ബുധനാഴ്‌ച, മാർച്ച് 10, 2010

മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍



മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍ എന്ന ചിത്രകാരന്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ച് ഖത്തര്‍ പൌരനായി മാറിയെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. അഥവാ ചര്‍ച്ച ചെയ്യപ്പെട്ടെങ്കില്‍ തന്നെ ഈ പ്രശ്നത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകൾ മിക്കതും ‘അയാളുടെ കയ്യിലിരിപ്പിന്റെ ഗുണം‘ എന്ന മുന്‍വിധികളിലൊതുങ്ങി നില്‍ക്കുന്നു. ഹുസൈൻ ഇൻഡ്യവിടാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തായിരുന്നു? അദ്ദേഹം ചെയ്ത മാപ്പര്‍ഹിക്കാത്ത കുറ്റങ്ങള്‍ എന്തൊക്കെയായിരുന്നു? അതോ ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നതു പോലെ മാധ്യമശ്രദ്ധനേടാന്‍ സ്വയം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വെറും ഊതിപ്പെരുപ്പിച്ച ഒരു കലാകാരൻ മാത്രമാണോ ഹുസ്സൈൻ?


ആധുനിക ഇന്‍ഡ്യന്‍ ചിത്രകലയെ ലോക കലാഭൂപടത്തിലെത്തിച്ച ഒരു കലാകാരന്‍ ഇന്നറിയപ്പെടുന്നത് 'ഹിന്ദു ദേവതകളേയും ഭാരതമാതാവിനേയും നഗ്നമായി അവതരിപ്പിച്ച് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനപ്പെടുത്തിയ ഒരാൾ' എന്ന നിലക്കുമാത്രമായിത്തീരുന്നു എന്നതാണ് സങ്കടകരമായ സത്യം. എത്രപേര്‍ ഹുസൈൻ എന്ന കലാകാരനെ ശരിക്കും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കാരണം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കലയെയും കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർക്കേ എഴു പതിറ്റാണ്ടോളം നീളുന്ന കലാജീവിതത്തിൽ ഇൻഡ്യയേയും അതിന്റെ സമ്പന്നമായ സംസ്കാരത്തേയും വിഷയമാക്കി പതിനായിരക്കണക്കിനു ചിത്രങ്ങൾ വരച്ചു തീർത്ത ഒരാളെ രാജ്യത്തിന്റേയും ഹിന്ദുമതത്തിന്റേയും വിരോധിയായി മുദ്രകുത്തി നാടുകടത്തിപ്പിക്കാനാവൂ. രാമായണത്തെ ആധാരമാക്കി എട്ടുവർഷത്തോളമെടുത്ത് നൂറ്റമ്പതിലധികം ചിത്രങ്ങളും അത്ര തന്നെ മഹാഭാരതചിത്രങ്ങളും വരച്ച (പുറമേ നൂറുകണക്കിനു ചിത്രങ്ങൾ ഗണപതി,ശിവൻ,പാർവ്വതി,ഹനുമാൻ, ബനാറസ് തുടങ്ങിയ വിഷയങ്ങളിലെ ചിത്രങ്ങള്‍ വേറെയും) ഒരു മനുഷ്യന്റെ അഞ്ചോ ആറോ ചിത്രങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ശിക്ഷവിധിക്കുന്നതിന്റെ പുറകിലെ കാപട്യം തുറന്നുകാട്ടേണ്ടതുണ്ട്.

