തിങ്കളാഴ്‌ച, ജൂൺ 06, 2011

ന്യൂ ബ്രെയിന്‍സ്..............

ഇതാണെന്റെ ട്യൂഷന്‍ സെന്റര്‍, 'ന്യൂ ബ്രെയിന്‍സ്'. പേരുപോലെത്തന്നെയാ, ഒക്കെ നല്ല പുത്തന്‍ പുതിയ തലച്ചോറുകള്‍, ഒട്ടും ഉപയോഗിച്ചിട്ടില്ല. ഇവിടെ പഠിപ്പിക്കുന്ന സാറന്മാരുടേയാണോ അതൊ പഠിയ്ക്കുന്ന കുട്ടികളുടേതാണോ പുതിയ തലച്ചോര്‍ എന്ന കാര്യത്തില്‍ എനിയ്ക്കൊരു ചെറിയ സംശയമുണ്ട്. ഏത് പാഠവും നര്‍മ്മത്തില്‍ ചാലിച്ച് ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് സര്‍, ക്രിക്കറ്റ് ഭ്രാന്തനായ ഹിന്ദി സര്‍, ചൂരല്‍ ബാറ്റും ചോക്ക് ബോളും ആണെന്നാണ് പുള്ളിയുടെ വിചാരം. ഇടയ്ക്ക് ചോക്കുകൊണ്ട് പിള്ളേരെ എറിയുന്നതാണ് പ്രധാന വിനോദം. ഇങ്ങോട്ടെറിഞ്ഞ ചോക്ക് തിരിച്ചെറിഞ്ഞുകൊടുക്കുംബോള്‍ ഡൈവ് ചെയ്യാന്‍ പാകത്തില്‍ വേണം ഇട്ടുകൊടുക്കാന്‍. നേരെ ഇട്ടുകൊടുത്താല്‍ ചൂരല്‍കൊണ്ട് പുള്‍ഷോട്ട് അടിച്ചുകളയും. ഇടയ്ക്ക് ഡ്രാവിടിന്റെ കിടന്ന്മുട്ടും കാണാം. ഏറ്റവും ക്രൂരന്‍ ഇവിടെ കണക്ക് മാഷാണ്. രാവിലെ ഒരു ഗ്ലാസ് ചായന്റെ വെള്ളംകൂടെ കുടിയ്ക്കാതെ ക്ലാസ്സില്‍ വരുന്ന ഞങ്ങളോട് " 'X' ഒരു ബോണ്ടയാണെന്നും 'Y' ഒരു പഴംപൊരിയാണെന്നും കരുതുക" എന്നു പറയുന്ന ആളെ ക്രൂരനെന്നല്ലാതെ എന്തുവിളിയ്ക്കും.

പത്താം ക്ലാസ്സ് ഇവിടെ രണ്ട് ഡിവിഷനുണ്ട്. ഞാന്‍ പത്ത് A യിലാണ്. A എന്ന് വച്ചാല്‍ അടുത്ത വര്‍ഷവും ഇവിടെതന്നെ വരാന്‍ സാധ്യതയുള്ളവര്‍. പത്ത് B, അവിടെ ഉള്ളവരെല്ലാം പഠിപ്പിസ്റ്റുകള്‍. പെണ്‍കുട്ടികള്‍ പഠിക്കണമെന്നില്ല, അത്യാവശ്യം ഗ്ലാമര്‍ ഉണ്ടെങ്കില്‍ പത്ത് B യില്‍ കയറിപറ്റാം. അതാണ് അവര്‍ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി. ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.

'ഫസ്റ്റ് പിരീഡ് ആരാടാ?' ഞാന്‍ അടുത്തിരിക്കുന്ന പ്രവീണിനോട് ചോദിച്ചു.

'സോമന്‍ മാഷാ... ഇംഗ്ലീഷ്'

'നീ നോക്കിയെഴുത്ത് എഴുതിയോ?'

പ്രവീണ്‍ അഭിമാനത്തോടെ ചിരിച്ച് തല കുലുക്കി.

ചതിയാ... നീ ഇന്നെന്നെ ഒറ്റയ്ക്കാക്കിയല്ലേ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരുമാസമായി അലക്കാത്ത ജീന്‍സും ചാക്കുപോലെയുള്ള ഷര്‍ട്ടുമിട്ട് സോമന്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.

എല്ലാരും കൂടെ എണീറ്റ്നിന്ന് 'good morning sir' എന്നൊരു പ്രത്യേക ശൈലിയില്‍ പറഞ്ഞു.

'good morning' എന്ന് തിരിച്ചും പറഞ്ഞ് സോമന്‍ മാഷ് കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു.

'എല്ലാവരും നോക്കിയെഴുത്ത് എടുക്കൂ' സാറിന്റെ ഓര്‍ഡര്‍ വന്നു.

ബസ്സില്‍ കയറിയ ചെക്കര്‍ ടിക്കറ്റ് വാങ്ങി നോക്കുന്നപോലെ എല്ലാവരുടേയും ബുക്ക് വാങ്ങി പേജിന്റെ നടുവിലൂടെ ഒരു വര വരഞ്ഞ് കൊടുക്കുകയാണ് സോമന്‍ മാഷ്.

എന്റെ അടുത്തെത്തി, ബുക്കിനു പകരം ഞാനെന്റെ കൈ നീട്ടികൊടുത്തു.

ട്ടേ.. ട്ടേ..

പിന്നേ.. ഇതൊക്കെയൊരു അടിയാണോ? 'ഞമ്മളിതെത്ര കണ്ട്ക്ക്ണ്, ഇത് ചെറ്ത്' (കടപ്പാട്: പപ്പുച്ചേട്ടന്‍) ഇതിലും വലിയ അടി താങ്ങാനുള്ള ശേഷി എന്റെ ഉമ്മ ചെറുപ്പത്തിലേ എനിയ്ക്ക് ഉണ്ടാക്കിതന്നിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ അരക്ക് താഴോട്ടുള്ള ഭാഗം ഉമ്മയ്ക്ക് അവകാശപെട്ടതാണ്. അധിക സമയങ്ങളിലും എന്റെ തുടയും, പോളകമ്പനിയിലെ ചട്ട രണ്ടോ മൂന്നോ ഒരുമിച്ച് വച്ചതും തമ്മില്‍ ഭയങ്കര മത്സരമായിരിക്കും, ആരാണ് ആദ്യം പൊട്ടുക എന്ന കാര്യത്തില്‍. ആദ്യമൊക്കെ എന്റെ തുടകള്‍ പെട്ടെന്ന് കീഴടങ്ങിയിരുന്നെങ്കിലും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ വിജയിക്കാന്‍ തുടങ്ങി. (എന്റെ ഒടുക്കത്തെ വാശികാരണം എന്നെ അടിച്ച് തളര്‍ത്തി ഉറക്കാറായിരുന്നെന്ന് ഉമ്മ എന്നോട് ഇപ്പഴും പറയാറുണ്ട്. പണ്ട് നല്ലോണം പൊട്ടിച്ചതുകൊണ്ടായിരിക്കാം വലുതായപ്പോള്‍ എല്ലാ സ്നേഹവുംകൂടെ ഒരുമിച്ച് തരുന്നത്) മദ്രസയില്‍ ചേര്‍ന്നത് മുതല്‍ കൈകളുടെ അവകാശം അവിടുത്തെ ഉസ്താദുമാര്‍ ഏറ്റെടുത്തു. എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ന്യൂ ബ്രെയിന്‍സുകാര്‍ എന്റെ കൈകളുടെ അവകാശം വീണ്ടും നേടിയെടുത്തിരിയ്ക്കുകയാണ്.

പ്രവീണ്‍ എനിയ്ക്ക് അടി കിട്ടിയത് കണ്ട് വായപൊത്തി ചിരിച്ചിട്ടാണ് അവന്റെ പുസ്തകം കൊടുത്തത്. സോമന്‍ സാര്‍ അതിലും വരയിട്ട് തിരിച്ചു കൊടുത്തു. തിരിച്ച് കൊടുത്ത പുസ്തകം പുള്ളി വീണ്ടും വാങ്ങിച്ച് വായിച്ചുനോക്കി. പിന്നെ സോമന്‍ മാഷ് അലറി.

'നീട്ടെടാ കൈ...'

'സാര്‍....'

'ഒരേ വരി പേജ് മുഴുവന്‍ എഴുതിവച്ചാല്‍ അറിയില്ലാന്ന് കരുതിയോ പ്രാന്താ...?'

ഠേ... ഠേ...

അവിടെ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിയത് എന്റെ മനസ്സിലാണ്. എന്നും എന്റെകൂടെ സ്ഥിരമായിട്ട് അടി വാങ്ങിക്കുന്നവനാ... ഇന്നെന്നെ പറ്റിക്കാന്‍ നോക്കി. എന്നിട്ടെന്തായി... എഴുതിയത് വെറുതേ ആയി, നല്ല സ്ട്രോങ്ങില്‍ രണ്ട് അടിയും കിട്ടി.

ദി മൈസര്‍ എന്ന പാഠത്തിലെ റൂക്കോളിന്റെ കഞ്ഞിത്തരം വളരെ രസകരമായി എടുത്തുതരുകയാണ് സോമന്‍ മാഷ്. റൂക്കോള്‍ കെട്ട തക്കാളികൊണ്ട് കറിവച്ചതും, കീറിയ ചാക്ക് കൊണ്ട് ട്രൗസര്‍ അടിച്ചതുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്, ക്ലാസ്സിനെ മൊത്തം ചിരിപ്പിച്ച് വളരേ രസകരമായി തന്നെ. ഇടക്കെപ്പഴോ ഞാന്‍ ഈ വെറുതേയിരിയ്ക്കുന്നതിന്റെ ക്ഷീണം കാരണം ഡെസ്കില്‍ തല വച്ച് ഉറങ്ങിപ്പോയി. ആരോ എന്നെ തട്ടിയുണര്‍ത്തുന്നു, എണീറ്റ് നോക്കിയപ്പോള്‍ സോമന്‍ മാഷ് മുന്നില്‍. ഞാന്‍ പതിവുപോലെ കൈ നീട്ടിക്കൊടുത്തു.

'വേണ്ട വേണ്ട... സുഖായി ഉറങ്ങിക്കൊ... എന്റെ പിരീഡ് കഴിഞ്ഞു. അത് പറയാന്‍ വേണ്ടി വിളിച്ചതാ...' എന്നും പറഞ്ഞ് സോമന്‍ മാഷ് പുറത്തേക്ക് പോയി.

'പണ്ടാരടങ്ങാന്‍ മനുഷ്യന്റെ ഉറക്കോം കളഞ്ഞ്, അടുത്ത പിരീഡ് ആരാടാ പ്രവീണേ?'

'വിശാഘന്‍ മാഷ്... ജിയോഗ്രഫി...'

'ഛെ... സോമന്‍ മാഷ് വെറുതേ എണീല്‍പ്പിച്ചു'

വിശാഘന്‍ മാഷ് ക്ലസ്സിലേക്ക് കയറിവന്നു, വീണ്ടും ഒരു ഗുഡ്മോര്‍ണിംഗ്.

പുറത്ത് നല്ല മഴയുണ്ട്. നല്ല കുളിരും...

'നല്ല മഴയല്ലേ?' വിശാഘന്‍ മാഷ് എല്ലാവരോടും കൂടെ ചോദിച്ചു.

'ഉം' ഞങ്ങളെല്ലാവരും മറുപടി പറഞ്ഞു

'ഇപ്പോ വെള്ളപ്പൊക്കം വന്നാല്‍ നമ്മളെന്തുചെയ്യും?'

ആ ചോദ്യം കേട്ടപ്പോള്‍ എല്ലാരും പരസ്പരം നോക്കി

ഞങ്ങളുടെ മൗനത്തെ ഭേദിച്ച് വിശാഘന്‍ മാഷ് തന്നെ പറഞ്ഞു
'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

പിന്നേ... വടക്കോട്ടോടാന്‍ പോകുന്നു. ബാക്കിയുള്ളവന്റെ അരയ്ക്കൊപ്പം വെള്ളം മതി പുള്ളിയ്ക്ക് മുങ്ങിചാവാന്‍.

'ഞങ്ങളും സാറിന്റെ പിന്നാലെ ഓടും' ആരൊക്കെയോ ഒരുമിച്ചു പറഞ്ഞു.

വിശാഘന്‍ മാഷ് അഭിമാനത്തോടെ 'കൊള്ളാം' എന്ന് പറഞ്ഞു.

'അല്ല സാറേ... നമ്മളീ ഓടുന്നതിനിടയ്ക്ക് വല്ല പുഴയോ, കടലോ കണ്ടാലോ?' പ്രവീണിന്റേതായിരുന്നു സംശയം.

'നീന്തി കടക്കണം'... പുള്ളി ഒട്ടും കൂസലില്ലാതെ പറഞ്ഞു.

'സാറിന് നീന്തലറിയാമോ?' പ്രവീണ്‍ വിടുന്ന ലക്ഷണമില്ല.

ചമ്മിയ മുഖത്തോടെ സാറ് 'ഇല്ല' എന്ന് പറഞ്ഞു.

'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

'ആ... മതി.. മതി, എല്ലാവരും ബുക്ക് എടുക്കൂ' ചൂരല്‍ കൊണ്ട് ഡസ്കില്‍ രണ്ടടി അടിച്ചുകൊണ്ട് വിശാഘന്‍ മാഷ് പറഞ്ഞു.

ജിയോഗ്രഫി, എന്റെ ആജന്മ ശത്രു. അക്ഷാംഷ രേഖ, ഭൂമദ്ധ്യ രേഖ എന്നൊക്കെ കേള്‍ക്കുംബഴേ എനിയ്ക്ക് തല ചുറ്റാന്‍ തുടങ്ങും. പിന്നെ ഒരു ബോധക്ഷയമാണ്, ആ ബോധക്ഷയത്തെ കൂടെ പഠിയ്ക്കുന്നവരും, സാറന്മാരും ഉറക്കം എന്നൊക്കെ പറയും, ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ജിയോഗ്രഫിയോടുള്ള എന്റെ പ്രതിഷേധം S.S.L.C ബുക്കില്‍ രേഖപ്പെടുത്തുമെന്ന വാശിയിലാണ് ഞാന്‍.

എനിയ്ക്ക് തലകറക്കം അനുഭവപ്പെട്ടു, പിന്നീട് ബോധക്ഷയവും. എന്റെ കൂടെ ഇരിയ്ക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഈ രോഗം പ്രവീണിനും ഉണ്ട്. പെട്ടെന്നാണ് ചോക്കുകൊണ്ടുള്ള ഒരേറ് പ്രവീണിന് കിട്ടിയത്. അവന്റെ ചാടിയുള്ള എഴുനേല്‍പ്പ് എന്നേയും ഞെട്ടിയുണര്‍ത്തിച്ചു. ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരിയുതിര്‍ന്നു. 'ബോധക്ഷയം വന്ന് തളര്‍ന്നുറങ്ങിയവരെ കളിയാക്കുന്നോ വൃത്തികെട്ടവന്മാരേ?'

'പറയെടാ... ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങളുടെ പേര് പറയെടാ രണ്ടും?' വിശാഘന്‍ മാഷ് അലറി...

പിന്നേ.. സുഖവാസ കേന്ദ്രം... അതും ഇവിടെയെങ്ങും അല്ല, അങ്ങ് ഹിമാലയത്തില്‍. വല്ല ഊട്ടിയോ, കൊടൈക്കനാലോ, മസനഗുടിയോ, ഗുണ്ടല്‍പേട്ടയോ മറ്റോ ആണെങ്കില്‍ ആരെങ്കിലും പറഞ്ഞുകേട്ട അറിവെങ്കിലും ഉണ്ടായേനെ. പിന്നെ സുഖവാസം എന്തെന്ന് അറിഞ്ഞിട്ടുവേണ്ടേ സുഖവാസ കേന്ദ്രങ്ങളെ പറ്റി അറിയാന്‍. പത്താംക്ലാസ്സുകാരന്റെ ഓട്ടക്കീശയില്‍ എന്ത് സുഖവാസം.

'പറയെടാ വേഗം' സാറ് വീണ്ടും അലറി. നേരത്തെ ഒരു പണി അങ്ങോട്ടുകൊടുത്തതിന്റെ ദേഷ്യം കൂടെ ആ അലര്‍ച്ചയില്‍ ഉണ്ടോ എന്നൊരു സംശയം.

സ്നേഹമുള്ള പാവം കുട്ടികള്‍ ഞങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ആ പേരുകള്‍ അവര്‍ മെല്ലെ പറഞ്ഞുതരുകയാണ് ഞങ്ങള്‍ക്ക്. പതിയ സ്വരത്തില്‍ 'ഡാര്‍ജലിംഗ്... ഡാര്‍ജലിംഗ്...' എന്ന് അവര്‍ പറയുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി പ്രവീണ്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. 'ഡാര്‍ളിംഗ്'

'ഡാര്‍ളിംഗ് എന്ന് വിളിച്ചിട്ടൊന്നും കാര്യമില്ല, മരിയാദയ്ക്ക് ഉത്തരം പറയെടാ..' പണി കിട്ടിയതിന്റെ ദേഷ്യം സാറിനുണ്ടെന്ന് എനിയ്ക്കുറപ്പായി.

'ഡാര്‍ളിംഗ് അല്ല സാര്‍... ഡാര്‍ജലിംഗ്' അപ്പോഴേക്കും അവന്‍ ശരിക്ക് കേട്ടിരുന്നു.

'നീ ഇരിയ്ക്ക്... അടുത്തത് നീ പറയെടാ...' അതെ.. എന്നോട് തന്നെ

പ്രവീണ്‍ സഹതാപത്തോടെ എന്നെ നോക്കി. 'കള്ള സുബര്‍... നീയെന്നെ ഒറ്റയ്ക്കാക്കിയല്ലേ...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നോടും സ്നേഹമുള്ള ആരൊക്കെയോ പിറുപിറുത്തു. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും പറഞ്ഞു... 'വസൂരി'

'വരുമെടാ... നിന്നെപോലുള്ള വൃത്തികെട്ടവന്മാര്ക്ക് വസൂരിയല്ല അതിനപ്പുറവും വരും' വിശാഘന്‍ മാഷിന് പതിവിലും കൂടുതലായി ദേഷ്യം വന്നു.

'വസൂരിയല്ല സാര്‍... മുസൂറി...' അപ്പോഴേക്കും കൂടെയുള്ളവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരുത്തി. പക്ഷേ എന്റെ തിരുത്തലുകള്‍ ഒന്നും വിശാഘന്‍ മാഷ് അംഗീകരിച്ചില്ല.

'നീട്ടെടാ കൈ...' എന്നെ അടിക്കാതെ വിടില്ലയെന്ന് എനിയ്ക്കാ അലര്‍ച്ച കേട്ടപ്പോള്‍ മനസ്സിലായി. ഞാന്‍ കൈ നീട്ടികൊടുത്തു. അധികം ഉയരമില്ലാത്ത വിശാഘന്‍ മാഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങി മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റയടി.

അടി കിട്ടി എനിയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ല, ഒരു രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സാറ് അലറിയതിനേക്കാളും ഉച്ചത്തിലാണ് ഞാന്‍ അലറിയത്. നല്ല മഴയത്ത് നല്ല ഉഗ്രന്‍ അടി... സാറ് പറഞ്ഞത്പോലെ വെള്ളപ്പൊക്കം വന്നു, അതെന്റെ കണ്ണിലായിരുന്നെന്ന് മാത്രം.







NB:എന്റെ പൊന്നു സാറന്മാരെ.. ഗുരു നിന്ദയായി കണക്കാക്കരുതേ.. വെറുതേ... തമാശയ്ക്ക്. സ്വയ രക്ഷയ്ക്ക് പേരൊക്കെ മാറ്റിയിട്ടുണ്ട്, എന്നലും ബ്രെയിന്‍സില്‍ വന്നവന് മസസ്സിലാവും. പിന്നെ ഞാനാണ് എഴുതിയതെന്നറുയുംബോള്‍ എന്റെ സാറന്മാര്‍ക്ക് വലിയ പരാതിയൊന്നും കാണില്ല. തല്ലുകൊള്ളി ആയിരുന്നെങ്കിലും എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നല്ലോ...