ശനിയാഴ്‌ച, മാർച്ച് 05, 2011

അകലുന്ന ബന്ധങ്ങള്‍

"ഉപ്പ.. അത് നോക്കിക്കേ, അമ്പിളി മാമന്‍.

മോളുടെ വിളി കേട്ടാണ് ഞാനും അത് കണ്ടത്.

ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് നോക്കിയാണ് അവള്‍ പറഞ്ഞത്.

വെറുതെ കടല്‍ തീരത്ത് ഭാര്യയേയും മക്കളെയും കൂട്ടി നടക്കാനിറങ്ങിയതാ.

അവളെ കളിക്കാന്‍ വിട്ടു ഇത്തിരി മാറി ഇരുന്നു ഞാന്‍.

"ഉം എന്താ ഇത്ര ആലോചന, പുതിയ ബ്ലോഗിനുള്ള വകയായിരിക്കും.

അല്ലേല്‍ ഒന്നുമില്ല, നിങ്ങളോട് മിണ്ടിയാല്‍ അത് ബ്ലോഗാക്കും, ഞാനും മോളെ അടുത്തേക്ക് പോവുകയാ" എന്റെ പ്രാണ പ്രേയസി.

"ഉപ്പ.. വാ നമുക്ക് ഓടിക്കളിക്കാം, ഇവിടെ നല്ല രസമുണ്ട്"

തല്‍ക്കാലം ചിന്തകള്‍ക്കും മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിട പറഞ്ഞു ഞാനും അവളുടെ കൂടെ കൂടി.

ഓടാനും വെള്ളത്തിനടുത്തേക്ക്‌ ചാടി ഇറങ്ങാനും, തിരകളെ നോക്കി നില്‍ക്കാനും.

ഇടയ്ക്കു തിരമാലകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ പേരെഴുതി കളിക്കാനും.

അത് മായുമ്പോള്‍ സങ്കടത്തോടെ, അയ്യോ അത് പോയല്ലോ എന്ന് പറയാനും.

വാശിയോടെ പിന്നെയും പേരെഴുതാനും.. അങ്ങിനെ ഞാനും എന്റെ കെട്ടിയോളും മക്കളുടെ കൂടെ മറ്റു രണ്ടു കുഞ്ഞുങ്ങളായി മാറുകയായിരുന്നു.

എത്ര സന്തോഷമാണ് ആ മുഖത്ത് ആ സമയത്ത് കണ്ടതെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.

കുറച്ചപ്പുറത്ത് ഞങ്ങളുടെ ഈ കളികളെല്ലാം നോക്കി ഒരു കുടുംബം ഇരിക്കുന്നത് കണ്ടു. ഇടയ്ക്കു അവര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഒരു പക്ഷെ കളിയാക്കി ചിരിക്കുകയാവാം. ഇവരെന്താ ഈ കുട്ടികളെ പോലെ എന്ന്.

കുഞ്ഞുങ്ങളെ അനങ്ങാന്‍ വിടാതെ, ഇവര്‍ പിന്നെ എന്തിനാ ഇവിടെ വന്നതെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.

ഒടുവില്‍ സൂര്യാസ്തമയം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍, എന്റെ മൌനം കണ്ടു, "ഉം നിങ്ങള്‍ക്ക് ആലോചിക്കാന്‍ വകുപ്പായി അല്ലെ" എന്നായി സഹധര്‍മിണി.



ശരിക്കും നമ്മള്‍ക്കെന്താ സംഭവിച്ചത്. കുടുംബ ബന്ധങ്ങളും സ്നേഹവും എല്ലാം എവിടെ പോയി? മലയാളി ഇന്ന് തിരക്കുകളുടെ ലോകത്തായി മാറിയിരിക്കുന്നു.

കുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി മാറി ഫ്ലാറ്റുകള്‍ക്ക് അകത്തേക്ക് ഒതുങ്ങിയിരിക്കുന്നു. അടുത്ത വീട്ടിലുള്ളവര്‍ ആരെന്നു പോലും അറിയാത്ത വിധം നാം മാറിയിരിക്കുന്നു.



പണ്ടൊക്കെ രാത്രികളില്‍ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ കുടുംബ നാഥന്‍ വരാന്‍ കാത്തിരിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കും.

ഇന്നോ? വരുന്നവര്‍ ഓരോരുത്തരും അവരവരുടെ ലോകത്ത് തിരക്കിലായിരിക്കും.



തീന്‍ മേശയിലെ ആ ഇരുത്തത്തിനു പ്രത്യേകത ഉണ്ടായിരുന്നു. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള പ്രത്യേക ബന്ധം.

കുട്ടികള്‍ക്ക് ചോറ് വിളമ്പി കൊടുത്തു, അവരെ ഊട്ടിച്ചു, അവര്‍ കഴിക്കുമ്പോള്‍ അത് വെറുമൊരു ഇരുപ്പായിരുന്നില്ല. മാതാ പിതാക്കളും കുട്ടികളും, സഹോദരങ്ങള്‍ തമ്മിലും ഉള്ള ബന്ധത്തിന്റെ മറ്റൊരു ഊട്ടി ഉറപ്പിക്കല്‍ കൂടെ ആയിരുന്നത്.

കുഞ്ഞിനെ മാറോടടക്കി പിടിച്ചു എടുക്കുന്ന എത്ര അമ്മമാരുണ്ടിപ്പോള്‍?

കുഞ്ഞുങ്ങളുടെ സ്ഥാനം, അമ്മമാരുടെ ഒക്കത്ത് നിന്നും, തള്ളി കൊണ്ട് നടക്കുന്ന കൈ വണ്ടികള്‍ ഏറ്റെടുത്തിരിക്കുന്നു. അവരെ എടുത്താല്‍ ഇട്ട വസ്ത്രങ്ങള്‍ ചുളിവു വരില്ലേ, സമൂഹം കണ്ടാല്‍ മോശമല്ലേ.

കാലം മാറി തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ വേലക്കാരികളും, ആയമാരും കൊണ്ട് നടക്കുന്ന കാലമായിരിക്കുന്നു.

മാറോടടക്കി പിടിച്ചു, മുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളുടെ സ്നേഹം, ഒരിക്കലും ആയമാരാലും, വേലക്കാരികളാലും നോക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാതാപിതാക്കളോട് ഉണ്ടാവുന്നില്ല എന്ന് ശാസ്ത്രീയമായ അപഗ്രഥനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

പിന്നെ, അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ടിടുന്നതിനു നമ്മള്‍ എന്തിനു അവരെ പഴിക്കണം. ഒരിക്കലും വൈകാരികമായ ഒരു ബന്ധം ഈ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് ഉണ്ടാവുന്നില്ല.




നമ്മളില്‍ എത്ര പേര്‍ കുട്ടികളെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കാറുണ്ട് ?

എന്തിനു നേരില്‍ കാണുമ്പോള്‍ കൈ കൊടുക്കാറുണ്ടോ? കൈ കൂട്ടി പിടിക്കുന്നതില്‍ പോലും വ്യക്തമായ സ്നേഹ ബന്ധങ്ങളുടെ ചലനങ്ങളുണ്ടെന്നാണ് ശാസ്ത്രീയ ചിന്ത.

ഒരു ചെറിയ ഉദാഹരണം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നമ്മെ കാത്തു നില്‍ക്കുന്ന മാതാപിതാക്കള്‍. കൂടെ നമ്മുടെ ബന്ധുക്കളോ കൂട്ടുകാരോ ഒക്കെ ഉണ്ടാവും, സ്വീകരിക്കാനായി. പുറത്തിറങ്ങുന്ന നാം, ആര്‍ക്കാണ് കൈ കൊടുക്കാറുള്ളത്?

കൂട്ടുകാര്‍ക്ക് കൊടുക്കും, ചില ബന്ധുക്കള്‍ക്കും കൊടുക്കുമായിരിക്കും. ആരെങ്കിലും എപ്പോഴെങ്കിലും അച്ഛനമ്മമാര്‍ക്ക് കൈ കൊടുത്തിട്ടുണ്ടോ, അവരെ കെട്ടി പിടിച്ചു സന്തോഷം, അല്ലെങ്കില്‍ സങ്കടം പങ്കിട്ടിട്ടുണ്ടോ? ഉണ്ടാവില്ല.

നമുക്കൊക്കെ മടിയാണ്, ഒരു പക്ഷെ ആരെങ്കിലും കണ്ടാല്‍ മോശമല്ലേ എന്നാ ചിന്ത ആയിരിക്കാം. പക്ഷെ അവര്‍ അതിനായി കൊതിക്കുന്നുണ്ട് എന്ന വിവരം നമുക്കാര്‍ക്കെങ്കിലും അറിയുമോ?

ഒരു സ്നേഹസാന്ത്വനം, അതൊരു കൈ പിടിത്തമാവാം, കെട്ടി പിടുത്തമാവാം, ചിലപ്പോഴൊക്കെ നമ്മളും അറിയാതെ കൊതിച്ചു പോയിട്ടില്ലേ.




നാം പഴമയിലേക്കു പോയെ തീരൂ. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മെ പഴഞ്ചന്‍ എന്ന് വിളിച്ചാല്‍ അവരെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഞാനീ പറഞ്ഞത് വെറുമൊരു ചെറിയ സംഭവം. ഓര്‍ക്കാനും പറയാനും ഒരുപാട്. ഇനി നിങ്ങള്‍ തന്നെ ചിന്തിക്കുക.

ആദ്യം നാം നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നെങ്കിലും തുടങ്ങുക. നഷ്ട്ടപെടുന്ന സ്നേഹ ബന്ധങ്ങളെ, കൂട്ടി ഉറപ്പിക്കുക. അവര്‍ അത് കണ്ടു പടിക്കട്ടെ. നാം നഷ്ട്ടപ്പെടുത്തിയ നമ്മുടെ മാതാപിതാക്കളുടെ സ്നേഹം, അടുത്ത തലമുറ എങ്കിലും അനുഭവിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല: