമാന്‍ കട്ടിലില്‍ കമന്നു കിടക്കുന്നു...ഒരു തോളും കൈയും പുറത്താണ് ..അബ്ദുല്‍ ഖാദര്‍ സുലൈമാനെ കുലുക്കി വിളിക്കുന്നുണ്ടെങ്കിലും ഒരു അനക്കവുമില്ല....ഞാന്‍ പെട്ടെന്ന് തന്നെ മലര്‍ത്തി കിടത്തി നാടി പിടിച്ചു നോക്കി..ഞാന്‍ വികാരധിനനായി വിതുമ്പി..പ്രാണന്‍ ദേഹം വിട്ടിട്ടു സമയം ഏറെ ആയിരിക്കുന്നു. കാല്‍ തളര്‍ന്നു വീഴാന്‍ തുടങ്ങിയ എന്നെ അബ്ദുല്‍ ഖാദര്‍ കട്ടിലില്‍ പിടിച്ചിരുത്തി. ഏറെ താമസിയാതെ തന്നെ ഫോണ്‍ കാള്‍ കളുടെയും ആളുകളുടെയും ബഹളത്താല്‍ റൂം നിറഞ്ഞൊഴുകി. എപ്പഴോ പോലീസ് എത്തി ബോഡി കൊണ്ട് പോയി. ശരിക്കും ആരും കടന്നു പോകാന്‍ ആഗ്രഹിക്കാത്ത മുഹൂര്‍ത്തങ്ങള്‍ ..ഞാന്‍ തളര്‍ന്നു തരിപ്പണമായി....
എത്രയോ ദിവസങ്ങള്‍ മനസ്സില്‍ കരുതി വച്ച ആ സമയം ആണ് കടന്നു പോകുന്നത്..എന്റെ വിമാനത്തിന്റെ സമയം ...ഈ അവസ്ഥയില്‍ നാട്ടില്‍ പോയിട്ട് റൂമിന്റെ വെളിയില്‍ ഇറങ്ങാനുള്ള ശക്തി പോലും എനിക്കില്ല..
മനുഷ്യന്‍ ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു....ജീവിതമാകുന്ന പ്രഹെളികയില്‍ നമ്മുടെ ഒക്കെ ചെറിയ ചെറിയ ആശകള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും എന്ത് പ്രസക്തി ...അതിലുപരി എന്റെ സ്നേഹിതന്റെ ആകസ്മിക വിയോഗം ..ചിലപ്പോള്‍ അവന്‍ രാത്രിയില്‍ സഹായത്തിനു വല്ലതും അപേക്ഷിചിട്ടുണ്ടാകുമോ..നിദ്രയുടെ നിശബ്ദദയുടെ അബോധാവസ്ഥയില്‍ അത് കേള്‍ക്കാന്‍ കഴിയാഞ്ഞതാകുമോ ഒന്നും അറിയില്ല..പ്രേതേകിചു ഒരസുഖവും അവനുണ്ടായിരുന്നില്ല..ഒരു പക്ഷെ ഒരസുഖത്തിനും ചികിത്സ തേടിയില്ല എന്നതോ ഒരിക്കല്‍ പോലും തന്റെ ശരിര പരിശോധന നടത്തിയിട്ടില്ലെന്നുള്ളതോ ആകാം സത്യം.

ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിആയിരുന്ന അവന്റെ വിയോഗത്തില്‍ സഹായഗസ്തവുമായി സംഘടന പ്രവര്‍ത്തകര്‍ പല പല കാര്യങ്ങളില്‍ മുഴുകി. ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ നാട്ടിലെ രാഷ്ട്രിയകാരെക്കള്‍ എത്രയോ ഉയരത്തിലാണെന്ന് തോന്നി. എനിക്കുമോരവസരം കിട്ടിയാല്‍ ഞാനും ഇവരെപ്പോലെ എന്തെങ്കിലുമൊക്കെ ചെയ്യും ഞാന്‍ ഉറപ്പിച്ചു. ദിവസങ്ങള്‍ കൊഴിഞ്ഞു ആരവങ്ങളും ബഹളങ്ങളും നിലച്ചു, വീണ്ടും ഒരു യാത്രക്കായി ഞാന്‍ മനസ്സിനെ പാകപെടുതുന്നു, പറന്നുയരുന്ന വിമാനങ്ങള്‍ കാണുമ്പോള്‍ ഒരു ദിനം ഞാനും അതില്‍ സഞ്ചരിക്കും എന്ന പ്രത്യാശ മാത്രം..ആ ദിവസങ്ങള്‍ക്കായി കണ്ണും നട്ടു ഞാന്‍ - നിങ്ങളുടെ അബ്ദുള്‍ റഫീഖ്..........

തിങ്കളാഴ്‌ച, മാർച്ച് 29, 2010

പ്രവാസികളുടെ കഥ

ഇനി നമ്മള്‍ ചെയ്യേണ്ടത് ഗള്‍ഫിലെ സംഘടനകള്‍...ഗ്രൂപ്പ് തിരിച്ച്...പാര്‍ട്ടിതിരിച്ച്...ബജറ്റിനെ സ്വാഗതം ചെയ്യാം.. നിരാശജനകമായ ബജറ്റെന്ന് മുറ വിളികൂട്ടാം... പത്രത്താളുകളില്‍ സംഘടനകളുടെ പ്രമേയങ്ങള്‍ കൊണ്ട് മുഖരിതമാവും...

വോട്ടവകാശത്തിന്റെ ഒരു വാക്ക്...രാഷ്ട്രപതി സൂചിപ്പിച്ചത് കാരണം... നമുക്ക് എല്ലാമായി.. നാല് പതിറ്റാണ്ടിന്റെ കുടിയേറ്റം കൊണ്ട്... നാം നേടിയെടുത്ത ഒരവകാശമായി നമുക്ക് കൊട്ടിഗ്‌ഘോഷിക്കാം.. ആന്ദലബ്ദിക്കിനി എന്ത് വേണം....

കേന്ദ്രബജറ്റിലും... കേരള ബജറ്റിലും...പ്രവാസികള്‍ക്ക്... എന്ത് നീക്കിയിരിപ്പ് ബാക്കി വെച്ചിട്ടുണ്ടാവും.. എന്ന് ഊഹിക്കാന്‍ കവടി നിരത്തേണ്ട കാര്യമില്ല... റെയില്‍ ബജറ്റ് പ്രഖ്യാപിക്കേണ്ടതിന്റെ എത്രയോ മുന്‍പ്....നമുക്ക് കിട്ടിയേക്കാവുന്ന...അല്ലെങ്കില്‍ കിട്ടുമെന്ന് പത്ര - ടിവി- ലേഖകന്‍ മാത്രം കണ്ടുപിടിച്ച.. ഒരുപാട് റെയില്‍വേ... വികസന പ്രഖ്യാപനങ്ങള്‍...വെറും കടലാസിലും കാഴ്ചയിലും ഒതുങ്ങി.. നമുക്ക് ഒരു സഹ റെയില്‍വേ മന്ത്രി ഉണ്ടായിട്ട്‌പോലും .. അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയൊ.....? ചിലപ്പോള്‍ ഇതെങ്കിലും കിട്ടിയത് അദ്ദേഹത്തിന്റെ 'ശ്രമഫലം കൊണ്ടാവുമോ? ആവോ... അറിയില്ല... പക്ഷേ നമ്മള്‍ ഒരു പാട് ആഗ്രഹിച്ച് പോയി.. മോഹിച്ച് പോയി... നമ്മളെ മോഹിപ്പിക്കാന്‍ ചാനലുകള്‍ മത്‌സരിക്കുകയല്ലെ... ഇതൊക്കെ കണ്ട്... മതി മറന്ന് പോയ സഭാ.. ജനങ്ങള്‍ നിരാശരായി..... അത് സത്യമാണ്.... ഇനിയുള്ള കാലം നിരാശരാവാന്‍ വേണ്ടി മാത്രം... ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കാര്യം മഹാകഷ്ടമാണ്.

കേരള ബജറ്റിലാണൊ... പ്രവാസികള്‍ ശ്രദ്ധ കൊടുക്കേണ്ടത്.....കണ്ടറിയാം...ഒരു കാര്യം ഉറപ്പിച്ച് പറയാം ശ്രീമാന്‍ അച്ച്യുതാനന്ദന്‍... നമ്മുടെ മുഖ്യമന്ത്രി... അദ്ദേഹത്തിന് ധൈര്യമായി ഭരണത്തില്‍ നിന്ന് കാലാവധി തികച്ച് ഇറങ്ങി പോകാം.. പ്രവാസികുടെ ഒരു ശാപവും അങ്ങേയ്ക്ക് ഉണ്ടാവില്ല. അങ്ങ് മാത്രമാണ് ഇവിടെ വന്ന് ഞങ്ങള്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ച് പോകാത്ത മുഖ്യമന്ത്രി ഇത് വരെ ഇവിടെ വരാത്തതിന് നന്ദി... അങ്ങ് ഇവിടെ വന്ന് ഞങ്ങളുടെ കാര്യങ്ങള്‍ 'മനസ്സിലാക്കി' വല്ലതും ചെയ്യാന്‍ പറ്റാതെ വന്നാല്‍ അത് ഞങ്ങള്‍ക്ക് വല്ലാത്ത വിഷമം സൃഷ്ടിക്കുമായിരുന്നു... അങ്ങ് വന്നില്ല.. ഈ കണ്ടകാലമത്രയും.. മറ്റു മുഖ്യമന്ത്രിമാരുടെ പാത അങ്ങും പിന്തുടരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ ഞങ്ങള്‍ക്ക് ഗുണം ചെയ്യും.. നമ്മള്‍ ശപിക്കുന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ അങ്ങയുടെ പേരില്ല.

സി.എച്ച് മുഹമ്മദ് കോയ മുതല്‍... എ.കെ ആന്റണി വരെ ഇവിടെ മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട് എന്നാണറിവ്....പലരും... ഒരുപാട് വാഗ്ദാനങ്ങള്‍...സല്‍കിയിട്ടുമുണ്ട്. പാലിക്കാന്‍ കഴിയാത്ത് അവരുടെ കുറ്റമായി നമ്മള്‍ കരുതിയിട്ടില്ല.....പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുമായി.. ക്രെഡിറ്റ് കാര്‍ഡിന്റെ, ഷുഗറിന്റെ, പ്രഷറിന്റെ, കൊളസ്‌ട്രോളിന്റെ... പ്രയാസങ്ങള്‍ക്ക് നടുവില്‍ പ്രയാസപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ ശീലിച്ച് കഴിഞ്ഞു. ഇനി ചിലപ്പോള്‍ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാന്‍ ഒരു പ്രവാസിക്കും കഴിയാതെവരുമൊ?.

കൊളസ്‌ട്രോള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് കൊഴുപ്പുള്ള ഭക്ഷണ രീതികൊണ്ടും.. വ്യായാമകുറവ് കൊണ്ടുമാണെന്നാണ് മെഡിക്കല്‍ വിദഗ്ദര്‍ പറയുന്നത്... അത് കൊണ്ടല്ല.. എന്ന്....ഞങ്ങള്‍ പ്രവാസികള്‍ ജീവിതം കൊണ്ട് സമര്‍ഥിക്കുകയാണ്.... ഉണക്ക കുമ്പൂസിലും.. കടുംചായയിലും.... എവിടെയാണ് കൊസ്‌ട്രോള്‍...ചാപ്പാത്തിയിലും....പരിപ്പിലും എവിടെയാണ് കൊളസ്‌ട്രോള്‍ 12 മണിക്കൂര്‍ പൊരിവെയിലില്‍ ഒലിച്ചിറങ്ങുന്ന വിയര്‍പ്പില്‍ തളര്‍ന്ന്‌പോകാന്‍...ഒരാള്‍ എത്രകാതം നടക്കണം. അതി കഠിനമായി ജോലി ചെയ്യുന്ന ഒരു ശരാശരി തൊഴിലാളിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം അവരുടെ ഭക്ഷണ രീതി ശ്രദ്ധിക്കണം.. അവര്‍ക്കുമുണ്ട് കൊളസ്‌ട്രോള്‍...പ്രഷര്‍......ഷുഗര്‍...ഇത് ഇവിടെ മാത്രം കാണുന്ന പ്രതിഭാസമാവുമൊ...?.

പറയുമ്പോള്‍ ഗള്‍ഫില്‍ ഒരു പാട് ഫാസ്റ്റ് ഫുഡ് കമ്പനികളുണ്ട്..ശരാശരിക്കാരന്‍ പിസയും ബര്‍ഗറും കെ.എഫ്.സിയും മക് ഡൊണാഡ്‌സുമൊന്നും ആഹാര ശീലമാക്കുന്നില്ല. ആഗ്രഹിമില്ലാഞ്ഞിട്ടല്ല. കാശില്ലാഞ്ഞിട്ടാണ് എന്നിട്ടും...രോഗം പിടിപെടുന്നത് എന്ത് കൊണ്ടാണ്.

പഠനങ്ങള്‍ നടത്തേണ്ടവര്‍ മിഡില്‍ ക്ലാസ്സുകാരെ മാത്രം ശ്രദ്ധിക്കുന്നു. താഴെക്കിടയിലുള്ള വരെ പഠന വിഷയമാക്കുന്നില്ല.

പ്രവാസികളുടെ തിരിച്ച് പോക്കില്‍ ആശങ്കപ്പെടുന്നവര്‍ ശാരീരീക അസ്വസ്ഥതകള്‍ മനസ്സിനെയും ശരീരത്തെയും ബാധിച്ചവരാണ്...ഇവരൊന്നും...ഭക്ഷണ രീതികൊണ്ടൊ...വ്യായാമ കുറവു കൊണ്ടൊ....രോഗം ഏറ്റുവാങ്ങിയവരല്ല. മറിച്ച് കൃത്യമായ ഭക്ഷണ സമയമൊ... പോഷണമുള്ള ഭക്ഷണ ക്രമീകരണമോ... പ്രതീകൂല സാഹചര്യങ്ങള്‍ക്കനുസൃതമായ ഭക്ഷണ രീതികളൊ അവലംബിക്കാന്‍ കഴിയാത്തവരാണ്.. സാഹചര്യങ്ങളുടെ ദുരവസ്ഥകൊണ്ട് ചിട്ടകള്‍ തെറ്റിയവരാണ്.... റൂമില്‍ ഭക്ഷണം വെച്ചുണ്ടാക്കാന്‍ കഴിയാത്തതും ഹോട്ടല്‍ ഭക്ഷണത്തിന്റെ 'രുചി:' അറിഞ്ഞവരും ഇതില്‍പ്പെടും.

ഹോട്ടലുകാരുടെ ഭക്ഷണവില ഗള്‍ഫ് മേഖലകളില്‍ അനുദിനം വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം ഭക്ഷണത്തിനും റൂമിനും തികയാതെ വന്നു.

ഇതിനിടയിലാണ് ഗള്‍ഫില്‍ സുലഭമായി ലഭിച്ച് കൊണ്ടിരുന്ന ' മൊട്ടചാവലും' 'സരിക് ചാവലും' ഇന്ന് പല ഹോട്ടലുകാരും നിര്‍ത്തലാക്കി...ഒരു ചോറും നാല്തരം കറിയും വിളമ്പി കിട്ടുന്നതിനേക്കാള്‍ ഇരട്ടിതുക കിട്ടും ബിരിയാണിയും, സാന്റ്‌വിച്ചും, ബര്‍ഗറും എന്നതിലേക്ക് മാറി കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും മാറ്റി അറബിക്ക് സ്‌റ്റൈയിലേക്കും, ചൈനീസ് സ്‌റ്റെയിലേക്കും ഫാസ്റ്റ് ഫുഡ് മേഖലയിലേക്കും മാറി....മലയാളികള്‍ സ്വന്തം പോലെ കരുതിയിരുന്ന പല ഭക്ഷണവും ഇന്ന് ഹോട്ടലുകള്‍ ഉപേക്ഷിച്ചു... പ്രവാസികളുടെ കുടിയേറ്റ കാലത്ത് ആശയും ആശ്രയവുമായിരുന്ന പല 'മക്കാനി' കളും പുതു തലമുറയുടെ ഫുഡിലേക്ക് ചുവട് മാറ്റി കഴിഞ്ഞു.

തൂശനിലയില്‍ വിളമ്പിയ ചോറും കറികളും പ്രവാസികള്‍ക്ക് സ്വപ്നം മാത്രമാകുന്ന കാലം വിദൂരമല്ല എല്ലാം നഷ്ടപ്പെടുന്നു.. അല്ലെങ്കില്‍ നഷ്ടപ്പെടുന്നതിന്റെ ആദ്യത്തെ ഇര പ്രവാസികള്‍ തന്നെയാണല്ലൊ...

സ്‌ക്കൂളിന്റെ മുറ്റത്ത്.... പാടവരമ്പില്‍...ഇടവഴിയിലെ വളവില്‍....നാം കണ്ടുമുട്ടിയതെല്ലാം മറക്കേണ്ടിവന്ന പ്രവാസികള്‍.... കൊച്ചിന്റെ വളര്‍ച്ച, കെഞ്ചല്‍, കരച്ചില്‍ ചെറുസംസാരം..ചിരി... ഇതൊന്നും കാണാത്തവര്‍ അമ്മയുടെ, അച്ഛന്റെ സഹോദരിമാരുടെ....കൂട്ടുകാരുടെ .. കൂട്ടുകാരികളുടെ വിരഹം നെഞ്ചിലേറ്റു വാങ്ങിയവര്‍...എല്ലാം നഷ്ടപ്പെട്ടവര്‍...തിരസ്‌ക്കരിക്കപ്പെട്ടവര്‍.

ഒന്നുകൂടിപറയാം പത്ത് മുപ്പത് കൊല്ലം നാട്ടില്‍ ജീവിച്ചിട്ടും ഒരു പ്രവാസിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് നാം അറിയുനില്ല.... നമ്മുടെ പേരില്‍ അറിയാന്‍.... നമ്മുടെ തറവാട് പേര് ചേര്‍ത്ത് പറയാന്‍ നമുക്ക് ആരും....അവിടെ ഇല്ല. സുനിലിന്റെ അച്ഛനായും, മുനീറിന്റെ ബാപ്പയായും.. നാം പ്രവാസികള്‍ മാറ്റപ്പെടുകയാണ്.

'മരണം അഥവാ മരണം'

മരണം എന്നും വേദനയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.

നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...

വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.

മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്‍സ്​പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.

കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്​പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.

ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.

നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.

പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല.. ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.

എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.

ചൊവ്വാഴ്ച, മാർച്ച് 23, 2010

ബിജെപി വിത്തും കൊണ്ടെത്തുന്ന ബച്ചന്‍

കേരള ടൂറിസം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസ‍റാക്കിയാല്‍ എന്താണ് കുഴപ്പം? ബച്ചന്‍ വരുന്നത് മോഡിയുടെ കൈയില്‍ നിന്ന് വാങ്ങിയ ബിജെപി വിത്തും കൊണ്ടാണെന്നാണ് ചിലരുടെ വാദം. അത് ഇവിടെ വിതറിയാല്‍ അപ്പടി മലയാളികളും സംഘപരിവാറുകാരായി പോവുമത്രെ.

കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കാനായി കേരളത്തിലേയ്ക്ക് ബച്ചനെ അയയ്ക്കുന്നത് നരേന്ദ്രമോഡിയുടെ രഹസ്യ അജണ്ട ആണെന്ന് വരെ പലരും പറഞ്ഞ് കേട്ടു. കൊള്ളാം കേള്‍ക്കാന്‍ നല്ല രസം.

അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ഒന്നും കേരള വിനോദ സഞ്ചാര വകുപ്പിന്റെ പ്രചാരണത്തിനായി കരാറെടുത്ത് എത്തുമെന്ന് കരുതാനാവില്ല. അതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് വഴിയേ പറയാം.

അമിതാഭ് ബച്ചനെ കേരള വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത് ശരിയോ എന്നതല്ല ഇവിടത്തെ ചര്‍ച്ചാ വിഷയം. പക്ഷേ അത്തരത്തിലൊരു തീരുമാനത്തെ ചൂഴ്ന്ന് നില്‍ക്കുന്ന മറ്റ് ചില വിഷയങ്ങളാണ്.

എന്തിനാണ് അമിതാഭ് ബച്ചനെ പോലെ ഒരാളെ വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. ഏതൊരു കുട്ടിയോട് ചോദിച്ചാലും പറയും ഇതിന് ഉത്തരം. ബ്രാന്‍ഡ് അംബാസഡറുടെ ജോലി എന്താണ്. അയാള്‍ പ്രതിനിധീകരിയ്ക്കുന്ന ഉല്പന്നം പ്രചരിപ്പിയ്ക്കുക. അത്ര തന്നെ. അപ്പോള്‍ ഈ സാഹചര്യത്തില്‍ അമിതാഭ് ബച്ചന്‍ പ്രചരിപ്പിയ്ക്കേണ്ടത് കേരളം എന്ന വിനോദ സഞ്ചാര കേന്ദ്രത്തെ ആണ്.

ഈ പ്രചാരണ വേല ചെയ്യേണ്ടത് കേരളത്തിലല്ല. പകരം ഉത്തരേന്ത്യയിലും കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലുമാണ്. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഇത് ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് ഉള്ളില്‍ നിന്ന് കേരളം സന്ദര്‍ശിയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂട്ടുക എന്നത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഊന്നല്‍ നല്‍കേണ്ട കാര്യമാണ്. അതായിരിയ്ക്കണം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നത്. ഇത് ഒരളവ് വരെ നല്ല തീരുമാനമാണ്.

എന്നാല്‍ ഈ ആശയം എങ്ങനെ ഉണ്ടായി എന്ന് വ്യക്തമായി അറിയില്ല.പക്ഷേ ഇത് സുചിന്തിതമായ തീരുമാനമല്ലെന്ന് വേണം കരുതാന്‍. അമിതാഭിന്റെ നരേന്ദ്ര മോ‍ഡി ബന്ധം (അദ്ദേഹത്തിന് മുലയം സിഹുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ആരും പറയുന്നില്ല.) ഇപ്പോള്‍ ഉണ്ടാക്കുന്ന 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം' തന്നെ ഇതിന് തെളിവ്.

വിനോദ സഞ്ചാര വകുപ്പിന്റെ ഡയറക്ടറും സെക്രട്ടറിയും ഒന്നും ഇത്തരത്തിലുള്ള വിഷയത്തില്‍ കാര്യമായി ചിന്തിയ്ക്കാതെ തീരുമാനം എടുക്കാന്‍ ഇടയില്ല. മാര്‍ക്സിസ്റ്റ് മന്ത്രിയോടൊപ്പം ജോലി ചെയ്യുന്ന ഇവര്‍ക്കൊക്കെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന രാഷ്ട്രീയ ഓളങ്ങളെക്കുറിച്ച് അറിവുണ്ടാവാനാണ് സാദ്ധ്യത.

എന്തായാലും ബ്രാന്‍ഡ് അംബാസഡര്‍ വിഷയം ചൂടായത് ഈയിടെ അമിതാഭ് ബച്ചന്‍ നടത്തിയ കൊച്ചി സന്ദര്‍ശനത്തിന് ശേഷമാണ്. ഈ സന്ദര്‍ശന വേളയില്‍ ഏതോ ഒരു ടിവി മാധ്യമ പ്രവര്‍ത്തക/ന്‍ ബച്ചനോട് 'കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍' ആവുന്നതിനെക്കുറിച്ച് ചോദിച്ചു. അത് സര്‍ക്കാരാണ് തീരുമാനിയ്ക്കേണ്ടതെന്നും വിളിച്ചാല്‍ സന്തോഷമേ ഉള്ളു അത് ഏറ്റെടുക്കാന്‍ എന്നുമായിരുന്നു ബച്ചന്റെ സ്വാഭാവികമായ മറുപടി. കാശ് കിട്ടുന്ന പണി ആരെങ്കിലും വേണ്ടെന്ന് പറയുമോ?

പിന്നെ വൈകിയില്ല ബച്ചന് കേരളത്തിന്റെ കത്ത് കിട്ടി. ഒപ്പം കേരളത്തില്‍ പതിവ് പരിപാടിയും തുടങ്ങി. അതാണ് 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'.

വിവാദം നമുക്ക് എന്നും പ്രീയപ്പെട്ട വിഷയമാണ്. കേരളത്തിലെ വിവാദങ്ങളുടെ കൂടെ ഇതുകൂടി കിടക്കട്ടെ-'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'. പട്ടിണി കിടന്നാലും, എന്തെങ്കിലും ചെയ്യുമ്പോള്‍ കേരള മക്കള്‍ ഒരു കാര്യം ഉറപ്പാക്കും. ചെയ്യുന്ന കാര്യം എന്തായാലും, ഫലം എത്ര മികച്ചതായാലും അത് രാഷ്ട്രീയപരമായി ശരി (politically correct) ആയിരിയ്ക്കണം. അല്ലെങ്കില്‍ നാം വിവാദം സൃഷ്ടിയ്ക്കും. അത് കട്ടായം. തീരുമാനിയ്ക്കുന്ന കാര്യങ്ങളൊക്കെ നടക്കണമെന്ന് നമുക്ക് ഒരു നിര്‍ബന്ധവും ഇല്ല. നടപ്പാക്കേണ്ട കാര്യത്തിന് എത്ര നല്ല ഫലങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നാം കാര്യമാക്കില്ല. രാഷ്ട്രീയപരമായി ശരിയല്ലെങ്കില്‍ അത് നാം നടപ്പാക്കില്ല. നമ്മള്‍ സമ്പൂര്‍ണ സാക്ഷരതയുള്ള ഒരു രാഷ്ട്രീയ സമൂഹമല്ലേ... ഇതൊക്കെ അങ്ങനെ അവഗണിയ്ക്കാനാവുമോ?


വന്‍ പ്രശസ്തി ഉള്ള ഒരു ബോളിവുഡ് നടനോ ക്രിക്കറ്റ് താരമോ വിനോദ സഞ്ചാര വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാവില്ലെന്ന് നേരത്തേ പറഞ്ഞില്ലേ. കാരണം പറയാം. അതും ലളിതമായ കാര്യമാണ്.

അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ധോണിയോ കേരളത്തിന്റെ ഈ പരസ്യ ജോലി ഏറ്റെടുക്കുകയാണെന്ന് കരുതൂ. അവര്‍ക്ക് എത്ര രൂപ കൊടുക്കേണ്ടി വരും? അവടെയാണ് പ്രശ്നം. അഞ്ച് കോടി എങ്കിലും ഇവരില്‍ ആരായാലും ആവശ്യപ്പെടും. കുറഞ്ഞത് രണ്ടോ മൂന്നോ കോടിയെങ്കിലും ഇല്ലാതെ ഈ കളി നടക്കില്ല. ഇത് അവര്‍ക്ക് കൊടുക്കേണ്ട പണം മാത്രമാണ്. പിന്നെ പരസ്യ ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള പണം. പരസ്യ ചിത്രം ഷൂട്ട് ചെയ്യാനായി ഇവരെ കേരളത്തില്‍ എത്തിച്ച് മടക്കി അയയ്ക്കുന്നത് വരെയുള്ള ചെലവുകള്‍. പട്ടിക അങ്ങനെ നീണ്ട് പോകും. ഇതൊന്നും കേരള വിനോദ സഞ്ചാര വകുപ്പിന് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല.

കാരണം എന്തെന്നോ? വിനോദ സഞ്ചാര വകുപ്പിന് ബജറ്റില്‍ വക കൊള്ളിച്ചിരിയ്ക്കുന്ന തുക വെറും 15 കോടി ആണ്. ഇതില്‍ പകുതിയിലേറെ ഈ പ്രചാരണ പരിപാടിയ്ക്ക് ഉപയോഗിയ്ക്കാനാവുമോ? അതാണ് നേരത്തേ പറഞ്ഞത് ഇത് ഐഎഎസ് തലയില്‍ നിന്ന് വന്നതാവാന്‍ വഴിയില്ല എന്നത്. കാരണം കീശയിലുള്ള കാശിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധമുണ്ട്. ഇനി കേന്ദ്ര വിനോദ സഞ്ചാര വകുപ്പില്‍ നിന്ന് കണ്ടെത്താമെന്ന് വിചാരിച്ചാലും അത്ര എളുപ്പമല്ല.

പിന്നെ മോഡി, ബിജെപി എന്നൊക്കെ വിളിച്ച് ബഹളം വയ്ക്കുന്നത് നമ്മുടെ ഒരു സന്തോഷത്തിനായാണ്. വിവാദം വിട്ട് നമുക്ക് ജീവിയ്ക്കാനൊക്കുമോ.

വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ കൂടൂതല്‍ വിനോദ സഞ്ചാരികള്‍ എത്താനായി അമിതാഭിനെ ആണ് ഉപയോഗിയ്ക്കേണ്ടതെങ്കില്‍ അത് ചെയ്യുക. അല്ല അമീര്‍ ഖാനോ സച്ചിന്‍ ടെന്റുല്‍ക്കറോ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. നോക്കേണ്ടത് ചെയ്യുന്ന പരസ്യം എത്രമാത്രം ഉപയോഗപ്രദമാവും എന്നതാണ്.

പിന്നെ ഈ പണിയ്ക്ക് ഒരു ബോളിവുഡ് നടനേക്കാളും നല്ലത് ഒരു ക്രിക്കറ്റ് താരമായിരിയ്ക്കും. ബോളിവുഡ് താരത്തിനെ അറിയുന്നവര്‍ ഇന്ത്യാക്കാരും പിന്നെ കുറച്ച് വിദേശികളും മാത്രമാണ്. ക്രിക്കറ്റ് കളിയ്ക്കുന്ന എല്ലാ രാജ്യക്കാരും ഒരു ക്രിക്കറ്റ് താരത്തെ അറിയും. അതുകൊണ്ട് തന്നെ വിനോദ സഞ്ചാര വകുപ്പിന് ചെലവാക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിയ്ക്കാന്‍ അതാണ് നല്ലത്.

ക്രിക്കറ്റ് താരത്തിനെ പരസ്യത്തിന് ഉപയോഗിച്ചാല്‍ അയാളെ ഉപയോഗിച്ച് ബ്രിട്ടനിലും ഓസ്ത്രേലിയയിലും സൗത്ത് ആഫ്രീക്കയിലും തുടങ്ങി എല്ലാ ക്രിക്കറ്റ് കളിയ്ക്കുന്ന രാഷ്ട്രങ്ങളിലും കാണിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. അതായത് ഇന്ത്യയ്ക്കകത്തും പുറത്തും ഉപയോഗിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. ഇനിയും ഈ പദ്ധതിയ്ക്ക് തുനിയുകയാണെങ്കില്‍ അതാണ് വിനോദ സഞ്ചാര വകുപ്പ് ചെയ്യേണ്ടത്.

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എതിര്‍പാര്‍ട്ടിക്കാരന്റെ വോട്ട് വേണ്ടെന്ന് പറയില്ല. കാരണം അവിടെ വിജയമാണ് ലക്ഷ്യം, അത് മാത്രമേ ലക്ഷ്യമായുള്ളു. ഇത് എല്ലാ രാഷ്ട്രീയക്കാരും നേരിട്ട് സംസാരിച്ചാല്‍ സമ്മതിയ്ക്കുന്ന മന്ത്രമാണ്. ഏത് പാര്‍ട്ടിയുടെ വോട്ടായാലും അത് വോട്ടാണ്.

അതുപോലെ വികസനമാണ് ആത്യന്തിക ലക്ഷ്യം എന്ന നയം നമുക്ക് എന്തുകൊണ്ട് പാടില്ല. പണക്കാരായ ഗുജറാത്തികളെ കേരളത്തില്‍ കൊണ്ടുവരാന്‍ നരേന്ദ്രമോഡിയെ കൊണ്ട് തന്നെ പരസ്യം ചെയ്ത് ഗുജറാത്തില്‍ കാണിക്കണമെങ്കില്‍ അത് ചെയ്യുകയാണ് ബുദ്ധി. തിരഞ്ഞെടുപ്പില്‍ ഒരു നയവും ജനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നയവും എന്തിനാണ്. കാണുന്നവരുടെ മനം കവരുകയും അവരില്‍ സന്ദേശം എത്തിയ്ക്കുകയുമാണ് ഒരു പരസ്യത്തിന്റെ ആവശ്യം. അല്ലാതെ അത് ഉണ്ടാക്കുന്നവന്റെ സംതൃപ്തി അല്ല.

തിങ്കളാഴ്‌ച, മാർച്ച് 15, 2010

എന്റെ സ്കൂള്‍ ജീവിതം

എന്റെ സ്കൂള്‍ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സംഭവം

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്ന് അസംബ്ലി ഉണ്ടാരുന്നു സ്കൂളില്‍. യൂണിഫോം ഒക്കെ ഇട്ടു നല്ല കുട്ടപ്പനും കുട്ടപ്പത്തികളും ആയി വേണം ഇഷ്ക്കോളില്‍ ചെല്ലാന്‍.
ഞാനും ചെന്നു. അസംബ്ലി എന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും ഒരു ഭയങ്കര സംഭവം നടക്കുന്ന പോലെ ആണ്.
ഹെഡ് മാഷിന്റെ വായില്‍ നിന്നും എന്തെല്ലാം ആണ് ഉതിര്‍ന്നു വീഴുന്നത് എന്ന് നോക്കിക്കൊണ്ടു എല്ലാരും വാ പൊളിച്ചു നിക്കും. ചിലരുടെ എല്ലാം വായില്‍ ഈച്ച പോവുകേം ചെയ്യും ഞാന്‍ കാര്യത്തിലേക്ക് വരാം. അസംബ്ലി തുടങ്ങി. എല്ലാരും നല്ല സ്റ്റൈലില്‍ വരിയൊപ്പിച്ചു കുന്തം വിഴുങ്ങിയ പോലെ നിക്കുകയാണ്. ഈയുള്ളവനും കൂട്ടത്തിലുണ്ട്. നല്ല വെയില്‍. ആദ്യം പ്രാര്‍ത്ഥനയാണ്. അത് കഴിഞ്ഞു ഹെഡ് മാസ്റ്റര്‍ മുന്‍പിലേക്ക് വന്നു.. മൂപ്പര്‍ പ്രസങ്ങം തുടങ്ങി. പ്രിയപ്പെട്ട എന്റെ വിദ്യാര്‍ത്ഥികളെ നിങ്ങളുടെ ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാനാണ് ഈ അസംബ്ലി വിളിച്ചിരിക്കുന്നത്.
ഇത്രയും ആയപ്പോഴേക്കും എന്റെ പിന്നില്‍ നിന്നും ഒരു ചെറിയ സപ്പ്തം.
ഞാന്‍ പതിയെ തിരിഞ്ഞു നോക്കി. ക്ലാസ്സിലെ കൂതറ ആയ സജിത്ത് ആണ് ശബ്ദം ഉണ്ടാക്കിയത്. ഒന്നും കൂടി ശ്രദ്ധിച്ചപ്പോള്‍ മനസിലായി. അവന്‍ ചിരിക്കുകയാണ്. ഞാന്‍ പതിയെ അവനോടു എന്താ കാര്യമെന്ന് ആങ്ങ്യ ഭാഷയില്‍ ചോദിച്ചു. ദൈവാധീനത്താല്‍ ആ ഭാഷ എനിക്ക് അറിയാമായിരുന്നു. അവന്‍ മറുപടി പറയാതെ ചിരിക്കുകയാണ്.
അവന്റെ ചിരി കണ്ടു കാര്യം ഗുരുതരമാണെന്ന് എനിക്ക് തോന്നി. ഇനി ഈ പണ്ടാരക്കാലന്‍ എന്നെ കളിയാക്കിയാണോ ദൈവമേ ചിരിക്കുന്നത് ?. പതിയെ ചുറ്റും കണ്ണോടിച്ചപ്പോള്‍ എല്ലാരുടെയും മുഖത്ത് ഒരു ഗൂഡ സ്മിതം കണ്ടു. എന്റെ തൊട്ടടുത്ത വരിയില്‍ നിക്കുന്ന ഹര്‍ഷ യോട് ഞാന്‍ ചോദിച്ചു. എന്താടീ കാര്യം ? എന്താ എല്ലാരും ഇളിക്കുന്നത്? മാഷിനെ നോക്കെടാ .. അവള്‍ പതിയെ എന്നാല്‍ കനത്തില്‍ എന്നോട് ആജ്ഞാപിച്ചു. ഞാന്‍ സൂക്ഷിച്ചു നോക്കി. ദൈവമേ.......................................
മാഷ് സിപ്പ് ഇട്ടിട്ടില്ല. ‍. എനിക്ക് അങ്ങ് ചിരി പൊട്ടി. ഞാന്‍ ഒറ്റച്ചിരി. പൊട്ടിച്ചിരി.. കൊലച്ചിരി... എല്ലാരും എന്നെ മിഴിച്ചു നോക്കി. അതാ ഹെഡ് മാഷ് എന്നെ വിളിക്കുന്നു. എന്റെ കാലു കുഴയാന്‍ തുടങ്ങി. ഞാന്‍ പതിയെ മാഷിന്റെ അടുത്തേക്ക് നടന്നു. മാഷ് എന്നോട് ചോദിച്ചു.. എന്താടാ ഇത്ര ഇലിക്കാന്‍? ഇവിടെ ആരേലും തുണി ഉടുക്കാതെ നിക്കുന്നുണ്ടോ? ദൈവമേ.... സത്യം... പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല. പറയെടാ .. അല്ലെങ്കില്‍ ഞാന്‍ ചൂരല്‍ എടുക്കും. അത് കെട്ടാതെ എന്റെ സകലമാന നാടി ഞരമ്പുകളും കുഴഞ്ഞു. പറഞ്ഞാലും കിട്ടും അടി, പറഞ്ഞില്ലെന്കിലും കിട്ടും . എങ്കില്‍ പിന്നെ പറഞ്ഞിട്ട് കിട്ടട്ടെ. "മാഷെ.............. മാഷ് സിപ്പ് ഇട്ടിട്ടില്ല ..............." ഡിം ......................
രണ്ടു ആഴ്ച.... ഹെഡ് മാഷിനെ കാണാന്‍ കുട്ടികള്‍ പണിക്കരുടെ അടുത്ത് പോയി മഷിനോട്ടം വരെ ചെയ്തു നോക്കി എന്നത് അറിയപ്പെടാത്ത രഹസ്യം.

ബുധനാഴ്‌ച, മാർച്ച് 10, 2010

മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍



മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍ എന്ന ചിത്രകാരന്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ച് ഖത്തര്‍ പൌരനായി മാറിയെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. അഥവാ ചര്‍ച്ച ചെയ്യപ്പെട്ടെങ്കില്‍ തന്നെ ഈ പ്രശ്നത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകൾ മിക്കതും ‘അയാളുടെ കയ്യിലിരിപ്പിന്റെ ഗുണം‘ എന്ന മുന്‍വിധികളിലൊതുങ്ങി നില്‍ക്കുന്നു. ഹുസൈൻ ഇൻഡ്യവിടാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തായിരുന്നു? അദ്ദേഹം ചെയ്ത മാപ്പര്‍ഹിക്കാത്ത കുറ്റങ്ങള്‍ എന്തൊക്കെയായിരുന്നു? അതോ ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നതു പോലെ മാധ്യമശ്രദ്ധനേടാന്‍ സ്വയം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വെറും ഊതിപ്പെരുപ്പിച്ച ഒരു കലാകാരൻ മാത്രമാണോ ഹുസ്സൈൻ?


ആധുനിക ഇന്‍ഡ്യന്‍ ചിത്രകലയെ ലോക കലാഭൂപടത്തിലെത്തിച്ച ഒരു കലാകാരന്‍ ഇന്നറിയപ്പെടുന്നത് 'ഹിന്ദു ദേവതകളേയും ഭാരതമാതാവിനേയും നഗ്നമായി അവതരിപ്പിച്ച് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനപ്പെടുത്തിയ ഒരാൾ' എന്ന നിലക്കുമാത്രമായിത്തീരുന്നു എന്നതാണ് സങ്കടകരമായ സത്യം. എത്രപേര്‍ ഹുസൈൻ എന്ന കലാകാരനെ ശരിക്കും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കാരണം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കലയെയും കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർക്കേ എഴു പതിറ്റാണ്ടോളം നീളുന്ന കലാജീവിതത്തിൽ ഇൻഡ്യയേയും അതിന്റെ സമ്പന്നമായ സംസ്കാരത്തേയും വിഷയമാക്കി പതിനായിരക്കണക്കിനു ചിത്രങ്ങൾ വരച്ചു തീർത്ത ഒരാളെ രാജ്യത്തിന്റേയും ഹിന്ദുമതത്തിന്റേയും വിരോധിയായി മുദ്രകുത്തി നാടുകടത്തിപ്പിക്കാനാവൂ. രാമായണത്തെ ആധാരമാക്കി എട്ടുവർഷത്തോളമെടുത്ത് നൂറ്റമ്പതിലധികം ചിത്രങ്ങളും അത്ര തന്നെ മഹാഭാരതചിത്രങ്ങളും വരച്ച (പുറമേ നൂറുകണക്കിനു ചിത്രങ്ങൾ ഗണപതി,ശിവൻ,പാർവ്വതി,ഹനുമാൻ, ബനാറസ് തുടങ്ങിയ വിഷയങ്ങളിലെ ചിത്രങ്ങള്‍ വേറെയും) ഒരു മനുഷ്യന്റെ അഞ്ചോ ആറോ ചിത്രങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ശിക്ഷവിധിക്കുന്നതിന്റെ പുറകിലെ കാപട്യം തുറന്നുകാട്ടേണ്ടതുണ്ട്.

ഇന്‍ഡ്യക്കു സ്വാതന്ത്യം കിട്ടുന്നതിനു മുമ്പു തന്നെ ആരംഭിച്ച ഒരു കലാജീവിതമായിരുന്നു ഹുസൈന്റേത്. അന്ന് ചിത്രകലയില്‍ ആധിപത്യം സ്ഥാപിച്ച് നിലന്നിരുന്ന ബെംഗാള്‍ സ്കൂള്‍ കലാകാരന്മാരുടെ പരമ്പരാഗത ജനപ്രിയ ശൈലികളെ വെല്ലുവിളിച്ച് ഇന്‍ഡ്യന്‍ ചിത്രകലയില്‍ ആധുനികതയ്ക് തുടക്കം കുറിച്ച ഒരു ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ചെറുതാക്കിക്കാണാന്‍ കഴിയില്ല. ഭാരത സര്‍ക്കാറിന്റെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ ബഹുമതികൾ ലഭിച്ച, രാജ്യസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ഒരു കലാകാരനാണു ഹുസൈന്‍. എന്തിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാല വരെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇത്രമാത്രം ആദരണീയനായ ഒരാള്‍ പിന്നെ എങ്ങിനെ ഒരു സുപ്രഭാതത്തില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1996 മുതല്‍ രാജ്യവിരോധിയായി മുദ്രചെയ്യപ്പെട്ടു? അതും എഴുപതുകളിലും എൺപതുകളിലും അദ്ദേഹം വരച്ച ചില ചിത്രങ്ങളുടെ പേരില്‍? രണ്ടുമില്യണ്‍ ഡോളര്‍ വരെയുള്ള വിലയ്ക് വിറ്റുപോകുന്ന ചിത്രങ്ങള്‍ വരയ്കുന്ന കലാകാരന്‍ പ്രശസ്തിക്കായി ചെയ്തുകൂട്ടിയതെന്ന് ഈ വിവാദങ്ങള്‍ എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.


സരസ്വതി വിവാദം:

1988ൽ ഒരു സ്വകാര്യവ്യക്തിക്കായി ഹുസൈൻ വരച്ച സരസ്വതി ചിത്രം റ്റാറ്റാ സ്റ്റീൽ കമ്പനി ഇറക്കിയ ഒരു ലിമിറ്റഡ് എഡിഷൻ പുസ്തകത്തിൽ ആണു ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. എതാനും സ്ട്രോക്കുകള്‍ മാത്രമുള്ള ഒരു ലൈൻ ഡ്രോയിങ്ങായിരുന്നു ആ ചിത്രം. വർഷങ്ങൾക്കു ശേഷം(96ൽ) 'വിചാർ മീമാംസ' എന്നൊരു ഹിന്ദി മാസിക ഹുസൈൻ മന:പൂർവ്വം ഹിന്ദു മത വിശ്വാസം വ്രണപ്പെടുത്തി എന്നു പറഞ്ഞ് അവ പുന:പ്രസിദ്ധീകരിക്കുന്നു. അതു വരെ യാതൊരു മതസ്പര്‍ദ്ധയും ഉണ്ടാക്കാതിരുന്ന ആ ചിത്രങ്ങൾ വളരെ പെട്ടന്ന് പൊതുജനശ്രദ്ധ ആകര്‍ഷിക്കുകയും ഹുസൈനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. സരസ്വതി ചിത്രത്തിലെ അശ്ളീലതയായിരുന്നു പ്രധാന ആരോപണം. നഗ്നത = അശ്ളീലം എന്ന സമവാക്യത്തിൽ കാര്യങ്ങളെ സമീപിക്കുന്നവരോട് കലയെക്കുറിച്ച് വിശദീകരിക്കുക ബുദ്ധിമുട്ടായതു കൊണ്ട് അതിനു തുനിയുന്നില്ല. പക്ഷേ, ഇതിൽ പ്രതിയാകുന്നത് ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു ചിത്രം കുത്തിപ്പൊക്കി അതിൽ മതസ്പർദ്ധയുടെ വിഷം നിറച്ചവരല്ല, മറിച്ച് അത്തരം ചിന്തകളില്ലാതെ ചിത്രം വരച്ച ചിത്രകാരനാണു എന്നതാണു വിചിത്രം. രാമായണത്തെ അധികരിച്ച് ബംഗാളി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റും ആയ സുനില്‍ ഗംഗോപത്യായ എഴുതിക്കൊണ്ടിരിക്കുന്ന ഒരു നോവലിനെക്കുറിച്ച് ഈയടുത്ത് വായിച്ചു. പതിനാലുവര്‍ഷം കാട്ടില്‍ ഒന്നിച്ചു താമസിച്ചിട്ടും കുട്ടികളുണ്ടാവാത്ത സീതാദേവിക്ക് ലങ്കാവാസത്തിനു ശേഷം ഇരട്ടകുട്ടികള്‍ ഉണ്ടായതെങ്ങിനെയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ നോവലിലുണ്ടെന്ന് പറയപ്പെടുന്നു.രാമായണത്തിനും മഹാഭാരതത്തിനും ഒക്കെ ഒട്ടേറെ സ്വന്തന്ത്ര വായനകള്‍ ഉണ്ടായിട്ടുണ്ട്. പലരും രാവണനെ നായകനാക്കുകയും( ലങ്കാ ലക്ഷ്മി, മൈക്കേള്‍ മധുസൂധനന്‍ ദത്തിന്റെ മേഘനാദ് ബദ് കാവ്യ) കൃഷ്ണനെ വില്ലനാക്കുകയും( ബുദ്ദദേബ് ദാസിന്റെ മഹാബാരതേര്‍ കഥ) ഒക്കെ ചെയ്തിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിഷേധങ്ങള്‍ ഹുസൈന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നത് യാദൃശ്ചികമാകാന്‍ സാധ്യതയില്ല എന്നാണു മനസ്സിലാക്കേണ്ടത്. ഹിന്ദുമതത്തെക്കുറിച്ച് ഹുസൈനുള്ള അവഗാഹവും അടുപ്പവും അവഗണിച്ചുകൊണ്ടായിരിക്കരുത് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. ഹിന്ദുമതത്തോടുള്ള തന്റെ അടുപ്പത്തേയും സ്നേഹത്തേയും കുറിച്ച് അദ്ദേഹം തന്നെ പറയുന്നതു കേള്‍ക്കുക:


“എന്റെ കുട്ടി ക്കാലത്തു തന്നെ, അതായത് പന്ഥാര്‍പൂരിലും പിന്നീട് ഇന്‍ഡോറില്‍ വെച്ചും ഞാന്‍ രാം ലീലയില്‍ ആകൃഷ്ടനാക്കപ്പെടുകയും സുഹൃത്ത് മാനകേശ്വരനുമൊത്ത് അത് അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഡോ. രാജഗോപാലാചാരി പറയുന്നത് പോലെ രാമായണത്തിന്റെ മിത്ത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാമായണം അത്രയ്ക്കും ശക്തമായൊരു കഥയാണ്. പക്ഷെ ആത്മീയഗ്രന്ഥങ്ങള്‍ ഗൗരവത്തോടെ വായിച്ച് തുടങ്ങിയത് എന്റെ 19-ആമത്തെ വയസ്സിലാണ്. ജീവിതത്തിലെ പല കയ്പേറിയ അനുഭവങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും അമ്മയുടെ മരണം, അകല്‍ച്ച, 14-15 വയസ്സ് മുതല്‍ പേടിസ്വപ്നങ്ങള്‍ കാണുമായിരുന്നു. 19-ആമത്തെ വയസ്സില്‍ പക്ഷെ ഇതെല്ലാം നിന്നു. മുഹമ്മദ് ഇഷാക്ക് എന്നൊരു ഗുരു എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാരുന്നു പുണ്യഗ്രന്ഥങ്ങള്‍ ഞാന്‍, ഏകദേശം രണ്ട് വര്‍ഷത്തോളം, അഭ്യസിച്ചത്. ഗീതയും, ഉപനിഷത്തുകളും, പുരാണങ്ങളുമൊക്കെ മാനകേശ്വരനുമൊത്ത് വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമായിരുന്നു. ആ സമയത്ത് മാനകേശ്വരന്‍ സന്യാസം സ്വീകരിച്ചിരുന്നു. അദ്ദേഹം ഹിമാലയത്തില്‍ പോയിക്കഴിഞ്ഞ ശേഷം, ഞാനൊറ്റയ്ക്കായിരുന്നു ഇതെല്ലാം പഠിച്ചത്. ഇതെല്ലാം എനിക്ക് മാനസികമായി വളരെയേറെ ശാന്തി ലഭിക്കുവാന്‍ സഹായിച്ചു. പിന്നീടൊരിക്കലും ആ വിധത്തിലുള്ള ദുഃസ്വപ്നങ്ങള്‍ എനിക്കുണ്ടായിട്ടില്ല

1968-ല്‍ ഹൈദരാബാദില്‍ വെച്ചാണ് ഡോ. റാം മനോഹര്‍ ലോഹ്യ എന്നോട് രാമായണം ചിത്രീകരിക്കുവാന്‍ ആവശ്യപ്പെട്ടത്. വളരെ ബുദ്ധിമുട്ടിലായിരുന്നു അന്നെങ്കിലും, എട്ട് വര്‍ഷം കൊണ്ട് 150 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. വാല്മീകി രാമായണവും തുളസീദാസ് രാമായണവും ഞാന്‍ വായിച്ചിട്ടുണ്ട് [ഇതില്‍ ആദ്യത്തേതാണ് വികാരതരളിതമായി എനിക്ക് തോന്നിയത്]. ബനാറസിലെയും മറ്റും പൂജാരിമാരുമായി ഇവയിലെ ഓരോ കാര്യങ്ങളും സംസാരിച്ച് സംശയനിവൃത്തി വരുത്തുമായിരുന്നു. ഈ സമയത്തൊക്കെ മൗലികവാദികളായ ചില മുസ്ലീങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്, എന്ത് കൊണ്ട് ഇസ്ലാമിനെ അടിസ്ഥാനപ്പെടുത്തി ചിത്രസൃഷ്ടി നടത്തുന്നില്ലാ എന്നാണ്. എനിക്കവരോടുള്ള ചോദ്യം, ഇസ്ലാമിന് ഇത്രയ്ക്കും സഹിഷ്ണുത ഉണ്ടോ എന്നായിരുന്നു. അക്ഷരലിപികളില്‍ തന്നെ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍, ആ തിരശ്ശീല വലിച്ചു കീറുമായിരുന്നു. എന്റെ ജീവിതത്തില്‍ നൂറ് കണക്കിന് ഗണപതി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അത്രയ്ക്കും ആനന്ദദായകമായി മറ്റൊന്നുമില്ല. വിഘ്നേശ്വരന്റെ ചിത്രം വരച്ചിട്ടേ വലിയ രചനകള്‍ ഞാന്‍ തുടങ്ങാറുള്ളൂ .

ശിവന്റെ ചിത്രീകരണമാണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊന്ന്. നടരാജന്‍ - ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായൊരു രൂപം - ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് പരിണമിച്ചത്. ഐന്‍സ്റ്റീന്റെ സമവാക്യത്തെപ്പോലെ, കോസ്മോസിന്റെ സ്വഭാവത്തെയും, ഭൗതിക യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ചുള്ള അത്യഗാധമായ ദാര്‍ശനിക ചിന്തകളുടെയും, ഗണിതശാസ്ത്ര വിശദീകരണങ്ങളുടെയും ഫലമായിട്ടാണ് അതുണ്ടായത്. സാമ്പ്രദായികമായ ചടങ്ങുകളില്‍ താല്പര്യമില്ലാതിരുന്ന എന്റെ മകളുടെ കല്ല്യാണത്തിന്, ഞാന്‍ ലോകത്തെമ്പാടുമുള്ള എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒരു കാര്‍ഡ് അയയ്ക്കുകയൂണ്ടായി. ശിവന്റെ തുടയില്‍ ആസനസ്ഥയായ പാര്‍വ്വതി, പാര്‍വ്വതിയുടെ മാറിടങ്ങളിലെ ശിവന്റെ ഹസ്തങ്ങള്‍ - കോസ്മോസിലെ ആദ്യ വിവാഹം - ഇതായിരുന്നു ആ കാര്‍ഡില്‍ ഞാന്‍ വരച്ചത്. ഹൈന്ദവ സംസ്കാരത്തില്‍ നഗ്നത എന്നത് പവിത്രമാണ്. എനിക്ക് അത്രത്തോളം അടുപ്പമുള്ള ഒന്നിനെ ഞാന്‍ അപമാനിക്കുമോ? ഞാന്‍ സുലൈമാനി സമൂഹത്തില്‍ നിന്നാണ് വരുന്നത്. ഷിയാകളുടെ ഒരു ഉപവിഭാഗമായ ഞങ്ങള്‍ക്ക് ഹിന്ദുക്കളുമായി പല സാമ്യതകളുമൂണ്ട്. പ്രത്യേകിച്ചും പുനഃര്‍ജന്മത്തിന്റെ കാര്യത്തില്‍. സംസ്കാരങ്ങളുടെ കാര്യത്തില്‍, താരതമ്യേനെ എനിക്ക് ക്രൈസ്തവ മതത്തോരും ജൂത മതത്തോടും മാത്രമാണ് അകല്‍ച്ച അല്പമെങ്കിലും ഉള്ളത്. പക്ഷെ, എന്നെ എതിര്‍ക്കുന്നവരോട് ഇതെല്ലാം പറയുവാനും, ബോധ്യപ്പെടുത്തുവാനും എനിക്ക് സാധിക്കില്ല. ഖജുറാവോയെപ്പറ്റി അവരോട് പറഞ്ഞ് നോക്കൂ, അപ്പോള്‍ അവര്‍ പറയും അത് ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടി കൊത്തി വെച്ചതാണെന്നും അതിന്റെ ഉപയോഗം ഇന്നില്ലെന്നും!!! [പൊട്ടിച്ചിരിക്കുന്നു] ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കാണ് ഹിന്ദു ദൈവങ്ങളുടെ വികാരപരമായ വശത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാകുക. ഒരു പാറയുടെ മുകളില്‍ കാവിച്ചായം അടിച്ച് വയ്ക്കുമ്പോള്‍ അവര്‍ക്കത് ഹനുമാന്‍ ആകും."

[തെഹല്‍ക്ക മാഗസിന്‍, ഫെബ്രുവരി 02, 2008]


രണ്ടാമത്തെ വിവാദം വരുന്നത് 2006ലാണ്. സാഫ്രണ്‍ആര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഗ്യാലറിയില്‍ ലേലത്തിനായി വന്ന പേരിടാത്ത ഒരു ചിത്രം ഭാരതമാതാവിനെ അധിക്ഷേപിക്കുന്നു എന്നായിരുന്നു ആരോപണം. അതേ തുടര്‍ന്ന് ചിത്രം സൈറ്റില്‍ നിന്നും മാറ്റപ്പെടുകയും ചെയ്തു ഹുസ്സൈന്‍ മാപ്പു പറയുകയും. പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്ന. അതിനുപകരം ആസൂത്രിതമായ ഹേറ്റ് ക്യാമ്പൈനിങ്ങുകള്‍ സംഘടിപ്പിച്ച് ഈ ചിത്രങ്ങള്‍ മെയില്‍ ഫോര്‍വേഡുകളായും മറ്റും ഇന്റെര്‍നെറ്റില്‍ ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് അയക്കുകയും വസ്തുതകള്‍ മറച്ചുവെച്ച് ഹുസൈനെതിരായി ജനവികാരം തിരിച്ചുവിടുകയും ചെയ്തു. സാഫ്രണ്‍ ആര്‍ട്ടിന്റെ സൈറ്റില്‍ ലഭിച്ചേക്കാവുന്ന ഹിറ്റുകളുടെ ആയിരം ഇരട്ടി പ്രചാരം ഇതുവഴി പ്രസ്തുത ചിത്രങ്ങള്‍ക്ക് ലഭിച്ചു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!

ഈ സംഭവങ്ങളെത്തുടര്‍ന്ന് ഹുസൈനെതിരെ സംഘടിതമായ ഒരു സാമൂഹിക വിലക്ക് തന്നെ നിലവില്‍ വന്നു. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2007ല്‍ ABN Amro ബാങ്ക് തങ്ങളുടെ പ്ലാറ്റിനം കാര്‍ഡില്‍ നിന്നും ഹുസൈന്‍ ചിത്രം പിന്‍വലിച്ചു. 2008ല്‍ ഹുസൈന്‍ ഭാരതരത്ന കൊടുക്കുന്നതിനെക്കുറിച്ച് ഒരു അഭിപ്രായ സര്‍വ്വേ നടത്തിയതിന്റെ പേരില്‍ NDTVയുടെ അഹമ്മദാബാദ് ഓഫീസ് അടിച്ചു തകര്‍ത്തു. ഹുസൈന്റെ ബോംബേയിലെ വീടിനു നേരെയും ആക്രമണം ഉണ്ടായി. ആയിരക്കണക്കിനു കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. രാജ്യത്ത് കണ്ടമ്പറി ആര്‍ട്ടിന്റെ പ്രദര്‍ശനത്തിനും വിപണനത്തിനും ആയി ‘ഇന്‍ഡ്യാ ആര്‍ട്ട് സമ്മിറ്റ്‘ എന്ന പേരില്‍ 2008 തൊട്ട് വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന ആര്‍ട്ട് ഫെയര്‍ സൌകര്യപൂര്‍വ്വം ഹുസൈനെ അവഗണിച്ചതും മറ്റൊരുദാഹരണമാണ്. കേരളസര്‍ക്കാറിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ഹുസൈനു നല്‍കുന്നതിനെതിരെയുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കപ്പെട്ടു. രാജ്യത്തിനുപുറത്തും സ്ഥിതി മറിച്ചായിരുന്നില്ല. 2006ല്‍ ലണ്ടനിലെ ഏഷ്യാഹൌസിലും അമേരിക്കയിലെ പീബോഡി എസ്സെക്സിലും മറ്റും നടന്ന മഹാഭാരത സീരീസ് പ്രദര്‍ശനങ്ങള്‍ മതഭ്രാന്തന്മാര്‍ തടയുകയുണ്ടായി. ഗോവയില്‍ നടന്ന മറ്റൊരു പ്രദര്‍ശനം ഹിന്ദുമതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കില്‍ തന്നെയും അലങ്കോലപ്പെടുത്തി.
ഹിന്ദുദേവതകളെ നഗ്നമായി ചിത്രീകരിച്ച ഹുസ്സൈന്‍ എന്തുകൊണ്ട് മുഹമ്മദ് നബിയെയും മറ്റും ഇത്തരത്തില്‍ വരക്കുന്നില്ല എന്ന സതീഷ് ഗുജ്റാളിനെപ്പോലുള്ള ചില ചിത്രകാരന്മാരുടെ ബാലിശമായ ചോദ്യങ്ങളെ അദ്വാനിയെപ്പോലുള്ളവര്‍ ഏറ്റുപാടി. ഇതു പറയുമ്പോഴും ഖുറാനിലെ ചില വരികള്‍ തന്റെ സിനിമയിലെ ഒരു കവാലിഗാനത്തില്‍ ഉപയോഗിച്ചു എന്ന കുറ്റത്തിന് മുസ്ലീം സംഘടകളും ഹുസൈനെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. ഇസ്ലാമിനു ഹറാമായ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ജമായത്ത് ഉലൈമ-ഇ-ഹിന്ദിന്റെ വക്താവ് മൌലാനാ നൊമാനിയെപ്പോലുള്ള മുസ്ലീങ്ങളും ഹുസൈനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പുറമേ ലക്നൌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്ദു പേര്‍സണല്‍ ലോ ബോര്‍ഡ് ഹുസൈന്റെ തലയ്ക് 51ലക്ഷം രൂപയും (പിടിച്ചുകൊടുക്കുന്നത് മുസ്ലീമാണെങ്കില്‍ 101 ലക്ഷം!!) കണ്ണുകള്‍ക്ക് 11ലക്ഷം രൂപയും, കൈകള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണവും ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നുകൂടി അറിയുമ്പോഴാണ് ഒരു ജനാധിപത്യ രാജ്യത്താണോ ഇതൊക്കെ നടക്കുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നത്. ഒരു കലാകാരന്റെ തലക്കു വിലപ്രഖ്യാപിച്ചവരെല്ല ഇവിടെ കുറ്റക്കാരാകുന്നത് മറിച്ച് ഇരതന്നെയാണ് കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നതെന്നത് തികച്ചും വിചിത്രമാണ്. പത്തിരുപതിനായിരം ചിത്രങ്ങള്‍ വരച്ച ഒരു ചിത്രകാരന്റെ വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴിച്ച് ബാക്കിയൊക്കെ സൈബര്‍സ്പേസില്‍ നിന്നും തന്നെ നീക്കം ചെയ്യാന്‍ കഴിഞ്ഞു (ഹുസൈന്റെ സ്വന്തം സൈറ്റില്‍പ്പോലും അദ്ദേഹത്തിന്റെ രചനകള്‍ ആക്സസിബിള്‍ അല്ല) എന്നത് ഫനാറ്റിക്കുകളുടെ വിജയത്തേക്കാളേറെ കലാസ്നേഹികള്‍ക്കുണ്ടായ തീരാ നഷ്ടമായാണു വിലയിരുത്തേണ്ടത്.


പതിനഞ്ചു വര്‍ഷത്തോളമായി ഹുസൈനെതിരേയുള്ള ഈ ആക്രമണങ്ങള്‍ തുടങ്ങിയിട്ട്. എന്നിരുന്നാലും ഹുസ്സൈന്‍ പറയുന്നതുപോലെ ഇന്‍ഡ്യയിലേക്ക് തിരിച്ചു വരാനാവാത്ത തരത്തിലുള്ള ഒരു സാഹചര്യമൊന്നും ഇവിടെ നിലനില്‍ക്കുന്നില്ല എന്നു വിശ്വസിക്കാനാണു പലര്‍ക്കും താല്പര്യം. നാഗ്പൂരിലും ബോംബേയിലും ഹുസൈനുനേരിടേണ്ടിവന്ന ആക്രമണങ്ങളേള്‍ക്കും പീഡനങ്ങള്‍ക്കും സാക്ഷിയായ അനുഭവങ്ങള്‍ എന്‍.റാം എഴുതിയിരുന്നല്ലോ. മാപ്പുപറഞ്ഞാല്‍ ഇന്‍ഡ്യയിലേക്ക് മടങ്ങിവരാം എന്നാണ് ശിവസേന നല്‍കിയിരിക്കുന്ന ഔദാര്യം. വിശ്വഹിന്ദുപരിഷത്ത് ആകട്ടെ ഇപ്പോഴും മാപ്പുകൊടുക്കാന്‍ തയ്യാറല്ല. വേണമെന്നുണ്ടെങ്കില്‍ തിരിച്ചുവരാം എന്ന അഴകൊഴമ്പന്‍ പ്രസ്ഥാവന ചിദംബരവും ഇറക്കിയിട്ടുണ്ട്. ഈയൊരവസ്ഥയില്‍ അഭയം നല്‍കുന്ന ഒരു രാജ്യത്തിന്റെ പൌരത്വം സ്വീകരിക്കുകയല്ലാതെ 96 വയസ്സായ ഒരു വൃദ്ധന്‍ എന്താണു ചെയ്യേണ്ടത്? തസ്ലീമ നസ്രീനു അഭയം കൊടുക്കാനും അവര്‍ക്ക് വേണ്ടി സംസാരിക്കാനും തയ്യാറാണെങ്കിലും ഹുസൈന്റെ പാലായനത്തെ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന ഇരട്ടത്താപ്പാണു ഹിന്ദുത്വവാദികള്‍ വച്ചുപുലര്‍ത്തുന്നത്. (തസ്ലീമയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് 2007ല്‍ നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് കലയോടും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം കൊണ്ടൊന്നുമാവില്ലല്ലോ?)


ഹുസൈനെതിരെ മാത്രമല്ല, ബോളീവുഡിലെ പ്രശസ്തരായ മറ്റുപലര്‍ക്കുമെതിരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈയടുത്ത് ഐപീഎല്‍ മത്സരങ്ങളില്‍ പാക്കിസ്ഥാനി കളിക്കാരെ ഒഴിവാക്കിയതിനെതിരെ ഷാരൂഖ് ഖാന്‍ നടത്തിയ അഭിപ്രായങ്ങളെ ( സോകോള്‍ഡ് ആന്റി നാഷണല്‍ റിമാര്‍ക്സ്) തുടര്‍ന്ന് ശിവസേനക്കാര്‍ ‘മൈ നെയിം ഈസ് ഖാന്‍‘ എന്ന സിനിമയുടെ പ്രദര്‍ശനം പലയിടത്തും വിലക്കി. സല്‍മാന്‍ ഖാന്റെ ‘വീര്‍’, അഷുതോഷ് ഗോവരിക്കറുടെ ‘ജോധ അക്ബര്‍’ അമീര്‍ഖാന്റെ ‘ഫന’, ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ‘പര്‍സാനിയ’ ദീപാ മേഹ്തയുടെ ‘ഫയര്‍’, ‘വാട്ടര്‍’ തുടങ്ങി ഒട്ടേറേ സിനിമകളെ വിലക്കുകയോ നിര്‍മ്മാതാക്കളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തു. ഹിന്ദുവിശ്വാസങ്ങളെ അപമാനിച്ചു എന്ന പേരിലായിരുന്നു പ്രതിഷേധങ്ങളിലധികവും. ഗുജറാത്തികളുടെ താല്പര്യത്തിനെതിരാണെന്നതായിരുന്നു പര്‍സാനിയ, ഫന എന്നീ ചിത്രങ്ങളെ എതിര്‍ക്കാന്‍ കാരണമായത്. ഇതില്‍ ദീപാ മേഹ്തയുടെ ചിത്രങ്ങളൊഴിച്ച് മറ്റെല്ലാം തന്നെ മുസ്ലീങ്ങള്‍ അല്ലെങ്കില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു എന്നത് യാദൃശ്ചികമല്ല. പ്രതീകസാധ്യതയുള്ള വ്യക്തികളെ മുന്‍‌നിര്‍ത്തി ഒരു വിഭാഗം ജനങ്ങളുടെ നേര്‍ക്ക് പരോക്ഷമായി നടത്തുന്ന വാന്‍ഡലിസമാണ് ഇവിടെ നടക്കുന്നത്. മറ്റാരേക്കാളും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച വ്യക്തിയാകട്ടെ ഹുസൈനും. ഹുസൈന്റെ ചിത്രങ്ങളെ ഇഷ്ടപ്പെടുവാനും ഇഷ്ടപ്പെടാതിരിക്കാനും ആര്‍ക്കും അവകാശമുണ്ട്. ഹുസൈനെപ്പോലെ തന്നെ ഹുസൈന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിച്ചു സംസാരിക്കുന്നവര്‍ക്കും ഒരുപോലെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ അഭിപ്രായങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയോ നിയമവ്യവസ്ഥയിലൂടെ രമ്യമായ പരിഹാരം കണ്ടെത്തലോ അല്ല നടക്കുന്നത്. മറിച്ച് ഇവര്‍ക്കെതിരെ സാമൂഹികമായ വിലക്കുകളേര്‍പ്പെടുത്തിയും കൈക്കരുത്തുകാണിച്ച് ഭീഷണിപ്പെടുത്തിയും വ്യക്തികളെ നിലം പരിശാക്കുകയാണ് ചെയ്യുന്നത്.


അനുദിനം സങ്കുചിതമതാത്മകതയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യപരിതസ്ഥിതിയില്‍ ഒട്ടെങ്കിലും പ്രതീക്ഷ നല്‍കുന്നത് ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഹുസൈന്‍ പ്രശ്നത്തില്‍ കൈക്കൊണ്ട നിലപാടുകള്‍ ആണ്. വ്യക്തമായും ഈ വിധിന്യായങ്ങള്‍ ഒരു സമകാലിക കലാരൂപത്തെ കലാപരമായ മൂല്യങ്ങളുടെയും കലാകാരന്റെ വീക്ഷണകോണിലും മനസിലാക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവിക്കുന്നു.കലാകാരന്റെ ആവിഷ്കാര സ്വാതന്ത്യത്തെ അംഗീകരിച്ചുകൊണ്ടുള്ള ധീരമായ വിധിന്യായത്തില്‍ ജസ്റ്റീസ് സഞ്ജയ് കിഷന്‍ കോള്‍ ഇങ്ങനെ പറഞ്ഞു: “the complainants are not the types who would go to art galleries or have an interest in contemporary art…” and quoting Picasso — “…Yes, art is dangerous. Where it is chaste, it is not art”

ആനന്ദ് പട് വര്‍ദ്ധന്‍ എഴുതിയതു പോലെ ഹുസൈനെ അനുകൂലിച്ചുള്ള വാദങ്ങള്‍ ഹുസൈനുവേണ്ടിയുള്ള വാദങ്ങളായല്ല കാണേണ്ടത്, മറിച്ച് നമുക്കുവേണ്ടി തന്നെയാണ് നാം വാദിക്കേണ്ടത്. അസഹിഷ്ണുത എന്നത് ഹിറ്റ്ലറുടെ വ്യക്തിവിശേഷമാണെന്നു വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി. ഹുസൈന്റേയോ തസ്ലീമ നസ്രീന്റേയോ ഡാനിഷ് കാര്‍ട്ടൂണിസ്റ്റിന്റേയോ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പ്രശ്നം എന്നതിലുപരി അടിസ്ഥാനപരമായി ഇത് സഹിഷ്ണുതയുടെ പ്രശ്നമാണ്. അതുറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയും. മതഭ്രാന്തന്മാരുടെ ഈ അസഹിഷ്ണതയ്ക്കു വളംവെക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ സ്വീകരിക്കുക ഒരു ശീലമായിപ്പോയത് ഭരണകൂടങ്ങളുടെ മാത്രം പരാജയമല്ല, അതു മൊത്തം ജനാധിപത്യ സമൂഹത്തിന്റെ പരാജയം കൂടിയാണ്.

* ഖത്തര്‍ പൌരത്വം ലഭിച്ച ശേഷം ദ ഹിന്ദുവിലേക്ക് ഹുസൈന്‍ അയച്ച ചിത്രം

ബുധനാഴ്‌ച, മാർച്ച് 03, 2010

എന്റെ ഗള്‍ഫ് കഥ

16/ഒക്ടോബര്‍/1993 അന്ന് രാത്രി പത്ത് മണിയോടടുത്താണ് ഞാന്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ വേനല്‍ക്കാലത്തിന്റെ അവസാനം. പുറത്തു നല്ല ചൂട്. ആ ചുടിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. ചുടു കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു.
ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന് അറബിയല്ലാതെ ഒന്നുമറിയില്ല. അയാള്‍ എന്തോ ചോദിച്ചു. അറബി വാമൊഴി ആദ്യം കേള്‍ക്കുകയാണ്. ഒന്നും മനസ്സിലായില്ല. സ്കൂളിലും മദ്രസയിലും പഠിച്ച അച്ചടിച്ച അറബിയുടെ സകല സൗന്ദര്യത്തോടെയും ഞാന്‍ പറഞ്ഞു -ഞാന്‍ പുതിയ വിസയില്‍ വരുന്നവനാണ്. അയാള്‍ പിന്നെയും എന്തോ ചോദിച്ചു. ഞാനെന്റെ അച്ചടി അറബി ആവര്‍ത്തിച്ചു. ഒരു രക്ഷയുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചത് സ്വാഭാവികം. സീറ്റില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം കൈ ദൂരേക്ക് ചൂണ്ടി ഒരലര്‍ച്ചയായിരുന്നു.. ബര്‍ര്‍ര്‍ര്‍റ............ബര്‍ര്‍ര്‍ര്‍റ..............................
(ഗെറ്റൗട്ട് എന്നതിന് അറബിയില്‍ അങ്ങിനെയാണ് പറയുകയെന്ന് അന്ന് അറിയില്ലായിരുന്നു).
വിമാനത്തില്‍ നിന്ന് ഒരു ഡിസ്എംബാര്‍കേഷന്‍ ഫോം തന്നിരുന്നു. അത് ഞാന്‍ പൂരിപ്പിച്ചതുമാണ്. ഇമിഗ്രേഷന് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എന്തോ പറഞ്ഞ് ഒരുദ്യോഗസ്ഥന്‍ എന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കൊണ്ടുപോയി. ആ ഫോം കാണാത്തതതു കൊണ്ടാണ് കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായത്. ബര്‍റയുടെ അര്‍ഥം അന്ന് പിടികിട്ടാതിരുന്നത് നന്നായി. അല്ലെങ്കില്‍ വന്നിറങ്ങിയ ദിവസം തന്നെ ഈ രാജ്യത്തു നിന്ന് പുറത്തായിപ്പോയല്ലോ ദൈവമേ എന്ന് ഞാന്‍ ബേജാറായേനെ!
ആദ്യയാത്രയുടെ വേദനയും ദുഃഖവും മനസ്സില്‍ ആവോളമുണ്ടായിരുന്നു. കരിപ്പൂരില്‍ നിന്നുള്ള വിമാനം ഷാര്‍ജയിലിറങ്ങി,
എന്റെ സ്വപ്നത്തില്‍ എവിടെയും ഗള്‍ഫ് ഉണ്ടായിരുന്നില്ല.
""പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറിന്‍ തുണികള്‍ അണിഞ്ഞുള്ള പത്രാസും
നാലുപേര്‍ കാണെ നടക്കുന്ന നാമൂസും
നാട്ടിലേറ്റം വല്യൊരു വീടിന്റെ അന്തസ്സും''
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ആശിച്ചില്ല.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപ്പാട്ട് ഞാന്‍ ആദ്യം കാണുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്ത്. അതെ, കേള്‍ക്കുകയല്ല, ആ പാട്ട് കാണുകയാണ് ആദ്യം ചെയ്തത്. അന്നൊക്കെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഒരു മാപ്പിളപ്പാട്ട് ആഴ്ചതോറും പ്രസിദ്ധീകരിക്കും. പുതിയ പല പാട്ടുകളും അങ്ങിനെ കേള്‍ക്കുന്നതിന് മുമ്പ് കാണുകയാണ് ഞാന്‍ ആദ്യം ചെയ്തത്. കല്യാണങ്ങള്‍ക്കും കുറിക്കല്യാണങ്ങള്‍ക്കും തെങ്ങിന്‍ മുകളില്‍ കെട്ടുന്ന വലിയ കോളാമ്പികളില്‍ പിന്നീട് കുറേ കഴിഞ്ഞായിരിക്കും ആ പാട്ടുകള്‍ കേള്‍ക്കുക.
അയല്‍പക്കത്തെ അഹമ്മദ്കോയക്കാക്കയുടെ വീട്ടില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വരും. കാര്‍ട്ടൂണുകളും ചിത്രകഥകളും കറങ്ങി എപ്പോഴും നേരെ ചെന്നെത്തുന്നത് മാപ്പിളപ്പാട്ടിലായിരിക്കും. ആ മാപ്പിളപ്പാട്ടുകളെല്ലാം എഴുതിയെടുത്ത് ഞാന്‍ കാണാപ്പാഠം പഠിക്കും.
അങ്ങിനെയൊരു ദിവസമാണ് എസ്.എ. ജമീലിന്റെ ദുബായ് കത്ത് കാണുന്നത്. അറിയാവുന്ന ഒരീണത്തില്‍ അത് അവിടെ തന്നെ കുത്തിയിരുന്നു കാണാതെ പഠിച്ചു. പിന്നീട് ഉച്ചഭാഷിണികളില്‍ നിന്ന് കേട്ട് ആ പാട്ടിന്റെ ഈണം പഠിച്ചു. ഒട്ടും മധുരമില്ലാത്ത എന്റെ കുട്ടിക്കൂറ്റില്‍ ഞാന്‍ പലേടത്തും അത് പാടി. അയല്‍പക്കത്ത താത്തമാരൊക്കെ എന്നെക്കൊണ്ട് ആ പാട്ട് പാടിക്കും. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ പോയവരുടെ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും അവരൊക്കെ ആ പാട്ട് കേട്ട് വല്ലാത്ത നെടുവീര്‍പ്പിടുകളിടും.
ആ പാട്ട് പകരുന്ന ആഴത്തിലുള്ള നോവുകള്‍ അന്നൊന്നും എന്നെ സ്പര്‍ശിച്ചിരുന്നില്ല. ബാപ്പയെ കാണാന്‍ വിധിയില്ലാതെ നടക്കുന്ന പാട്ടിലെ മൂന്നു വയസ്സുകാരനാണ് എന്നെ വേദനിപ്പിച്ചത്. ഓടിച്ചാടി കളിക്കുന്ന കുട്ടി ഇടക്കിടെ ബാപ്പയെ ചോദിക്കുന്നതും ഒരിക്കലും കാണാത്ത ബാപ്പയെ അവന്‍ മാടിമാടി വിളിക്കുന്നതും ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറയും. എന്റെ ബാപ്പയും ഗള്‍ഫില്‍ ആയിരുന്നു മുന്ന് വര്‍ഷം കുടുംബം വീട്ടിലെത്തുമ്പോള്‍ തന്നെ എന്ത് ആഹ്ലാദമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബാപ്പയെ ഓര്‍ക്കുമ്പോള്‍ ആ കുട്ടിക്ക് എന്തുമാത്രം സങ്കടമുണ്ടാകും?
ജമീലിന്റെ വരികള്‍:
രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടിക്കളിക്കും -മോന്‍ ബാപ്പാനെ
മാടി മാടി വിളിക്കും -അത് കാണുമ്പോള്‍
ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം
കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ..
ദുബായ് കത്തിലെ ആണ്‍ പെണ്‍ വിരഹവും മനസ്സും ശരീരവും അനുഭവിക്കുന്ന കൊടിയ ദാഹവുമൊന്നും എന്നെ അന്ന് സ്പര്‍ശിക്കേണ്ടതില്ല. പിന്നെ അതൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ ആശകളും കിനാക്കളുമടക്കി മലക്കല്ലാഞ്ഞിട്ടും മലക്കുകളെ പോലെ ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടു. ബാപ്പയെ കാണാതെ മൂന്നും നാലും വര്‍ഷം ഓടിച്ചാടി കളിക്കുകയും ഇടക്കിടെ ബാപ്പാനെ ചോദിക്കുകയും ദൂരെ ദൂരെ കണ്ണു നട്ട് ബാപ്പാനെ മാടി മാടി വിളിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടു. പത്രാസിനും നാമൂസിനുമപ്പുറം അക്കരെയിക്കരെ ഇരുന്നു കരഞ്ഞു തീരുന്ന രണ്ട് ജീവിതങ്ങളാണ് ഗള്‍ഫിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞത്. ഗള്‍ഫിലേക്ക് പറക്കുന്നവന്‍ നാട്ടിലെ പെണ്ണിനെ തീയിലിട്ട് വേവിക്കുകയാണ്. പെണ്ണിന്റെ ആവശ്യമറിയാത്ത, പൊണ്ണനായ ഗള്‍ഫുകാരന്‍ അവളുടെ തെറ്റിന്റെ കര്‍ത്താവാകുന്നു.
ജമീല്‍ പാടുന്നു:
മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും
യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്‍
കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍
കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട
നേര്‍ച്ചക്കോഴി പോലെയായ്
കുഞ്ഞോലന്‍ കുട്ടിയാണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഖത്തറില്‍ പോകുന്നത്. അടുത്ത ഗ്രാമത്തില്‍ കുറേ ഖത്തറുകാരുണ്ട്. അവിടുത്തെ ഏതോ ഖത്തര്‍ കുടുംബത്തില്‍ നിന്ന് പെണ്ണുകെട്ടിയ കുഞ്ഞോലന്‍ കുട്ടി ആ വഴിയാണ് ഖത്തറിലേക്ക് പോയത്. കുഞ്ഞോലന്‍ കുട്ടി ഖത്തറില്‍ നിന്ന് വരുമ്പോള്‍, അത്തറിന്റെ മണമൊക്കെ പരത്തി അങ്ങാടിയില്‍ വരും. അയാളെ ഒരല്‍ഭുത മനുഷ്യനെപ്പോലെ നോക്കി നിന്നിട്ടുണ്ട്. കുഞ്ഞോലന്‍ കുട്ടിയുടെ അയല്‍ക്കാരും കുടുംബക്കാരുമായ കുട്ടികള്‍ അയാള്‍ കൊണ്ടു വരുന്ന പേനയും മണമുള്ള മായ്ക്കും റബറും പടം മിന്നി മറയുന്ന സ്‌കെയിലുമൊക്കെയായി മദ്‌റസയിലും സ്കൂളിലുമൊക്കെ വരും. അയാള്‍ കൊണ്ടു വന്ന "ഫോട്ടം നോക്കി'യിലാണ് മക്കയും മദീനയും ആദ്യം കാണുന്നത്.
കുഞ്ഞോലന്‍ കുട്ടിയുടെ വീട്ടില്‍ നിന്നാണ് ടേപ്‌റെക്കോര്‍ഡര്‍ പാടുന്നത് ആദ്യമായി കേട്ടത്. മാപ്പിളപ്പാട്ടുകള്‍ക്കു പുറമെ, അന്ന് കേട്ടിരുന്നത് മുഹമ്മദ് റഫിയുടെയും മുകേഷിന്റേയുമൊക്കെ പാട്ടുകളാണെന്ന് കുറേക്കാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ദുബായ് കത്ത് പാടിയും ആ പെട്ടി ഇടക്കിടെ കരയും. ഇന്നിപ്പോള്‍ ഗള്‍ഫുകാരില്ലാത്ത ഒറ്റ വീടും എന്റെ നാട്ടിലില്ല. എന്റെ ബാപ്പ യാണ് എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം ഗള്‍ഫില്‍ പോയത്. ആദ്യത്തെ അവധിക്കു വന്നപ്പോള്‍ കൊണ്ടു വന്ന പെട്ടി തുറന്നപ്പോഴാണ് ഗള്‍ഫിന്റെ മണം ഞാന്‍ ആദ്യം ഞാന്‍ ശ്വസിച്ചത്. അപ്പോഴും ഗള്‍ഫ് ഒരു സ്വപ്നമായി എന്റെ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല.
ഗള്‍ഫുകാരുടെ വീട്ടില്‍ കാണുന്ന ഫോറിന്‍ ബ്ലാങ്കറ്റിനോട് എനിക്ക് വലിയ കൊതിയായിരുന്നു. എനിക്ക് എന്നും കൊതി തോന്നിയ ഒരേയൊരു ഫോറിന്‍ സാധനം. കാമുകിയെ കെട്ടിപ്പിടിച്ച് കിടക്കാന്‍ കൊതിക്കുന്നതുപോലെ ആ ബ്ലാങ്കറ്റ് പുതച്ചു കിടക്കാന്‍ ഞാന്‍ കൊതിച്ചു. ഷാര്‍ജ യിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ബ്ലാങ്കറ്റ് സ്വന്തമാക്കി. എയര്‍ കണ്ടീഷന്റെ തണുപ്പില്‍ പുതച്ചുറങ്ങാന്‍ അത് നിര്‍ബന്ധമാണ്. പിന്നെ ഓരോ അവധിക്കു പോകുമ്പോഴും ഒരു ബ്ലാങ്കറ്റ് ഞാന്‍ വെറുതെ വാങ്ങിക്കൊണ്ടുപോകും. ഒടുവില്‍ എന്‍റെ ഉമ്മ എനിക്ക്, അന്ത്യശാസനം നല്‍കി -മേലില്‍ ഇവിടെ ബ്ലാങ്കറ്റ് കൊണ്ടുവരരുത്. അതൊന്നും എടുത്തു വെക്കാന്‍ ഇവിടെ സ്ഥലമില്ല. അതോടെ ബ്ലാങ്കറ്റ് ക്കൊണ്ടുപോക്കു നിര്‍ത്തി.
ജമീലിന്റെ പാട്ട്:
മകനെ എടുത്ത് മതിയാവോളം മുത്താനും
മണിയറയില്‍ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും
മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടില്‍ പറന്നെത്താനും
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
ഗള്‍ഫിന് വിടകൊടുത്തുടന്‍ കടല്‍ കടന്നീടാന്‍
കൊതി കൂടുന്നേ നിന്നില്‍ കൊതി കുടുന്നേ
ജമീലിന്റെ അപ്പാട്ട് ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേവല കത്തിടപാടായി ഞാന്‍ കാണുന്നില്ല. ജന്മനാടും പ്രവാസിയും തമ്മിലുള്ള പിടിവിടാത്ത ബന്ധം തന്നെയാണ് അതില്‍ കാണുന്നത്. പുഴയും തോടും വയലേലകളും കുന്നും മലകളും പ്രിയപ്പെട്ടവരും നിറഞ്ഞ ജന്മനാടാണ് ആ മണിയറ. അവിടെ, പ്രിയപ്പെട്ട സകലതിന്റേയും സാന്നിധ്യം സന്തോഷം കത്തുന്ന മണിവിളക്കാകും. ആ ജീവിതത്തിന് ഒരിക്കലും വറ്റാത്ത മധുവിധുവിന്റെ ലഹരിയുണ്ട്. അവിടെ ഓടിച്ചാടി കളിക്കുന്നതും ഇടക്കിടെ നമ്മെ മാടി മാടി വിളിക്കുന്നതും നമ്മുടെ മനസ്സു തന്നെയാണ്. അതെ, പിന്‍വിളി വിളിക്കുന്നത് ഭാര്യയല്ല, സ്വന്തം നാടു തന്നെയാണ്. സ്‌നേഹത്തിന്റെ സകല ചാരിത്ര്യ ശുദ്ധിയോടും കൂടി നമ്മെ കാത്തിരിക്കുന്നത് ആ മണ്ണാണ്. ആ വിളി കേള്‍ക്കാതിരിക്കാനാകില്ല, ഒരു പ്രവാസിക്കും…………

തിങ്കളാഴ്‌ച, മാർച്ച് 01, 2010

ഓപണ്‍ ഹൗസ്‌

അവധി ദിവസങ്ങളില്‍ റഹീം വിളിച്ചാലെ റുക്സാന ഉറക്കമുണരുകയുള്ളൂ. ശനിയാഴ്ച ദിവസം റഹീമിന് ജോലിയുള്ളതിനാല്‍ ചായയും ഒട്സും ഉണ്ടാക്കി രണ്ടു കഷണം ബ്രഡില്‍ ചീസും നട്ടെല്ലയും പുരട്ടി അലുമിനിയം പേപറില്‍ പൊതിഞ്ഞു മേശപ്പുറത്ത് വെച്ചതിനു ശേഷം വീണ്ടും പുതപ്പിനകത്തു ചുരുണ്ടുകൂടുകയാണ് പതിവ്.
എല്ലാ ശനിയാഴ്ചയും ജോലിക്ക് പോകുമ്പോള്‍ റഹീം വാതില്‍ക്കലില്‍ നിന്നും തിരിഞ്ഞു നോക്കും. അസിടിട്ടിയാണ് ഭക്ഷണം സമയാസമയം കഴിക്കണം എന്നൊക്കെ പറഞ്ഞു ടിഫിന്‍ ബോക്സുമായി വാതില്‍ക്കല്‍ വരെ വന്നു രുകസാന തന്നെ യാത്രയയ്ക്കുന്ന രംഗം അയാള്‍ പലപ്പോഴും മനസ്സില്‍ കണ്ടിരുന്നു. ഓ എന്‍ വി യുടെ കവിതയില്‍ പറപഞ്ഞതുപോലെ വെറുതെയാണെന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുവാന്‍ മോഹം.

സ്കൂള്‍ അധ്യാപികയായ റുക്സാന പ്രവൃത്തി ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ അലാറം വെച്ച് അതിരാവിലെ തന്നെ ഉറക്കമുണര്‍ന്നു എല്ലാ ജോലികളും വളരെ ഭംഗിയായി ചെയ്തുതീര്‍ത്തു ആറു മണിക്കുതന്നെ ഊര്‍ജ്ജസ്വലതയോടെ ജോലിക്ക് പോകും.

പക്ഷെ ഇന്ന് ശനിയാഴ്ച ടിഫിന്‍ പാത്രം മേശമേല്‍ വെച്ചതിനു ശേഷം പതിവുപോലെ അവള്‍ പുതപ്പിനകത്ത്‌ ചുരുണ്ടു കൂടിയില്ല. അവള്‍ക്കതിനു കഴിഞ്ഞില്ല.

ബാത്ത്റൂമില്‍ നിന്ന് കുളിയും കഴിഞ്ഞിറങ്ങുന്ന ഭര്‍ത്താവിനെയും പ്രതീക്ഷിച്ചവള്‍ മകന്‍ സല്‍മാന്‍റെയരികില്‍ ഇരുന്നു.അവന്‍ നല്ലയുറക്കത്തിലാണ്. റുക്സാന അവനെ തലോടിക്കൊണ്ടിരുന്നു.

എങ്ങിനെ ചോദിക്കും? എങ്ങിനെ അവതരിപ്പിക്കും? എന്തായിരിക്കും പ്രതികരണം? കഴിഞ്ഞ വര്‍ഷത്തെ പോലെ ചൂടാകുമോ? രാവിലെ തന്നെ ആളെ മുഷിപ്പിക്കണോ? റുക്സാന വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തിലാണ്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സല്‍മാന്‍റെ ഓപ്പണ്‍ ഹൗസാണ് ഇന്ന്. കുട്ടികളുടെ പഠിത്തത്തെകുറിച്ചും അവരുടെ പ്രകടനത്തെക്കുറിച്ചും രക്ഷിതാക്കളും അധ്യാപകരും പരസ്പരം ചര്‍ച്ച ചെയ്യുന്ന ഒരു ദിവസം.

കുളി കഴിഞ്ഞിറങ്ങിയ റഹീം രുക്സാനയെ കണ്ടു ആശ്ചര്യത്തോടെ നോക്കി . മോഹങ്ങളൊന്നും വെറുതെയല്ല എന്നയാള്‍ക്ക്‌ തോന്നി.

“ നിങ്ങള്‍ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്? “അപൂര്‍വ്വമായി കണ്ടിരുന്ന നാണത്തോടെ അവള്‍ ചോദിച്ചു.

റഹീം ഒന്നും മിണ്ടിയില്ല.. അടുക്കളയില്‍ ചെന്ന് ഒരു ചെറു പാത്രത്തില്‍ ഒട്സുമായി അവള്‍ വന്നു.

“ അല്‍ഹംദുലില്ലാഹ്, സര്‍വ്വ സ്തുതിയും സര്‍വ്വശക്തനായ ദൈവത്തിനാകുന്നു, ഇവള്‍ക്കിതെന്തുപറ്റി? ഇവള്‍ എന്‍റെ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇട്ടു തരുമോ? ഷൂ പോളിഷ് ചെയ്തു തരുമോ? പുഞ്ചിരിയോടെ എന്നെ യാത്രയയക്കുമോ? “ അയാള്‍ ആഹ്ലാദഭരിതനായി.

ഓട്സ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഡ്രെസ്സുമായി റുക്സാന അരികിലെത്തി. ഷൂ പോളിഷ് ചെയ്തു.

“ ഇന്ന് സൈറ്റ് മീറ്റിങ്ങും മറ്റുമായി തിരക്കിലാണെന്നറിയാം എങ്കിലും ഉച്ച ഭക്ഷണത്തിന് താമസിക്കുകയാണെങ്കില്‍ അറിയിക്കണം. പിന്നെ മീറ്റിങ്ങിന്‍റെയിടയില്പെട്ടു ബ്രൈക്ക് ഫാസ്റ്റ് കഴിക്കാന്‍ മറക്കരുത്.”

ഒടുവില്‍ ചെറു പുഞ്ചിരിയോടെ റഹീമിനെ യാത്രയാക്കുമ്പോള്‍ അവള്‍ പറഞ്ഞു.

ഓട്സ് കൊടുക്കുമ്പോഴും ഷൂ പോളിഷ് ചെയ്യുമ്പോഴും യാത്ര പറയുമ്പോഴും മകന്‍റെ ഓപണ്‍ ഹൌസിനെക്കുറിച്ചു റഹീമിനെ ഓര്‍മിപ്പിക്കാന്‍ അവള്‍ക്ക്‌ ധൈര്യം വന്നില്ല.

ഗ്ലാസ്‌ ജനവാതിലില്‍ കൂടി റുക്സാന പുറത്തേക്ക്‌ നോക്കി. സൂര്യന്‍ ഉദിച്ചുപോങ്ങിക്കൊണ്ടിരിക്കുന്നു. മുന്‍വശത്തുള്ള പര്‍കിങ്ങില്‍ നിന്നും വണ്ടികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. റഹീമിന്‍റെ വണ്ടിയും അതിലുണ്ടായിരുന്നു. അവള്‍ സൂക്ഷിച്ചു നോക്കി. റഹീം തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

മഞ്ഞുമലകള്‍ ഉരുകുന്നത് പോലെ അവള്‍ക്കു തോന്നി. മനസ്സിലെ പ്രതിബന്ധങ്ങള്‍ അലിഞ്ഞില്ലാതായിരിക്കുന്നു. ഒരു പുത്തനുണര്‍വ് കിട്ടിയത് പോലെ അവള്‍ക്ക്‌ തോന്നി.

അവള്‍ ധൃതിയില്‍ മൊബൈല്‍ ഫോണില്‍ മെസ്സേജ് എന്‍റര്‍ ചെയ്തു തുടങ്ങി.

“ ഇന്ന് പത്തു മണി മുതല്‍ ഒരു മണി വരെ സല്‍മാന്‍റെ ഓപണ്‍ ഹൗസാണ്, സമയമുണ്ടെങ്കില്‍ അറിയിക്കണം ,ഞങ്ങള്‍ ഒരുങ്ങി നില്‍ക്കാം”

മൊബൈലില്‍ മെസ്സേജ് അയച്ചതിനു ശേഷം അവള്‍ അടുക്കളയിലേക്കു പോയി.

മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ റഹീംകാന്‍റെ കോള്‍ ആയിരിക്കുമെന്ന് കരുതി റുക്സാന അടുക്കളയില്‍ നിന്നും ഓടി വന്നു ഫോണ്‍ എടുത്തു. ഒന്‍പതു മണിക്ക് ഉണരുവാന്‍ വെച്ച അലാറമായിരുന്നു അത്. അവള്‍ നിരാശയോടെ കട്ടിലിലിരുന്നു.ഉറങ്ങികൊണ്ടിരുന്ന മകനെ ഉണര്‍ത്താന്‍ ശ്രമിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു അവന്‍ ഉമ്മയെ കളിപ്പിച്ചു.

ഓപണ്‍ ഹൗസിനു റഹീം എങ്ങിനെ പോകാനാണ്? ആദ്യത്തെ ഓപണ്‍ ഹൗസിനു വളരെ പ്രതീക്ഷകളോട് കൂടിയായിരുന്നു അയാള്‍ പോയത്.മകന്‍റെ അധ്യാപകരെയും കൂട്ടുകാരെയും പ്രത്യേകിച്ച് രാഹുല്‍ എന്ന കൂട്ടുകാരനെ കാണുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. പക്ഷെ അന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് ശേഷം ഇനി ഒരിക്കലും ഓപണ്‍ ഹൗസിനു പോകില്ലാ എന്ന് തീരുമാനിക്കുകയായിരുന്നു.

ക്ലാസ്സില്‍ ഇംഗ്ലീഷ് ഫ്ലുവന്‍സി ഇല്ലാത്ത ഒരേയൊരു കുട്ടി സല്മാനാണെന്ന് ക്ലാസധ്യപിക പറഞ്ഞപ്പോഴായിരുന്നു അയാള്‍ പൊട്ടിത്തെറിച്ചത്. അയാള്‍ അധ്യാപികയോട് വളരെ രൂക്ഷമായി തന്നെ കയര്‍ത്തു സംസാരിച്ചു.

“മേഡം എന്താ എന്‍റെ മകനെ അപമാനിക്കുകയാണോ? ഈ നാലു വയസ്സുകാരനില്‍ നിന്നും മേഡം എന്ത് ഫ്ലുവന്‍സിയാണ് ഉദ്ദേശിക്കുന്നത്?. ഇംഗ്ലീഷ് അക്ഷരമാല നന്നായി പറയുകയും എഴുതുകയും ചെയ്യുന്നുണ്ടവന്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഞാന്‍ ആദ്യമായി കാണുന്നത്. ഇന്ന് ഞാന്‍ ഒരു എഞ്ചിനീയര്‍ ആണ്. എന്‍റെ മകന് ഇത്രയൊക്കെ ഫ്ലുവന്‍സി മതി. കുട്ടികളെ പഠിപ്പിക്കാന്‍ അറിയില്ലെങ്കില്‍ ഈ ജോലിക്ക് വന്നു കുട്ടികളുടെ ഭാവി നശിപ്പിക്കരുത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഈ നിലക്കാണ് പോകുന്നതെങ്കില്‍ ഗര്‍ഭ പാത്രത്തില്‍ വെച്ചുതന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വല്ല പുതിയ സംവിധാനങ്ങളും കണ്ടുപിടിക്കെണ്ടിവരും!”.ക്ഷുഭിതനായ റഹീമിനെ കണ്ട് നിറകണ്ണുകളോടെ അധ്യാപിക ക്ലാസ്സില്‍ നിന്നും ഇറങ്ങിയോടി.

ഈ സംഭവങ്ങളൊക്കെയും ഇന്നലെയെന്നപോലെ രുക്സാനയുടെ മനസ്സില്‍ തെളിഞ്ഞു വന്നു. അതുകൊണ്ട് തന്നെ ഓപണ്‍ ഹൗസിനു പോകാന്‍ കഴിയുമെന്നുള്ള എല്ലാ പ്രതീക്ഷകളും വെടിഞ്ഞ് ഉച്ച ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അവള്‍ അടുക്കളയിലേക്കു പോയി.

മൊബൈല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചപ്പോള്‍ അവള്‍ ഓടിച്ചെന്ന് നോക്കി. റഹീംകാന്‍റെ

ഓഫീസ് നമ്പര്‍. ഒരു തെല്ല് പരിഭ്രമത്തോടെ അവള്‍ ഫോണ്‍ എടുത്തു.

“ഹലോ?’

“നിന്‍റെ മെസ്സേജ് കിട്ടി . ഞാന്‍ ഓപണ്‍ ഹൗസിന്‍റെ കാര്യം മറന്നുപോയി, നീ റെഡിയായി നിന്നോളൂ ഞാന്‍ അര മണിക്കൂറിനകം പര്‍കിങ്ങില്‍ എത്താം.”

രുക്സാനക്ക് എന്താന്നില്ലാത്ത സന്തോഷം തോന്നി. കിടക്കയില്‍ കിടന്നുരുളുന്ന മകനെ പൊക്കിയെടുത്തു കുളിപ്പിച്ച് കുട്ടപ്പനാക്കി. ഭക്ഷണവും കഴിഞ്ഞ് വസ്ത്രങ്ങളണിഞ്ഞ് ഗ്ലാസ് ജാലകത്തില്‍ കൂടി റഹീംന്‍റെ വരവും കാത്തിരുന്നു.

അവള്‍ വെറുതെയൊന്നു ആലോചിച്ചു. രാവിലെ കിടക്കയില്‍ കിടന്നുകൊണ്ട് ഇന്ന് മകന്‍റെ ഓപണ്‍ ഹൌസല്ലേ? നിങ്ങള്‍ക്കെന്താ അവന്‍റെ കാര്യത്തില്‍ ശ്രധയില്ലേ?എന്നൊക്കെ ചോദിച്ചിരുന്നുവെങ്കില്‍എന്താകുമായിരുന്നു അവസ്ഥ.?

ഓപണ്‍ ഹൗസിനു പോയില്ല എന്ന് വിചാരിച്ചു അതെങ്ങിനെയാ അശ്രധയാകുക? അവനെ രാവിലെ ബസ്റ്റോപ്പില്‍ കൊണ്ടുവിടുന്നതാരാ? അവന്‍റെ ഫീസ്‌ അടക്കുന്നതാരാ? ഇതൊക്കെ പിന്നെ എന്താണ്?

ഇങ്ങനെയൊക്കെപ്പറഞ്ഞു പരസ്പരം വഴക്ക് കൂടി ദിവസങ്ങളോളം മിണ്ടാതിരിക്കും. ഇതിന്‍റെയിടയില്‍ പെട്ട് സല്‍മാന്‍ വീര്‍പ്പുമുട്ടും. അപ്പോള്‍ മനസ്സ് വെച്ചാല്‍ പ്രശ്നങ്ങളെ സങ്കീര്‍ണ്ണതയിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ കഴിയും.

റഹീം പലപ്പോഴും രുക്സാനയോടു പറയുമായിരുന്നു. “വല്ലപ്പോഴും മദ്യപിക്കുന്ന ഒരു മനുഷ്യന്‍ ..അയാളോടുള്ള ഭാര്യയുടെ പെരുമാറ്റത്തിന്‍റെ സ്വഭാവമനുസരിച്ച് ചിലപ്പോള്‍ മദ്യപാനം നിര്‍ത്തിയെന്ന് വരാം മറ്റു ചിലപ്പോള്‍ മുഴു കുടിയനായെന്നും വരാം.”

പറഞ്ഞതുപോലെതന്നെ റഹീം അരമണിക്കൂറിനകം പാര്‍ക്കിംഗില്‍ എത്തി.

“ നീ എന്തായിന്നു യുനിഫോമെന്നും ഇടാതിരുന്നത്?” അയാള്‍ കളിതമാശയോടെ മകനോട്‌ ചോദിച്ചു.

“ഇന്ന് ഓപണ്‍ ഹൌസല്ലേ? ഈ പപ്പായ്ക്ക് ഒന്നും അറിയില്ല.”അവന്‍ പറഞ്ഞു തുടങ്ങി.

വണ്ടിയില്‍ കയറിയിരുന്നാല്‍ അവന്‍ വാതോരാതെ കലപിലാന്നു ചിലച്ചുകൊണ്ടെയിരിക്കും. ഇവിടെ നിന്ന് സ്ട്രെയ്റ്റ്‌ പോയാല്‍ എവിടെയെത്തും? ലെഫ്റ്റ് പോയാല്‍ എവിടെയെത്തും? റൈറ്റ് പോയാല്‍ എവിടെയെത്തും? അതെന്താണ്? ഇതെന്താണ്? ബില്‍ഡിങ്ങ്കള്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത്‌? കോണ്‍ക്രീറ്റ് അതെന്താണ്? അങ്ങിനെ ഒത്തിരി ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാകും അവനു ചോദിയ്ക്കാന്‍.

മകന്‍ പറയുന്നതൊക്കെ റഹീം വളരെ ശ്രദ്ധയോടെ കേട്ടിരിക്കും.അവന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അറിയാവുന്ന വിധത്തില്‍ അയാള്‍ മറുപടി പറയും.പക്ഷെ രുകസാന വണ്ടിയില്‍ കയറിയിരുന്നാല്‍ പിന്നെ മിണ്ടാട്ടമേയില്ല.ചിന്തകള്‍ എവിടെയൊക്കെയോ ആയിരിക്കും.വണ്ടിയിലിരുന്നു എന്താണ് ഇത്ര ഗൗരവത്തില്‍ ആലോചിക്കുന്നത് എന്ന് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അയാള്‍ക്ക് മനസ്സിലായില്ല. മകന്‍ പറയുന്നതൊന്നും തന്നെ അവള്‍ ശ്രദ്ധിക്കില്ല. അടങ്ങിയിരിക്ക് എന്ന് പറഞ്ഞു പേടിപ്പിക്കും അല്ലങ്കില്‍ പഠിത്തത്തിന്‍റെയോ പ്രോഗ്രസ്സ് കാര്‍ഡിന്‍റെയോ പേരും പറഞ്ഞു അവനെ ചൊറിഞ്ഞുകൊണ്ടേയിരിക്കും.

പക്ഷെ ഇന്ന് റുക്സാന മകന്‍ പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ഓപണ്‍ ഹൌസിന്‍റെയോ പ്രോഗ്രസ്സ് കാര്‍ഡിന്‍റെയോ കാര്യം അവന്‍റെയടുത്‌ മിണ്ടിയതേയില്ല. സ്കൂള്‍ എത്തുന്നത്‌ വരെ പുറം കാഴ്ചകള്‍ വിവരിച്ചുകൊണ്ടേയിരുന്നു.

അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളുമായി സ്കൂള്‍ വരാന്തയില്‍ നിറയെ ജനങ്ങളാണ്. പപ്പയുടെ വിരലില്‍ തൂങ്ങി സല്‍മാന്‍ വളരെ ആവേശത്തോടെ ക്ലാസ്‌ മുറിയിലെക്ക് നടന്നു. ക്ലാസധ്യാപികയെ അഭിവാദ്യം ചെയ്ത ശേഷം പിന്‍ വശത്ത് ഒഴിവുണ്ടായിരുന്ന സീറ്റില്‍ അവരിരുന്നു. അയാള്‍ ക്ലാസാകമാനം ഒന്ന് വീക്ഷിച്ചു.

വടക്കേ ഇന്ത്യക്കാരിയായ ക്ലാസധ്യാപിക വളരെ വിശദമായി തന്നെ രക്ഷിതാക്കളുമായി സംവാദിച്ചുകൊണ്ടിരുന്നു. അവന്‍ മിടുക്കനാണ്,നല്ല വണ്ണം പഠിക്കുന്നവനാണ്,മടിയനാണ്,തീരെ ശ്രദ്ധയില്ല, ഹാന്‍ഡ്‌ റൈറ്റിംഗ് വളരെ മോശമാണ്.........അങ്ങിനെ പലതും വിവരിച്ചു കൊണ്ടേയിരുന്നു.

ക്ലാസ് മുഴുവന്‍ ഒന്ന് കറങ്ങി വന്നതിനു ശേഷം സല്‍മാന്‍ വളരെ സങ്കടത്തോടെ പറഞ്ഞു. “ പപ്പാ രാഹുല്‍ വന്നിട്ടില്ല”

“ സാരമില്ല മോനെ നമുക്കവനെ അവന്‍റെ വീട്ടില്‍ പോയി കാണാം” അയാള്‍ മകനെ സമാധനിപ്പിച്ചു.

രക്ഷിതക്കലെല്ലാവരും വളരെ ഉത്ക്കണ്ഠയോടെയിരിക്കുന്നു. ഈ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ എന്താണിത്ര വേവലാതി?

ക്ലാസധ്യാപിക സല്‍മാന്‍റെ റിപ്പോര്‍ട്ട് തിരിച്ചും മറിച്ചും നോക്കികൊണ്ട് വളരെ ഗൌരവത്തില്‍ സല്‍മാന്‍റെയടുത്തു രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. രക്ഷിതക്കളുടെയിടയില്‍ പതുങ്ങിയിരുന്ന സല്‍മാന്‍ ചെറിയ നാണത്തോടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറഞ്ഞു.

“ മിസ്റ്റര്‍ റഹീം ,” ടീച്ചര്‍ തുടര്‍ന്നു.

“ സല്‍മാന്‍റെ കാര്യത്തില്‍ നിങ്ങള്‍ അടിയന്തരമായി വല്ലതും ചെയ്തേ പറ്റൂ.അവന്‍ വളരെ സ്ലോ ആണ്, ചിന്തിക്കാനുള്ള കഴിവ് വളരെ കുറവാണ്.”

റുക്സാന റഹീമിനെ നോക്കി. ഒരു പൊട്ടിത്തെറിക്കു മുന്‍പുള്ള ശാന്തത അയാളില്‍ പ്രകടമായിരുന്നു.

“എനിക്ക് എന്ത് ചെയ്യാന്‍ പറ്റും? ഈ ചിന്താശക്തി എവിടെ നിന്നെങ്കിലും വാങ്ങാന്‍ കിട്ടുമോ?”അയാള്‍ പരിഹാസ സ്വരത്തില്‍ ചോദിച്ചു.

“ അതൊന്നും എനിക്കറിയില്ല ..നിങ്ങള്‍ വേറ വല്ല സംവിധാനങ്ങളും കണ്ടേ പറ്റൂ” ടീച്ചര്‍ വളരെ ഗൌരവത്തില്‍ തന്നെ പറഞ്ഞു.

“പിന്നെ ഞാന്‍ എന്തിനാണ് എന്‍റെ മകനെ ഈ സ്കൂളില്‍ അയക്കുന്നത്.,നിങ്ങളുടെ ജോലി എന്താണ്?, ഒരു അധ്യാപികയുടെ കടമകള്‍ എന്താണ്?” റഹീമിന്‍റെ ശബ്ദം ഉയര്‍ന്നു തുടങ്ങി.

രുക്സാനക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

“ഈ ടീച്ചര്‍ക്ക് ഇത് കിട്ടണം , ഈ തരത്തില്‍ അപമാനിക്കാന്‍ പാടില്ലായിരുന്നു.” അവള്‍ മനസ്സില്‍ വിചാരിച്ചു.

“ കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കണം, കുട്ടികള്‍ വളരുന്നതിനനുസരിച്ചേ അവരുടെ ചിന്താശക്തിയും വളരുകയുള്ളൂ. അതിനെന്തിനാണ് വെറുതെ കുട്ടികളെ കുറ്റപ്പെടുത്തുന്നത്? ക്ലാസ്സില്‍ ഒന്നാം സ്ഥാനത്ത് അല്ലങ്കിലും എന്‍റെ മകന്‍ നന്നായി പഠിക്കും , അത് എനിക്കു ബോധ്യപ്പെട്ടതാണ്. പിന്നെ എന്തിനാ ഈ പ്രായത്തില്‍ ഇത്രയും ചിന്താശക്തി?”

അയാള്‍ ടീച്ചറോട് ചോദിച്ചു.

“ ഞാന്‍ അതല്ല ഉദേശിച്ചത്‌?” ടീച്ചര്‍ സ്വയം ന്യായികരിക്കാന്‍ ശ്രമിച്ചു.

“ മേഡം എന്ത് തന്നെ ഉദ്ദേശിച്ചാലും ശരി, ഈ തരത്തില്‍ വിളിച്ചു വരുത്തി അപമാനിക്കരുത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മന:പാഠമാക്കുക എന്ന രീതി ഒഴിവാക്കണം. പ്രബഞ്ചത്തെക്കുറിച്ചും അതിലെ സകലമാന വിഷയത്തെക്കുറിച്ചും കുട്ടികളില്‍ ഒരു താത്പര്യം ഉണ്ടാക്കണം. എങ്കില്‍ അവര്‍ തനിയെ പഠിച്ചുകൊള്ളും. വിദ്യാഭ്യാസം ഒരിക്കലും ഒരു ഭാരമായി തോന്നരുത്. ക്ലാസ്സില്‍ ഒന്നാം സ്ഥാനത്തെത്താന്‍ മത്സരിക്കുന്ന കുട്ടികളില്‍ അസൂയയുടെയും വിദ്വേഷത്തിന്‍റെയും വിഷ വിത്തുകളാണ് നിങ്ങള്‍ പാകുന്നതെന്ന് ഓര്‍മ്മ വേണം. മേഡം ..നിങ്ങള്‍ ഈ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നതിനിടെ ഏതെങ്കിലും ഒരു കുട്ടിയുടെ സ്വഭാവത്തെ കുറിച്ച് രക്ഷിതാക്കളുമായി സംസാരിച്ചോ?”

അധ്യാപിക തല താഴ്ത്തിയിരുന്നു. അയാള്‍ തുടര്‍ന്നു .

“സംസ്കാരസമ്പന്നരായ വിദ്യാര്‍ഥികളെയാണ് സമൂഹത്തിനാവശ്യം., ഉന്നത വിദ്യാഭ്യാസം നേടിയ സംസ്കാര ശൂന്യരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് ഈ സമൂഹത്തിന്‍റെ ശാപം. വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പ്രാധാന്യം നല്‍കുന്ന തരത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തണം. വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കരുത്.”

റഹീം ക്ലാസ്സില്‍ നിന്നും ഇറങ്ങി നടന്നു. രുക്സാനയും മകനും അയാളെ പിന്തുടര്‍ന്നു.

റഹീം ചിലപ്പോള്‍ അങ്ങിനെയാണ്.എങ്ങിനെ,എപ്പോള്‍ പ്രതികരിക്കും എന്ന് പറയാന്‍ കഴിയില്ല . സാമൂഹിക ,സാമ്പത്തിക,രാഷ്ട്രീയ,വിദ്യാഭ്യാസ മേഖലകളിലെ അതിക്രമങ്ങള്‍ എന്നും അയാളെ പ്രകോപിപ്പിച്ചിരുന്നു.

സാമൂതിരിയുടെ നാട്

കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനുകാരണം അറബികള്‍ ആണ്‌ എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തിപകരുന്ന തരത്തില്‍ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്‌. ഔവ്വായി എന്നൊരു ജോനകന്‍ തപസ്സു ചെയ്യുകയും ശ്രീഭഗവതിയെ പ്രത്യക്ഷപ്പെടുത്തഉകയും ചെയ്തു.എന്നാല്‍ ശ്രീഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളില് പലര്‍ക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാല്‍ സ്ഥിരമായി അവിടെ നില്‍ക്കാന്‍ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താന്‍ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു..ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് ശ്രീദേവിയാകട്ടേ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ. ദക്ഷിണേന്ത്യന്‍‌ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. അറബികളും തുര്‍ക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയര്‍‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. കേരളത്തിലെ പട്ടണങ്ങളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.