ഇന്‍ഡ്യക്കു സ്വാതന്ത്യം കിട്ടുന്നതിനു മുമ്പു തന്നെ ആരംഭിച്ച ഒരു കലാജീവിതമായിരുന്നു ഹുസൈന്റേത്. അന്ന് ചിത്രകലയില്‍ ആധിപത്യം സ്ഥാപിച്ച് നിലന്നിരുന്ന ബെംഗാള്‍ സ്കൂള്‍ കലാകാരന്മാരുടെ പരമ്പരാഗത ജനപ്രിയ ശൈലികളെ വെല്ലുവിളിച്ച് ഇന്‍ഡ്യന്‍ ചിത്രകലയില്‍ ആധുനികതയ്ക് തുടക്കം കുറിച്ച ഒരു ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ചെറുതാക്കിക്കാണാന്‍ കഴിയില്ല. ഭാരത സര്‍ക്കാറിന്റെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ ബഹുമതികൾ ലഭിച്ച, രാജ്യസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ഒരു കലാകാരനാണു ഹുസൈന്‍. എന്തിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാല വരെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇത്രമാത്രം ആദരണീയനായ ഒരാള്‍ പിന്നെ എങ്ങിനെ ഒരു സുപ്രഭാതത്തില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1996 മുതല്‍ രാജ്യവിരോധിയായി മുദ്രചെയ്യപ്പെട്ടു? അതും എഴുപതുകളിലും എൺപതുകളിലും അദ്ദേഹം വരച്ച ചില ചിത്രങ്ങളുടെ പേരില്‍? രണ്ടുമില്യണ്‍ ഡോളര്‍ വരെയുള്ള വിലയ്ക് വിറ്റുപോകുന്ന ചിത്രങ്ങള്‍ വരയ്കുന്ന കലാകാരന്‍ പ്രശസ്തിക്കായി ചെയ്തുകൂട്ടിയതെന്ന് ഈ വിവാദങ്ങള്‍ എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.


സരസ്വതി വിവാദം:

1988ൽ ഒരു സ്വകാര്യവ്യക്തിക്കായി ഹുസൈൻ വരച്ച സരസ്വതി ചിത്രം റ്റാറ്റാ സ്റ്റീൽ കമ്പനി ഇറക്കിയ ഒരു ലിമിറ്റഡ് എഡിഷൻ പുസ്തകത്തിൽ ആണു ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. എതാനും സ്ട്രോക്കുകള്‍ മാത്രമുള്ള ഒരു ലൈൻ ഡ്രോയിങ്ങായിരുന്നു ആ ചിത്രം. വർഷങ്ങൾക്കു ശേഷം(96ൽ) 'വിചാർ മീമാംസ' എന്നൊരു ഹിന്ദി മാസിക ഹുസൈൻ മന:പൂർവ്വം ഹിന്ദു മത വിശ്വാസം വ്രണപ്പെടുത്തി എന്നു പറഞ്ഞ് അവ പുന:പ്രസിദ്ധീകരിക്കുന്നു. അതു വരെ യാതൊരു മതസ്പര്‍ദ്ധയും ഉണ്ടാക്കാതിരുന്ന ആ ചിത്രങ്ങൾ വളരെ പെട്ടന്ന് പൊതുജനശ്രദ്ധ ആകര്‍ഷിക്കുകയും ഹുസൈനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. സരസ്വതി ചിത്രത്തിലെ അശ്ളീലതയായിരുന്നു പ്രധാന ആരോപണം. നഗ്നത = അശ്ളീലം എന്ന സമവാക്യത്തിൽ കാര്യങ്ങളെ സമീപിക്കുന്നവരോട് കലയെക്കുറിച്ച് വിശദീകരിക്കുക ബുദ്ധിമുട്ടായതു കൊണ്ട് അതിനു തുനിയുന്നില്ല. പക്ഷേ, ഇതിൽ പ്രതിയാകുന്നത് ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു ചിത്രം കുത്തിപ്പൊക്കി അതിൽ മതസ്പർദ്ധയുടെ വിഷം നിറച്ചവരല്ല, മറിച്ച് അത്തരം ചിന്തകളില്ലാതെ ചിത്രം വരച്ച ചിത്രകാരനാണു എന്നതാണു വിചിത്രം. രാമായണത്തെ അധികരിച്ച് ബംഗാളി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റും ആയ സുനില്‍ ഗംഗോപത്യായ എഴുതിക്കൊണ്ടിരിക്കുന്ന ഒരു നോവലിനെക്കുറിച്ച് ഈയടുത്ത് വായിച്ചു. പതിനാലുവര്‍ഷം കാട്ടില്‍ ഒന്നിച്ചു താമസിച്ചിട്ടും കുട്ടികളുണ്ടാവാത്ത സീതാദേവിക്ക് ലങ്കാവാസത്തിനു ശേഷം ഇരട്ടകുട്ടികള്‍ ഉണ്ടായതെങ്ങിനെയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ നോവലിലുണ്ടെന്ന് പറയപ്പെടുന്നു.രാമായണത്തിനും മഹാഭാരതത്തിനും ഒക്കെ ഒട്ടേറെ സ്വന്തന്ത്ര വായനകള്‍ ഉണ്ടായിട്ടുണ്ട്. പലരും രാവണനെ നായകനാക്കുകയും( ലങ്കാ ലക്ഷ്മി, മൈക്കേള്‍ മധുസൂധനന്‍ ദത്തിന്റെ മേഘനാദ് ബദ് കാവ്യ) കൃഷ്ണനെ വില്ലനാക്കുകയും( ബുദ്ദദേബ് ദാസിന്റെ മഹാബാരതേര്‍ കഥ) ഒക്കെ ചെയ്തിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിഷേധങ്ങള്‍ ഹുസൈന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നത് യാദൃശ്ചികമാകാന്‍ സാധ്യതയില്ല എന്നാണു മനസ്സിലാക്കേണ്ടത്. ഹിന്ദുമതത്തെക്കുറിച്ച് ഹുസൈനുള്ള അവഗാഹവും അടുപ്പവും അവഗണിച്ചുകൊണ്ടായിരിക്കരുത് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. ഹിന്ദുമതത്തോടുള്ള തന്റെ അടുപ്പത്തേയും സ്നേഹത്തേയും കുറിച്ച് അദ്ദേഹം തന്നെ പറയുന്നതു കേള്‍ക്കുക:


“എന്റെ കുട്ടി ക്കാലത്തു തന്നെ, അതായത് പന്ഥാര്‍പൂരിലും പിന്നീട് ഇന്‍ഡോറില്‍ വെച്ചും ഞാന്‍ രാം ലീലയില്‍ ആകൃഷ്ടനാക്കപ്പെടുകയും സുഹൃത്ത് മാനകേശ്വരനുമൊത്ത് അത് അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഡോ. രാജഗോപാലാചാരി പറയുന്നത് പോലെ രാമായണത്തിന്റെ മിത്ത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാമായണം അത്രയ്ക്കും ശക്തമായൊരു കഥയാണ്. പക്ഷെ ആത്മീയഗ്രന്ഥങ്ങള്‍ ഗൗരവത്തോടെ വായിച്ച് തുടങ്ങിയത് എന്റെ 19-ആമത്തെ വയസ്സിലാണ്. ജീവിതത്തിലെ പല കയ്പേറിയ അനുഭവങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും അമ്മയുടെ മരണം, അകല്‍ച്ച, 14-15 വയസ്സ് മുതല്‍ പേടിസ്വപ്നങ്ങള്‍ കാണുമായിരുന്നു. 19-ആമത്തെ വയസ്സില്‍ പക്ഷെ ഇതെല്ലാം നിന്നു. മുഹമ്മദ് ഇഷാക്ക് എന്നൊരു ഗുരു എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാരുന്നു പുണ്യഗ്രന്ഥങ്ങള്‍ ഞാന്‍, ഏകദേശം രണ്ട് വര്‍ഷത്തോളം, അഭ്യസിച്ചത്. ഗീതയും, ഉപനിഷത്തുകളും, പുരാണങ്ങളുമൊക്കെ മാനകേശ്വരനുമൊത്ത് വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമായിരുന്നു. ആ സമയത്ത് മാനകേശ്വരന്‍ സന്യാസം സ്വീകരിച്ചിരുന്നു. അദ്ദേഹം ഹിമാലയത്തില്‍ പോയിക്കഴിഞ്ഞ ശേഷം, ഞാനൊറ്റയ്ക്കായിരുന്നു ഇതെല്ലാം പഠിച്ചത്. ഇതെല്ലാം എനിക്ക് മാനസികമായി വളരെയേറെ ശാന്തി ലഭിക്കുവാന്‍ സഹായിച്ചു. പിന്നീടൊരിക്കലും ആ വിധത്തിലുള്ള ദുഃസ്വപ്നങ്ങള്‍ എനിക്കുണ്ടായിട്ടില്ല

1968-ല്‍ ഹൈദരാബാദില്‍ വെച്ചാണ് ഡോ. റാം മനോഹര്‍ ലോഹ്യ എന്നോട് രാമായണം ചിത്രീകരിക്കുവാന്‍ ആവശ്യപ്പെട്ടത്. വളരെ ബുദ്ധിമുട്ടിലായിരുന്നു അന്നെങ്കിലും, എട്ട് വര്‍ഷം കൊണ്ട് 150 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. വാല്മീകി രാമായണവും തുളസീദാസ് രാമായണവും ഞാന്‍ വായിച്ചിട്ടുണ്ട് [ഇതില്‍ ആദ്യത്തേതാണ് വികാരതരളിതമായി എനിക്ക് തോന്നിയത്]. ബനാറസിലെയും മറ്റും പൂജാരിമാരുമായി ഇവയിലെ ഓരോ കാര്യങ്ങളും സംസാരിച്ച് സംശയനിവൃത്തി വരുത്തുമായിരുന്നു. ഈ സമയത്തൊക്കെ മൗലികവാദികളായ ചില മുസ്ലീങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്, എന്ത് കൊണ്ട് ഇസ്ലാമിനെ അടിസ്ഥാനപ്പെടുത്തി ചിത്രസൃഷ്ടി നടത്തുന്നില്ലാ എന്നാണ്. എനിക്കവരോടുള്ള ചോദ്യം, ഇസ്ലാമിന് ഇത്രയ്ക്കും സഹിഷ്ണുത ഉണ്ടോ എന്നായിരുന്നു. അക്ഷരലിപികളില്‍ തന്നെ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍, ആ തിരശ്ശീല വലിച്ചു കീറുമായിരുന്നു. എന്റെ ജീവിതത്തില്‍ നൂറ് കണക്കിന് ഗണപതി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അത്രയ്ക്കും ആനന്ദദായകമായി മറ്റൊന്നുമില്ല. വിഘ്നേശ്വരന്റെ ചിത്രം വരച്ചിട്ടേ വലിയ രചനകള്‍ ഞാന്‍ തുടങ്ങാറുള്ളൂ .

ശിവന്റെ ചിത്രീകരണമാണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊന്ന്. നടരാജന്‍ - ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായൊരു രൂപം - ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് പരിണമിച്ചത്. ഐന്‍സ്റ്റീന്റെ സമവാക്യത്തെപ്പോലെ, കോസ്മോസിന്റെ സ്വഭാവത്തെയും, ഭൗതിക യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ചുള്ള അത്യഗാധമായ ദാര്‍ശനിക ചിന്തകളുടെയും, ഗണിതശാസ്ത്ര വിശദീകരണങ്ങളുടെയും ഫലമായിട്ടാണ് അതുണ്ടായത്. സാമ്പ്രദായികമായ ചടങ്ങുകളില്‍ താല്പര്യമില്ലാതിരുന്ന എന്റെ മകളുടെ കല്ല്യാണത്തിന്, ഞാന്‍ ലോകത്തെമ്പാടുമുള്ള എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒരു കാര്‍ഡ് അയയ്ക്കുകയൂണ്ടായി. ശിവന്റെ തുടയില്‍ ആസനസ്ഥയായ പാര്‍വ്വതി, പാര്‍വ്വതിയുടെ മാറിടങ്ങളിലെ ശിവന്റെ ഹസ്തങ്ങള്‍ - കോസ്മോസിലെ ആദ്യ വിവാഹം - ഇതായിരുന്നു ആ കാര്‍ഡില്‍ ഞാന്‍ വരച്ചത്. ഹൈന്ദവ സംസ്കാരത്തില്‍ നഗ്നത എന്നത് പവിത്രമാണ്. എനിക്ക് അത്രത്തോളം അടുപ്പമുള്ള ഒന്നിനെ ഞാന്‍ അപമാനിക്കുമോ? ഞാന്‍ സുലൈമാനി സമൂഹത്തില്‍ നിന്നാണ് വരുന്നത്. ഷിയാകളുടെ ഒരു ഉപവിഭാഗമായ ഞങ്ങള്‍ക്ക് ഹിന്ദുക്കളുമായി പല സാമ്യതകളുമൂണ്ട്. പ്രത്യേകിച്ചും പുനഃര്‍ജന്മത്തിന്റെ കാര്യത്തില്‍. സംസ്കാരങ്ങളുടെ കാര്യത്തില്‍, താരതമ്യേനെ എനിക്ക് ക്രൈസ്തവ മതത്തോരും ജൂത മതത്തോടും മാത്രമാണ് അകല്‍ച്ച അല്പമെങ്കിലും ഉള്ളത്. പക്ഷെ, എന്നെ എതിര്‍ക്കുന്നവരോട് ഇതെല്ലാം പറയുവാനും, ബോധ്യപ്പെടുത്തുവാനും എനിക്ക് സാധിക്കില്ല. ഖജുറാവോയെപ്പറ്റി അവരോട് പറഞ്ഞ് നോക്കൂ, അപ്പോള്‍ അവര്‍ പറയും അത് ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടി കൊത്തി വെച്ചതാണെന്നും അതിന്റെ ഉപയോഗം ഇന്നില്ലെന്നും!!! [പൊട്ടിച്ചിരിക്കുന്നു] ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കാണ് ഹിന്ദു ദൈവങ്ങളുടെ വികാരപരമായ വശത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാകുക. ഒരു പാറയുടെ മുകളില്‍ കാവിച്ചായം അടിച്ച് വയ്ക്കുമ്പോള്‍ അവര്‍ക്കത് ഹനുമാന്‍ ആകും."

[തെഹല്‍ക്ക മാഗസിന്‍, ഫെബ്രുവരി 02, 2008]


രണ്ടാമത്തെ വിവാദം വരുന്നത് 2006ലാണ്. സാഫ്രണ്‍ആര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഗ്യാലറിയില്‍ ലേലത്തിനായി വന്ന പേരിടാത്ത ഒരു ചിത്രം ഭാരതമാതാവിനെ അധിക്ഷേപിക്കുന്നു എന്നായിരുന്നു ആരോപണം. അതേ തുടര്‍ന്ന് ചിത്രം സൈറ്റില്‍ നിന്നും മാറ്റപ്പെടുകയും ചെയ്തു ഹുസ്സൈന്‍ മാപ്പു പറയുകയും. പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്ന. അതിനുപകരം ആസൂത്രിതമായ ഹേറ്റ് ക്യാമ്പൈനിങ്ങുകള്‍ സംഘടിപ്പിച്ച് ഈ ചിത്രങ്ങള്‍ മെയില്‍ ഫോര്‍വേഡുകളായും മറ്റും ഇന്റെര്‍നെറ്റില്‍ ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് അയക്കുകയും വസ്തുതകള്‍ മറച്ചുവെച്ച് ഹുസൈനെതിരായി ജനവികാരം തിരിച്ചുവിടുകയും ചെയ്തു. സാഫ്രണ്‍ ആര്‍ട്ടിന്റെ സൈറ്റില്‍ ലഭിച്ചേക്കാവുന്ന ഹിറ്റുകളുടെ ആയിരം ഇരട്ടി പ്രചാരം ഇതുവഴി പ്രസ്തുത ചിത്രങ്ങള്‍ക്ക് ലഭിച്ചു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!

ഈ സംഭവങ്ങളെത്തുടര്‍ന്ന് ഹുസൈനെതിരെ സംഘടിതമായ ഒരു സാമൂഹിക വിലക്ക് തന്നെ നിലവില്‍ വന്നു. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2007ല്‍ ABN Amro ബാങ്ക് തങ്ങളുടെ പ്ലാറ്റിനം കാര്‍ഡില്‍ നിന്നും ഹുസൈന്‍ ചിത്രം പിന്‍വലിച്ചു. 2008ല്‍ ഹുസൈന്‍ ഭാരതരത്ന കൊടുക്കുന്നതിനെക്കുറിച്ച് ഒരു അഭിപ്രായ സര്‍വ്വേ നടത്തിയതിന്റെ പേരില്‍ NDTVയുടെ അഹമ്മദാബാദ് ഓഫീസ് അടിച്ചു തകര്‍ത്തു. ഹുസൈന്റെ ബോംബേയിലെ വീടിനു നേരെയും ആക്രമണം ഉണ്ടായി. ആയിരക്കണക്കിനു കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. രാജ്യത്ത് കണ്ടമ്പറി ആര്‍ട്ടിന്റെ പ്രദര്‍ശനത്തിനും വിപണനത്തിനും ആയി ‘ഇന്‍ഡ്യാ ആര്‍ട്ട് സമ്മിറ്റ്‘ എന്ന പേരില്‍ 2008 തൊട്ട് വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന ആര്‍ട്ട് ഫെയര്‍ സൌകര്യപൂര്‍വ്വം ഹുസൈനെ അവഗണിച്ചതും മറ്റൊരുദാഹരണമാണ്. കേരളസര്‍ക്കാറിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ഹുസൈനു നല്‍കുന്നതിനെതിരെയുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കപ്പെട്ടു. രാജ്യത്തിനുപുറത്തും സ്ഥിതി മറിച്ചായിരുന്നില്ല. 2006ല്‍ ലണ്ടനിലെ ഏഷ്യാഹൌസിലും അമേരിക്കയിലെ പീബോഡി എസ്സെക്സിലും മറ്റും നടന്ന മഹാഭാരത സീരീസ് പ്രദര്‍ശനങ്ങള്‍ മതഭ്രാന്തന്മാര്‍ തടയുകയുണ്ടായി. ഗോവയില്‍ നടന്ന മറ്റൊരു പ്രദര്‍ശനം ഹിന്ദുമതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കില്‍ തന്നെയും അലങ്കോലപ്പെടുത്തി.
ഹിന്ദുദേവതകളെ നഗ്നമായി ചിത്രീകരിച്ച ഹുസ്സൈന്‍ എന്തുകൊണ്ട് മുഹമ്മദ് നബിയെയും മറ്റും ഇത്തരത്തില്‍ വരക്കുന്നില്ല എന്ന സതീഷ് ഗുജ്റാളിനെപ്പോലുള്ള ചില ചിത്രകാരന്മാരുടെ ബാലിശമായ ചോദ്യങ്ങളെ അദ്വാനിയെപ്പോലുള്ളവര്‍ ഏറ്റുപാടി. ഇതു പറയുമ്പോഴും ഖുറാനിലെ ചില വരികള്‍ തന്റെ സിനിമയിലെ ഒരു കവാലിഗാനത്തില്‍ ഉപയോഗിച്ചു എന്ന കുറ്റത്തിന് മുസ്ലീം സംഘടകളും ഹുസൈനെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. ഇസ്ലാമിനു ഹറാമായ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ജമായത്ത് ഉലൈമ-ഇ-ഹിന്ദിന്റെ വക്താവ് മൌലാനാ നൊമാനിയെപ്പോലുള്ള മുസ്ലീങ്ങളും ഹുസൈനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പുറമേ ലക്നൌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്ദു പേര്‍സണല്‍ ലോ ബോര്‍ഡ് ഹുസൈന്റെ തലയ്ക് 51ലക്ഷം രൂപയും (പിടിച്ചുകൊടുക്കുന്നത് മുസ്ലീമാണെങ്കില്‍ 101 ലക്ഷം!!) കണ്ണുകള്‍ക്ക് 11ലക്ഷം രൂപയും, കൈകള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണവും ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നുകൂടി അറിയുമ്പോഴാണ് ഒരു ജനാധിപത്യ രാജ്യത്താണോ ഇതൊക്കെ നടക്കുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നത്. ഒരു കലാകാരന്റെ തലക്കു വിലപ്രഖ്യാപിച്ചവരെല്ല ഇവിടെ കുറ്റക്കാരാകുന്നത് മറിച്ച് ഇരതന്നെയാണ് കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നതെന്നത് തികച്ചും വിചിത്രമാണ്. പത്തിരുപതിനായിരം ചിത്രങ്ങള്‍ വരച്ച ഒരു ചിത്രകാരന്റെ വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴിച്ച് ബാക്കിയൊക്കെ സൈബര്‍സ്പേസില്‍ നിന്നും തന്നെ നീക്കം ചെയ്യാന്‍ കഴിഞ്ഞു (ഹുസൈന്റെ സ്വന്തം സൈറ്റില്‍പ്പോലും അദ്ദേഹത്തിന്റെ രചനകള്‍ ആക്സസിബിള്‍ അല്ല) എന്നത് ഫനാറ്റിക്കുകളുടെ വിജയത്തേക്കാളേറെ കലാസ്നേഹികള്‍ക്കുണ്ടായ തീരാ നഷ്ടമായാണു വിലയിരുത്തേണ്ടത്.


പതിനഞ്ചു വര്‍ഷത്തോളമായി ഹുസൈനെതിരേയുള്ള ഈ ആക്രമണങ്ങള്‍ തുടങ്ങിയിട്ട്. എന്നിരുന്നാലും ഹുസ്സൈന്‍ പറയുന്നതുപോലെ ഇന്‍ഡ്യയിലേക്ക് തിരിച്ചു വരാനാവാത്ത തരത്തിലുള്ള ഒരു സാഹചര്യമൊന്നും ഇവിടെ നിലനില്‍ക്കുന്നില്ല എന്നു വിശ്വസിക്കാനാണു പലര്‍ക്കും താല്പര്യം. നാഗ്പൂരിലും ബോംബേയിലും ഹുസൈനുനേരിടേണ്ടിവന്ന ആക്രമണങ്ങളേള്‍ക്കും പീഡനങ്ങള്‍ക്കും സാക്ഷിയായ അനുഭവങ്ങള്‍ എന്‍.റാം എഴുതിയിരുന്നല്ലോ. മാപ്പുപറഞ്ഞാല്‍ ഇന്‍ഡ്യയിലേക്ക് മടങ്ങിവരാം എന്നാണ് ശിവസേന നല്‍കിയിരിക്കുന്ന ഔദാര്യം. വിശ്വഹിന്ദുപരിഷത്ത് ആകട്ടെ ഇപ്പോഴും മാപ്പുകൊടുക്കാന്‍ തയ്യാറല്ല. വേണമെന്നുണ്ടെങ്കില്‍ തിരിച്ചുവരാം എന്ന അഴകൊഴമ്പന്‍ പ്രസ്ഥാവന ചിദംബരവും ഇറക്കിയിട്ടുണ്ട്. ഈയൊരവസ്ഥയില്‍ അഭയം നല്‍കുന്ന ഒരു രാജ്യത്തിന്റെ പൌരത്വം സ്വീകരിക്കുകയല്ലാതെ 96 വയസ്സായ ഒരു വൃദ്ധന്‍ എന്താണു ചെയ്യേണ്ടത്? തസ്ലീമ നസ്രീനു അഭയം കൊടുക്കാനും അവര്‍ക്ക് വേണ്ടി സംസാരിക്കാനും തയ്യാറാണെങ്കിലും ഹുസൈന്റെ പാലായനത്തെ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന ഇരട്ടത്താപ്പാണു ഹിന്ദുത്വവാദികള്‍ വച്ചുപുലര്‍ത്തുന്നത്. (തസ്ലീമയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് 2007ല്‍ നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് കലയോടും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം കൊണ്ടൊന്നുമാവില്ലല്ലോ?)


ഹുസൈനെതിരെ മാത്രമല്ല, ബോളീവുഡിലെ പ്രശസ്തരായ മറ്റുപലര്‍ക്കുമെതിരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈയടുത്ത് ഐപീഎല്‍ മത്സരങ്ങളില്‍ പാക്കിസ്ഥാനി കളിക്കാരെ ഒഴിവാക്കിയതിനെതിരെ ഷാരൂഖ് ഖാന്‍ നടത്തിയ അഭിപ്രായങ്ങളെ ( സോകോള്‍ഡ് ആന്റി നാഷണല്‍ റിമാര്‍ക്സ്) തുടര്‍ന്ന് ശിവസേനക്കാര്‍ ‘മൈ നെയിം ഈസ് ഖാന്‍‘ എന്ന സിനിമയുടെ പ്രദര്‍ശനം പലയിടത്തും വിലക്കി. സല്‍മാന്‍ ഖാന്റെ ‘വീര്‍’, അഷുതോഷ് ഗോവരിക്കറുടെ ‘ജോധ അക്ബര്‍’ അമീര്‍ഖാന്റെ ‘ഫന’, ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ‘പര്‍സാനിയ’ ദീപാ മേഹ്തയുടെ ‘ഫയര്‍’, ‘വാട്ടര്‍’ തുടങ്ങി ഒട്ടേറേ സിനിമകളെ വിലക്കുകയോ നിര്‍മ്മാതാക്കളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തു. ഹിന്ദുവിശ്വാസങ്ങളെ അപമാനിച്ചു എന്ന പേരിലായിരുന്നു പ്രതിഷേധങ്ങളിലധികവും. ഗുജറാത്തികളുടെ താല്പര്യത്തിനെതിരാണെന്നതായിരുന്നു പര്‍സാനിയ, ഫന എന്നീ ചിത്രങ്ങളെ എതിര്‍ക്കാന്‍ കാരണമായത്. ഇതില്‍ ദീപാ മേഹ്തയുടെ ചിത്രങ്ങളൊഴിച്ച് മറ്റെല്ലാം തന്നെ മുസ്ലീങ്ങള്‍ അല്ലെങ്കില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു എന്നത് യാദൃശ്ചികമല്ല. പ്രതീകസാധ്യതയുള്ള വ്യക്തികളെ മുന്‍‌നിര്‍ത്തി ഒരു വിഭാഗം ജനങ്ങളുടെ നേര്‍ക്ക് പരോക്ഷമായി നടത്തുന്ന വാന്‍ഡലിസമാണ് ഇവിടെ നടക്കുന്നത്. മറ്റാരേക്കാളും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച വ്യക്തിയാകട്ടെ ഹുസൈനും. ഹുസൈന്റെ ചിത്രങ്ങളെ ഇഷ്ടപ്പെടുവാനും ഇഷ്ടപ്പെടാതിരിക്കാനും ആര്‍ക്കും അവകാശമുണ്ട്. ഹുസൈനെപ്പോലെ തന്നെ ഹുസൈന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിച്ചു സംസാരിക്കുന്നവര്‍ക്കും ഒരുപോലെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ അഭിപ്രായങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയോ നിയമവ്യവസ്ഥയിലൂടെ രമ്യമായ പരിഹാരം കണ്ടെത്തലോ അല്ല നടക്കുന്നത്. മറിച്ച് ഇവര്‍ക്കെതിരെ സാമൂഹികമായ വിലക്കുകളേര്‍പ്പെടുത്തിയും കൈക്കരുത്തുകാണിച്ച് ഭീഷണിപ്പെടുത്തിയും വ്യക്തികളെ നിലം പരിശാക്കുകയാണ് ചെയ്യുന്നത്.


അനുദിനം സങ്കുചിതമതാത്മകതയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യപരിതസ്ഥിതിയില്‍ ഒട്ടെങ്കിലും പ്രതീക്ഷ നല്‍കുന്നത് ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഹുസൈന്‍ പ്രശ്നത്തില്‍ കൈക്കൊണ്ട നിലപാടുകള്‍ ആണ്. വ്യക്തമായും ഈ വിധിന്യായങ്ങള്‍ ഒരു സമകാലിക കലാരൂപത്തെ കലാപരമായ മൂല്യങ്ങളുടെയും കലാകാരന്റെ വീക്ഷണകോണിലും മനസിലാക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവിക്കുന്നു.കലാകാരന്റെ ആവിഷ്കാര സ്വാതന്ത്യത്തെ അംഗീകരിച്ചുകൊണ്ടുള്ള ധീരമായ വിധിന്യായത്തില്‍ ജസ്റ്റീസ് സഞ്ജയ് കിഷന്‍ കോള്‍ ഇങ്ങനെ പറഞ്ഞു: “the complainants are not the types who would go to art galleries or have an interest in contemporary art…” and quoting Picasso — “…Yes, art is dangerous. Where it is chaste, it is not art”

ആനന്ദ് പട് വര്‍ദ്ധന്‍ എഴുതിയതു പോലെ ഹുസൈനെ അനുകൂലിച്ചുള്ള വാദങ്ങള്‍ ഹുസൈനുവേണ്ടിയുള്ള വാദങ്ങളായല്ല കാണേണ്ടത്, മറിച്ച് നമുക്കുവേണ്ടി തന്നെയാണ് നാം വാദിക്കേണ്ടത്. അസഹിഷ്ണുത എന്നത് ഹിറ്റ്ലറുടെ വ്യക്തിവിശേഷമാണെന്നു വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി. ഹുസൈന്റേയോ തസ്ലീമ നസ്രീന്റേയോ ഡാനിഷ് കാര്‍ട്ടൂണിസ്റ്റിന്റേയോ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പ്രശ്നം എന്നതിലുപരി അടിസ്ഥാനപരമായി ഇത് സഹിഷ്ണുതയുടെ പ്രശ്നമാണ്. അതുറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയും. മതഭ്രാന്തന്മാരുടെ ഈ അസഹിഷ്ണതയ്ക്കു വളംവെക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ സ്വീകരിക്കുക ഒരു ശീലമായിപ്പോയത് ഭരണകൂടങ്ങളുടെ മാത്രം പരാജയമല്ല, അതു മൊത്തം ജനാധിപത്യ സമൂഹത്തിന്റെ പരാജയം കൂടിയാണ്.

* ഖത്തര്‍ പൌരത്വം ലഭിച്ച ശേഷം ദ ഹിന്ദുവിലേക്ക് ഹുസൈന്‍ അയച്ച ചിത്രം

അഭിപ്രായങ്ങളൊന്നുമില്ല: