ഞായറാഴ്‌ച, മേയ് 23, 2010

കവിതകള്‍

എവിടെ മറഞ്ഞു ?

പഴങ്കഥ കെട്ടഴിച്ചു മുത്തിയമ്മ പറഞ്ഞൊരു
തേനൂറും കഥയുടെ മധുരമെങ്ങോ ?
പുഴക്കരെ മാവിന്‍ ചോട്ടില്‍ അണ്ണാര കണ്ണന്റെ
പാച്ഞാരി മേളത്തില്‍ രസമെവിടെ ?
അമ്പല മുറ്റത്താലിന്‍ കൊമ്പില്‍ അണിഞ്ഞൊരുങ്ങും
വാലാട്ടി കിളിയെവിടെ ?
തൊടിയിലെ തൈ മാവും പൂത്ത ചെമ്പകവും
തുടി കൊട്ടി പാട്ടും ഇന്നെവിടെ ?
പേര മരചോട്ടിലെ കളി പന്തലും
ഇല ചീന്തിലെ വിരുന്നുണ്ണലും നിന്റെ
ഇണക്കവും പിണക്കവും എവിടെ?
എവിടെ മറന്നെന്‍ ഇലപൊതി ചോറും
ഒരിറ്റു മോരിലെ പുളി രസവും .... ?
എവിടെ മറഞ്ഞെന്‍ ഇടവഴികളും
ഇലഞ്ഞി പൂങ്കാവും ,ഒരു നാളും
പിരിയില്ലെന്നോതിയ കൂട്ടുകാരും ?

വിര്‍ച്വല്‍ ലൈഫ്

കാലത്തിന്‍ കൈപിടിച്ച്
എന്‍ കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന്‍ ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ്‌ നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....

അകലങ്ങളില്‍ ആയിരിക്കുമെന്‍
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല്‍ ലൈഫ്



വേര്‍പാടിന്‍ നൊമ്പരം

കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്‍
ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്‍
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!

ഉദിക്കാത്ത
പകല്‍ പോല്‍
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
വിഹായസില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..

വേര്‍പാടിന്‍ വേദനയില്‍
പെയ്യാന്‍ വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്‍
ഒളിപ്പിച്ചു വച്ചു ഞാന്‍ ;
നോവിന്‍
ഗര്‍ത്തത്തില്‍ തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ..

കടല്‍ ഭാഷയറിയാത്തവള്‍

ഇന്നലെ നമ്മുടെ കുഞ്ഞുങ്ങള്‍
സൂര്യന്‍ കണ്ണ് ചിമ്മിയ നേരം നോക്കി
കുന്നു കയറി ആകാശത്തേക്ക് പോയി.
വാതില്ക്കലിരുന്ന ആള്‍സേഷ്യന്‍ നായ
ഒന്നുമറിഞ്ഞില്ല.
കള്ളന്മാര്‍ വരുന്നതും നോക്കി
കണ്ണ് മിഴിച്ചിരുന്നു അവനെ
മടുപ്പ് തിന്നു തുടങ്ങിയിരിക്കുന്നു
നമ്മുടെ ഇരട്ടക്കുട്ടികള്‍ മുലക്കണ്ണ് തിന്നാന്‍ വിശന്നു
പലവട്ടം കരഞ്ഞിട്ടും ഞാനുണര്‍ന്നതെയില്ല .
പാലു ചുരത്താത്ത ഞരമ്പുകളെല്ലാം
വേരോട്ടം നിലച്ചു ചത്തു കിടക്കുന്നു

അതുവരെ കൂടെ വന്ന സ്വപ്നം
നിന്നെ കടല്‍ ചൊരുക്കില്‍ തള്ളിയിട്ടു,
ഉപ്പുവെള്ളത്തില്‍ കാല്‍ നനച്ചു
കയറി പോന്നത് ഞാനറിഞ്ഞു.
കടല്‍ പ്രളയം മുഴുവന്‍ കുടിച്ചു വറ്റിച്ചു
ഓമനേ, മീനുകളെപ്പോലെ
വയര്‍ വീര്‍ത്തു, കണ്ണു തള്ളി
നീ ചത്തു പൊങ്ങും.
എന്റെ ചുണ്ടുകളെ വിഴുങ്ങി
ദാഹം ശമിപ്പിച്ച നിന്റെ ചുണ്ടുകളില്‍
ഉപ്പുവെള്ളത്തിന്റെ വെളുപ്പവശേഷിക്കും
വികാരമേതുമില്ലാതെ മണല്‍ തരികള്‍
അതിനുചുറ്റും അലങ്കാരം തീര്‍ത്തു ചമഞ്ഞു കിടക്കും.

കടല്‍ ഭാഷയറിയാത്ത ഞാനപ്പോളും
സ്വപ്നക്കുഞ്ഞുങ്ങളെ കാത്തു, കാത്തു കിടക്കും.


എല്ലു നുറുങ്ങി പണിതവരുടെ എല്ലൊടിക്കുന്നു നമ്മള്‍

എല്ലു നുറുങ്ങി പണിതവരുടെ എല്ലൊടിക്കുന്നു നമ്മള്‍
പല്ലു മുറിയെ തിന്നു കൊഴുത്തവര്‍ പല്ലിറുമ്മുന്നു പോലും,
ഇല്ല തെല്ലും മനസ്സാക്ഷി മതസ്നേഹികള്‍ക്കുപോലും,
വല്ലാത്ത കാലമിത്, വാഴുന്നു സാമൂഹ്യ അനീതി.
കാലു വരുന്നു നമ്മള്‍ പാദംതൊഴേണ്ടവരുടെ,
കണ്ണില്‍ മണ്ണിടുന്നു നമ്മള്‍, കണ്ണു തന്ന കരുണാകരന്റെ
കരളില്‍ കുന്തമേറ്റുന്നു കനിവിനായ് കരയുവോന്റെ
കനകം കാറ്റില്‍ പറത്തി കരിക്കട്ട തേടുന്നു നമ്മള്‍.
വിളക്കണച്ചിട്ടു നമ്മള്‍ ഇരുട്ടിനെ പൂജിക്കുന്നു
വിളച്ചില്‍ മാത്രമേയുള്ളിന്ന്, വിനയം വിട്ടകന്നല്ലോ
വിണ്ണിനെ മറന്നു നാം മണ്ണിനായ് ജീവിക്കുന്നു
വേദം പഠിച്ചവര്‍ തന്നെ വേതാളമോതിടുന്നു.

പാലു തന്നവരുടെ പോലും കൈയില്‍ കൊത്തുന്നു നമ്മള്‍
പമ്പയാര്‍ പുളകങ്ങളിലും വിഴുപ്പുകെട്ടലക്കുന്നു.
പാഷാണം കലര്‍ത്തുന്നു പാലില്‍, തനി മുലപ്പാലില്‍

പാരവെക്കുന്നു നമ്മള്‍ പരബ്രഹ്മത്തിനു നേരെപോലും.
ജിവന്‍ തന്നവന്റെ ജീവനെ കെടുത്തി നമ്മള്‍
ജീവജലനദി വറ്റിച്ച് പൈപ്പ് വാട്ടര്‍ വില്‍പ്പൂ.
ജാതിയും മതവും നോക്കി ജീവനു വിലയിടുമ്പോള്‍
ജനജീവിതം പോലും ജനകീയമല്ലാതാക്കി.
സത്യത്തെ ത്യജിച്ചു നാം മിഥ്യയെ പ്രേമിക്കുന്നു
സത്യത്തെ ജയിപ്പിക്കുവാന്‍ കള്ളവും കരുവാക്കുന്നു
സൌഗന്ധികപൊയ്കയിലും സര്‍പ്പവിഷം കലര്‍ത്തി നമ്മള്‍
സ്വര്‍ണ്ണമാല വിറ്റവര്‍ തന്നെ കല്ലുമാല കാശാക്കുന്നു.
അശ്ളീലം പരക്കുന്നു ഇന്ന് അമൃത് ഒഴുകിയ നാട്ടില്‍
അയല്‍ക്കാരെ സ്നേഹിക്കേണ്ടവരയല്‍ക്കാരിയെ പ്രേമിക്കുന്നു
ആശാനു പതിര് നല്‍കിയോര്‍ കതിരിനായ് പതിയിരിക്കുന്നു
ആഡംബരങ്ങള്‍ക്കായ് നമ്മള്‍ ആധാരം ബാങ്കില്‍ വെപ്പൂ.
ചോര വിറ്റിട്ടുപോലും ചീര വാങ്ങുന്നു നമ്മള്‍
ചെറുതാം കാര്യങ്ങള്‍ക്കും ചെകുത്താനെ കൂട്ടാക്കുന്നു
ചെറുപാടങ്ങള്‍ വറ്റിച്ചു പണിയുന്നു പടക്കളങ്ങള്‍
ചെകിട്ടത്തടിക്കാത്തവന്റെയും കരണത്തടിപ്പൂ നമ്മള്‍.
നന്മ ക്രൂശിക്കപ്പെടുന്നു, നമ്മളെവിടെയാണ് ?
നിത്യ സത്യങ്ങള്‍ പൊളിവാക്കി മാറ്റുന്നു, നിങ്ങളെവിടെ ?
നീതി തന്നെ നിഷേധിക്കപ്പെടുന്നു, നാമെവിടെയാണ് ?
നിഷ്ക്കളങ്കത നാടുനീങ്ങുന്നിതാ, നീ എവിടെയാണ് ?
ഔഷധച്ചെടികള്‍ മാറ്റി റബ്ബര്‍ക്കായ്കള്‍ പാകി
ആയുര്‍വേദത്തിലെ ആയുസ്സും വേദവും ചോര്‍ത്തി
ആരാധ്യരായവര്‍പോലും ആരാച്ചാര്‍മാര്‍ ഫലത്തില്‍
ആരാധനാമദ്ധ്യേ പോലും ആരെയും കുത്തിവീഴ്ത്തുന്നു.
പുല്ലു വില്‍ക്കുന്നു നമ്മള്‍ പൂ വിറ്റ കടയില്‍ തന്നെ
മുള്ളിനെ പുല്‍കുന്നു നാം പൂക്കളെ മറന്നിട്ട്
മനുഷ്യനായ് മഹേശ്വരന്‍ കുരിശതില്‍ മരിച്ചിട്ടും
മനുഷ്യത്വം മരവിച്ച മഹാപാപികള്‍ നമ്മള്‍.
'വേല' പഠിച്ചവര്‍ വേല ചെയ്യിക്കുന്നു
കൂലി പോരാഞ്ഞിട്ടവര്‍ കൈക്കൂലി വാങ്ങുന്നു
വേദിയില്‍ മിന്നുന്ന വേദാന്തികള്‍ക്കുള്ളില്‍
പാതാളഗോപുരം മിന്നിത്തിളങ്ങുന്നു.
വേലിതാന്‍ വിളവു തിന്നുന്ന മാതിരി
നീതിപാലകര്‍ തന്നെ നീതി മറിക്കുന്നു
നേരില്‍ ചിരിക്കേണ്ട നേതാക്കളില്‍ പലര്‍
തേരില്‍ തിരക്കേറി നെറികേടു കാട്ടുന്നു.
പിച്ചകപ്പൂക്കളെ തട്ടിത്തെറിപ്പിച്ച് അവര്‍
പച്ചമാംസത്തിന്റെ ഗന്ധം മണക്കുന്നു
പച്ചവെള്ളത്തിലും പച്ചനോട്ടെണ്ണണം
പച്ചയാം സത്യം പറയാന്‍ ഭയക്കുന്നു ?
എല്ലാമറിയുന്ന വല്ലഭന്‍ നമ്മോട്, എല്ലാമറിയാത്ത നമ്മോട്,
കൊല്ലൊല്ല ഒരുവനേയും എന്ന് അരുള്‍ ചെയ്ത-
തെല്ലാം മറന്ന് നാം കൊല്ലുന്നു, കൊല്ലാതെ കൊല്ലുന്നു,
ഇല്ലാതിരുന്നെങ്കിലിതുപോല്‍ വല്ലാത്തൊരു കാലമീ ഭൂവില്‍ !

ഹാ ! നന്മ ക്രൂശിക്കപ്പെടുന്നു, നമ്മളെവിടെയാണ് ?
ഹാ ! സത്യം പൊളിവാക്കി മാറ്റുന്നു, നിങ്ങളെവിടെ ?
ഹാ ! നീതി നിഷേധിക്കപ്പെടുന്നു, ഞങ്ങളെവിടെയാണ് ?
ഹാ ! നിഷ്കളങ്കത നാടുനീങ്ങുന്നിതാ, നീ എവിടെയാണ് ?
നശിക്കണോ നാമിങ്ങനെ, നന്മയെ കൈക്കൊള്ളേണ്ടേ ?
മനുഷ്യ ബന്ധങ്ങളില്‍ നമ്മള്‍ മനസ്സാക്ഷി മറക്കാമോ ?
മനുഷ്യ നന്മക്കായി നാം മനസ്സറിഞ്ഞാലോചിക്ക,
മതത്തിനും അതീതമാ മനസ്സാക്ഷി ഭരിക്കട്ടെ !

ചൊവ്വാഴ്ച, മേയ് 04, 2010

പ്രണയ കാല സ്മരണകള്‍

ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ആദ്യമായ് കണ്ടൊരാ ദിവസമിന്ന്‍
ആരോമലേ ഞാനോര്‍ത്തിടുന്നു

ആ നേരം പെയ്തൊരാ മാരിയന്ന്
അറിയാതെ നമ്മളെയടുത്തു നിര്‍ത്തി
നേരം കടന്നു പോയ്‌ മാനം തെളിഞ്ഞില്ല
അവസാനം നീയാ കുടയെടുത്തു

നിന്നുടെ പൂക്കുട വിരിച്ചു നീയ്
എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
ഒരു കുടക്കീഴിലായ് ഏറെ ദൂരം
ഒന്നിച്ചു നമ്മള്‍ നടന്നു നീങ്ങി


ഉമ്മറമുറ്റത്തു വച്ചു പൊന്നേ
നീയാ കുടെയെന്റെ കയ്യില്‍ തന്നു
കുടയുടെ കൂടെയാ നിന്‍ മനവും
അറിയാതെ ഞാനന്നാഗ്രഹിച്ചു

പിറ്റേന്നാ കുടയുടെ കൂടെ ഞാനെന്‍
മനസിന്‍റെ വിങ്ങലും തിരിച്ചു തന്നു
അതുകണ്ടു നീയന്ന് മിണ്ടിയില്ലാ
ആരോമലേ ഞാന്‍ കാത്തിരുന്നു

ഗ്രീഷ്മം മറഞ്ഞല്ലോ പൂക്കാലം വന്നല്ലോ
അവസാനമാദിനം വന്നണഞ്ഞു
എന്നുടെ ചാരെ ഓടിയെത്തി
അന്നു നീയെന്നോടു ചൊല്ലിയില്ലേ

ജീവിതവഞ്ചി തന്‍ അമരത്തു നില്‍ക്കുവാന്‍
ജീവന്റെ ജീവനേ നീ വരില്ലേ .....
ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം.
{അബ്ദുള്‍ റഫീഖ് മണലൊടി}

പ്രിയ കുട്ടുകാരി, നിനക്കു സുഖമാണോ. ...

പ്രിയ കുട്ടുകാരി,
നിനക്കു സുഖമാണോ ?.
നിന്റെ ലോകം എനിക്കിഷ്ട്ടമനെ .
പക്ക്ഷേ അവിടെ എത്തുവാന്‍ എനിക്കാവുന്നില്ല.
കുറ്റപെടുതലുകളില്‍ ഒറ്റപ്പെട്ടു പോയ കുട്ടികലത്തിന്റെ ഓര്‍മയില്‍ .മുറിപാടുകളില്‍ മുഖമമര്‍ത്തി തേങ്ങി കരഞ്ഞ യവനകാലം സമ്മാനിച്ച ഏകാന്ധതയില്‍ ഒരു സാന്ത്വനമായ് നീ എന്നിലേക്കു കടന്നു വന്നു .
എത്ര ശ്രമിച്ചിട്ടും പറിചേറിയുവാന്‍ കഴിയാതിരുന്ന അഗത സുന്തരമായ സത്യമായിരുന്നു നീ .
തനിച്ചിരിക്കുവനുള്ള സ്വതന്ത്ര്യത്തിലെക്കെ അനുവാദമില്ലാതെ നീ കടന്നു വന്നപ്പോള്‍ അടച്ചിട്ട വാതിലിന്‍ പിന്നില്‍ നിനക്കു മുഖം താരത്തെ ഇരുളിന്‍റെ മറയില്‍ ഞാനും എന്‍റെ ഏകാന്തതയും നൊമ്പരങ്ങള്‍ പങ്കകുവയ്ക്കുകയായിരുന്നു.
എനിക്കു ഭയമായിരുന്നു .
എന്‍റെ ഏകാന്തതയെ നഷ്ട്ടപെടുത്തുവാന്‍ എനിക്കു ഭയമായിരുന്നു .
എന്‍റെ ഇരുള്‍ അറയിലേക്കു കടന്നു വരുന്ന ചെറുതരി വെളിച്ചം പോലും മുരിപടുകള്‍ക്കൊപം എന്നില്‍ വളര്‍ന്നു വന്ന ബോതത്തിനു താങ്ങുവാന്‍ കഴിയുമായിരുന്നില്ല .
അപകര്‍ഷതയെന്നു കളിയാക്കി തിരിഞ്ഞു നോക്കാതെ നീ ദുരെയ്ക്ക് നടന്നു പോകുന്നതും .നോമ്പരപടുകള്‍ മനസിലോതുക്കി മന്ദസ്മിതത്തിന്റെ മനോഹരിതയുമായ് നീ വീണ്ടും കടന്നു വരുന്നതും ഓര്‍മ്മയില്‍ ഓടി എത്താരുണ്ടിന്നും.
അതോ ഞാന്‍ നിന്നെ ആവാഹിച്ചു വരുത്തുകയായിരുന്നോ?.
പക്ഷെ ഒന്നെനിക്കറിയാം അന്താകാരത്തില്‍ നിന്നും കുതറി മാറുന്ന കണ്ണുകള്‍ ദുരെ നിന്നെ തിരയുന്നുണ്ടായിരുന്നു.
വെളിച്ചത്തിനായ്‌ ദാഹിച്ച കണ്ണുകള്‍ മനസിനെ പഠിപിച്ച സത്യം .
സ്നേഹത്തിനു മുന്നില്‍ പകരമായ് സ്നേഹം കരുതിവച്ചേ മതിയാകു എന്ന സത്യം.
ഞാന്‍ തിരിച്ചറിയുകയായിരുന്നു നിന്നെ . നിന്‍റെ സ്നേഹത്തെ
നിനക്കിപ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടാവരുണ്ടോ എന്ന എനിക്കറിയില്ല എങ്കിലും ഒന്നു ചോതിക്കുവാന്‍ തോന്നിപോകുന്നു .
"നിന്‍റെ ഓര്‍മയില്‍ ഞാന്‍ കടന്നെത്താരുണ്ടോ".
അസ്വസ്ഥമായ രാത്രികളില്‍ ഉറക്കത്തിനായ് കാത്തുകിടക്കുമ്പോള്‍ ഒരു തെന്നലായ് നീ എന്നിലേക്കൊഴുകി എത്താരുണ്ട് .
കുറ്റംപറച്ചിലിനും കുത്തുവാക്കിനും അടക്കംപറച്ചിലിനും കാതോര്‍ത്തു ഞാന്‍ കാത്തിരിക്കരുണ്ട്.
പക്ഷെ നിന്‍റെ ശബദം വേര്‍തിരിച്ചറിയുവാന്‍ കഴിയതയയിതീര്‍ന്നിരിക്കുന്നു എനിക്കിന്നെ .
നഷ്ട്ടപെട്ട നിന്‍റെ ശബ്ദത്തിനായ്‌ ഓര്‍മകളില്‍ തിരയുമ്പോള്‍ തഴുകുന്ന തെന്നലില്‍ നിന്‍ സുഗന്ധം ഞാന്‍ തിരിച്ചറിയും .
നിന്‍ സുഗന്ധമെന്‍ ശിരകളില്‍ ഉന്മാധമായ് പടരുമ്പോള്‍ മനസ്സില്‍ നിന്‍ രൂപം മേനഞ്ഞെടുക്കരുന്ടെ ഞാന്‍.
ഭാര്യയായി ,കാമുകിയായി ,അറിവായി ,അമ്മയായി .ശാന്ത സൊരുപിണിയായി .സര്‍വത്തും തച്ചുടച്ചു താണ്ഡവ നിരത്തമാടുന്ന സംഹാരരുദ്രയായി. പലപ്പോഴും നിന്‍റെ രൂപവും ഭാവാവും മാറി മാറിയിരുന്നു .
പക്ഷെ നിന്‍റെ മുഖം എനിക്കു വേര്‍തിരിച്ചറിയുവാന്‍ കഴിയതെയയിരിക്കുന്നു.
അതെ എനിക്കിന്നു നഷ്ടമായിരിക്കുന്നു നിന്‍റെ മുഖം നിന്‍റെ ശബ്ദം .
എങ്കിലും ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു.
ഏകാന്തതയെ പ്രണയിക്കുവാനവാതെ സ്ന്ഹത്തിനായ് സ്നേഹം പകരം വയ്ക്കാത്ത സ്നേഹിക്കപെടാത്തവന്‍ .
പഴയ ഓര്‍മ്മകള്‍ പക്കുവയ്ക്കുവനാവാത്ത സ്വാ ര്‍‍തഥായില്‍ പുതിയ ഓര്‍മ്മകള്‍ക്കിടം നല്‍കാത്തവന്‍ .
ഞാന്‍ ഇന്നും തനിച്ചനെ.
ഒറ്റപ്പെട്ടുപോയ കുട്ടികലാതിന്റെയും ആടിതിമിര്‍ക്കുവനവതിരുന്ന യവന കളും കടന്നു കൊഴിഞ്ഞു പോയ സംവത്സരങ്ങളില്‍ നിറമുള്ള കുപ്പിവളകള്‍ കിലുക്കി അനുവതമില്ലാതെ കടന്നുവന്ന സ്നേഹസത്യമേ നീ എന്നെ തനിച്ചക്കി യാത്രയയിട്ടിപ്പോള്‍ ഒരുപടോരുപാടെ വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. നീ ഇല്ലാത്ത ഇ ലോകത്തില്‍ ഓര്‍മ്മകള്‍തന്‍ ഇനിയും ഉണങ്ങിതീരാത മുറിപടുകളും പേറി യാത്ര തുടരുകയനെ .
എന്‍റെ പ്രിയപ്പെട്ട കുട്ടുകാരി ഞാന്‍ നിന്‍റെ ലോകത്തേയ്ക്ക് വരട്ടെ .
നിന്‍റെ ലോകത്തില്‍ നീ എന്നെ തിരിച്ചറിയുമോ.
കോടാനു കോടി ആത്മാക്കളുടെ ഇടയില്‍ എങ്ങനെ തിരിച്ചറിയാന്‍.
എനിക്കും നിന്നെ തെരിച്ചരിയുവാന്‍ കഴിയുമോ അറിയില്ല.
നന്മകള്‍ നേര്‍ന്നു.
കുട്ടുകാരന്‍