വെള്ളിയാഴ്‌ച, നവംബർ 25, 2011

സൈബര്‍ ശബ്ദം പ്രകമ്പനമായി.........

അറബിക്കടലിന്റെ റാണിയെ പ്രകമ്പനം കൊള്ളിച്ചു സൈബര്‍ കൂട്ടായ്മയുടെ ശബ്ദം :

സൈബര്‍ യുവത്വത്തിന്റെ ശബ്ദം അറബിക്കടലിന്റെ തിരമാലകളെ പ്രകമ്പനം കൊള്ളിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ആവശ്യവുമായാണ് ബ്ലോഗ്‌ ,ഫേസ് ബുക്ക്‌ , ഗൂഗിള്‍ ബസ്സ്‌ എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ യുവാക്കള്‍ ഭൂലോകത്തിലേക്കിറങ്ങി പ്രതികരിച്ചത്. നവംബര്‍ 25 നു വൈകിട്ട് ആറുമണിക്ക് അറബിക്കടലിന്റെ മടിത്തട്ടായ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒത്തു ചേര്‍ന്ന ആയിരത്തോളം യുവാക്കള്‍ കായലോളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. അവര്‍ ഒത്തൊരുമയോടെ കത്തിച്ച മെഴുകുതിരി വെട്ടത്തിലൂടെ ഉറക്കം നടിക്കുന്ന അധികാര - നീതി ന്യായ മേലാളന്മാരുടെ മനസ്സിലേക്ക് ഒരു തരി വെളിച്ചം പകരുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.



രണ്ടു വര്ഷം മുന്‍പ് 2009 ല്‍ ആണ് നമ്മുടെ ബൂലോകം ബ്ലോഗ്‌ പോര്‍ട്ടലിന്റെ ബാനറില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ശ്രീ നിരക്ഷരന്റെ നേതൃത്വത്തില്‍ സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്‍ ആരംഭിച്ചത്. 'മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍' എന്ന ലേഖനത്തില്‍ ഉപയോഗപ്പെടുത്തിയ ബ്ലോഗര്‍ പാച്ചു സാഹസികമായി എടുത്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭിത്തികളുടെ ഫോട്ടോകളിലൂടെയാണ് സൈബര്‍ ലോകം ആ ഭീകരതയെ ആദ്യമായി അടുത്തറിയുന്നത്. തുടര്‍ന്ന് ഇംഗ്ലീഷിലേക്ക് ഈ ലേഖനം പരിഭാഷപ്പെടുത്തുകയും മെയില്‍ ഫോര്‍വേര്‍ഡുകളായി അയക്കപ്പെടുകയും ചെയ്തു. കാമ്പെയിന്‍ സജീവമായി തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ബൂലോകത്തിന്റെ നേതൃത്വത്തില്‍ നിരക്ഷരന്‍ എഡിറ്റര്‍ ആയി റീ ബില്ഡ് ഡാം എന്ന മറ്റൊരു ബ്ലോഗ്‌ തുടങ്ങിയത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും നല്‍കുക എന്നതിനപ്പുറം ഒരു വാര്‍ത്താ ആര്‍ക്കൈവ് ആയും ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്തുകയും നാള്‍ ഇതുവരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ ബ്ലോഗര്‍ നന്ദന്‍ ഡിസൈന്‍ ചെയ്ത ലോഗോ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും തങ്ങളുടെ ബ്ലോഗുകളില്‍ അവ പ്രദര്‍ശിപ്പിച്ചു ഐക്യധാര്‍ഷ്ട്യം പ്രഖ്യാപിക്കുകയും ചെയ്തു . റീ ബില്ഡ് ഡാം ബ്ലോഗിന്റെ ഹെഡര്‍ ഡിസൈന്‍ ചെയ്തു തന്നത് പകല്‍‌കിനാവന്‍ എന്ന ഷിജു ബഷീര്‍ ആണ് . ഏവരെയും നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കട്ടെ. കാമ്പെയ്നിങ്ങിന്റെ ഭാഗമായി നിരക്ഷരനോടൊപ്പം നമ്മുടെ ബൂലോകം പബ്ലിഷേര്‍ ജോ ജോഹര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഹരീഷ് , വിനോദ് എന്നിവര്‍ ചേര്‍ന്നു വര്‍ഷങ്ങളായി ഈ ആവശ്യത്തിനു വേണ്ടി സമരം നടത്തിവരുന്ന ചാപ്പാത്തു ഗ്രാമത്തില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു പന്തലില്‍ ഇരിക്കുകയും അവിടെ ഈ ലോഗോ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ലോഗോ തന്നെ അല്‍പ്പം രൂപ മാറ്റം വരുത്തിയാണ് സൈബര്‍ പ്രചാരണ പരിപാടിക്ക് ഉപയോഗിച്ചിരിക്കുന്നത്.

നാളുകള്‍ കഴിഞ്ഞു. ബ്ലോഗ്‌ സജീവമാല്ലാതാകുകയും ഫേസ് ബുക്കിലേക്ക് ആളുകള്‍ ചേക്കേറുകയും ചെയ്തപ്പോള്‍ ഈ സമര പരിപാടിയോട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞു സൈബര്‍ മലയാളികള്‍ പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നിരക്ഷരന്റെ നേതൃത്വത്തില്‍ ഈ കൂട്ടായ്മകളെ ഒരു കുടക്കീഴിലാക്കി ഏകോപിപ്പിച്ചു ഭൂലോകത്തിലെക്കിറങ്ങി പ്രതികരിക്കുകയാണ് ചെയ്തത്. വളരെ വലിയ ഒരു മാധ്യമ ശ്രദ്ധ ഈ അവസരത്തില്‍ ഈ പരിപാടിക്ക് ലഭിച്ചു എന്നത് എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്.

ഈ പരിപാടിയോട് സഹകരിച്ച ഏവര്‍ക്കും നമ്മുടെ ബൂലോകം ടീമിന്റെ നന്ദി.

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

സ്ക്കൂള്‍ കഥകള്‍......

അന്ന്‌ ഞാന്‍ നല്ലളം യു. പി. സ്കൂളില്‍ അഞ്ചില്‍ പഠിക്കുന്നു. സ്കൂളിന്റെ കിഴക്കെ ഭാഗത്തുള്ള വീടിന്റെ പറമ്പില്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ ഒരു മാവുണ്ടായിരുന്നു.
ഒരു ദിവസം ഉച്ചക്ക്‌ ഇന്റര്‍വെല്‍ സമയത്ത്‌ ഞാന്‍ സുള്‍ഫിക്കര്‍നോട്‌ പറഞ്ഞു.
"ഇന്നലെ രാത്രി നല്ല കാറ്റ്‌ വിശീട്ടിണ്ട്‌ നമുക്ക്‌ കണ്ണി മാങ്ങ പെറക്കാന്‍ പൂവ്വാ..".
"റെഡീ വണ്‍.. ,റ്റു..,ത്രീ..".
ഒന്നാം ക്ലാസിന്റെ പിന്നിലാണ്‌ പ്രസ്തുത സ്ഥലം. ഒന്നാംക്ലാസിന്റെ ഉള്ളിലൂടെ ജനല ചാടി പോയാല്‍ തരക്കേടില്ല എന്നു തോന്നി ഞങ്ങള്‍ മൂന്നു നാലു പേര്‍ ആ റേസിംഗ്‌ റ്റീം ഒന്നാം ക്ലാസില്‍ കുതിച്ചെത്തിയപ്പോള്‍ അവിടെ ഒരു ഘോര സങ്കട്ടനം നടക്കുന്നു.
ഒന്നാം ക്ലാസിലെ കുഞ്ഞന്മാരൊടൊക്കെ പരമ പുച്ഛമായിരുന്നു ഞങ്ങള്‍ അഞ്ചാം ക്ലാസ്സിലെ 'സീനിയേര്‍സ്‌'കാര്‍ക്കെങ്കിലും, ഞങ്ങള്‍ ഉടന്‍ അവിടെ ബ്രേയ്ക്കിട്ട്‌ നിര്‍ത്തി.
"ആരാണ്ടാ അലമ്പ്‌ ഇണ്ടാക്കണേ" എന്നും ചോദിച്ച്‌ , ഞങ്ങള്‍ ചേട്ടന്മാര്‍ ആ 'നസീറിനെയും ജയനെയും' കോളറില്‍ പിടിച്ച്‌ മാറ്റി. വേര്‍പ്പെട്ട രണ്ടും പിപ്പിരി..പീ എന്നു കരയാന്‍ തുടങ്ങിയപ്പൊ ഞാന്‍ പതുക്കെ ജനല ചാടി പതുങ്ങി ഇരുന്നു..
ഒരു മിനിറ്റ്‌ കഴിഞ്ഞപ്പൊള്‍ കരച്ചില്‍ കെള്‍ക്കാനില്ല . തലപൊക്കി നോക്കിയപ്പോളതാ സുള്‍ഫിക്കര്‍ നാസ്സര്‍ ബാബുവും ബഞ്ചിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും തികഞ്ഞ അഭ്യാസികളെ പ്പോലെ ചാടി മറിയുന്നു. "ഇതെന്താദ്‌"എന്ന മട്ടില്‍ കരച്ചിലുകാരടക്കം എല്ലാരും ആരാധനയൊടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഇടക്കിടക്ക്‌ സൈക്കിള്‍ചവിട്ട്‌ കൂത്തുകാരെപ്പോലെ കൈകള്‍ കുത്തിമറയുന്നു. അഭ്യാസക്കാഴ്ച്ചക്ക്‌ വേണ്ടത്ര സഹായം നല്‍കി കൊണ്ട്‌ കോയ കാണികളെ പിടിച്ചു മാറ്റി ഒതുക്കി നിര്‍ത്തുന്നുണ്ട്‌.
അവര്‍ അങ്ങിനെ ഷൈന്‍ ചെയ്യുന്നതു കണ്ടപ്പോള്‍ എന്നിലെ അഭ്യാസിയും വെറുതെയിരുന്നില്ല. ഫുഡടിച്ചത്‌ മുഴുവന്‍ ദഹിച്ചു എന്ന് ഉറപ്പു വരുത്തി, കാണികളെയൊക്കെ ഒന്നുകൂടി നോക്കിയശേഷം, 'ഇതൊന്നും നിങ്ങള്‍ക്കൊന്നും കൂട്ട്യാ കൂടില്ല്യാട്ടാ പിള്ളേരേ,വല്ലതും നാലക്ഷരം പഠിക്കാന്‍ നോക്ക്‌' എന്നും പറഞ്ഞ്‌ ഞങ്ങള്‍ ജനല്‍ താണ്ടി .മാങ്ങക്കായി വേലിക്കരികെ മാവിന്‍ ചുവട്ടിലെത്തിയപ്പോഴെക്കും മാങ്ങയൊക്കെ ആമ്പിള്ളേര്‍ കൊണ്ടുപോയിരുന്നു. അപ്പുറത്തെ വീട്ടിലെ വേലക്കാരത്തി തള്ള( ഫിലോമിനക്ക്‌ ദ്യേഷം പിടിച്ച പോലെയുള്ള ലുക്കുള്ള ) വേലിക്കലേക്കും നോക്കി നില്‍പ്പുണ്ട്‌. മാത്രമല്ല ,മാള അരവിന്ദന്‍ പറഞ്ഞപോലെ ഒരു 'ശശ്മാന മൂകത'അവിടെ കളിയാടിയിരുന്നു.
'നീ ക്ലാസ്സ്‌ ലീഡര്‍ അല്ലേ ചോദിച്ചു നോക്ക്‌ മാങ്ങ കിട്ടും .ഇന്നാളൊരുദിവസം എനിക്ക്‌ 'കിട്ടി'.

ബാബു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പതുക്കെ വേലിക്കരികെ ചെന്ന് ചോദിക്കാന്‍ തുടങ്ങിയതു മാത്രം ഒോര്‍മ്മയുണ്ട്‌. പിന്നെ നൊക്കിയപ്പോള്‍ എല്ലാവരുടെയും പിന്നില്‍ ഞാനും ഓടുന്നതാണ്‌ കണ്ടത്‌. മാങ്ങകിട്ടാത്ത നിരാശ തീര്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ സ്കൂള്‍ കോമ്പൌണ്ടിന്റെ വടക്കു കിഴക്കു മൂലക്ക്‌ വേലിക്കരികെയുള്ള ഏഴിലം പാലമരത്തെയാണ്‌ കിട്ടിയത്‌.അതാവുമ്പോ ആര്‍ക്കും പരാതിയില്ലല്ലോ. മരത്തില്‍ മാങ്ങയില്ലാത്തതിനാല്‍ ഉന്നം തെറ്റുന്ന പ്രശ്നവുമില്ല. തുരു തുരെ കല്ലുകള്‍ പ്രസ്തുത പാലമരം ഏറ്റുവാങ്ങി.

'കണ്ടാ.. കണ്ടാ.. യക്ഷീടെ ചോര വരുന്നത്‌ കണ്ടാ.!!'
'അതാ മരത്തിന്റെ പശയാടാ.'
അപ്പോള്‍ എതോ ഒരു അരസികന്‍ പറഞ്ഞു- 'കല്ലെറിഞ്ഞവരൊക്കെ പെട്ടു മക്കളേ,.ഇന്നു വെള്ളിയാഴ്ചയാ.പാലപൂത്ത ദിവസൂം.. നന്നായിട്ടുണ്ട്‌..!!. യക്ഷി വരണ ദിവസാണ്‌ വെള്ളിയാഴ്ച'.

ഞങ്ങളാരും അത്‌ വിശ്വസിച്ച ഭാവം നടിച്ചില്ല അഥവാ വിശ്വസിക്കാത്ത ഭാവം നടിച്ചു!!. മനോജിനും സുഭാഷിനും പേടിയില്ലെങ്കില്‍ പിന്നെ 5 എ യില്‍ പഠിക്കുന്ന എനിക്കാണോ യക്ഷിയെ പേടി?
'മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ' എന്ന പഴംചൊല്ലിനെ പുച്ഛിച്ചുതള്ളിക്കൊണ്ട്‌ ഞാനും പാലമരത്തെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി.

പിറ്റേന്നു ശനിയാഴ്ച. രാവിലെ ഡയറിയില്‍ നിന്നും പാല്‍വാങ്ങി സ്കൂളിനു മുന്നിലൂടെയണ്‌ ഞാന്‍ വന്നത്‌ . വഴിയില്‍ ആള്‍ സഞ്ചാരം കുറവായിരുന്നു. സ്കൂളിനു മുറ്റത്തെത്തിയപ്പോള്‍ എനിക്ക്‌ പാലച്ചുവട്ടിലേക്ക്‌ നോക്കാതിരിക്കാനായില്ല.
ആ കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു!!

..പാലപ്പൂക്കള്‍ നിറയെ വീണുകിടക്കുന്നപാലച്ചുവട്ടില്‍ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം !!.
പെരുവിരലില്‍ നിന്ന്‌ ഒരു തരിപ്പു കേറിയപോലെ തോന്നി.സര്‍വശക്തിയുമെടുത്‌ ഓടാനൊരുങ്ങവേ പിന്നില്‍ നിന്നും ഒരു വിളി." കുട്ട്യേ.. പൂയ്യ്‌...".
പേടി മാറാന്‍ ഒരു ശ്ലോകമുണ്ടെന്ന് പ്രദീപ്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ആ ശ്ലോകം എനിക്കെന്തുകൊണ്ടോ തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും പാടാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.
'അര്‍ജുനന്‍,പല്‍ഗുണന്‍, പ്രാന്തന്‍ കരടിയും....'
എന്നുജപിച്‌ കണ്ണടച്ചുകൊണ്ടോടിയതുകൊണ്ട്‌ വേഗം വീടെത്തി. പാലിന്റെ പകുതി പക്ഷേ വീടെത്തിയില്ല!

ഞാന്‍ തൊട്ടരികിലുള്ള ജനലിനരുകില്‍ കണ്ണടച്ചു കിടന്നു. കൈ ജനലിന്റെ ഇരുമ്പു കമ്പിയിലും പിടിച്ചു (പേടിച്ചിട്ടൊന്നുമല്ല.ചുമ്മാ ഒരു ധൈര്യത്തിന്‌!). ഉമ്മ പാല്‍ കടക്കാരനെ ചീത്ത പറയുന്നതു കേട്ടുകൊണ്ട്‌ ഞാന്‍ പതുക്കെ മയങ്ങി.

തിങ്കളാഴ്ച സ്കൂളിലെത്തിയത്‌ സ്വല്‍പം നേരെത്തെയായി. തലേ ദിവസത്തെ മഴയില്‍ നനഞ്ഞ്‌ കിടക്കുന്ന മണം പോയിട്ടില്ലാത്ത പാലപ്പൂക്കളില്‍ ചവിട്ടി സ്കൂള്‍ മതിലിനടുത്തെത്തി. കുട്ടികള്‍ അധികം പേര്‍ വന്നുതുറ്റങ്ങിയിട്ടില്ല. മാവിഞ്ചുവട്ടില്‍ അടിച്ചുവൃത്തിയാക്കിക്കൊണ്ട്‌ 'ഫിലോമിനത്തള്ള' നില്‍പുണ്ട്‌.
'കുട്ട്യേ,...പൂയ്യ്‌....'.
ഫിലോമിനത്തള്ള' ആണ്‌.
ഉടുത്തിരുന്ന വെള്ളമുണ്ടിന്റെ കോന്തലയില്‍ നിന്ന് എന്തോ എടുത്ത്‌ നീട്ടികൊണ്ട്‌ അവര്‍ പറഞ്ഞു.
"എന്തേ കുട്ട്യേ ഞാന്‍ വിളിച്ചപ്പോ മിനിഞ്ഞാന്ന് ഓടിപ്പോയത്‌?..ഇതു തരാനാ വിളിച്ചത്‌..".
ഒരു മാമ്പഴമായിരുന്നു അത്‌ .
വാങ്ങി മണത്തുനോക്കിയപ്പോള്‍ അതിന്‌ പാലപ്പൂവിനേക്കാള്‍ മണമുണ്ടായിരുന്നു

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

പ്രവാസിയുടെ വസന്തകാലം.............

ഒറ്റപെട്ടൂന്നൊരു തോന്നല്‍ ഇപ്പോഴും മനസിനെ അലട്ടുന്നില്ല, എനിയ്‌ക്കൊരു ലക്ഷ്യമുണ്ട് എനിക്ക് മാത്രമല്ല എന്നെപോലെയുള്ള ലക്ഷകണക്കിന് പ്രവാസികളുടെ ലക്ഷ്യമാണ് അത്.ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ ഈ ദുരിതം വിട്ടു നാട്ടിലെത്തണം. മാനസികമായ ഒരു തളര്‍ച്ച അതാണ് പ്രവാസിയുടെ സുപ്രധാന രോഗം. ഈ തളര്‍ച്ചയില്‍ നിന്ന് ഒരുയിര്‍ത്തെഴുന്നെല്പ് ആവശ്യമാണോ? അതുപോലും അറിയില്ല എനിക്ക്. ഇന്ന് ഞാന്‍ ഒരിക്കലും സ്വപ്നം കാണാത്ത ഒരു ലോകത്താണ്. പണം കായ്ക്കുന്ന ഈന്തപ്പനതോട്ടങ്ങലുന്‌ടെന്നു എന്റെ നാട്ടുകാര്‍ സ്വപ്നം കാണുന്ന ആ ലോകത്ത്,ഈ ദുരവസ്ഥയുടെ കൊടും ചൂടില്‍ അവര്‍ക്ക് പകരം ഞാനിവിടെ. പണത്തെ സ്‌നേഹിക്കുന്ന കുടുംബത്തേക്കാള്‍ സ്‌നേഹത്തിനും സത്യത്തിനും സ്വന്തം ജീവനേക്കാള്‍ വില കല്പിക്കുന്ന വിരളിലെന്നാവുന്ന സുഹൃത്തുക്കള്‍, പിന്നെ സ്വന്തമായ ഒരു ജീവിതരീതി അതുമാത്രമാണ് ഒരു വ്യക്തി എന്ന നിലയില്‍ ഇവിടെയുള്ള നേട്ടം. ഉരുകുന്ന ഉഷ്ണത്തിലും നാട്ടിലെ പച്ചപുതപ്പിക്കുന്ന ഓര്‍മ്മകള്‍ മനസിന് തണലേകുന്നു. എന്നെ പ്രതീക്ഷിച്ചു കഴിയുന്ന ഒരു ചെറിയ കുടുംബമല്ല ഒരു വലിയ സമൂഹം തന്നെയുണ്ട്. അവരിലൊരാള്‍ പോലും നിരാശനകരുത് എന്ന് ജീവിതം ബലികൊടുത്ത ഓരോ പ്രവാസിയുടെയും നിര്‍ബന്ധമാണ്. എന്തായാലും ഈ രണ്ടു വര്‍ഷത്തേക്ക് ഞാന്‍ എന്നെ ലോണ്‍ തന്നു സഹായിച്ച ബാങ്കിനോടും പണം തന്നു സഹായിച്ച സുഹൃത്തുക്കളോടും കൂറുകാട്ടാന്‍ ബാധ്യസ്ഥനാണ്. ഇക്കാലത്തിനിടയില്‍ എന്റെ കുടുംബം പണമോഴിച്ചു മറ്റൊന്നും പ്രതീക്ഷിക്കണ്ട. അത് കഴിഞ്ഞാല്‍ പിന്നെ ചെറിയൊരു അവധിക്കാലം. തിരിച്ചിങ്ങോട്ട് വരുമ്പോള്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഷെഡ്യൂള്‍ തന്നിട്ടേ എന്റെ വിയോഗത്തെ വരവേല്‍ക്കൂ. വീണ്ടും കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ഫുഡ് അല്ലവന്‍സ് കഴിച്ചു ഒരു ചില്ലിക്കാശുപോലും കയ്യിലുണ്ടാവില്ല. ഫുഡ് അല്ലവന്‍സ് പോലും അഡ്ജസ്റ്റ് ചെയ്തു നാട്ടിലേക്കു പണമയക്കുന്നവരാണ് ഞങ്ങളില്‍ പലരും. ഒരുകണക്കിന് പറഞ്ഞാല്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ജോലി ഉടമ്പടിയില്‍ ഇവിടെ ഒപ്പിടുന്ന ഓരോ പ്രവാസിയും അതിന്റെ ഇരട്ടി വര്‍ഷത്തേക്കുള്ള ബാധ്യതയുടെ ഉടമ്പടി നാട്ടില്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച് സ്വയം സാക്ഷ്യപെടുത്തിയതിനു ശേഷമാണ് ഈ ഗള്‍ഫ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. ജീവിതത്തില്‍ ഇനി അധികമൊന്നുമില്ലെങ്കിലും പ്രതീക്ഷയുടെ ഒരു നീരുറവ അന്തരംഗത്തില്‍ എവിടെയോ തുടിക്കുന്നു.ഒടുവില്‍ മുഖത്ത് പുഞ്ചിരിയും തലയില്‍ മുടിയും നഷ്ടപ്പെട്ട ഒരു കാലം മറ്റേതു പ്രവസിയേയും പോലെ എനിക്കും വന്നുചേരും അവിടെ തുടങ്ങുന്നു പ്രവാസിയുടെ വസന്തകാലം.................

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

അന്തുക്കയുടെ പതിനേഴാം വരവ്.

ആരായിരുന്നു അബ്ദുള്ളക്ക എന്ന അന്തുക്ക? കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചൊക്ലിയെന്ന ഗ്രാമത്തിലെ ഒരു നാട്ടുമ്പുറത്തുകാരന്‍. ചൊക്ലി മാപ്പിള സ്‌കൂളിലെ പഠനവും ദാരിദ്ര്യത്തിന്റെ കാഠിന്യവും ഒന്നിച്ച്‌കൊണ്ടു പോകാന്‍ കഴിയാത്തതിന്റെ പേരില്‍ പഠനവും കൗമാരവും ഗ്രാമത്തിന്റെ നന്മയും ഉപേക്ഷിച്ച് കടല്‍ കടന്ന് വന്ന നമ്മുടെ പൂര്‍വ്വികരില്‍ ഒരാള്‍. നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായ ഈ മണല്‍ക്കാട്ടിലേക്ക് അന്തുക്കയും എത്തിപ്പെട്ടു.

പലതൊഴിലും ചെയ്തു. അവസാനം എത്തിയത് ഒരു യമനിയുടെ ഹോട്ടലില്‍. പത്തിരിയും ഇറച്ചിയും പുട്ടും കടലയും ചോറും മത്തിക്കറിയും തിന്നറിവ് മാത്രമുള്ള അന്തുക്ക മന്ദബൂസും ഖബ്‌സയും അലീസയും മന്തിയും പാകപ്പെടുത്താന്‍ ശീലിച്ചു. അങ്ങനെ കാലാന്തരത്തില്‍ യമനിയുടെ കിച്ചനില്‍ അന്തുക്ക ഉസ്താദായി. അറബികളുടെ ഭക്ഷണ രീതിയുടെ രസക്കൂട്ടുകള്‍ പഠിച്ച് അന്തുക്ക ഒന്നാം നമ്പര്‍ പാചകക്കാരനായി. ഏതൊരു പ്രവാസിയും 'പഠിച്ചെടുത്ത് നിലനില്‍ക്കുക' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചത് കൊണ്ടാണല്ലോ നാം ഇവിടെ വരെ എത്തിയത്. ആ ഒരു കഴിവിനെ നമുക്ക് മാത്രം കൈമുതലായിത്തന്നത് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ച് നില്‍ക്കാന്‍ മലയാളിക്ക് ദൈവം നല്‍കിയ കഴിവായിരിക്കും. ദാരിദ്ര്യത്തില്‍ നിന്ന് അന്തുക്കയുടെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി. യമനിയായ മുതലാളി അന്തുക്കയുടെ കാര്യത്തില്‍ നല്ല തീരുമാനങ്ങള്‍ മാത്രമേ എടുക്കാറുള്ളൂ. ഹോട്ടലിലെ പാചകപ്പുരയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും അന്തുക്ക 32 വര്‍ഷം പിന്നിട്ടു. അതിനിടയില്‍ ഹോട്ടലിന്റെ രൂപവും ഭാവവും മാറി. യമനിയായ മുതലാളി മരിച്ചു. മകന്‍ ഏറ്റെടുത്തു. മാതാപിതാക്കളോടൊത്ത് കൈക്കുഞ്ഞുമായി ഹോട്ടലിലെത്തിയ അറബിക്കുട്ടികള്‍ വളര്‍ന്ന് വലുതായി. നിയമങ്ങളും ചിട്ടകളും മാറി വന്നു. അപ്പോഴും അന്തുക്ക മാറ്റമില്ലാതെ ഉസ്താദായി തുടര്‍ന്നു.

എല്ലാ പ്രവാസിയും ഒരു തിരിച്ചുപോക്കിന്റെ ചിന്ത തുടങ്ങുന്നത് പോലെ അന്തുക്കയും ഒരു തീരുമാനമെടുത്തു. 'വയ്യ ഞാന്‍ പോകുകയാണ്' അങ്ങനെ ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ ഇങ്ങനെ ചോദിക്കും 'നാട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണ്' എന്തെങ്കിലും ചെയ്താലെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ഉടലെടുക്കുക സ്വാഭാവികം. കാരണം നീക്കിയിരിപ്പോ, സമ്പാദ്യമൊ ഒന്നുമില്ലാതെ നാട്ടിലെങ്ങനെ ശിഷ്ടകാലം ജീവിക്കും. ഒരു റിട്ടേയര്‍മെന്റ് പോലും ഇല്ലാതെ, ഒരു പെന്‍ഷന്‍ പോലുമില്ലാതെ, ഇന്‍ഷ്വറന്‍സ് പരിരക്ഷപോലുമില്ലാതെ, റേഷന്‍കാര്‍ഡില്‍ പേരില്ലാതെ ബാക്കിയെന്തുകാലം. പേടിപ്പെടുത്തുന്ന നൊമ്പരമായി പലരുടെയും മനസ്സില്‍ വിങ്ങലായി ഒരു ഞെട്ടിക്കുന്ന സത്യമായി അവശേഷിക്കുന്നു.

പക്ഷേ, അന്തുക്കയെ സംബന്ധിച്ചടത്തോളം പ്രയാസങ്ങള്‍ ഏറെയില്ല. മൂന്ന് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മകന്‍ കോളേജില്‍ പഠിക്കുന്നു. ഒരു ചെറിയ വീടും സ്ഥലവും ഉണ്ട്. ചെറിയ വരുമാന ശ്രോതസ്സ് വാടകയിനത്തില്‍ രണ്ട് പീടകമുറിയില്‍ നിന്ന് കിട്ടുന്നുണ്ട്. ചെറിയ ബാങ്ക് ബാലന്‍സും ഉണ്ട്. അന്തുക്കാന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അതുമതി അല്ലാതെ ഇപ്പോ എന്താ ചെയ്യാ.. കാലാകാലം ഇവിടെ കഴിയാന്‍ കഴിയോ? വയ്യാണ്ടായി.. പോവാണ്'

അന്തുക്കയുടെ പരിചയക്കാര്‍ കൂടുതലും അറബികളാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ഭക്ഷണം ഉണ്ടാക്കിയ ആളെ പ്രകീര്‍ത്തിക്കാനും ചെറിയ പാരിതോഷികങ്ങള്‍ നല്‍കാനും മഹാമനസ്‌കരാണ് അറബികള്‍. പിന്നെ അടുപ്പമുള്ളത് എന്റെ വീടുമായിട്ടാണ്. എന്റെ ഒരു സുഹൃത്തിന്റെ നാട്ടുകാരനാണ് അന്തുക്ക. അങ്ങനെയാണ് ഞാന്‍ അന്തുക്കയെ അറിയുന്നത്.
എന്റെ വീട്ടില്‍ ഇടക്കു ഇടക്കു വരാറ്‌ ഉണ്ട്‌ വരുമ്പോള്‍ എന്റെ കൊച്ചു മകള്‍ക്ക് ഒരു ചോക്ലേറ്റുമായിട്ടേ വരൂ. ഒരുപാട് സംസാരിക്കാത്ത സോഫയില്‍ അമര്‍ന്നിരിക്കാതെ ഒരു പരിഭവവും പ്രകടിപ്പിക്കാതെ ചെറിയ ചിരിയുമായി എല്ലാം മൂളികേള്‍ക്കാറുള്ള അന്തുക്ക പ്രവാസികളുടെ ഒരു പരിഛേദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ആ അന്തുക്കയാണ് ഗള്‍ഫ് വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നത്. യാത്രയപ്പിലാണ് അന്തുക്ക പറഞ്ഞത്. 'ഇതന്റെ 16-ാമത്തെ യാത്രയാണ്. 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 15 തവണ നാട്ടില്‍ പോയി. ഇത് അവസാനത്തേതും' വേര്‍പാടിന്റെ നൊമ്പരം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്നാലും ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊത്ത് നാട്ടിലെ വായുവും വെള്ളവും, ശ്വിസിച്ചും കുടിച്ചും ജീവിക്കാമല്ലോ അലാറത്തന്റെ അലാറമില്ലാതെ ഉറങ്ങുകയും ഉണരുകയും ചെയ്യാമല്ലോ.

യാത്രയപ്പിന് അറബിയുടെ മകന്‍ യമന്‍കാരന്‍ അബ്ദുള്ളയും ഉണ്ടായിരുന്നു. 'ബാപ്പ മരിച്ചപ്പോള്‍ ബാപ്പയുടെ സ്ഥാനത്ത് കണ്ടതാണ് അന്തുക്കയെ. ബാപ്പ നാട്ടില്‍ വന്നാല്‍ അന്തുക്കയുടെ കാര്യം വീട്ടില്‍ പറയാറുണ്ട്. തെറ്റെന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുക്കണം. എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം. എന്ന് പറഞ്ഞ് യമന്‍കാരന്‍ അന്തുക്കയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ആത്മബന്ധത്തിന്റെ ഈ അടുപ്പം ഇത്രത്തോളമുണ്ടെന്നറിയാമായിരുന്നു അത്. ഓരോ മലയാളിയും കാത്ത് സൂക്ഷിച്ച വ്യക്തി ബന്ധത്തിന്റെ കെട്ടുറുപ്പാണ് കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും നമുക്ക് ഇവിടെ പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പേകുന്നത് ഈ ഹൃദയബന്ധമാണ്. സ്‌നേഹത്തന്റെ നേരറിവാണ്.

അവിടെയെത്തി വിളിക്കാം എന്ന പല്ലവി പോലെ അന്തുക്ക യാത്രയായി.

ഓര്‍മ്മയില്‍ നിന്ന് അന്തുക്കമാഞ്ഞ് പോയി . എഴ് മാസത്തോളമായി അദ്ദേഹം പോയിട്ട്.

വെള്ളിയാഴ്ചയായിരുന്നു ഒരു ഫോണ്‍ കോള്‍ വന്നത് മറുതലക്കല്‍ അന്തുക്കയാണ്.പോയിട്ട് ഇതുവരെ വിളിക്കാത്തിന്റെ പരിഭവവുമായി സംസാരിക്കവെയാണ് അന്തുക്ക കാര്യം പറഞ്ഞത്. നാളെ രാത്രിക്കുള്ള ഫ്ലൈറ്റിന് അങ്ങോട്ട് വരികയാണ്. മോന് പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ വരിക. ഫോണ്‍ കട്ടായി. ഞാന്‍ തരിച്ചിരിക്കുകയായിരുന്നു. എന്തായിരിക്കും അന്തുക്കയുടെ വരവിന്റെ ഉദ്ദേശം. അറിയില്ല. ഈ പ്രായത്തില്‍ വീണ്ടുമൊരു തിരിച്ചുവരവ് എന്തിനായിരിക്കും. കാര്യമറിയണമെങ്കില്‍ നാളെ രാത്രി വരെ കാത്തിരിക്കണം.

എയര്‍പോര്‍ട്ടില്‍ നിന്ന് അന്തുക്കയെ എന്റെ ഫ്ലാറ്റിലേക്കാണ് കൂട്ടിക്കൊണ്ടുവന്നത്. അന്ന് യാത്ര പറഞ്ഞ് പോയതിനേക്കാള്‍ ക്ഷീണമുണ്ട്. തീരെ വയ്യാതായിരിക്കുന്നു.

അല്‍പം ക്ഷീണം മാറിയപ്പോഴാണ് തിരിച്ച് വന്ന കാര്യം ചോദിച്ചത്. 'ഒന്നുമില്ലടാ നമുക്കൊന്നും നാട്ടില്‍ ശരിയാവില്ല.. ഇവിടെയാ സുഖം..' ശരിയായി കാര്യങ്ങളിലേക്ക് കടക്കാന്‍ കുറെ സമയമെടുത്തു.

അന്തുക്ക കൃത്യമായി മാസാമാസം ഒരു തുക നാട്ടിലേക്കയക്കും. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കലും പതിവ് തെറ്റിച്ചിട്ടില്ല. കല്ല്യണവും പഠിത്തവും വീടുപണിയും എന്നിവയ്‌ക്കൊക്കെ വേറെയും അയക്കും. ഈ മാസമാസം കിട്ടുന്ന വരുമാനം ഭാര്യക്ക് കിട്ടാതെ വരിക. അവര്‍ അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊക്കെ ചിലവഴിച്ചത്. ഒരു സുപ്രഭാതത്തില്‍ നഷ്ടമാവുക. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ പിന്നെ ചെലവൊക്കെ ഭര്‍ത്താവ് നോക്കും. മീന്‍ മേടിക്കാനും പഴങ്ങള്‍ മേടിക്കാനും പലചരക്ക് വാങ്ങിക്കാനും, കാശ് ചോദിക്കേണ്ടി വരിക, ചോദിക്കുന്ന കാശിന്റെ കണക്ക് ചോദിക്കുക. മീന്‍ എന്തിന് ഇത്ര വാങ്ങിച്ചു. പലചരക്ക് കടയില്‍ ഇത്ര ബില്ല് എങ്ങിനെവന്നു എന്ന് ചോദിക്കുക. ഇത്‌വരെയില്ലാത്ത നിയന്ത്രണം. ഭാര്യക്ക് അനുഭവപ്പെടുക. പുറത്ത് പോവുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍, മകന്‍ ലേറ്റായി വരുമ്പോള്‍, പെട്രോള്‍ അടിക്കാന്‍ കാശ് ചോദിക്കുമ്പോള്‍, ടി.വിയുടെ വോള്യം കൂടിയാല്‍, ബാങ്ക് വിളി കേട്ടാല്‍ നിസ്‌കരിച്ചില്ലെങ്കില്‍, കല്ല്യാണത്തിന് പോകുമ്പോള്‍ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുക. അഭിപ്രായം ആരായേണ്ടിവരിക. കൈകളില്‍ കാശില്ലാതെ ഭര്‍ത്താവിനോട് ചോദിക്കേണ്ടി വരിക. ഈ അവസ്ഥ ഇവരെ സംബന്ധിച്ചടത്തോളം വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടാക്കിയിരിക്കാം.

അന്തുക്ക പ്രതീക്ഷിച്ചത്‌പോലെയുള്ള ഒരു ശിഷ്ടകാല ജീവിതമല്ല അവിടെ കണ്ടത്. അവര്‍ക്കാവശ്യം മാസാമാസം ചെലവിന് കൊടുക്കുന്ന രണ്ട് വര്‍ഷത്തിലൊരിക്കല്‍ രണ്ട് മാസം വിരുന്നുകാരനായി വരുന്ന ഒരാളെയായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ കോലായിലെ ചാരുകസേരയില്‍ ഇരുന്ന് എല്ലാത്തിന്റേയും കാര്യകാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു വയസ്സനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവര്‍ ശീലിച്ച ശീലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റപ്പെടുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം.

മകന്‍ ലേറ്റായി വരുന്നതിന്റെ കാരണമന്വേഷിക്കുന്ന ഒരാള്‍. 500 രൂപയുടെ പെട്രോള്‍ കൊണ്ട് നീ എന്താണ് ചെയ്യുന്നത് എന്ന ചോദിക്കുന്ന ഒരാള്‍. ഫോണ്‍ ബില്ല് കൂടിയത് ചോദ്യം ചെയ്യുന്ന ഒരാള്‍, വീട്ട് പണിയെടുക്കാന്‍ ഒരാളെ എന്തിന് വെച്ചു, ഒട്ടോറിക്ഷയില്‍ പോകുന്നതിന് പകരം ബസ്സില്‍ പോയികൂടെ എന്ന് പറയുന്ന ഒരാള്‍. അങ്ങിനെ ഒരാള്‍ പൊടുന്നനെ വന്ന് സര്‍വ്വനിയന്ത്രണവും ഏറ്റെടുത്താല്‍ അങ്ങനെയൊരവസ്ഥയായിരുന്നു അന്തുക്കയുടേത്.

ഒരുപാഴ്‌വസ്തുവാണെന്നും എന്നെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവില്ലയെന്ന് തോന്നി തുടങ്ങിയപ്പോഴാണ് അറബിയുടെ മകനെ വിളിച്ച് ഒരു വിസ ഏര്‍പ്പാടാക്കിയത്.

'അവിടെത്തന്നെ നിന്നാല്‍ ഒരു കുടുംബം എന്ന നിലയില്‍ വളര്‍ത്തി വലുതാക്കി ഒരു കരയ്‌ക്കെത്തിച്ചവരെയൊക്കെ വെറുക്കേണ്ടി വരും. ഇവിടെയാവുമ്പോള്‍ അവര്‍ക്കൊക്കെ എന്നെ പെരുത്ത് ഇഷ്ടമായിരിക്കും എന്ന തോന്നലില്‍ ജീവിക്കാമല്ലോ.' ആ തോന്നലിന്റെ പിന്‍ബലത്തില്‍ മാത്രം ജീവിക്കേണ്ടി തരുന്ന നൂറുകണക്കിന് പ്രവാസികളുണ്ടിവിടെ. ഇതൊരു അന്തുക്കയുടെ മാത്രം ജീവിത കഥയല്ല. ഇവിടെ പകര്‍ത്തിയെഴുതിയത്. ഇത് പോലുള്ള അന്തുക്കമാര്‍ ഒരുപാട് ഉണ്ടിവിടെ. സാധ്യതയുടെ വീടിന്റെ കെട്ടിച്ചയക്കലിന്റെ കടത്തിന്റെ ഇല്ലാ കഥകളും പറഞ്ഞ് വയ്യാതായിട്ടും നാട്ടിലേക്ക് പോകാന്‍ ധൈര്യമില്ലാതെ എങ്ങനെ സ്വീകരിക്കുമെന്ന് ഒരുറപ്പുമില്ലാതെ ഇവിടെ ജീവിക്കുന്ന അന്തുക്കമാര്‍ എത്ര?

ഇനി അവരുടെ ഭാര്യയുടെയും മക്കളുടെയും ഭാഗത്ത് നിന്ന് നോക്കിയാല്‍ ശരിയുമാണ്. യൗവനവും കൗമാരവും നല്ല ആരോഗ്യവും ഇവിടെ നഷ്ടപ്പെടുത്തിയിട്ട് ഭാര്യയെന്ന സ്ത്രീയോട് കാണിക്കേണ്ട കടമയും കര്‍ത്തവ്യവും യഥാസമയം നിര്‍വ്വഹിക്കാതെ ഒന്നിനും വയ്യാത്ത പ്രായത്തില്‍ തിരിച്ച് ചെന്നിട്ട് എന്നെ ഇനിയുള്ള കാലം പൊന്നുപോലെ നോക്കൂ എന്ന് പറയുന്നതിന്റെ അര്‍ത്ഥ ശൂന്യത അവര്‍ മനസിലാക്കിയിട്ടുണ്ടാവും. അതിനുള്ള ശിക്ഷയായിരിക്കും ഈ അന്തുക്കയുടെ പതിനേഴാം വരവ്.

ബുധനാഴ്‌ച, ജൂലൈ 27, 2011

'I LOVE HIT 96.7FM'

ഒരുപാട് നേരം കാത്തുനിന്നു... ഇല്ല ഇന്നും വിളിച്ചില്ല... കുറേ ദിവസമായി sms അയക്കുന്നു. ഹിറ്റ് 96.7FM ലെ Hit Jet International ഇത്തവണ നൂറ് ശ്രോതാക്കളേയും വഹിച്ച് പറക്കുന്നത് തായിലാണ്ടിലെ ബാങ്കോക്കിലേക്കാണ്. SMS അയച്ച് ഇപ്പോള്‍ കോള്‍ വരും എന്ന പ്രതീക്ഷയോടെ കുറച്ച് ദിവസമായി ഇരിക്കുന്നു. ഫോണ്‍ എടുക്കുംബോള്‍ 'I love hit 96.7Fm' എന്നുവേണം പറയാന്‍. അല്ലാത്ത പക്ഷം ചാന്‍സ് ഗോവിന്ദ... ഇനിയിപ്പോള്‍ കോള്‍ ഒന്നും വരാന്‍ പോണില്ല. ഷാലു ഫൈസല്‍ അവതരിപ്പിക്കുന്ന 'ഗ്രാമഫോണ്‍' കേട്ട് ഗൃഹാതുരയിലേക്ക് ഊളിയിട്ടു. ഗ്രാമഫോണ്‍ കഴിഞ്ഞപ്പോള്‍ പ്രിയതമയുടെ സ്വരം കേള്‍ക്കാന്‍ തോന്നി. അവളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുനില്ല. നാട്ടില്‍ സമയം കുറേ ആയില്ലേ.. ഉറങ്ങിക്കാണും കള്ളി. ഉറങ്ങിക്കോട്ടെ.. ഒരു SMS അയക്കാം...

'ഷാലുവിന്റെ ശബ്ദം എന്നിലെ ഗൃഹാതുരത്വത്തെ ഉണര്‍ത്തിയപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം നിന്റേതായിരുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നി. അതാ വിളിച്ചത്. ഉറങ്ങിക്കോ...'

മൊബൈല്‍ മറ്റി വച്ച് ഞാനും ഉറങ്ങാന്‍ കിടന്നു, സുന്ദരമായ ഓര്‍മകളോടൊപ്പം. നാളെ ശനി... എത്ര സമയം വേണമെങ്കിലും ഉറങ്ങാം, ജോലിക്ക് പോകേണ്ടതില്ല ആരും ശല്ല്യം ചെയ്യാനുമില്ല. ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് കുറേ സമയം ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഉറക്കം അങ്ങോട്ട് വരുന്നില്ല. ഓര്‍മ്മകള്‍ മെല്ലെ ചിന്തകള്‍ക്ക് വഴിമാറി. ബാങ്കോക്കില്‍ പോകുന്നതും നാല് ദിവസം അവിടെ കറങ്ങി അടിച്ച് നടക്കുന്നതും എല്ലാം ചിന്തിച്ച് കൂട്ടി. ചിന്തകള്‍ക്കിടയി എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ഉറപ്പിച്ചു ഇത് നൈല തന്നെ, ഇപ്പോള്‍ റേഡിയോ FM ല്‍ വല്ല്യ നാസ്ത ക്ലബ് (big breakfast club) നടക്കുന്ന സമയം. ഇത്ര ദിവസം ഞാന്‍ കാത്തിരുന്ന കോള്‍ എന്നെ തേടിയെത്തിയിരിക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ. ആവേശത്തോടെ ഫോണ്‍ എടുത്ത് 'I love hit ninety' എന്ന് പറഞ്ഞപ്പഴേക്കും മറുപടിയെത്തി

'ഇന്നെ ദുബായിലേക്ക് കൊണ്ടോവാണ്ടിരുന്നപ്പളേ എനിക്ക് തോന്നീണ്, ഇങ്ങള്‍ക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്' (തേങ്ങലോടെയാണ് അവള്‍ പറഞ്ഞത്)

'എടീ... അത്..'

'ഇങ്ങളെ കൂടെ പണിയെട്ക്ക്ണ ആ റഷ്യക്കാരത്തി ആവുല്ലേ ഈ നൈന്റി?'

'എടീ അത് റഷ്യക്കാരത്തി ഒന്നും അല്ല'

'എന്നാ പിന്നെ ഇങ്ങള് പറഞ്ഞ ആ ഒരുമ്പെട്ട ഫിലിപ്പൈനി ആയിരിക്കും'

'അതും അല്ല'

'പടച്ചോനേ.. അതും അല്ലേ... പുത്യാപ്പളനെ എപ്പളും ശ്രദ്ദിക്കണം.. ശ്രദ്ദിക്കണം എന്ന് അമ്മായി വെറുതേയല്ല പറയ്ണത്. ദുബായീല് കൊറേ ഒരുമ്പെട്ട പെണ്ണ്ങ്ങളുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഇന്റെ അമ്മായി പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചീല്ല്യേനി.. ഇപ്പൊ വിശ്വാസായി'

'ഞാന്‍ നാട്ടില്‍ വന്നാല്‍ ആദ്യം അന്റെ ആ ദുബായിക്കാരി തള്ളനെ ചുട്ട് കൊന്നിട്ടേ പൊരേലേക്ക് വരുള്ളൂ, മന്‍ഷ്യന്റെ മനസ്സമധാനം കളയാനായിട്ടാണല്ലോ ആ തള്ളനെ പടച്ച് വിട്ടത്' (ഏത് സമയത്താണാവോ പടച്ചോനേ ബാങ്കോക്കില്‍ പോവാന്‍ തോന്നിയത്)

'ഇങ്ങളോരോന്ന് ചെയ്ത് കൂട്ടിട്ട് ഇന്റെ അമ്മായിനെ കുറ്റം പറയണ്ട'

'ഞാനെന്ത് ചെയ്തെന്നാ നീ ഈ പറയ്ണത്?'

'ഇങ്ങള്‍ എന്തിനാ കണ്ട പെണ്ണ്ങ്ങളോടൊക്കെ സംസാരിക്കാന്‍ പോണത്? '

'ഏത് പെണ്ണിനോട് സംസാരിച്ച കാര്യാ നീയീ പറയ്ണത്?'

'ഇന്നലെ sms അയച്ചില്ലേ.. ഏതോ ഒരു ഷാലുന്റെ സൗണ്ട് കേട്ടപ്പളാല്ലേ ഇങ്ങള്‍ക്ക് ഇന്നെ ഓര്‍മ്മ വന്നത്?'

'അതാണോ നീ ഞാന്‍ കണ്ട പെണ്ണങ്ങളോട് സംസാരിച്ചെന്ന് പറയ്ണത്? എടീ... അത് ഞാന്‍ കാണാത്ത പെണ്ണാ.. ഇവിടുത്തെ റേഡിയോ അവതാരികയാ.. ഷാലു ഫൈസല്‍'

'ഞാനിപ്പോ വിളിച്ചപ്പോ ഐ ലവ് യൂ പറഞ്ഞതോ?'

'അത് ഞാന്‍ നൈലയാണെന്ന് വിളിക്കുന്നതെന്ന് കരുതി.. അതാ'

'ഓളേതാ?'

'ഓളും റേഡിയോ അവതാരകയാ...'

'ഓളെന്തിനാ ഇങ്ങളെ വിളിക്ക്ണത്?'

'സബൂറാവ്.. പറഞ്ഞ് തരാം... ഇവിടത്തെ ഒരു റേഡിയോ FM ഉണ്ട്, അവര് എല്ലാ കൊല്ലവും കുറച്ചാള്‍ക്കാരെയും കൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് പോകും. അതിന് അവര് ആള്‍ക്കാരെ തിരഞ്ഞെടുക്കും. sms അയച്ചവരെ ഫോണില്‍ വിളിക്കും. അപ്പോ 'I love hit 96.7Fm' എന്ന് പറയണം. അതില് 'I love hit ninety' എത്തിയപ്പോഴേക്കും തുടങ്ങിയില്ലേ നിന്റെ കരച്ചിലും പിഴിച്ചിലും.'

'അത്രേ ഉള്ളൂ... ഞാന്‍ വെറുതേ എന്റെ ഇക്കാനെ തെറ്റി ധരിച്ചല്ലോ.. സോറിട്ടോ... അല്ല.. ഇങ്ങള്‍ക്ക് ഈ റേഡിയോ കേട്ടിരിക്ക്ണ നേരം ടിവി കണ്ടിരുന്നൂടെ?'

'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'

'എന്നാ കാണണ്ട... എന്നിട്ട് ഇക്കൊല്ലം എങ്ങട്ടാ ഓര് പോണത്?'

'ഇക്കൊല്ലം ബാങ്കോക്കിലേക്കാ പോണത്'

'ബാങ്കോക്കെന്ന് പറഞ്ഞാല്‍ തായിലണ്ടിന്റെ തലസ്ഥാനല്ലേ?'

'അതെ...'

'അങ്ങോട്ടൊന്നും ഫ്രീ ആണെങ്കിലും ഇങ്ങള് പോകണ്ട'

'അതെന്താടി?'

'അത് മോശപ്പെട്ട സ്ഥലാണെന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്'

'അതൊക്കെ വെറുതേ പറയുന്നതാടീ...'

'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

'എന്തിനാ?'

'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...

'ഇങ്ങള് എന്താ പറഞ്ഞേ?' സ്വരം കൂട്ടി അവള്‍...

'ഒന്നുല്ല്യ... എല്ലാ നാട്ടിലും കാണും നല്ലതും ചീത്തയും. ചീത്ത കാര്യങ്ങളുടെ പേരിലാ ഒരു നാട് അറിയപ്പെടുക'

'അതല്ലല്ലോ ഇങ്ങള് പറഞ്ഞത്... വേറെ എന്തൊ ആണല്ലോ?'

'അതെന്നാടീ പറഞ്ഞത്' പടച്ചോനേ ഓള് കേള്‍ക്കാഞ്ഞത് എന്റെ ഭാഗ്യം..

'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

'ഉണ്ടല്ലോ... എന്തേ?'

'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'

ഒന്ന് കൊണ്ടുവെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു 'അതിനെന്താ.. നീ എത്രവേണേലും കേട്ടിരുന്നോ'

'അയ്യെട... എന്തൊരു സ്നേഹം.., ബാങ്കൊക്കില്‍ പോണില്ലേ എന്നിട്ട്?'

'ഇല്ല.. നീയില്ലതെ എവിടെ പോയിട്ടെന്താ?'

'അള്ളോ.. എന്തൊരു സോപ്പ്..'

'മതി.. വച്ചേക്ക്... കുറച്ചുകൂടെ ഒന്ന് ഉറങ്ങട്ടെ'

'ഓ.. ശരി.. ശരി... നൈലയുടെ സൗണ്ട് കേള്‍ക്കേണ്ടി വരും അല്ലേ?'

'പോടി അവിടുന്ന് ...bye...' ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'bye' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറുതേയല്ല ആള്‍ക്കാര്‍ പെണ്ണ് കെട്ടരുത് മോനേ എന്ന് പറയുന്നത്... ഇപ്പഴല്ലേ മനസ്സിലായത്. ഏതൊക്കെ വഴിയിലാ അവള് മാറി ചിന്തിച്ചത്.. ഹൊ..

ഒന്നുകൂടെ ഒന്ന് sms അയച്ച് നോക്കാം... ടൈപ്പ്ചെയ്യാന്‍ തുടങ്ങുംബോഴേക്കും ഒരു sms വന്നു. പൊണ്ടാട്ടിയുടേതാണ്... സോറി പറയാനായിരിക്കും.. മെസേജ് ഓപണ്‍ ചെയ്തു, sms വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. അതില്‍ എഴുതിയത് ഇതായിരുന്നു.

'I LOVE HIT 96.7FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

തിങ്കളാഴ്‌ച, ജൂലൈ 25, 2011

ഞാന്‍ വെറും പ്രവാസി...

ഹാന്റ്ബാഗും പിടിച്ചിറങ്ങുമ്പോള്
‍തിരിഞ്ഞുനോക്കാതിരിക്കാന്‍‍
ഞാന്‍ പാടുപെട്ടിരുന്നു-അതകൊണ്ട്
പ്രയോജനമില്ലെന്ന് അറിയാമായിരുന്നിട്ടും

മനക്കണ്ണിന്റെ മൌനം
മനസ്സിന്റെ തിരശ്ശീലയില്‍ കുറിച്ച.
മറക്കാത്ത രംഗങ്ങളുമായി..
എന്റെ മനസ്സ്‌ തേങ്ങികൊണ്ടിരുന്നു.
എനിക്കുമാത്രമായി....

കുഴിഞ്ഞകണ്ണുകളില്‍ നിറയുന്ന കണ്ണീര്
‍തന്നെ ബാധിച്ചിട്ടില്ലന്ന് വരുത്തി
നരച്ചതാടിയില്‍ തലോടിനില്‍ക്കുന്ന;
അടുത്തുചെന്നപ്പോള്‍ അടക്കിപ്പിടിച്ച്‌
'സാരമില്ലാടാ.. നീ പോയിവാ..'
എന്നാര്‍ശീവദിച്ച
എന്റെ പ്രിയ പിതാവിനെ..

ചേര്‍ത്തുനിര്‍ത്തി
നെറ്റിയില്‍ അമര്‍ത്തിചുംബിച്ച്‌..
ഞാനേറ്റവുംമൃദുലമെന്ന് വിശ്വസിക്കുന്ന
തലോടലിലൂടെ 'ഇനിയെന്ന് മോനേ'..
മനസ്സിനോട്‌
മറ്റാര്‍ക്കുമറിയാഭാഷയില്‍ മന്ത്രിച്ച്‌..
നിറഞ്ഞകണ്ണുകളും മുറിഞ്ഞ
മനസ്സുമായിയാത്രയാക്കിയ
എന്റെ പ്രിയമാതാവിനെ...

കവിഞ്ഞൊഴുകുന്ന കണ്ണീരിലും
വിധിയുണ്ടെങ്കില്‍ നമുക്ക്‌ കാണാം
എന്നാശ്വസിപ്പിച്ച..
പ്രിയപ്രേയസിയുടെ നിറകണ്‍കളെ...

കനംതൂങ്ങിയ ദുഃഖാന്തരീക്ഷത്തിലും
ഒന്നുമറിയാതെ..ഒന്നുമോര്‍ക്കതെ..
"ആന കളിക്കാനായി വേഗംവരാം.."
എന്ന വാക്കും വിശ്വസിച്ച്‌
എന്നെ കാത്തിരിക്കുന്ന പ്രിയപുത്രിയെ...

'ഇനിയുംകാണാം' എന്ന
ഒറ്റവാചകത്തില്‍എല്ലാം ഒതുക്കിയ
സായാഹ്നത്തിലെ സൌഹൃദവലയത്തെ...
അകലുന്ന എന്നെനോക്കിനില്‍ക്കുന്ന..
അനേകം നിറകണ്മിഴികളെ..

ഞാന്‍ സ്നേഹിച്ച
എന്നെസ്നേഹിച്ച എന്റെ ഗ്രാമത്തെ...
ഓര്‍മ്മള്‍ക്ക്‌ ജീവന്‍ നല്‍കിയ
പച്ചപടര്‍പ്പുക്കളെ..

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച
നറുനിലാവിനെ...
പുലരിയില്‍ കൂട്ടിനെത്തിയിരുന്ന
മഞ്ഞുകണങ്ങളുടെ മന്ദഹാസത്തെ...
മൌനത്തിലൂടെ എന്നോട്‌ വാചാലമായിരുന്ന
നീലാകാശത്തിന്റെ നിര്‍-വൃതിയെ..

എല്ലാം ഞാനവഗണിച്ചു.
നീളുന്ന ആവശ്യങ്ങളുടെ ലിസ്റ്റിനടിയില്‍
‍ഞാന്‍ ആഗ്രഹങ്ങളെ കുഴിച്ചുമൂടി
പെറ്റമ്മയും പിറന്നനാടും
നല്‍കുന്നസ്വപ്നങ്ങള്‍ മാത്രം ബാക്കിയായ...
ഞാന്‍...‍ഇന്നൊരു പ്രവാസി

തിങ്കളാഴ്‌ച, ജൂൺ 06, 2011

ന്യൂ ബ്രെയിന്‍സ്..............

ഇതാണെന്റെ ട്യൂഷന്‍ സെന്റര്‍, 'ന്യൂ ബ്രെയിന്‍സ്'. പേരുപോലെത്തന്നെയാ, ഒക്കെ നല്ല പുത്തന്‍ പുതിയ തലച്ചോറുകള്‍, ഒട്ടും ഉപയോഗിച്ചിട്ടില്ല. ഇവിടെ പഠിപ്പിക്കുന്ന സാറന്മാരുടേയാണോ അതൊ പഠിയ്ക്കുന്ന കുട്ടികളുടേതാണോ പുതിയ തലച്ചോര്‍ എന്ന കാര്യത്തില്‍ എനിയ്ക്കൊരു ചെറിയ സംശയമുണ്ട്. ഏത് പാഠവും നര്‍മ്മത്തില്‍ ചാലിച്ച് ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് സര്‍, ക്രിക്കറ്റ് ഭ്രാന്തനായ ഹിന്ദി സര്‍, ചൂരല്‍ ബാറ്റും ചോക്ക് ബോളും ആണെന്നാണ് പുള്ളിയുടെ വിചാരം. ഇടയ്ക്ക് ചോക്കുകൊണ്ട് പിള്ളേരെ എറിയുന്നതാണ് പ്രധാന വിനോദം. ഇങ്ങോട്ടെറിഞ്ഞ ചോക്ക് തിരിച്ചെറിഞ്ഞുകൊടുക്കുംബോള്‍ ഡൈവ് ചെയ്യാന്‍ പാകത്തില്‍ വേണം ഇട്ടുകൊടുക്കാന്‍. നേരെ ഇട്ടുകൊടുത്താല്‍ ചൂരല്‍കൊണ്ട് പുള്‍ഷോട്ട് അടിച്ചുകളയും. ഇടയ്ക്ക് ഡ്രാവിടിന്റെ കിടന്ന്മുട്ടും കാണാം. ഏറ്റവും ക്രൂരന്‍ ഇവിടെ കണക്ക് മാഷാണ്. രാവിലെ ഒരു ഗ്ലാസ് ചായന്റെ വെള്ളംകൂടെ കുടിയ്ക്കാതെ ക്ലാസ്സില്‍ വരുന്ന ഞങ്ങളോട് " 'X' ഒരു ബോണ്ടയാണെന്നും 'Y' ഒരു പഴംപൊരിയാണെന്നും കരുതുക" എന്നു പറയുന്ന ആളെ ക്രൂരനെന്നല്ലാതെ എന്തുവിളിയ്ക്കും.

പത്താം ക്ലാസ്സ് ഇവിടെ രണ്ട് ഡിവിഷനുണ്ട്. ഞാന്‍ പത്ത് A യിലാണ്. A എന്ന് വച്ചാല്‍ അടുത്ത വര്‍ഷവും ഇവിടെതന്നെ വരാന്‍ സാധ്യതയുള്ളവര്‍. പത്ത് B, അവിടെ ഉള്ളവരെല്ലാം പഠിപ്പിസ്റ്റുകള്‍. പെണ്‍കുട്ടികള്‍ പഠിക്കണമെന്നില്ല, അത്യാവശ്യം ഗ്ലാമര്‍ ഉണ്ടെങ്കില്‍ പത്ത് B യില്‍ കയറിപറ്റാം. അതാണ് അവര്‍ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി. ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.

'ഫസ്റ്റ് പിരീഡ് ആരാടാ?' ഞാന്‍ അടുത്തിരിക്കുന്ന പ്രവീണിനോട് ചോദിച്ചു.

'സോമന്‍ മാഷാ... ഇംഗ്ലീഷ്'

'നീ നോക്കിയെഴുത്ത് എഴുതിയോ?'

പ്രവീണ്‍ അഭിമാനത്തോടെ ചിരിച്ച് തല കുലുക്കി.

ചതിയാ... നീ ഇന്നെന്നെ ഒറ്റയ്ക്കാക്കിയല്ലേ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരുമാസമായി അലക്കാത്ത ജീന്‍സും ചാക്കുപോലെയുള്ള ഷര്‍ട്ടുമിട്ട് സോമന്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.

എല്ലാരും കൂടെ എണീറ്റ്നിന്ന് 'good morning sir' എന്നൊരു പ്രത്യേക ശൈലിയില്‍ പറഞ്ഞു.

'good morning' എന്ന് തിരിച്ചും പറഞ്ഞ് സോമന്‍ മാഷ് കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു.

'എല്ലാവരും നോക്കിയെഴുത്ത് എടുക്കൂ' സാറിന്റെ ഓര്‍ഡര്‍ വന്നു.

ബസ്സില്‍ കയറിയ ചെക്കര്‍ ടിക്കറ്റ് വാങ്ങി നോക്കുന്നപോലെ എല്ലാവരുടേയും ബുക്ക് വാങ്ങി പേജിന്റെ നടുവിലൂടെ ഒരു വര വരഞ്ഞ് കൊടുക്കുകയാണ് സോമന്‍ മാഷ്.

എന്റെ അടുത്തെത്തി, ബുക്കിനു പകരം ഞാനെന്റെ കൈ നീട്ടികൊടുത്തു.

ട്ടേ.. ട്ടേ..

പിന്നേ.. ഇതൊക്കെയൊരു അടിയാണോ? 'ഞമ്മളിതെത്ര കണ്ട്ക്ക്ണ്, ഇത് ചെറ്ത്' (കടപ്പാട്: പപ്പുച്ചേട്ടന്‍) ഇതിലും വലിയ അടി താങ്ങാനുള്ള ശേഷി എന്റെ ഉമ്മ ചെറുപ്പത്തിലേ എനിയ്ക്ക് ഉണ്ടാക്കിതന്നിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ അരക്ക് താഴോട്ടുള്ള ഭാഗം ഉമ്മയ്ക്ക് അവകാശപെട്ടതാണ്. അധിക സമയങ്ങളിലും എന്റെ തുടയും, പോളകമ്പനിയിലെ ചട്ട രണ്ടോ മൂന്നോ ഒരുമിച്ച് വച്ചതും തമ്മില്‍ ഭയങ്കര മത്സരമായിരിക്കും, ആരാണ് ആദ്യം പൊട്ടുക എന്ന കാര്യത്തില്‍. ആദ്യമൊക്കെ എന്റെ തുടകള്‍ പെട്ടെന്ന് കീഴടങ്ങിയിരുന്നെങ്കിലും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ വിജയിക്കാന്‍ തുടങ്ങി. (എന്റെ ഒടുക്കത്തെ വാശികാരണം എന്നെ അടിച്ച് തളര്‍ത്തി ഉറക്കാറായിരുന്നെന്ന് ഉമ്മ എന്നോട് ഇപ്പഴും പറയാറുണ്ട്. പണ്ട് നല്ലോണം പൊട്ടിച്ചതുകൊണ്ടായിരിക്കാം വലുതായപ്പോള്‍ എല്ലാ സ്നേഹവുംകൂടെ ഒരുമിച്ച് തരുന്നത്) മദ്രസയില്‍ ചേര്‍ന്നത് മുതല്‍ കൈകളുടെ അവകാശം അവിടുത്തെ ഉസ്താദുമാര്‍ ഏറ്റെടുത്തു. എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ന്യൂ ബ്രെയിന്‍സുകാര്‍ എന്റെ കൈകളുടെ അവകാശം വീണ്ടും നേടിയെടുത്തിരിയ്ക്കുകയാണ്.

പ്രവീണ്‍ എനിയ്ക്ക് അടി കിട്ടിയത് കണ്ട് വായപൊത്തി ചിരിച്ചിട്ടാണ് അവന്റെ പുസ്തകം കൊടുത്തത്. സോമന്‍ സാര്‍ അതിലും വരയിട്ട് തിരിച്ചു കൊടുത്തു. തിരിച്ച് കൊടുത്ത പുസ്തകം പുള്ളി വീണ്ടും വാങ്ങിച്ച് വായിച്ചുനോക്കി. പിന്നെ സോമന്‍ മാഷ് അലറി.

'നീട്ടെടാ കൈ...'

'സാര്‍....'

'ഒരേ വരി പേജ് മുഴുവന്‍ എഴുതിവച്ചാല്‍ അറിയില്ലാന്ന് കരുതിയോ പ്രാന്താ...?'

ഠേ... ഠേ...

അവിടെ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിയത് എന്റെ മനസ്സിലാണ്. എന്നും എന്റെകൂടെ സ്ഥിരമായിട്ട് അടി വാങ്ങിക്കുന്നവനാ... ഇന്നെന്നെ പറ്റിക്കാന്‍ നോക്കി. എന്നിട്ടെന്തായി... എഴുതിയത് വെറുതേ ആയി, നല്ല സ്ട്രോങ്ങില്‍ രണ്ട് അടിയും കിട്ടി.

ദി മൈസര്‍ എന്ന പാഠത്തിലെ റൂക്കോളിന്റെ കഞ്ഞിത്തരം വളരെ രസകരമായി എടുത്തുതരുകയാണ് സോമന്‍ മാഷ്. റൂക്കോള്‍ കെട്ട തക്കാളികൊണ്ട് കറിവച്ചതും, കീറിയ ചാക്ക് കൊണ്ട് ട്രൗസര്‍ അടിച്ചതുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്, ക്ലാസ്സിനെ മൊത്തം ചിരിപ്പിച്ച് വളരേ രസകരമായി തന്നെ. ഇടക്കെപ്പഴോ ഞാന്‍ ഈ വെറുതേയിരിയ്ക്കുന്നതിന്റെ ക്ഷീണം കാരണം ഡെസ്കില്‍ തല വച്ച് ഉറങ്ങിപ്പോയി. ആരോ എന്നെ തട്ടിയുണര്‍ത്തുന്നു, എണീറ്റ് നോക്കിയപ്പോള്‍ സോമന്‍ മാഷ് മുന്നില്‍. ഞാന്‍ പതിവുപോലെ കൈ നീട്ടിക്കൊടുത്തു.

'വേണ്ട വേണ്ട... സുഖായി ഉറങ്ങിക്കൊ... എന്റെ പിരീഡ് കഴിഞ്ഞു. അത് പറയാന്‍ വേണ്ടി വിളിച്ചതാ...' എന്നും പറഞ്ഞ് സോമന്‍ മാഷ് പുറത്തേക്ക് പോയി.

'പണ്ടാരടങ്ങാന്‍ മനുഷ്യന്റെ ഉറക്കോം കളഞ്ഞ്, അടുത്ത പിരീഡ് ആരാടാ പ്രവീണേ?'

'വിശാഘന്‍ മാഷ്... ജിയോഗ്രഫി...'

'ഛെ... സോമന്‍ മാഷ് വെറുതേ എണീല്‍പ്പിച്ചു'

വിശാഘന്‍ മാഷ് ക്ലസ്സിലേക്ക് കയറിവന്നു, വീണ്ടും ഒരു ഗുഡ്മോര്‍ണിംഗ്.

പുറത്ത് നല്ല മഴയുണ്ട്. നല്ല കുളിരും...

'നല്ല മഴയല്ലേ?' വിശാഘന്‍ മാഷ് എല്ലാവരോടും കൂടെ ചോദിച്ചു.

'ഉം' ഞങ്ങളെല്ലാവരും മറുപടി പറഞ്ഞു

'ഇപ്പോ വെള്ളപ്പൊക്കം വന്നാല്‍ നമ്മളെന്തുചെയ്യും?'

ആ ചോദ്യം കേട്ടപ്പോള്‍ എല്ലാരും പരസ്പരം നോക്കി

ഞങ്ങളുടെ മൗനത്തെ ഭേദിച്ച് വിശാഘന്‍ മാഷ് തന്നെ പറഞ്ഞു
'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

പിന്നേ... വടക്കോട്ടോടാന്‍ പോകുന്നു. ബാക്കിയുള്ളവന്റെ അരയ്ക്കൊപ്പം വെള്ളം മതി പുള്ളിയ്ക്ക് മുങ്ങിചാവാന്‍.

'ഞങ്ങളും സാറിന്റെ പിന്നാലെ ഓടും' ആരൊക്കെയോ ഒരുമിച്ചു പറഞ്ഞു.

വിശാഘന്‍ മാഷ് അഭിമാനത്തോടെ 'കൊള്ളാം' എന്ന് പറഞ്ഞു.

'അല്ല സാറേ... നമ്മളീ ഓടുന്നതിനിടയ്ക്ക് വല്ല പുഴയോ, കടലോ കണ്ടാലോ?' പ്രവീണിന്റേതായിരുന്നു സംശയം.

'നീന്തി കടക്കണം'... പുള്ളി ഒട്ടും കൂസലില്ലാതെ പറഞ്ഞു.

'സാറിന് നീന്തലറിയാമോ?' പ്രവീണ്‍ വിടുന്ന ലക്ഷണമില്ല.

ചമ്മിയ മുഖത്തോടെ സാറ് 'ഇല്ല' എന്ന് പറഞ്ഞു.

'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

'ആ... മതി.. മതി, എല്ലാവരും ബുക്ക് എടുക്കൂ' ചൂരല്‍ കൊണ്ട് ഡസ്കില്‍ രണ്ടടി അടിച്ചുകൊണ്ട് വിശാഘന്‍ മാഷ് പറഞ്ഞു.

ജിയോഗ്രഫി, എന്റെ ആജന്മ ശത്രു. അക്ഷാംഷ രേഖ, ഭൂമദ്ധ്യ രേഖ എന്നൊക്കെ കേള്‍ക്കുംബഴേ എനിയ്ക്ക് തല ചുറ്റാന്‍ തുടങ്ങും. പിന്നെ ഒരു ബോധക്ഷയമാണ്, ആ ബോധക്ഷയത്തെ കൂടെ പഠിയ്ക്കുന്നവരും, സാറന്മാരും ഉറക്കം എന്നൊക്കെ പറയും, ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ജിയോഗ്രഫിയോടുള്ള എന്റെ പ്രതിഷേധം S.S.L.C ബുക്കില്‍ രേഖപ്പെടുത്തുമെന്ന വാശിയിലാണ് ഞാന്‍.

എനിയ്ക്ക് തലകറക്കം അനുഭവപ്പെട്ടു, പിന്നീട് ബോധക്ഷയവും. എന്റെ കൂടെ ഇരിയ്ക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഈ രോഗം പ്രവീണിനും ഉണ്ട്. പെട്ടെന്നാണ് ചോക്കുകൊണ്ടുള്ള ഒരേറ് പ്രവീണിന് കിട്ടിയത്. അവന്റെ ചാടിയുള്ള എഴുനേല്‍പ്പ് എന്നേയും ഞെട്ടിയുണര്‍ത്തിച്ചു. ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരിയുതിര്‍ന്നു. 'ബോധക്ഷയം വന്ന് തളര്‍ന്നുറങ്ങിയവരെ കളിയാക്കുന്നോ വൃത്തികെട്ടവന്മാരേ?'

'പറയെടാ... ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങളുടെ പേര് പറയെടാ രണ്ടും?' വിശാഘന്‍ മാഷ് അലറി...

പിന്നേ.. സുഖവാസ കേന്ദ്രം... അതും ഇവിടെയെങ്ങും അല്ല, അങ്ങ് ഹിമാലയത്തില്‍. വല്ല ഊട്ടിയോ, കൊടൈക്കനാലോ, മസനഗുടിയോ, ഗുണ്ടല്‍പേട്ടയോ മറ്റോ ആണെങ്കില്‍ ആരെങ്കിലും പറഞ്ഞുകേട്ട അറിവെങ്കിലും ഉണ്ടായേനെ. പിന്നെ സുഖവാസം എന്തെന്ന് അറിഞ്ഞിട്ടുവേണ്ടേ സുഖവാസ കേന്ദ്രങ്ങളെ പറ്റി അറിയാന്‍. പത്താംക്ലാസ്സുകാരന്റെ ഓട്ടക്കീശയില്‍ എന്ത് സുഖവാസം.

'പറയെടാ വേഗം' സാറ് വീണ്ടും അലറി. നേരത്തെ ഒരു പണി അങ്ങോട്ടുകൊടുത്തതിന്റെ ദേഷ്യം കൂടെ ആ അലര്‍ച്ചയില്‍ ഉണ്ടോ എന്നൊരു സംശയം.

സ്നേഹമുള്ള പാവം കുട്ടികള്‍ ഞങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ആ പേരുകള്‍ അവര്‍ മെല്ലെ പറഞ്ഞുതരുകയാണ് ഞങ്ങള്‍ക്ക്. പതിയ സ്വരത്തില്‍ 'ഡാര്‍ജലിംഗ്... ഡാര്‍ജലിംഗ്...' എന്ന് അവര്‍ പറയുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി പ്രവീണ്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. 'ഡാര്‍ളിംഗ്'

'ഡാര്‍ളിംഗ് എന്ന് വിളിച്ചിട്ടൊന്നും കാര്യമില്ല, മരിയാദയ്ക്ക് ഉത്തരം പറയെടാ..' പണി കിട്ടിയതിന്റെ ദേഷ്യം സാറിനുണ്ടെന്ന് എനിയ്ക്കുറപ്പായി.

'ഡാര്‍ളിംഗ് അല്ല സാര്‍... ഡാര്‍ജലിംഗ്' അപ്പോഴേക്കും അവന്‍ ശരിക്ക് കേട്ടിരുന്നു.

'നീ ഇരിയ്ക്ക്... അടുത്തത് നീ പറയെടാ...' അതെ.. എന്നോട് തന്നെ

പ്രവീണ്‍ സഹതാപത്തോടെ എന്നെ നോക്കി. 'കള്ള സുബര്‍... നീയെന്നെ ഒറ്റയ്ക്കാക്കിയല്ലേ...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നോടും സ്നേഹമുള്ള ആരൊക്കെയോ പിറുപിറുത്തു. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും പറഞ്ഞു... 'വസൂരി'

'വരുമെടാ... നിന്നെപോലുള്ള വൃത്തികെട്ടവന്മാര്ക്ക് വസൂരിയല്ല അതിനപ്പുറവും വരും' വിശാഘന്‍ മാഷിന് പതിവിലും കൂടുതലായി ദേഷ്യം വന്നു.

'വസൂരിയല്ല സാര്‍... മുസൂറി...' അപ്പോഴേക്കും കൂടെയുള്ളവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരുത്തി. പക്ഷേ എന്റെ തിരുത്തലുകള്‍ ഒന്നും വിശാഘന്‍ മാഷ് അംഗീകരിച്ചില്ല.

'നീട്ടെടാ കൈ...' എന്നെ അടിക്കാതെ വിടില്ലയെന്ന് എനിയ്ക്കാ അലര്‍ച്ച കേട്ടപ്പോള്‍ മനസ്സിലായി. ഞാന്‍ കൈ നീട്ടികൊടുത്തു. അധികം ഉയരമില്ലാത്ത വിശാഘന്‍ മാഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങി മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റയടി.

അടി കിട്ടി എനിയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ല, ഒരു രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സാറ് അലറിയതിനേക്കാളും ഉച്ചത്തിലാണ് ഞാന്‍ അലറിയത്. നല്ല മഴയത്ത് നല്ല ഉഗ്രന്‍ അടി... സാറ് പറഞ്ഞത്പോലെ വെള്ളപ്പൊക്കം വന്നു, അതെന്റെ കണ്ണിലായിരുന്നെന്ന് മാത്രം.







NB:എന്റെ പൊന്നു സാറന്മാരെ.. ഗുരു നിന്ദയായി കണക്കാക്കരുതേ.. വെറുതേ... തമാശയ്ക്ക്. സ്വയ രക്ഷയ്ക്ക് പേരൊക്കെ മാറ്റിയിട്ടുണ്ട്, എന്നലും ബ്രെയിന്‍സില്‍ വന്നവന് മസസ്സിലാവും. പിന്നെ ഞാനാണ് എഴുതിയതെന്നറുയുംബോള്‍ എന്റെ സാറന്മാര്‍ക്ക് വലിയ പരാതിയൊന്നും കാണില്ല. തല്ലുകൊള്ളി ആയിരുന്നെങ്കിലും എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നല്ലോ...

ഞായറാഴ്‌ച, മേയ് 29, 2011

ഒരു പ്രവാസിയുടെ മടക്കയാത്ര

എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കരിപ്പൂരില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...

“ഷാര്‍ജ ആല്‍ വഹത”

പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ഷാര്‍ജയില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ഷാര്‍ജയില്‍ലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും ഉപ്പനേയും , ഉമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.

" ഉപ്പ നാളെ പോയാ ഇനി എന്നാ വരിക ..? "

" ഉപ്പ വേഗം വരാട്ടോ ...."

" എന്തിനാ ഉപ്പ ഷാര്‍ജയിലേക്ക്‌ പോവുന്നത്‌ ... ഉപ്പ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "

" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ ഉപ്പ ഷാര്‍ജയിലേക്ക്‌ പോവുന്നത്‌ .... ? "

" അതിനു വേണ്ടീട്ടാണെങ്കില്‍ ഉപ്പ ഷാര്‍ജയിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, ഉപ്പ പോവണ്ടാട്ടോ .."

ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. ഉപ്പയും, ഞാനും, മക്കളും ഇരുന്നു. ഉമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.


നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു

" ഉപ്പാക് ഒരു ഉമ്മ തന്നേ ..."

" ഉമ്മ "

മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. മോടന്‍ കമ്പനിയും, ഫറോക്ക് പുഴയും താണ്ടി കാറ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല…………

ബുധനാഴ്‌ച, മേയ് 18, 2011

ലൈംഗികാതിക്രമങ്ങളുടെ സ്വന്തം നാട്

ആത്മഹത്യകള്‍ക്കു കുപ്രസിദ്ദിയാര്‍ജ്ജിച്ച കൈരളി ഇന്നു പേരെടുക്കുന്നത് ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലാണെന്നു തോന്നുന്നു. യാതൊരു ലക്കും ലഗാനുമില്ലാതെ മദം പൊട്ടിയ ആനയെ കണക്കെ ഏതു വിധേനയും തങ്ങളുടെ ലൈംഗിക സുഖം ആസ്വദിക്കാന്‍ എത്രത്തോളം തരംതാഴാവോ എന്തൊക്കെ കാട്ടിക്കൂട്ടാവോ അതൊക്കെ ചെയ്യാന്‍ പ്ര്യായ ഭേദമന്യേ ഒരു കൂട്ടം മനുഷ്യര്‍ ഒരുമ്പെട്ടുറിങ്ങുന്നുവെന്ന വാര്‍ത്തകളാണു കൈരളിയെ ഇന്നു അസ്വസ്ഥമാക്കുന്നത്.



ദിനേന കണ്‍മുന്നില്‍ കാണുന്ന,കേള്‍ക്കുന്ന, മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ വല്ലാത്ത ഒരു മാനസികവസ്ഥയില്‍ കേരളത്തിലെ ഒരു പക്ഷം ആളുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്. സ്കൂളിലേക്കു പുസ്തക സഞ്ചിയുമായി പോകുന്ന മകള്‍, ജോലി സ്ഥലത്തേക്കു പോകുന്ന സഹോദരി അല്ലെങ്കില്‍ ഭാര്യ, അമ്മ ആരും സുരക്ഷിതമായി തിരിച്ചുവരുന്നു എന്നു ഉറപ്പു പറയാന്‍ വയ്യാത്ത അവസ്ഥ എത്രത്തോളം ഭീതിജനകമാണ് എന്നു സങ്കല്‍പ്പിച്ചു നോക്കൂ. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രിയതമയുടെയും ജീവന്‍ ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാം എന്ന ചിന്തയെ ഓരോ കേരളീയനേയും അസ്വസ്ഥമാക്കുകയാണ്... സൌമ്യ മോളുടെ രോദനം നമുക്ക് പാഠമേ ആയില്ല. ഗോവിന്ദചാമിമാരുടെയും മായിന്‍കുട്ടിമാരുടെയും എണ്ണം അനുദിനം വര്‍ദ്ദിക്കുകയാണ്. എന്തിനേറെ 'പിതോ രക്ഷതി കൌമാരേ' എന്നു വിശേഷിപ്പിച്ച സ്വന്തം പിതാവില്‍ നിന്നു പോലും പോലും മക്കള്‍ പീഡനത്തിനിരയാവുന്ന വാര്‍ത്തകള്‍ വര്‍ദ്ദിക്കുകയാണ്.



സൌമ്യ തനിച്ചായിരുന്നതിനാലാണ് അപകടം സംഭവിച്ചതെങ്കില്‍ ഇന്നു കാര്യങ്ങള്‍ നേരെ മറിച്ചാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഭര്‍ത്താക്കന്‍മാരുടെ സാന്നിദ്ദ്യത്തില്‍ പോലും സ്ത്രീകള്‍ അതിക്രമത്തിനിരയാവുകയാണ്.
ഈ കഴിഞ്ഞ മാസം മാത്രം നാം ശ്രവിച്ച ഏതാനും സംഭവങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. ഭര്‍ത്താവിനൊപ്പം ടൂറിനു പോയ ഭാര്യയെ പത്തിലധികം പേര്‍ എടുത്തുകൊണ്ടു പോയി അപമാനിച്ചത്രെ ! കോഴിക്കോട് നഗരഹ്രദയത്തില്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ യാചന നടത്തുന്ന യുവതിയ രണ്ടുപേര്‍ ചേര്‍ന്നു ഏടുത്തു കോണ്ടു പോയത്രെ !



ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഡോകടറുള്‍പ്പെടെ രണ്ടു പേരാണു പീഡനം സഹിക്കവയ്യാതെ ഓട്ടോയില്‍ നിന്നും റോഡിലേക്കെടുത്തു ചാടി ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നത്. പെരുകുന്ന ഈ ലൈംഗിക അതിക്രമങ്ങള്‍ തീര്‍ച്ചയായും നമ്മുടെ സമൂഹം തീര്‍ത്തും രോഗാദുരമാണ് എന്നു വിളിച്ചോതുന്നതാണ്. സാമൂഹിക-സാംസ്കാരിക-യുവജന സംഘടനകള്‍ ശക്തമായ ബോധവത്കരണം നടത്തിയാല്‍ മാത്രമേ ഈ ഗുരുതരമായ രോഗത്തിനു പ്രതിവിധി കണ്ടെത്താന്‍ കഴിയൂ. യോതൊരു വിധ ദാക്ഷിണ്യവും കാട്ടാതെ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷകള്‍ ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ ഭരണ നേത്രിത്വവും സക്രിയമായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ നടത്തിയേ മതിയാവൂ. ഒപ്പം യുവതയെ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ക്കു പ്രേരകമാവുന്ന ഘടകങ്ങളെക്കുറിച്ചു പഠനം നടത്തുകയും പ്രതിവിധി കണ്ടേത്തുകയും ചെയ്തേ മതിയാവൂ. സൈബര്‍ലോകം ഇന്നു സെക്സ് മയമാണ്. 34 ലക്ഷം രൂപക്ക് കന്യകാത്വം ലേലം വെച്ച വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു നാം ശ്രവിച്ചത്.



ലൈംഗികതയുടെ അതിപ്രസരമുള്ള സൈറ്റുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. കിടപ്പുമുറികളിലും ശൌച്യാലയങ്ങളിലും രഹസ്യ കാമറകള്‍ സ്ഥാപിച്ച് രംഗങ്ങള്‍ കണ്ട് ആസ്വദിക്കുകയും ബ്ലൂത്ത് ടൂത്ത് വഴി അതു പ്രചരിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ദ്ദിക്കുകയാണ്. ഒപ്പം എം.എം.എസ്.എന്ന പേരില്‍ ഇത്തരം രംഗങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുള്ള ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ്‍ വാര്‍ത്തകള്‍. ഇത്തരം എം.എം.എസ്.പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. അതിനേക്കാള്‍ ഉപരി താന്‍ ചെയ്യുന്നത് കൊടും പാതകമാണെന്നും പിടിക്കപ്പെട്ടാല്‍ തനിക്കു ശിക്ഷ ഉറപ്പാണ്എന്ന ചിന്ത ഇത്തരം കുറ്റക്രിത്യങ്ങള്‍ക്കിറഞ്ഞുന്നവരെ ഒരു പ്രു പരിധിവരെ പിന്തിരിപ്പിക്കാന്‍ സഹായകരമാവും. ബലാത്സംഗ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധ ശിക്ഷ നല്‍കണം എന്ന എല്‍.കെ.അദ്വാനിയുടെ നിര്‍ദ്ദേശം ഈ കാര്യത്തില്‍ പ്രസക്തവും പരിഗണനാര്‍ഹവുമാണ്.

തിങ്കളാഴ്‌ച, മേയ് 09, 2011

Tel:+971 55 9630120 e-Mail Manalodya@sit.ac.ae Slideshow: Abdul’s trip from Sharjah, United Arab Emirates to 8 cities Dubai, Abu Dhabi, Al Ain, My House (near Kozhikode, Kerala, India), Ajman, Nallalam (near Raipur, Chattisgarh), National Paints (near Jahra, Kuwait) and My House (near Gerik, Perak, Malaysia) was created by TripAdvisor. See another India slideshow. Create a free slideshow with music from your travel photos.

ചൊവ്വാഴ്ച, മേയ് 03, 2011

പ്രീയപെട്ട സുഹ്റയ്ക്ക്...

ഈ കത്ത് അവിടെ കിട്ടുമ്പോള്‍ ചിലപ്പോള്‍ നീ അന്തം വിടുമായിരിക്കും, കൂടെക്കുടെ ഫോണ്‍ ചെയ്തുകൊണ്ടീരുന്ന ഈ മനുഷ്യന്‍ ഈ കാലത്തും കത്തെഴുതുവാന്‍ എന്തിനാ സമയം മിനക്കെടുത്തുന്നതെന്ന്.

കത്തെഴുതാതിരുന്നിരുന്ന് എന്‍റെ കൈയ്യക്ഷരം എന്തു വ്രിത്തികേടായി എന്നു ഇതു കാണുമ്പോള്‍ നിനക്കെങ്കിലും മനസ്സിലാകും. ഇപ്പോഴത്തെ പിള്ളാരൊക്കെ ഫോണ്‍ ചെയ്യുന്നേനും പുറമെ ഈമയിലെന്നോ, ആ മെയിലെന്നോ ഒക്കെയുള്ള ഒരു പുതിയ സംഭവം കമ്പൂട്ടറിന്‍റെ എന്തൊക്കെയോ കളികളായിട്ടുണ്ട്.

ഹാ.. അതെന്തെങ്കിലുമാകട്ടെ.. ഞാനീ ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് കാലമെത്രയായി എന്ന് നിനക്കെങ്കിലും ഓര്‍മ കാണുമായിരിക്കും.അതോ ആര്‍ഭാടങ്ങളില്‍ ജീവിച്ചതുകൊണ്ട് നീയും അതു മറന്നോ? നിന്നെ താലി കെട്ടി സുമാര്‍ മൂന്ന് മാസം തികയുന്നേനും മുമ്പേ വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പറക്കുമ്പോള്‍ ആരും കാണാതെ വീടിന്‍റെ ചായ്പിനു പുറകില്‍ മാറി നിന്ന് ഏങ്ങി കരയുന്ന നിന്‍റെ മുഖം ഇന്നലത്തേതു പോലെ എനിക്കു ഇന്നും ഓര്‍മ്മയുണ്ട്. ഇന്ന് നിന്‍റെ മുഖത്ത് ചിലപ്പോളൊക്കെ മിന്നിമറയുന്ന ഒരു തരം ഭാവം ഞാന്‍ കണ്ടില്ല എന്നു നടിക്കുന്നത് നിനക്കും മനസ്സിലാകുമായിരിക്കും.

എനിക്ക് മനസ്സില്‍ ഒരു സന്തോഷം ഇവിടെ ഞാന്‍ ബസ്സിലും മറ്റുമൊക്കെ കയറിയിറങ്ങുകയാണെങ്കിലും അവിടെ നീയും മക്കളുമൊക്കെ നമ്മുടെ പുത്തന്‍ ചുവന്ന കാറിലാണ് മീന്‍ മേടിക്കാന്‍ വരെ പോകുന്നതെന്ന് കഴിഞ ആഴ്ച‌യില്‍ നാട്ടില്‍ നിന്നും വന്ന നമ്മുടെ തെക്കേലത്തെ പോക്കറിന്‍റെ മോന്‍ പറഞറിഞ്ഞു. കാറിന്‍റെ കാര്യം പറഞ്ഞപ്പളാ ഓര്‍ത്തത് നമ്മുടെ ഡ്രൈവര്‍ക്ക് സുഖമല്ലെ? കൊറെ കൊല്ലമായി നിനക്കറിയാമല്ലോ എനിക്ക് ഒരു ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നത് നിര്‍ബന്ധമാണെന്ന്.. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ ഞാന്‍ സ്ഥിരം അരി മേടിക്കുന്ന ബക്കാലക്കാരന്‍ (ഇവിടുത്തെ പലവ്യന്‍‌ജ്ഞന കട) ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ അരി വരുന്നില്ല എന്നു പറഞ്ഞു. അതുകാരണം ഇപ്പോള്‍ പകരം മൂന്ന് നേരവും കുബ്ബൂസാണ് കഴിക്കുന്നത്. ഇപ്പോഴത്തെ കുബ്ബൂസാണെങ്കിലോ പണ്ടത്തേതിന്‍റെ പകുതിയോളം വലിപ്പത്തില്‍ മെലിഞ്ഞു ചെറുതായിരിക്കുന്നു.

സാധനങളുടെ വില കൂടിയതിനനുസരിച്ച് കുബ്ബൂസിന്‍റെ വില കൂട്ടാതെയും എണ്ണം കുറക്കാതെയും വലിപ്പത്തില്‍ പിശുക്കു കാട്ടി അറബി തന്‍റെ വിശാല ബുദ്‌ധി പവപ്പെട്ടവന്‍റെ വയറ്റത്ത് സീലടിച്ച് വച്ചു. പച്ച‌രി ചോറ് എനിക്ക് പഥ്യമല്ല എന്നറിയാമല്ലൊ. പിന്നെ കിട്ടുന്ന അരിക്ക് ഹലാക്കിന്‍റെ വിലയും. ഇപ്പോള്‍ വയറിന് ചില വല്ലായ്കകള്‍ തുടങിയിട്ടുണ്ട്. പ്രായത്തിന്‍റെ അസ്വസ്ഥതകള്‍ വേറെയും.. അസുഖം വല്ലതും വന്നാല്‍‌ ഇവിടെ കുഴഞുപോയതു തന്നെ. മുന്‍പൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൈസയൊന്നും കൊടുക്കണ്ടായിരുന്നു. ഇപ്പോള്‍ ചീട്ടെടുക്കുന്നതിന് ആദ്യം കാശു കൊടുത്ത് സ്റ്റാമ്പ് എടുക്കണം. പിന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സെന്നും, വിസയടിക്കാനെന്നും മറ്റുമൊക്കെ പറഞ്ഞ് കിട്ടുന്നതിന്‍റെ നല്ല ഭാഗവും ഇവിടെ തന്നെ കൊടുത്തെ പറ്റൂ. എന്നു കരുതി മാസം തോറും നിനക്കയക്കുന്നതില്‍ കുറവു വരുത്തുവാന്‍ പറ്റുമോ?

ചിലവിന്‍റെ കാര്യം പറഞ്ഞപ്പോളാണ് പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയത്. ഞങള്‍ താമസിച്ചു കൊണ്ടിരുന്ന റൂമില്‍ നിന്നും താമസം മാറി. കെട്ടിടം പൊളിഞു വീഴാറയപ്പോള്‍ അറബി വന്ന് എല്ലാരോടും മാറിക്കോളാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാനും നമ്മുടെ തെക്കേലെ പോക്കറിന്‍റെ അളിയന്‍ കുഞാമുവും കൂടി വേറൊരു റൂമിലാണ്. പഴയതിന്‍റെ ഇരട്ടി വാടക ഇവിടെ കൊടുക്കണം. ഇതും ഉടനെ പൊളിച്ചു മാറ്റും എന്ന് കൂടെ താമസിക്കുന്ന മറ്റാളുകള്‍ പറയുന്നത് കേട്ടു. അങനെയെങ്കില്‍ താമസത്തിന്‍റെ കാര്യം വീണ്ടും പ്രശ്നമാകുന്ന ലക്ഷണമാണ്. ഓരോ മാറ്റത്തിനും വാടകയിനത്തില്‍ ചിലവ് കൂടി വരുകയാണ്. കമ്പനിയില്‍ നിന്നും കുറേശ്ശെ കുറേശ്ശെ പ്രായമായ ആളുകളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അറബിയുമായുള്ള പഴയ പരിചയം വച്ചാണു ഇത്ര നാളും ഇവിടെ പിടിച്ചു നിന്നത്. ഇപ്പോള്‍ കമ്പനി കാര്യങളൊക്കെ നോക്കുന്നത് അറബിയുടെ മകനാണ്. എന്നാണ് ചീട്ടെടുക്കുന്നതെന്ന് അറിയില്ല. പലപ്പൊ പലപ്പോളായി നിന്‍റെ പേര്‍ക്ക് അയച്ച് തന്നിട്ടുള്ള തുകയാണ് ആകെ സമ്പാദ്യം. നിനക്കും അറിയവുന്നതാണല്ലൊ അത്. തെക്കേലത്തെ പോക്കറിന്‍റെ മോന്‍ നീയും മക്കളും അവിടെ അടിച്ചു പൊളിക്കുന്നെന്നോ മറ്റോ ഒക്കെ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കഴിഞ പ്രാവശ്യം നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഷര്‍ട്ടും പാന്‍റ്‌സും ഇപ്പോള്‍ ഇടാന്‍ വയ്യാത്ത പരുവത്തില്‍ ആയി. പങ്കജ കസ്തൂരി തീര്‍ന്നു. ഇവിടെ തണുപ്പു തീര്‍ന്നു വരുന്നു.. കുറെ അസുഖങ്ങള്‍ തണുപ്പു കഴിയുന്നതോടെ മാറിക്കിട്ടും.. ഇന്നലെ ഭയങ്കര പൊടിക്കാറ്റായിരുന്നു. ഒരുതരം കാട്ടറബികളുടെ സ്വഭാവം തന്നെയാണ് ചിലപ്പൊള്‍ ഇവിടുത്തെ കാലാവസഥയും. ഒരു ലക്കും ലഗാനും ഇല്ലാത്ത മാതിരി..വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല. എപ്പോഴും പറയുന്ന മാതിരി എല്ലാത്തിനും ഒരു കരുതല്‍ വേണം. ഇവുടുത്തെ പോക്കു കണ്ടിട്ട് ഇനി അധികം നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു തോന്നുന്നില്ല... അത്രക്കുണ്ട് ഇവിടുത്തെ ചിലവുകള്‍...

എഴുതുവാന്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എനിക്ക് ഇനിയും തിരിച്ച് അങോട്ട് തന്നെ വരണം എന്നുള്ളതുകൊണ്ട്..
നിറുത്തട്ടെ..

എന്നു നിന്‍റെ സ്വന്തം

തിങ്കളാഴ്‌ച, ഏപ്രിൽ 25, 2011

ശ്രീ സത്യാ സായി ബാബയെ വിമര്ഷികുനവരോട് .....!!!

ആള്‍ ദൈവങ്ങള്‍ ആയാലും അല്ലെങ്കിലും ആരൊക്കെ നിഷേദിച്ചാലും,ഞാന്‍ സൈബബയെ ബഹുമാനിക്കുന്നു ,കാരണം വെള്ളവും ഭക്ഷണവും ഇല്ലാത്ത എത്രയോ പവപെട്ടവ്ര്ക് അത്നി ആയിരുന്നു ശ്രീ സത്യാ സായി ബാബാ അദേഹം ഒരു മതം അല്ലായിരുന്നു സ്നേഹം , കരുണ അത് കനിക്കുനത് ആരായാലും മന്ശ്യ വര്‍ഗം അങ്ങേകരിച്ചീ പറ്റൂ ,,വിമര്ഷിക്കുനവ്ര്ക് എന്ത് യോഹ്യതയുണ്ട് ,വിമര്ഷിക്കുനവരോട് ഒരു ചോദ്യം ഇത് അവരെ നിങ്ങള്‍ എത്ര പട്ടിണി പാവങ്ങള്‍ക് ഒരു നേരത്തെ ഭക്ഷണം അലെങ്കില്‍ വെള്ളം നല്‍കി ,എന്റെ മാതമം അതയത് ഇസ്ലാം വ്യക്തമായി പറഞ്ഞ്ട്ടുണ്ട് പാവങ്ങള്‍ക് ഒരു നേരത്തെ വെള്ളമോ,ഭക്ഷണമോ നല്കുനവ്നെകള്‍ വലിയവര്‍ വേറെ ആരും ഇല്ല എന്ന് ,പരവ്ച്ചകാന്‍ മൊഹമ്മദ്‌ (സ) ഒരു ആഹ്ദീസില്‍ ഇനഗനെ പറഞ്ഞ്ടുണ്ട് "ദാഹിച്ചു വളഞ്ഞ ഒരു നായക്ക് കുടി വേളം കൊടുത്ത വേശ്യയ സ്ത്രീയെ കുറിച്ച് ആ സ്ത്രീ സ്വര്‍ഗത്തില്‍ ആയിരക്കും എന്ന്" ,അപ്പോള്‍ ദശലഷകനകിന് $ ചിലവിട്ടു 950 ഗരമങ്ങളില്‍ കുടിവെലം എത്തിച്ച സത്യാ സായി ബാബയുടെ മതത്തെ അല്ല നമള്‍ കാണേണ്ടത് അയാളുടെ കര്‍മം ,പ്രവര്‍ത്തി അതാണ് സായി ബാബാ ,ബില്ലിംഗ് സെക്റേന്‍ ഇല്ലാത്ത ഏക ഹോസ്പിടല്‍ എന്റെ അറിവില്‍ പുട്ടപര്‍ത്തിയിലെ സര്‍സത്യ സായി ബാബാ ഹോസ്പിടല്‍ ആണ് ,പിന്നെ അദേഹത്തെ വിമഷിക്കുനവ്ര്‍ എന്ത് മറുപടി അര്‍ഹിക്കുന്നു ,അത് മനസിലാകണമെങ്കില്‍ വിഷപിന്റെ അലെങ്കില്‍ ദാരിദ്ര്യത്തിന്റെ വില അറിയണം ,വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ചവര്‍ക്കൊന്നും അത് മനസ്സിലാവില്ല ,വിമര്‍ശന ബുദ്ധി മലയാളികള്‍ക്ക് കൂടുതല്‍ ആണ് ഈ ലോകത്ത് ..ആദ്യം നിനഗ്ലുടെ മനുഷ്യതം സ്വന്തം പ്രവര്‍ത്തിയിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കൂ ,അലങ്കില്‍ സമയം കിട്ടുമ്പോള്‍ പാവങ്ങളെ കുറിച്ച ഒരിക്കലെങ്കിലും ചിന്തിക്കൂ അവര്‍ക്ക് ഒരു നീര്തെ ഭക്ഷണമോ ,വെള്ളമോ എത്തിക്കാന്‍ ശര്മിക്കൂ എന്നിടാവം വിമര്‍ശനങ്ങള്‍ ....

ബുധനാഴ്‌ച, മാർച്ച് 16, 2011

കാര്യം കാണാന്‍

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും
കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല.

'എടീ... ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും' അടുക്കളയിലുള്ള ഭാര്യയോട്
സൈദാലിക്ക ഉറക്കെ
ചോദിച്ചു.

'എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ... ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ
ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ?'

'ചായ ആദ്യം കൊടുക്കണ്ടേ ആമിനാ...?'

'ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും... പോരെ?'

'അത് മതി'

അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.

'ആമിനാ.. ഓനിങ്ങെത്തി..' എന്നും പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ്
തുറന്നുകൊടുത്തു. നല്ല പുത്തന്‍ പുതിയ സുസൂക്കി സ്വിഫ്റ്റ് കാറ് സൈദാലക്കയുടെ
വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍നിന്നും 35 നോടടുത്ത് പ്രായം
തോന്നിയ്ക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനേയും
കൂട്ടി അകത്തേക്ക് നടന്നു.

'മോന്‍ ചെരിപ്പൊന്നും അയിക്കണ്ട.. അങ്ങനെതന്നെ ഇങ്ങോട്ട് കേറിപ്പോര്'

സൈദാലിക്കയുടെ ആ വാക്ക് വകവെയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചുവച്ച്
അകത്തേക്ക് നടന്നു.

'ആദ്യം ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം.. എന്നിട്ടാവാം ബാക്കി' എന്ന് പറഞ്ഞ്
സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി. രണ്ടുപേരും
ഇരുന്നു..
ആമിനതാത്ത ചൂടുള്ള ചായക്ലാസ് തട്ടവും കൂട്ടിപിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട്
ചിരിച്ചു.

'മോന്‍ക്കായിട്ട് പ്രത്യേകം ഉണ്ടാക്കിയതാ.. നല്ലോണം കഴിക്കണട്ടോ... നോക്കി
നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ..' എന്നും പറഞ്ഞ്
ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി.

സൈദാലിക്ക അവന്റെ പ്ലേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുകയും കറി
ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിനത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.

'അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുത്യേടാണ്,
സൈദാലിക്ക എപ്പളും പറയും അന്നെ ഇങ്ങോട്ട് കണ്ടീലല്ലോ.. കണ്ടീലല്ലോന്ന്'

അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.

'പിന്നേ... അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നാക്കായേം ഒക്കെ
ഉണ്ടാക്കി
വെച്ച്ക്ക്ണ്. ആ മാക്സിക്കാരന്‍ വന്നപ്പോ അന്റെ പെണ്ണ്ങ്ങള്‍ക്ക് ഞാനൊരു മാക്സിയും
വാങ്ങിച്ച്ക്ക്ണ്. പോവുംബോ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്സി
ഇഷ്ടപെട്ടീല്ല്യെങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ.. നോക്കി നിക്കാണ്ടെ ഓന്‍ക്ക്
കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...'

സൈദാലിക്ക അവന്റെ പ്ലേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ
അവന്‍ സമ്മതിച്ചില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. 'മോന്‍
ഒന്നും കഴിച്ചില്ല' എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിത്തിയിട്ട കാറിന്റെ ഡിക്കി
തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി
ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ അവന്‍
പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിയ്ക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍,
ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍, തോര്‍ത്ത്മുണ്ട്
അഴിഞ്ഞുപോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിയ്ക്കുന്നു. ബാഗില്‍നിന്ന് ഒരു
മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ
കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'ഇപ്പോ ആ മൊളകമ്പ് ഇല്ല്യല്ലേ മോനേ രാമാ?'

'ഇല്ല സൈദാലിക്ക... അതൊക്കെ കൊണ്ട് നടക്കാന്‍ വല്ല്യ ബുദ്ദിമുട്ടല്ലേ?'

'മോനേ രാമാ... നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ' ആമിനതാത്ത
പറഞ്ഞു

'അതിന് ചൂടി എവിടെ ഇത്താ... ?'

'നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ.. ആ
നെടുംബരേല്ണ്ട്'

'ആളൊരു മണുങ്ങൂസനാണ്' സൈദാലിക്ക നേടുംപുരയിലേക്ക് ചൂടിയ്ക്കായി ഓടിയപ്പൊള്‍
ആമിനതാത്ത രാമനോട് ഇങ്ങനെ പറഞ്ഞു കുണുങ്ങിചിരിച്ചു.

സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു.

രാമന്‍ ചൂടിയുമായി തെങ്ങിനുമുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നോക്കി
ഇരിയ്ക്കുന്നത് കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'എന്തു പറ്റി രാമാ... കയ്യില് വല്ല ആരും കൊണ്ടോ?'

'ഏയ് ഇല്ല.. ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ്,
തെങ്ങിന്റെ മണ്ടേലാണെന്ന്'

'എന്നാ പിന്നെ ആ ഓണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്ടേറ്റ്
ചെയ്തേക്ക്ട്ടോ, താഴെ
എത്തീന്ന്' ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കി കൊടുത്തു.

ഫേസ്ബുക്കിനെ കുറിച്ചറിയാത്ത കിളവന്‍ എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.

രാമന്‍ അരമണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ
അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍
അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി, കാറിന്റെ ചെറു കുലുക്കം വീണ്ടും.
പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍ കൊണ്ട്
വച്ചു.

സൈദാലക്ക അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു, നാണം
കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.

'രാമാ.. പോവല്ലേ..' എന്ന് പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി ആമിനതാത്ത വന്നു.

'നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്...' ആമിനതാത്ത
സൈദാലിക്കയോട് ആവശ്യപെട്ടു.

സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വച്ചിരിയ്ക്കുന്ന മറ്റു പൊതികളുടെ
കൂട്ടത്തിലേയ്ക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് 'എന്നാല്‍ ശരി'
എന്നും പറഞ്ഞ് വണ്ടിയുമായി പോയി.

ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്ക്കൊപ്പം ആമിനതത്തയും മുറ്റത്തേക്കിറങ്ങിചെന്നു.

'ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്ര സ്നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല, ഇന്റെ
മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല.. ഈ
തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍... 1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ
വലിക്കാന്‍ വര്ണതിന്റെ ചെലവ്' ആമിനതാത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

'സാരല്ല്യ ആമിനാ... ഇനിയിപ്പോ ഞമ്മക്കും ഞമ്മളെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും
ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ.. മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം.
തേങ്ങ തലേല് വീഴും, ഓല മേല് വീഴും എന്നൊന്നും പേടിക്കണ്ടല്ലോ'

സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആമിനതാത്തയുടെ മുഖത്ത് ഒരു പുഞ്ചിരി
വിടര്‍ന്നു.

******

പിന്‍ കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള
സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം.

ശനിയാഴ്‌ച, മാർച്ച് 05, 2011

അകലുന്ന ബന്ധങ്ങള്‍

"ഉപ്പ.. അത് നോക്കിക്കേ, അമ്പിളി മാമന്‍.

മോളുടെ വിളി കേട്ടാണ് ഞാനും അത് കണ്ടത്.

ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് നോക്കിയാണ് അവള്‍ പറഞ്ഞത്.

വെറുതെ കടല്‍ തീരത്ത് ഭാര്യയേയും മക്കളെയും കൂട്ടി നടക്കാനിറങ്ങിയതാ.

അവളെ കളിക്കാന്‍ വിട്ടു ഇത്തിരി മാറി ഇരുന്നു ഞാന്‍.

"ഉം എന്താ ഇത്ര ആലോചന, പുതിയ ബ്ലോഗിനുള്ള വകയായിരിക്കും.

അല്ലേല്‍ ഒന്നുമില്ല, നിങ്ങളോട് മിണ്ടിയാല്‍ അത് ബ്ലോഗാക്കും, ഞാനും മോളെ അടുത്തേക്ക് പോവുകയാ" എന്റെ പ്രാണ പ്രേയസി.

"ഉപ്പ.. വാ നമുക്ക് ഓടിക്കളിക്കാം, ഇവിടെ നല്ല രസമുണ്ട്"

തല്‍ക്കാലം ചിന്തകള്‍ക്കും മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിട പറഞ്ഞു ഞാനും അവളുടെ കൂടെ കൂടി.

ഓടാനും വെള്ളത്തിനടുത്തേക്ക്‌ ചാടി ഇറങ്ങാനും, തിരകളെ നോക്കി നില്‍ക്കാനും.

ഇടയ്ക്കു തിരമാലകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ പേരെഴുതി കളിക്കാനും.

അത് മായുമ്പോള്‍ സങ്കടത്തോടെ, അയ്യോ അത് പോയല്ലോ എന്ന് പറയാനും.

വാശിയോടെ പിന്നെയും പേരെഴുതാനും.. അങ്ങിനെ ഞാനും എന്റെ കെട്ടിയോളും മക്കളുടെ കൂടെ മറ്റു രണ്ടു കുഞ്ഞുങ്ങളായി മാറുകയായിരുന്നു.

എത്ര സന്തോഷമാണ് ആ മുഖത്ത് ആ സമയത്ത് കണ്ടതെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.

കുറച്ചപ്പുറത്ത് ഞങ്ങളുടെ ഈ കളികളെല്ലാം നോക്കി ഒരു കുടുംബം ഇരിക്കുന്നത് കണ്ടു. ഇടയ്ക്കു അവര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഒരു പക്ഷെ കളിയാക്കി ചിരിക്കുകയാവാം. ഇവരെന്താ ഈ കുട്ടികളെ പോലെ എന്ന്.

കുഞ്ഞുങ്ങളെ അനങ്ങാന്‍ വിടാതെ, ഇവര്‍ പിന്നെ എന്തിനാ ഇവിടെ വന്നതെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.

ഒടുവില്‍ സൂര്യാസ്തമയം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍, എന്റെ മൌനം കണ്ടു, "ഉം നിങ്ങള്‍ക്ക് ആലോചിക്കാന്‍ വകുപ്പായി അല്ലെ" എന്നായി സഹധര്‍മിണി.



ശരിക്കും നമ്മള്‍ക്കെന്താ സംഭവിച്ചത്. കുടുംബ ബന്ധങ്ങളും സ്നേഹവും എല്ലാം എവിടെ പോയി? മലയാളി ഇന്ന് തിരക്കുകളുടെ ലോകത്തായി മാറിയിരിക്കുന്നു.

കുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി മാറി ഫ്ലാറ്റുകള്‍ക്ക് അകത്തേക്ക് ഒതുങ്ങിയിരിക്കുന്നു. അടുത്ത വീട്ടിലുള്ളവര്‍ ആരെന്നു പോലും അറിയാത്ത വിധം നാം മാറിയിരിക്കുന്നു.



പണ്ടൊക്കെ രാത്രികളില്‍ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ കുടുംബ നാഥന്‍ വരാന്‍ കാത്തിരിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കും.

ഇന്നോ? വരുന്നവര്‍ ഓരോരുത്തരും അവരവരുടെ ലോകത്ത് തിരക്കിലായിരിക്കും.



തീന്‍ മേശയിലെ ആ ഇരുത്തത്തിനു പ്രത്യേകത ഉണ്ടായിരുന്നു. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള പ്രത്യേക ബന്ധം.

കുട്ടികള്‍ക്ക് ചോറ് വിളമ്പി കൊടുത്തു, അവരെ ഊട്ടിച്ചു, അവര്‍ കഴിക്കുമ്പോള്‍ അത് വെറുമൊരു ഇരുപ്പായിരുന്നില്ല. മാതാ പിതാക്കളും കുട്ടികളും, സഹോദരങ്ങള്‍ തമ്മിലും ഉള്ള ബന്ധത്തിന്റെ മറ്റൊരു ഊട്ടി ഉറപ്പിക്കല്‍ കൂടെ ആയിരുന്നത്.

കുഞ്ഞിനെ മാറോടടക്കി പിടിച്ചു എടുക്കുന്ന എത്ര അമ്മമാരുണ്ടിപ്പോള്‍?

കുഞ്ഞുങ്ങളുടെ സ്ഥാനം, അമ്മമാരുടെ ഒക്കത്ത് നിന്നും, തള്ളി കൊണ്ട് നടക്കുന്ന കൈ വണ്ടികള്‍ ഏറ്റെടുത്തിരിക്കുന്നു. അവരെ എടുത്താല്‍ ഇട്ട വസ്ത്രങ്ങള്‍ ചുളിവു വരില്ലേ, സമൂഹം കണ്ടാല്‍ മോശമല്ലേ.

കാലം മാറി തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ വേലക്കാരികളും, ആയമാരും കൊണ്ട് നടക്കുന്ന കാലമായിരിക്കുന്നു.

മാറോടടക്കി പിടിച്ചു, മുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളുടെ സ്നേഹം, ഒരിക്കലും ആയമാരാലും, വേലക്കാരികളാലും നോക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാതാപിതാക്കളോട് ഉണ്ടാവുന്നില്ല എന്ന് ശാസ്ത്രീയമായ അപഗ്രഥനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

പിന്നെ, അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ടിടുന്നതിനു നമ്മള്‍ എന്തിനു അവരെ പഴിക്കണം. ഒരിക്കലും വൈകാരികമായ ഒരു ബന്ധം ഈ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് ഉണ്ടാവുന്നില്ല.




നമ്മളില്‍ എത്ര പേര്‍ കുട്ടികളെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കാറുണ്ട് ?

എന്തിനു നേരില്‍ കാണുമ്പോള്‍ കൈ കൊടുക്കാറുണ്ടോ? കൈ കൂട്ടി പിടിക്കുന്നതില്‍ പോലും വ്യക്തമായ സ്നേഹ ബന്ധങ്ങളുടെ ചലനങ്ങളുണ്ടെന്നാണ് ശാസ്ത്രീയ ചിന്ത.

ഒരു ചെറിയ ഉദാഹരണം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നമ്മെ കാത്തു നില്‍ക്കുന്ന മാതാപിതാക്കള്‍. കൂടെ നമ്മുടെ ബന്ധുക്കളോ കൂട്ടുകാരോ ഒക്കെ ഉണ്ടാവും, സ്വീകരിക്കാനായി. പുറത്തിറങ്ങുന്ന നാം, ആര്‍ക്കാണ് കൈ കൊടുക്കാറുള്ളത്?

കൂട്ടുകാര്‍ക്ക് കൊടുക്കും, ചില ബന്ധുക്കള്‍ക്കും കൊടുക്കുമായിരിക്കും. ആരെങ്കിലും എപ്പോഴെങ്കിലും അച്ഛനമ്മമാര്‍ക്ക് കൈ കൊടുത്തിട്ടുണ്ടോ, അവരെ കെട്ടി പിടിച്ചു സന്തോഷം, അല്ലെങ്കില്‍ സങ്കടം പങ്കിട്ടിട്ടുണ്ടോ? ഉണ്ടാവില്ല.

നമുക്കൊക്കെ മടിയാണ്, ഒരു പക്ഷെ ആരെങ്കിലും കണ്ടാല്‍ മോശമല്ലേ എന്നാ ചിന്ത ആയിരിക്കാം. പക്ഷെ അവര്‍ അതിനായി കൊതിക്കുന്നുണ്ട് എന്ന വിവരം നമുക്കാര്‍ക്കെങ്കിലും അറിയുമോ?

ഒരു സ്നേഹസാന്ത്വനം, അതൊരു കൈ പിടിത്തമാവാം, കെട്ടി പിടുത്തമാവാം, ചിലപ്പോഴൊക്കെ നമ്മളും അറിയാതെ കൊതിച്ചു പോയിട്ടില്ലേ.




നാം പഴമയിലേക്കു പോയെ തീരൂ. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മെ പഴഞ്ചന്‍ എന്ന് വിളിച്ചാല്‍ അവരെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഞാനീ പറഞ്ഞത് വെറുമൊരു ചെറിയ സംഭവം. ഓര്‍ക്കാനും പറയാനും ഒരുപാട്. ഇനി നിങ്ങള്‍ തന്നെ ചിന്തിക്കുക.

ആദ്യം നാം നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നെങ്കിലും തുടങ്ങുക. നഷ്ട്ടപെടുന്ന സ്നേഹ ബന്ധങ്ങളെ, കൂട്ടി ഉറപ്പിക്കുക. അവര്‍ അത് കണ്ടു പടിക്കട്ടെ. നാം നഷ്ട്ടപ്പെടുത്തിയ നമ്മുടെ മാതാപിതാക്കളുടെ സ്നേഹം, അടുത്ത തലമുറ എങ്കിലും അനുഭവിക്കട്ടെ.

ചൊവ്വാഴ്ച, മാർച്ച് 01, 2011

മറക്കില്ല റെഹനാസ് നിനെ ഒരിക്കലൂം മറക്കില്ല……

ഏറെ കാലത്തിന്‍ ശേഷം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിനെ കാണുവാന്‍ കണ്ണുര് വരെ പോകുകയാണ് ഒരു റയില്‍വേ ഗെയിറ്റ് എതിയപോള് ട്രെയിന് കടന്നുപോകുന്നതിനായി ഗെയിറ്റ് പൂട്ടിയിരിക്കുന്നു ഞാന്‍ വണ്ടി ഒരു സൈഡില്‍ നിര്‍ത്തി കാറിന്‍റെ സൈഡ് വിന്റ്റോ തുറന്ന് മുഖം വെളിയിലേക്ക് പിടിച്ചു ആ പഴയ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ ഓര്‍ത്ത് ഇരിക്കുകയാണ്
. പെട്ടെന്നാണ് എതിര്‍ ദിശയിലെ കാറില്‍ പരിചയമുള്ള ഒരു മുഖം കണ്ടത്.പക്ഷേ ആളെ പെട്ടെന്നങ്ങ് മനസ്സിലായില കുറച്ച് നേരം കൂടി നോക്കി.അവളും എന്നെ തന്നെ നോക്കുന്നുണ്ട്.കുറച്ച് നേരമെടുത്തു അത് റെഹനാസ് ആണെന്ന് മനസ്സിലാക്കാന്‍.
ശ്ശോ..!! എന്തേ ഞാന്‍ ആ മുഖം മറന്ന് പോയി.ഒരുപാട് തിരിക്കിനിടയില്‍ നിന്നേയും മറന്ന് പോയോ?ഹേയ് അതല്ല അവള്‍ ഒരുപാട് മാറിയിരിക്കുന്നു. എന്നെ ഒരുപാട് ആകര്‍ഷിച്ച കണ്ണിലെ തിളക്കം ഇന്നില്ല.എന്നെ ഒരുപാട് കൊതിപ്പിച്ച ആ ചുണ്ടിലെ ചിരി മാഞ്ഞ് പോയിരിക്കുന്നു.ഞാന്‍ അന്ന് കണ്ട ആ സുന്ദരിക്കൊച്ചേ അല്ല ഇന്ന്. ഞാന്‍ കാറില്‍ നിന്നിറങ്ങി അവളുടെ അടുത്ത് ചെന്നു ഞാന്‍ വരുന്നത് കണ്ടു അവളും കാറില്‍ നിന്നിറങ്ങി.
പതിനാലു വര്‍ഷം മുന്‍പാണ് അവസാനം കണ്ടത്. ഞാന്‍ ചോതിച്ചു “നിനക്കോര്‍മ്മയുണ്ടോ ആ കാലമൊക്കെ” അവള് പറഞ്ഞു “ജീവിതത്തിലെ ആദ്യ പ്രണയം ആരും മറക്കില്ലെന്ന്” എന്‍റെ ജീവിതത്തില്‍ പ്രണയം എന്ന് പറയാന്‍ ആകെ ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ ഇന്നും ഓര്‍ക്കുന്നു എല്ലാം.നഷ്ടപ്പെടുമ്പോളാണ്‍ നാം സ്നേഹത്തിന്‍റെ വില അറിയുന്നത് എന്ന് പറയാറുണ്ട് ചിലപ്പോള്‍ അങ്ങനെ ആവാം.
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ഞാന്‍ ആശിച്ചില്ല നിനക്ക് വെണ്ടി മാത്രമായിരുന്നു അന്ന് ഗള്‍ഫില്‍ പോകാന്‍ കാരണം .
നിന്നെ സംരക്ഷിക്കാനുള്ള കെൽപ്പുണ്ടെന്ന് തോന്നിത്തുടങ്ങിയത് മുതല്‍ ഞാന്‍ നിന്നെ തിരയുകയായിരുന്നു.
ഒടുവില്‍ നിന്‍റെ ഒരു സുഹൃത്ത് വഴി നിന്‍റെ ഫോണ് നമ്പര് കിട്ടി ഞാന് ഫോണ് വിളിച്ചപ്പോള്‍ നിനക്ക് പറയാനുണ്ടായിരുന്നത് ഒരു പുതു ജീവിതം തുടങ്ങുന്നതിന്‍റെ വിശേഷങ്ങളായിരുന്നു
കല്യാണത്തിന് ക്ഷണിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കാന്‍ മറന്ന് പോയോ അതോ മനപൂര്‍വ്വം നീ എന്നെ വിളിക്കാതെ ഇരുന്നതോ ? എന്തായാലും ഞാന്‍ അന്നേ മനസ്സ് കൊണ്ട് എല്ലാ നന്മകളും നേര്‍ന്നതാണ്. കുറെ നാളുകള്‍ക്ക് ശേഷമാണ് നിന്‍റെ കാര്യങ്ങള്‍ അറിഞ്ഞത്. പക്ഷേ എന്താണ് നിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്. ഒരുപാട് പ്രശ്നങ്ങളാണെന്ന്. ഞാന്‍ അറിഞ്ഞു . നീ ആഗ്രഹിച്ചത് പോലെ നിന്നെ റാണിയെ പോലെ വാഴിക്കാന്‍ കഴിവുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയപ്പോള്‍ അവന് നിന്നെ മതിവരുവോളം സ്നേഹിക്കാന്‍ കഴിയുമോ എന്ന് നീ അന്വേഷിച്ചില്ലായിരുന്നോ?
ട്രെയിന് കടന്ന് പോയി റോഡിലെ തിരക്ക് എല്ലാം കുറഞ്ഞതും അവള്‍ എനോടു പറഞ്ഞു ഞാന്‍ ഒരു മരണ വിട്ടില് പോകുന്ന വഴിയ നമുക്കിനിയും കണ്ട് മുട്ടാം. കലങ്ങിത്തുടങ്ങിയ നിന്‍റെ കണ്ണുകള് ഇനിയെങ്കിലും പ്രകാശിക്കട്ടെ,
നിന്‍റെ ചുണ്ടുകളില്‍ ആ പഴയ കുസൃതിച്ചിരി കളിയാടട്ടെ. എന്ന പ്രാര്‍ത്ഥനകള്‍ മത്രമേ ഇന്ന് നിനക്ക് നല്‍കാന്‍ എന്‍റെ പക്കലുള്ളു. ജീവിതത്തിന്‍റെ രണ്ട് ദിശകളിലേക്ക് നമ്മള്‍ നീങ്ങി തുടങ്ങി.അകന്ന് തുടങ്ങിയപ്പോള്‍ അവള്‍ ഒന്ന് തിരിഞ്ഞ് നോക്കി.ആ കണ്ണുകള്‍ എന്തായിരുന്നു പറയാന്‍ കൊതിച്ചിരുന്നത്.എന്തിനായിരുന്നു ആ കണ്ണുകള്‍ നിറഞ്ഞിരുന്നത്..??

എന്നെങ്കിലും നീ ഇത് വായിക്കാനിടയായാല്‍ അന്ന് നീ അറിയുക ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നെന്ന്.

മറക്കില്ല റെഹനാസ് നിനെ ഒരിക്കലൂം മറക്കില്ല…………………………

ശനിയാഴ്‌ച, ഫെബ്രുവരി 19, 2011

ആദ്യരാത്രി

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.


ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.


അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.


നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.


എല്ലാരേം പരിചയപ്പേടുകയായിരുന്നു...


സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.


പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?


അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...


എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...


മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.


അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.


ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.


അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.


'ഇതായിക്കാ പാല്...'


ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു


ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?


ഇത് നല്ലളംബസാര്‍അല്ലേ ഇക്കാ?


അതല്ലെടീ... ഈ പാല്‍...?


അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...


നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.


അല്ലിക്കാ... മറായി ആരാ?


മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.


ഇക്ക കണ്ടിട്ടുണ്ടോ?


പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...


അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്കാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഘൗരവത്തോടുകൂടെ തന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

ഒരു നിമിഷം എന്റെ ഹ്ര്ദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...

******

ഇക്കയെന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

.?/....?/

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'

എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു....

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!

കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍ മുസല്ല്യാരുടെതായിരിക്കും. കാരന്തൂരിലെ ചതുപ്പുനിലത്തെ പടുകൂറ്റന്‍ വിദ്യാഭ്യാസ സമുച്ചയമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ പരിണാമ ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി, കാന്തപുരം ഉസ്താദിന്റെ നേതൃപാടവം അംഗീകരിക്കാന്‍. കേരളമൊട്ടുക്കും ഇപ്പോള്‍ കേരളത്തിനു പുറത്തും പള്ളികളും സ്കൂളുകളും കുടിവെള്ള പദ്ധതികളുമൊക്കെയായി അദ്ദേഹം തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തികൊണ്ടിരിക്കുകയാണ്.

സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കാന്തപുരത്തിന്റെ വകയായി ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കാന്‍ പോകുന്ന വാര്‍ത്ത പുറത്തു വരുന്നത്. നാല്പതു കോടിയോളം വരുമത്രേ നിര്‍മാണ ചെലവ്! 'ശഅ‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് ' എന്ന് പേര് വെച്ചിട്ടുള്ള പ്രസ്തുത പള്ളിയില്‍ ഇരുപത്തി അയ്യായിരം പേര്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാവും. ആയിരത്തി ഇരുന്നൂറു പേര്‍ക്ക് താമസിക്കാനുള്ള സൌകര്യവും ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിവയും പ്രത്യേകതകളാണ്. ഒരു സാംസ്കാരിക സമുച്ചയം എന്ന നിലവാരത്തിലേക്ക് പ്രസ്തുത പള്ളി ഉയരും എന്നാണ് പ്രതീക്ഷ.
കോഴിക്കോട് നഗരപരിധിയില്‍ ഇത്രയും പേര്‍ ഒന്നിച്ചു നമസ്കരിക്കാന്‍ എല്ലാ വെള്ളിയാഴ്ചകളിലും ഒരു പള്ളിയില്‍ ഒത്തുകൂടാന്‍ സാധ്യതയില്ല എന്ന കാര്യത്തില്‍ സംശയമില്ല. പിന്നെയെന്തിന് ഇത്ര വലിയ പള്ളി എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് പ്രവാചക തിരുമേനിയുടെ 'തിരു കേശ'ത്തിനുള്ള ആദരവാണ് ഈ പള്ളി എന്നത്. ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ പ്രവാചകന്റെ 'ഒരു മുടി' എങ്ങിനെ ഉസ്താദിന്റെ അധീനതയില്‍ വന്നു എന്നതാണ് ചോദ്യമെങ്കില്‍, ഉത്തരം അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് എന്നയാളാണ് ഇത് കൈമാറിയത് എന്നതും.

ബഹുമാനപ്പെട്ട കാന്തപുരം, താങ്കളോടുള്ള എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ട് ചില കാര്യങ്ങള്‍ പറയട്ടെ: നാല്പതു കോടി എന്നൊക്കെ പറഞ്ഞാല്‍ താങ്കളെ സംബന്ധിച്ചേടത്തോളം വലിയ സംഖ്യ ഒന്നുമായിരിക്കില്ലെന്നറിയാം. എന്നാല്‍, ഉസ്താദിനെ കാണുമ്പോള്‍ ആവേശത്തോടെ എഴുന്നേറ്റു തക്ബീര്‍ മുഴക്കുന്ന ഒരുപിടി പാവങ്ങള്‍ക്ക് അങ്ങനെയല്ലെന്നു താങ്കളറിയണം. താങ്കളുടെ തന്നെ പള്ളികളില്‍ ആണ്ടിനും നേര്ച്ചയ്ക്കും ഇറച്ചി ചോറിനു ക്യൂ നില്‍ക്കുന്ന അനുയായികളില്‍ വലിയൊരു വിഭാഗത്തിന് ആ അന്നം കേവലം 'പ്രസാദം' മാത്രമല്ല; ഒരു ദിവസത്തെ തള്ളി നീക്കാനുള്ള ഊര്‍ജം കൂടിയാണ്.

നാടിന്റെ നാനാഭാഗത്തും പ്രഭാഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഓടിനടക്കുന്ന താങ്കള്‍ വയനാടന്‍ മേഖലകളിലെ ചെറ്റക്കുടിലുകള്‍ കാണാതിരിക്കില്ല. പടച്ചതമ്പുരാനോട്‌ 'വീശിയടിക്കുന്ന കാറ്റിനെ തൊട്ടു ഞങ്ങളെ കാക്കണേ' എന്ന് ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ മനമുരുകി പ്രാര്‍ഥിക്കുന്നത് വിശാലമായ വയല്നിലങ്ങളിലെ വാഴത്തോട്ടം നിലംപതിക്കുമോ എന്ന് കരുതിയിട്ടല്ല. ടാര്‍പ്പോളിന്‍ ഷീറ്റ് ചുറ്റിയ ദുര്‍ബലമായ മേല്‍ക്കൂര പിഞ്ചുമക്കളുടെ മൂര്‍ദ്ധാവിലേക്ക് തകര്‍ന്നു വീഴുമോ എന്ന ഭയപ്പാടു കൊണ്ടാണ്. ഗ്രാന്‍ഡ്‌ മോസ്കിനു വേണ്ടി താങ്കളൊഴുക്കുന്ന പണം ഈ പാവങ്ങളുടെ പുനരധിവാസത്തിന് ഉപയോഗിച്ചാല്‍ ആയിരം പള്ളികള്‍ നിര്‍മ്മിച്ചതിന്റെ പ്രതിഫലം താങ്കള്‍ക്കു ലഭിക്കാതിരിക്കില്ല. പള്ളിക്ക് ചുറ്റും താങ്കളൊരുക്കുന്ന ഉദ്യാനത്തിന് ചെലവഴിക്കുന്ന കോടികള്‍, കോഴിക്കോട് നഗരത്തിലെ കിടത്തിണ്ണകളിലും ബസ്സ്‌സ്റ്റാന്റിലും അന്തിയുറങ്ങുന്നവരുടെ ഉന്നമനത്തിനു ചെലവഴിച്ചാല്‍, നാളെ മരണാനന്തരം ഏറ്റവും മഹത്തായ ഉദ്യാനം തന്നെ താങ്കള്‍ക്കു സമ്മാനിക്കപ്പെടാതിരിക്കില്ല. താനും പ്രസ്ഥാനവും പൊതുജന സേവനം വേണ്ടുവോളം താന്‍ നടത്തുന്നുണ്ട് എന്നാവാം മറുവാദം. അവിടെയോര്‍ക്കേണ്ടത് കൈയ്യിലുള്ളതെല്ലാം ദാനം ചെയ്ത പ്രവാചകാനുയായികളെയാണ്. താങ്കള്‍ വിചാരിച്ചാല്‍ നാല്പതല്ല, നാനൂറു കോടി പിരിച്ചുണ്ടാക്കാന്‍ കഴിയുമെന്നറിയാം. എന്നാല്‍ അവയൊക്കെയും പള്ളിയും ഉദ്യാനവും നിര്‍മിച്ചു ധൂര്‍ത്തടിക്കാനാണ് പരിപാടിയെങ്കില്‍ അതിനെ വിമര്‍ശിക്കാതെ വയ്യ.
പള്ളിയില്ലാത്തതിന്റെ കുറവ് കൊണ്ട് നിസ്കരിക്കാത്ത കോഴിക്കോട്ടുകാരന്‍ ഉണ്ടെന്നു താങ്കള്‍ കരുതുന്നുണ്ടോ? കോഴിക്കോട് നഗരത്തില്‍ ഒരു കേന്ദ്രം ഇല്ലാത്തതിന്റെ പരിമിതി താങ്കളുടെ പ്രസ്ഥാനത്തിനുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ ഇരുപത്തി അയ്യായിരം പേരെ പ്രതീക്ഷിച്ചു ഒരു മഹാമസ്ജിദ് നിര്‍മ്മിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്? പ്രാവചകകേശം എന്ന് തന്നെയാണ് ഉത്തരമെങ്കില്‍ ചോദിക്കാതെ നിര്‍വാഹമില്ല; എന്താണീ കേശത്തിന്റെ ആധികാരികത? മക്കയിലും മാദീനയിലും ഇല്ലാതെ പോയ ഒരു 'കേശപൂജാകേന്ദ്രം' കോഴിക്കോട്ടു തുടങ്ങുന്നതിന്റെ ഉദ്ദേശ്യമെന്താണ്? വാദത്തിനു വേണ്ടി ഇത് പ്രവാചകന്റേത് തന്നെ എന്ന് സമ്മതിച്ചാല്‍, എങ്ങനെയാണ് താങ്കളാ കേശത്തെ ആദരിക്കാന്‍ പോകുന്നത്? ഹസ്രത്ത്ബാല്‍ പള്ളിയിലേത് പോലെ ചില പ്രത്യേക ദിവസങ്ങളില്‍, പ്രത്യേക ചടങ്ങുകളോടെ 'നട തുറന്നു' പ്രദര്‍ശനം നടത്താനാണോ പരിപാടി? ഈയൊരു മുടി സത്യമാണെന്ന് വിശ്വസിച്ചു വരുന്ന പാമര ജനങ്ങള്‍ കാട്ടിക്കൂട്ടാന്‍ പോകുന്ന കോപ്രായങ്ങള്‍ എന്തൊക്കെയാവുമെന്നു താങ്കള്‍ ആലോചിച്ചിട്ടുണ്ടോ? തൊഴുതു ചുംബിച്ചു പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഒരു ബഹുദൈവ സമൂഹത്തിന്റെ സൃഷ്ടിപ്പല്ലേ ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നത്? നബിദിനത്തിലും മറ്റുമായി അവിടെ നടക്കാന്‍ പോകുന്ന അനാചാരങ്ങള്‍ താങ്കള്‍ മുന്‍കൂട്ടി കണ്ടിട്ടില്ല എന്ന് വിശ്വസിക്കാനാവില്ല. താങ്കളെ പോലെ പ്രവാചകനെ സ്നേഹിക്കുന്നവരാന് ഇവിടെയുള്ള സര്‍വ മുസ്ലിംകളും. സ്വന്തത്തെക്കാള്‍ പ്രവാചകനെ സ്നേഹിക്കുന്നവര്‍. ആ പ്രവാചക സ്നേഹ സാക്ഷ്യം ഉറവിടം വ്യക്തമല്ലാത്ത ഒരു മുടിയിഴയില്‍ കെട്ടിനിര്‍ത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. സ്വന്തം ചിത്രം പോലും വരച്ചു വെക്കുന്നത് തടഞ്ഞ പ്രവാചകന്‍ ഭയപ്പെട്ടത് വ്യക്തിപൂജയിലേക്ക് തന്റെ സമുദായം ചെന്നെത്തുമോ എന്നതായിരുന്നു. ബിംബാരാധകരെ കൊണ്ട് തന്നെ ബിംബങ്ങള്‍ തച്ചുടപ്പിച്ചയാളാണ് പരിശുദ്ധ പ്രവാചകന്‍. ആ പ്രവാചകന്റെ പേരില്‍ തന്നെ ഒരു 'കേശ ബിംബം' ഉയരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാവില്ല.

ഗ്രാണ്ട്മോസ്കില്‍ 'കേശപൂജ' തുടങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ 'അജ്മീരായി' കോഴിക്കോട് മാറിയേക്കാം. ഈ റെക്കോര്ഡ് തകര്‍ക്കാന്‍ ഇതിലും വലിയ പള്ളിയുമായി അടുത്ത സംഘടന ഇറങ്ങിത്തിരിച്ചേക്കാം. 'പ്രവാചക കേശത്തിന്' പകരം 'പ്രവാചകപ്രതിമ' തന്നെ സ്ഥാപിക്കപ്പെട്ടേക്കാം. അപ്പോഴും ഉസ്താദുമാരെ കാണുമ്പോള്‍ തക്ബീര്‍ വിളിച്ച്, കൈപ്പുറം മുത്തി വിശക്കുന്ന അരമുണ്ട് മുറുക്കി കെട്ടി ഒരുപറ്റം പാവങ്ങള്‍ ഇറച്ചി ചോറിനു പാത്രം കഴുകുന്നുണ്ടാവും. അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാത്ത ബാങ്കുവിളി മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടാവും. പള്ളയുടെ വിളിക്ക് ഉത്തരമേകാന്‍ കഴിയാത്തവര്‍ പള്ളിയുടെ വിളി കേള്‍ക്കാതിരുന്നാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?!

തിങ്കളാഴ്‌ച, ജനുവരി 31, 2011

സമൂഹമേ മാപ്പ്..

"എടീ വേഗം ഒരുങ്ങു, സ്കൂളില്‍ എത്തണം, നാളെ അഡ്മിഷന്റെ അവസാന തീയതി ആണ്"

'ഈ ഡ്രസ്സ്‌ മതിയോ'? കെട്ട്യോളുടെ ചോദ്യം.

"മോശമാക്കേണ്ട നല്ല ഡ്രസ്സ്‌ ഇട്ടോ"

തിരക്കിട്ട് സ്കൂളില്‍ എത്തി. മോളെ അഡ്മിഷന് വേണ്ടി ഫോം എല്ലാം പൂരിപ്പിച്ചു കൊടുത്തു.

"വരേണ്ട തീയതി അറിയിക്കാം" എല്ലാം വായിച്ചു നോക്കിയ പ്രിന്‍സിപ്പലിന്റെ കമന്റ്.

ഹാവൂ സമാധാനമായി. എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ ഇന്റര്‍വ്യൂ ഒന്നും ഇല്ല.

ഒരു പാട് പുസ്തകങ്ങള്‍ ഒക്കെ നോക്കി വായിച്ചു മോളെ പഠിപ്പിച്ചാ വരുന്നത്.

കുറച്ചു ദിവസത്തിന് ശേഷം വിളി. നാളെ ഇന്റര്‍വ്യൂ .

മോളെയും ഒരുക്കി ഇറക്കി, ഞാനും എന്റെ 'നല്ല പാതിയും' സ്കൂളിലേക്ക് വെച്ച് പിടിപ്പിച്ചു.

"ഇരിക്കൂ"

"വേണ്ട ടീച്ചര്‍, ഞങ്ങള്‍ ഇവിടെ നിന്നോളാം, ഇന്റര്‍വ്യൂ അവളോടല്ലേ".

"അല്ല നിങ്ങള്‍ ഇരുവരും ഇരിക്കൂ. ഇന്റര്‍വ്യൂ നിങ്ങള്‍ക്കാണ്."

ങേ. ഞാനൊന്ന് ഞെട്ടി. ഇതെന്താ പാട്. പഠിക്കാന്‍ പോകുന്നത് എന്റെ മോള്‍!

ഇന്റര്‍വ്യൂ ഞങ്ങള്‍ക്കോ?

ചോദ്യ ശരങ്ങള്‍ തുടങ്ങി...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, കേട്ടിട്ട് കൂടി ഇല്ലാത്ത പൊതു വിജ്ഞാന ചോദ്യങ്ങള്‍?

ഇംഗ്ലീഷ് ഭാഷയിലെ ഗ്രാമറിന്റെ പ്രാധാന്യം......

സംസാര ഭാഷയും എഴുത്ത് ഭാഷയും തമ്മിലുള്ള വ്യത്യാസം.

എട്ടാം ക്ലാസ് കഷ്ടിച്ച് പാസാവാന്‍ പാട് പെട്ട ഞാനും, സ്കൂളില്‍ തന്നെ പോയിട്ടില്ലാത്ത കെട്ടിയോളും, കിടന്നു വിയര്‍ത്തു കുളിച്ചു.

ഇടയ്ക്കു മോളോടും ചോദിച്ചു, കടിച്ചാല്‍ പൊട്ടാത്ത ചില "ഇംഗ്ലീഷ് ചോദ്യങ്ങള്‍".

മലയാള വാക്കുകള്‍ തന്നെ മുഴുവനും പഠിച്ചു വരുന്ന ആ കുഞ്ഞിനോടും ?!!!!!!!!!




വയസു കുറെ ആയെങ്കിലും, അന്നാദ്യമായി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച മാഷെ, ഇടയ്ക്കു വെറുതെ എങ്കിലും പത്രം വായിക്കാന്‍ പറയാറുള്ള ഉപ്പയെ, അങ്ങിനെ എല്ലാരെയും ഓര്‍ത്തു.

കോട്ടും, ടൈയും കെട്ടി പത്രാസിനു മോളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയ ഞങ്ങള്‍ തിരിച്ചു വന്നത് പ്രിന്‍സിപ്പലിന്റെ അവഞ്ജയോടെ ഉള്ള ചിരിയും കണ്ടു കൊണ്ട്.



തിരിച്ചു വീട്ടിലെത്തി കസേരയില്‍ ഇരുന്നു ആലോചിക്കാന്‍ തുടങ്ങി.

തെറ്റ് ആരുടെ അടുത്താണ്?

ഒടുവില്‍ ഉത്തരവും കിട്ടി. ശരിയാ എന്റടുത്തു തന്നെ.




ചെറിയ കുട്ടിയല്ലേ, ബാല്യം നഷ്ട്ടപെടരുത് എന്ന് കരുതി, വീട്ടിലും പറമ്പിലും ഓടിച്ചാടി കളിക്കാന്‍ വിട്ടു.

തുമ്പിയുടെയും, പൂമ്പാറ്റയുടെയും പുറകെ ഓടി നടന്നു കഥ പറയാന്‍ വിട്ടു.

കണ്ണ് പൊത്തി കളിച്ചും, കല്ല്‌ കളിച്ചും, കോട്ടി "ഗോലി" കളിച്ചും, ഓലപമ്പരവും, ഓല പന്തും ഉണ്ടാക്കി, പാറി പറന്നു നടക്കാന്‍ വിട്ടു.

ഇത്തിരി നല്ല, മലയാളം കുഞ്ഞി കവിതകളും, കുഞ്ഞി കഥകളും പറഞ്ഞു കൂട്ടുകാരോടൊപ്പം ആടി പാടുവാനായി, നടന്നു പോകാവുന്ന ദൂരമുള്ള വീടിനടുത്തെ "ബാലവാടിയില്‍" വിട്ടു.

പകരം ഒരുപാട് ദൂരെ, വണ്ടിയില്‍ യാത്ര ചെയ്തു, കഴുത്തിനിറുകുന്ന ടൈയും കെട്ടി, എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങളുമായി ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് വിട്ടില്ല.




കളിക്കേണ്ട ഒഴിവു സമയത്ത് പോലും ട്യുഷനെന്നും പറഞ്ഞു വീട്ടിലിരുത്തി പഠിപ്പിച്ചില്ല.

എല്ലാരെയും പോലെ, വീട്ടിലെ പട്ടിയുടെയും, പൂച്ചയുടെയും പേരുകള്‍, "പപ്പ, ഡാഡി" എന്നും,

പെറ്റമ്മയെ "ഈജിപ്ഷ്യന്‍ ശവത്തിന്റെ" പേര് (മമ്മി) എന്ന് വിളിക്കാന്‍ പഠിപ്പിച്ചില്ല.

നാലാള്‍ കേള്‍ക്കെ ഡാഡി, മമ്മി എന്നിങ്ങനെ ഞങ്ങളെ വിളിക്കുന്നതാണ് അഭിമാനം എന്ന് പറഞ്ഞു പഠിപ്പിച്ചില്ല.

പകരം സ്നേഹത്തോടെ, ഉപ്പ, ഉമ്മ, അച്ഛന്‍, അമ്മ... എന്നിങ്ങനെ വിളിക്കാന്‍ പഠിപ്പിച്ചു.




വീടിനു പുറത്തിറങ്ങിയാല്‍, വെയില്‍ കൊണ്ട് കറുത്ത് പോകുമെന്നും, ദേഹത്ത് പൊടി ആകുമെന്നും പറഞ്ഞു വീടിനകത്ത് കുത്തി ഇരുത്തിയില്ല, പകരം തൊടിയിലേക്ക്‌ ഇറക്കി വിട്ടു.

മഴ പെയ്തപ്പോള്‍ മഴ നനയാതെ വീടിനുള്ളില്‍ അടച്ചിരുത്തി വാതിലുകള്‍ കൊട്ടിയടച്ചില്ല, കുട്ടികളല്ലേ, മഴ ആസ്വദിക്കട്ടെ എന്ന് കരുതി മഴ കൊള്ളാന്‍ അനുവദിച്ചു.




ഇങ്ങിനെ തെറ്റുകള്‍ ഒരുപാട് ചെയ്തു കൂട്ടി.

മാപ്പ് സമൂഹമേ, മാപ്പ്..........

ഞാനും ചേരയെ തിന്നുന്ന നാട്ടിലെത്തിയപ്പോള്‍ നടുക്കണ്ടം തന്നെ തിന്നണമായിരുന്നു.





(ഈയിടെ മോളുടെ അഡ്മിഷന്‍ വേണ്ടി സ്കൂളില്‍ അന്വേഷിക്കാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു ചെറിയ അനുഭവം ആണ് എന്നെ ഇവിടെ ഈ കുറിപ്പില്‍ എത്തിച്ചത്)

ചൊവ്വാഴ്ച, ഒക്‌ടോബർ 19, 2010

അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല

അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ''സാറൊന്നുപദേശിക്കണം'' എന്ന അഭ്യര്‍ഥനയോടെയാണ് പിതാവ് അവളെ എന്റെ പക്കല്‍ കൊണ്ടുവന്നത്.തിരുവനന്തപുരത്തുള്ള ഒരു ബിസിനസ്സുകാരനുമായി അവള്‍ കടുത്ത പ്രണയത്തിലാണ്. മൊബൈലില്‍ വന്ന ഒരു മിസ്ഡ് കാളില്‍ തുടങ്ങിയ അടുപ്പമാണ്. വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴേക്കും വൈകി.

ഒരുമാസത്തെ പരിചയം കൊണ്ട് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വേര്‍പിരിയാന്‍ പറ്റാത്തവിധം' അവര്‍ അടുത്തുകഴിഞ്ഞിരിക്കുന്നു.
ശനിയും ഞായറും എന്‍ട്രന്‍സ് കോച്ചിങ്ങിന് തൃശ്ശൂര്‍ക്ക് പോകുന്നുണ്ട്. വരാന്‍ വൈകുമ്പോള്‍ ആധി പിടിക്കണ്ടല്ലോ എന്നോര്‍ത്താണ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്.

മുറി അടച്ചിട്ട് മകള്‍ പഠിക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ്, അവള്‍ മൊബൈലില്‍ സല്ലപിക്കുകയാണെന്നറിഞ്ഞത്. മൊബൈല്‍ പിടിച്ചുവാങ്ങി. പിറ്റേദിവസം സ്‌കൂളില്‍ വിട്ടില്ല. അന്ന് രാത്രിയായപ്പോള്‍ അവള്‍ ഹിസ്റ്റീരിക് ആയി മാറി.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള വികാരപ്രകടനങ്ങള്‍ക്ക് സമാനമായിരുന്നു അവളുടെ ഭാവമെന്ന് ആ പിതാവ് ഓര്‍മിക്കുന്നു. രണ്ടുദിവസം കൊണ്ട് അത് മാറി.

വീട്ടുകാരും ബന്ധുക്കളും ഉപദേശിച്ചപ്പോള്‍ അവള്‍ നല്ല കുട്ടിയാകാമെന്ന് പറഞ്ഞു. വീട്ടില്‍ സ്ഥിരമായി അവളെ ശ്രദ്ധിച്ചു. കുഴപ്പമൊന്നുമില്ല. പക്ഷേ, വൈകാതെ സ്‌കൂളില്‍ ബാത്ത്‌റൂമിലിരുന്ന് സ്ഥിരം മൊബൈലില്‍ സംസാരിച്ച അവളെ അധ്യാപികമാര്‍ പിടികൂടി. വീട്ടില്‍ മൊബൈല്‍ പിടിച്ചെടുത്തപ്പോള്‍ കാമുകന്‍ പുതിയൊരു സെറ്റ് എത്തിച്ചുകൊടുക്കുകയായിരുന്നു. ഒരു കൂട്ടുകാരിയാണ് മൊബൈല്‍ സൂക്ഷിച്ചിരുന്നത്. രാവിലെ സ്‌കൂളിലെത്തുമ്പോള്‍ അവള്‍ക്ക് കൈമാറും.

''ഇവള്‍ ഇങ്ങനെയാകുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല, ഇതിനുതാഴെ ഒരു പെണ്‍കൊച്ചുകൂടിയുണ്ട്. നന്നായി സ്‌നേഹിച്ചും വേണ്ടതെല്ലാം വാങ്ങിക്കൊടുത്തുമാണ് വളര്‍ത്തിയത്. ഒടുക്കം ഇങ്ങനെയായി....'' പിതാവ് കരയാന്‍ തുടങ്ങി. ഞാന്‍ അവളെ വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു. അവള്‍ പറഞ്ഞു: ''അങ്കിള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. ബിജുവേട്ടനെ മറക്കണമെന്നുമാത്രം പറയരുത്.''

പതിനെട്ട് വയസ്സ് തികയുന്ന ദിവസം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അവന്‍ പറഞ്ഞിട്ടുണ്ട്: ''നീ പഠിക്കുകയൊന്നും വേണ്ട, പഠിച്ച് ജോലി മേടിച്ച് ശമ്പളം കൊണ്ടുവന്ന് കഴിയേണ്ട ഗതികേടൊന്നും എന്റെ വീട്ടിലില്ല....'' അതുകൊണ്ടുതന്നെ ഏറെ വിഷയങ്ങള്‍ക്ക് എ പ്ലസ് വാങ്ങി എസ്.എസ്.എല്‍.സി. പാസ്സായ അവള്‍ ഇപ്പോള്‍ കാര്യമായി ഒന്നും പഠിക്കുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങും ഉപേക്ഷിച്ചു.

മൊബൈല്‍ ഫോണ്‍ നല്‍കുന്ന സ്വകാര്യതയും മുഖമില്ലാതെ സംസാരിക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തില്‍ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നും മദ്യവും പോലെ മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും അഡിക്ട് ആയ ഒരു സമൂഹം അതിവേഗം വളര്‍ന്നുവരുന്നുണ്ട്.

ഇതില്‍ കൗമാരക്കാരോ യുവതീയുവാക്കളോ മാത്രമല്ല മധ്യവയസ്‌കരും വാര്‍ധക്യം പ്രാപിച്ചവരുമൊക്കെ പെടുന്നുണ്ട്.
എന്നാല്‍, കൗമാരക്കാരിലാണ് ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് മൂലം ഇവര്‍ മൊബൈലിനെ വിശ്വസിക്കുന്നു. അതില്‍ പരിചയപ്പെടുന്നവര്‍ പറയുന്നതെല്ലാം സത്യമെന്ന് കരുതുന്നു. പ്രണയഭാവങ്ങള്‍ മനസ്സില്‍ പിടിമുറുക്കുന്ന പ്രായമായതിനാല്‍ അവര്‍ അതിവേഗം വഞ്ചിക്കപ്പെടുന്നു. സിനിമയും ദൃശ്യമാധ്യമങ്ങളും പകരുന്ന സങ്കല്പ ലോകത്തിലിരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടും.

മുതിര്‍ന്നവര്‍ക്ക് മൊബൈല്‍ സല്ലാപം ഒരു നേരംപോക്കായിരിക്കും. ഇരുകൂട്ടരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ്. അത് ചിലപ്പോള്‍ വളര്‍ന്ന് വഴിവിട്ട ബന്ധങ്ങളില്‍ എത്തിപ്പെടാം. രണ്ടുകൂട്ടര്‍ക്കും പരാതിയില്ലാത്തിടത്തോളം കാലം അത് തുടര്‍ന്നു പോകും. പരസ്​പരം കലഹിക്കുമ്പോഴോ മൂന്നാമതൊരാള്‍ ഇതറിയുമ്പോഴോ അതൊരു പ്രശ്‌നമായെന്നുവരാം.

മറ്റുചിലപ്പോള്‍ മൊബൈലില്‍ പരിചയപ്പെടുന്നവര്‍ പിന്നീട് എവിടെയെങ്കിലും സംഗമിക്കുമ്പോള്‍ മൊബൈലില്‍ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും ഈ രംഗങ്ങള്‍ പകര്‍ത്തപ്പെടുന്നു. പുരുഷനാകും ഇതിന് മുന്‍കൈയെടുക്കുക. മൊബൈലില്‍ പകര്‍ത്തിയത് പിന്നീട് സുഹൃത്തുകള്‍ വഴി ലോകമെമ്പാടും പകര്‍ന്നുകൊടുക്കുമ്പോഴാണ് ചതി പറ്റിയത് പെണ്‍കുട്ടി തിരിച്ചറിയുക. എന്നാല്‍, ഇതെല്ലാം സ്വന്തം കൈയിലിരിപ്പിന്റെ പ്രതിഫലമെന്നു പറഞ്ഞ് മാറ്റിനിര്‍ത്താം.

കൗമാരക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യപ്പെടുന്നു. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാത്ത കുട്ടികളാണെങ്കില്‍ പെട്ടെന്ന് ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാം. ഇനി സ്‌നേഹിക്കുന്ന മാതാപിതാക്കളാണെങ്കിലും പ്രായത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി മക്കളെ ശ്രദ്ധിച്ചേതീരൂ.

പരസ്​പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. കൗമാരത്തിലെ ആകര്‍ഷണമല്ല യഥാര്‍ഥ പ്രണയമെന്ന് ബോധ്യപ്പെടുത്തണം. അതോടൊപ്പം, അവരെ കാര്യമായി ശ്രദ്ധിക്കുവാന്‍ സമയം കണ്ടെത്തണം. അവരുടെ കൂട്ടുകാര്‍ ആരൊക്കെ? കമ്പ്യൂട്ടറില്‍ അവര്‍ പരതുന്ന സൈറ്റുകള്‍ ഏതൊക്കെ? എല്ലാറ്റിലുമുപരി മക്കളുടെ അധ്യാപകരുമായി അടുത്ത ബന്ധം മാതാപിതാക്കള്‍ക്കുണ്ടാകണം. അവര്‍ ഏന്തെങ്കിലും സൂചിപ്പിക്കുമ്പോള്‍ ''ഹേയ്... എന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല'' എന്നു പറഞ്ഞ് അവരെ കൊച്ചാക്കാന്‍ നോക്കാതെ അവര്‍ പറയുന്ന കാര്യത്തില്‍ ശ്രദ്ധവെക്കാന്‍ ശ്രമിക്കുക. ലാളിക്കുന്നതിനൊപ്പം ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കൂടി വിനിയോഗിക്കുക. അതൊരിക്കലും നശിപ്പിക്കുന്ന രീതിയിലാകരുതെന്നു മാത്രം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം കൗമാരക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക. മാതാപിതാക്കളുടെ പേരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്താല്‍ വിളിയുടെ വിവരങ്ങള്‍ എളുപ്പം കിട്ടും. കാമുകന്‍ നല്‍കിയ സിംകാര്‍ഡ് മാറ്റിയിട്ട് മാതാപിതാക്കളെ കബളിപ്പിച്ച കുട്ടികളുണ്ട് എങ്കിലും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ് തന്നെ ഇവര്‍ക്ക് നേര്‍വഴി നടക്കാന്‍ പ്രചോദനമേകും.

ഇനി ആദ്യം പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം: ഒരു വിധത്തിലും വഴങ്ങാത്ത പെണ്‍കുട്ടിയുടെ കാമുകനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആളെ കണ്ടെത്തി.

കോവളത്ത് ഒരു ഹോട്ടലില്‍ കാര്‍ഡ്രൈവറായി ജോലിനോക്കുന്ന 'കാമുകന് ' വയസ്സ് 36. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മിസ്ഡ് കോള്‍ ചൂണ്ടയിട്ടതാണ്. കൊത്തിയത് പാവം പെണ്‍കുട്ടിയും. ലാത്തികൊണ്ടുള്ള കുത്ത് കിട്ടിയപ്പോള്‍ അയാള്‍ കൈകൂപ്പി പറഞ്ഞു; വെറുതെ ടൈംപാസ്സിനായിരുന്നു തന്റെ പ്രേമമെന്ന്.

എന്തായാലും പെണ്‍കുട്ടിയെയും ഈ രംഗത്തിന് സാക്ഷിയാകാന്‍ കൊണ്ടുപോയിരുന്നു. അല്ലെങ്കില്‍, കാമുകന്‍ വ്യാജനായിരുന്നുവെന്ന് ഒരിക്കലും അവള്‍ വിശ്വസിക്കില്ല. അവളുടെ അച്ഛനും സഹായികളുമൊക്കെ വഞ്ചകരാണെന്നും അവള്‍ പറഞ്ഞേനെ. അവളുടെ കുഴപ്പമല്ലിത്. അവളുടെ പ്രായത്തിന്റെയും നമ്മുടെ കാലത്തിന്റെയും കുഴപ്പമാണ്.

ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2010

ഒളിക്യാമറക്കാലം

ആധുനികയുഗം വിവരസാങ്കേതിക വിദ്യയുടെയും ഇലക്‌‍ട്രോണിക്‌‍സ്‌ ഉപകരണങ്ങളുടെയും മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമ്പോള്‍ നാം സദാ നമ്മുടെ കണ്ണുകള്‍ തുറന്നുവച്ചേതീരൂ. മനുഷ്യരെ നന്മയിലെത്തിക്കുന്നതും ഉപകാരപ്രതവുമായ പലതും ഈ മേഖലയിലുണ്ടെങ്കിലും അതിനേക്കാലേറെ മനുഷ്യനെ ചീത്തയാക്കുന്ന കാര്യങ്ങളാണ്‌ വിവര സാങ്കേതികരംഗത്ത്‌ വളര്‍ന്നുവരുന്നത്‌. മൂല്യച്യുതികളാണ്‌ പുതുലോകത്തിന്റെ മൂല്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്‌.

കമ്പ്യൂട്ടറും ഇന്റര്‍‌നെറ്റുമെല്ലാം പുതുയുഗത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി വളര്‍ന്നുവരികയായതിനാല്‍ നമ്മുടെ മക്കള്‍ക്കും അത്തരം വിദ്യനല്‍കല്‍ അത്യാവശ്യമായിവരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ സദാസമയവും അവരില്‍ പതിയേണ്ടിയിരിക്കുന്നു. അവര്‍ വിസിറ്റ്‌ ചെയ്യുന്ന സൈറ്റുകള്‍ അവര്‍ചാറ്റുചെയ്യുന്ന സുഹൃത്തുക്കള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചേപറ്റൂ.

സദാസമയം കമ്പ്യൂട്ടറിനുമുമ്പിലിരിക്കുന്ന മക്കളെ അവര്‍നന്നായിപഠിക്കുകയാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്‌. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളില്ലാത്തവരാണ്‌ അധാര്‍മ്മികതയുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്തെത്തിപ്പെടുന്നത്‌.

ഇലക്‌‍ട്രോണിക്‌ വ്യവസായം നമുക്കെത്തിക്കുന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ പുതുതലമുറ അനാരോഗ്യകരമായ നിലയില്‍ ദുരുപയോഗം ചെയ്യുന്നു എന്നുനാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുകളും അവയില്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ ക്യാമറകളും ഇന്ന് നമ്മുടെ സ്വകാര്യതകളെ വരെ ഒപ്പിയെടുത്ത്‌ മാലോകരെ കാണിച്ചേക്കാം .വിളഞ്ഞ ഏതെങ്കിലും ഒരു വിത്തിന്റെ കയ്യില്‍ ഇത്തരം ഉപകരണം കിട്ടിയാല്‍ എവിടെയും ഇത്‌ സംഭവിക്കാം. നമ്മള്‍ സുരക്ഷിതമെന്നുകരുതുന്ന നമ്മുടെ ചുമര്‍‌കെട്ടുകള്‍ക്കുള്ളിലുള്ള സ്വകാര്യതപോലും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.

നിഷ്കളങ്കരായ ഗ്രാമീണപെണ്‍കുട്ടികളുടെയും അമ്മമാരുടെയുമെല്ലാം മാനം ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കപ്പെടുന്നുവെന്ന് നാം ഞെട്ടലോടെ അറിയുന്നു. അറിവ്‌ കൂടുംതോറും മനുഷ്യന്‍ അധപതിച്ചുകൊണ്ടിരിക്കുന്നു.

സെക്സ്‌ ടൂറിസത്തിന്‌ വേരുറപ്പിക്കുവാന്‍ ഗ്രാമീണ നിഷ്കളങ്കതയെ പാകപ്പെടുത്തുവാന്‍ പറന്നുനടക്കുന്ന കഴുകദംഷ്ടങ്ങള്‍ക്ക്‌ കൈമെയ്‌ മറന്ന് സഹായം ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതിനെ നിയന്ത്രിക്കുകയോ അവര്‍ക്കതിന്‌ കഴിയുകയോ ഇല്ല. നമ്മള്‍ ഓരോരുത്തരും അതിന്‌ തയ്യാറാകണം.

സ്വന്തം മക്കളെമാത്രമല്ല നമ്മുടെ സമൂഹത്തെ തന്നെ ധാര്‍മ്മികമായി ഉദ്ധരിക്കാന്‍ നാം പാടുപെടേണ്ടിയിരിക്കുന്നു. കുട്ടികളിലെ അക്രമ അശ്ലീല വാസനകളെ 'സ്മാര്‍ട്ട്‌നെസ്‌' ആയികാണാതെ കര്‍ശനമായി നിയന്ത്രിക്കണം അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കൈവിട്ടുപോകും സമൂഹത്തിനുമുമ്പില്‍ ഒരുചോദ്യചിഹ്നമായി അവര്‍മാറും.

ഇന്റര്‍‌നെറ്റിനെയും ആധുനികരീതികളെയും കുറ്റപ്പെടുത്തി നാം ഒരിക്കലും കൈകഴുകരുത്‌. ഇന്റര്‍‌നെറ്റ്‌ പുതുയുഗത്തിന്റെ അനിവാര്യതയാണ്‌.പുതുയുഗജീവികളിലെ ഭൂരിപക്ഷത്തിന്റെ അധാര്‍മ്മികത അതില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഇനിയുള്ളകാലത്ത്‌ നന്‍മപകര്‍ന്നുനല്‍കാനും ഇതിനോളം നല്ല മാ‌ര്‍‌ഗ്ഗം വേറെയില്ല എന്നും നാം മനസ്സിലാക്കണം.നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്റര്‍‌നെറ്റിലുണ്ട്‌. നല്ലത്‌ മാത്രം തിരഞ്ഞെടുക്കുക. തിന്മയെ കയ്യൊഴിയുക,അതിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക.

നമ്മുടെ മക്കളെ നന്മയുടെ വഴിയെ നടത്തുക, നാം നേര്‍വഴിക്ക്‌ നടന്നുകൊണ്ട്‌ അവരെ കൂടെനടത്തുക. നമ്മുടെ സമൂഹത്തെയും അങ്ങനെ നടത്താന്‍ പരിശ്രമിക്കുക.

നീയെന്‍റെ ചോരയായിരുന്നത് കൊണ്ടാണ് ..

പ്രിയപ്പെട്ട മൂട്ടേ,

എത്രയെത്ര ഉറക്കമില്ലാത്ത രാവുകളാണ് നീയെനിക്ക് സമ്മാനിച്ചത്‌ പലപ്പോഴും നീയെന്നെ കുത്തി നോവിച്ചു .എന്‍റെ ചോര കുടിച്ചു വിശപ്പും ദാഹവും തീര്‍ത്തു.എന്നിട്ടും നിന്നെ ഞാനൊന്നും ചെയ്യാതിരുന്നത് നീയെന്‍റെ ചോരയായിരുന്നത് കൊണ്ടാണ് ...

പക്ഷെ നീയെന്നെ കൂടുതല്‍ ദ്രോഹിച്ചു .എന്നെ സ്വപ്നം കാണാന്‍ അനുവദിച്ചില്ല സ്വപ്നത്തെ കുറിച്ചു നിനക്കറിയോ ....മൂട്ടേ ...??
അത് നീ അറിയണ്ട അത് സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് പറഞ്ഞിട്ടുള്ളതാ ...

അല്ലേലും പണി കഴിഞ്ഞു ക്ഷീണത്തില്‍ വന്നു ഒന്നുറങ്ങാന്‍ നീ അനുവധിക്കരുണ്ടോ....എന്‍റെ സ്റ്റോര്‍ കീപ്പേര്‍ അയാള്‍ക്ക് വായ്‌ തുറന്ന തെറി മാത്രേ വരൂ...ഒരു സിന്ധി പ്പശു വിനെപ്പോലെയ അയാള്‍....അത്രയ്ക്ക് ഉണ്ട് അയാളെ കാണാന്‍ ..രാവിലെ എണീക്കുമ്പോ ആരെയ ഇന്ന് ചീത്ത വിളിക്കേണ്ടതെന്ന് ഒരു മെനു ആക്കീട്ട ആ തെണ്ടി വരാറ്...എന്‍റെ ഭാഗ്യമോ നിര്‍ഭാഗ്യമോ....എല്ലാ ദിവസവും ആമെനുവില്‍ ഞാനുണ്ടാകും.....യെ ലെഖെ ജാവോ . ..വോ ലെഖെ ജാവോ ....എങ്ങനെ നോക്കിയാലും പണി തന്നെ പണി...ഒരു മാതിരി കുപ്പീന്ന് വന്ന ഭൂതം പോലെ..... അവിടെയും സമാധാനം ഇല്ലന്ന ഞാന്‍ പറഞ്ഞു വന്നത്.....
നാളുകള്‍ക്കകം പെറ്റു പെരുകി നിന്നെയും നിന്‍റെ മക്കളെയും ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും ഞാന്‍ സ്വീകരിച്ചു നീ പോയില്ല .അത്രക്കും ഇഷ്ട മായിരുന്നല്ലോ എന്‍റെ ചോര നിനക്ക് ..




എത്രയെത്ര ദിര്‍ഹംസ് എനിക്ക് ചിലവായി റൂമില്‍ അണ്ണന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന രണ്ജിയെട്ടന്‍ പറഞ്ഞപോലെ petrol ഉം pifpuf ഉം മാറി മാറി ഉപയോഗിച്ചു..... നീ പോകാന്‍ കൂട്ടാക്കിയില്ല........ കട്ടിലും ബെഡും പുതപ്പും എല്ലാം വെയിലത്തിട്ട്‌ മുറിയില്‍ pest control കാരെ വിളിച്ചു മരുന്നടിപ്പിച്ചു.....5ദിവസം നീയെന്നെ ഉറങ്ങാന്‍ അനുവതിച്ചു അത് ശെരിയാണ് പക്ഷെ ദിവസങ്ങള്‍ക്കു ശേഷം നീയും പരിവാരങ്ങളും വീണ്ടും വന്നില്ലേ ?
എന്നിട്ടും നിന്നെ വേദനിപ്പിക്കാതിരുന്നത് നീയെന്‍റെ ചോരയായത് കൊണ്ട് മാത്രമായിരുന്നു...

നിനക്കറിയോ നിന്നില്‍ ഒരാളെ പോലും പിടിച്ചു ഞാന്‍ ചുമരില്‍ തേച്ചു വൃത്തി കേടാക്കിയിട്ടില്ല...ഉണ്ടായിരുന്നവന്‍ മാറി വേറെ റൂമില്‍പ്പോയി... നീ കാരണം മരം കോച്ചുന്ന തണുപ്പത്തും തറയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്
ഒരു ബ്ലാങ്കറ്റും രണ്ടു പുതിയ കുപ്പായവും ഒരു ബെഡ് ഷീറ്റും ബലദിയ പെട്ടിക്കു സമര്‍പ്പിക്കേണ്ടി വന്നു

നീ ... പൂര്‍വ്വാധികം ശക്തിയോടെ .നിന്‍റെ അജണ്ട നടപ്പിലാക്കി .നീയും നിന്‍റെ പ്രസ്ഥാനവും ഗ്രൂപ്പുകളായി തിരിഞ്ഞ് കൊട്ടേഷന്‍ കാരെ പോലെ എന്നെ ആക്രമിച്ചു കൊണ്ടേയിരുന്നു
പകല്‍ സമയങ്ങളില്‍ നിന്നെയും കൂട്ടാളികളെയും തിരഞ്ഞാല്‍ കിട്ടാതെയായി നീ കാരണം എന്‍റെ കൂട്ടുകാര്‍ മുറിയില്‍ വരാതായില്ലേ..??

കട്ടിലിന്‍റെ മീതെയിട്ട പലകയിലെ ഓരോ ദ്വാരങ്ങളിലും വിടവുകളിലുമാണ് നിന്‍റെ ഒളി സാങ്കേതമെന്നു മനസ്സിലാക്കാന്‍ N I A - യെ വിളിക്കേണ്ട ആവശ്യമൊന്നും വേണ്ടതില്ല നിന്നെ കുടിയിറക്കാന്‍ മൂന്നാറില്‍ പോയ പുലിയെ വിളിക്കെണ്ടിയും വന്നില്ല ...അതിനെക്കാളും വല്യ പുലി എന്‍റെ റൂമില്‍ ഉണ്ടായിരുന്നു....
എന്നാലും നീയെന്‍റെ ചോരയാണെന്ന ബോധം എനിക്കുണ്ട്..ട്ടോ..!

പിന്നെ പുറത്തു വിലസി നടന്നിരുന്ന നിന്‍റെ ഭാര്യാ വീട്ടുകാരും സുഹൃത്തുക്കളും ബാക്കി കുടുബക്കാരും പ്രതികാരം ചെയ്യാന്‍ വന്നപ്പോ അവരെ എങ്ങിനെയാണ് പറപറത്തിയതെന്നു ഇപ്പൊ മനസ്സിലാക്കിക്കോ...
1 ദിവസം നീ എന്നെ മുറിയില്‍ കാണാതായപ്പോ നിന്നെ പേടിച്ചു പോയതാണെന്ന് കരുതിയോ .?

പേടിച്ചു പോയത് തന്നെയാണ് പക്ഷെ നിന്നെയല്ല ഞാന്‍ മുറിയില്‍ അടിച്ചിട്ട മാരകമായ വിഷം പേടിച്ച്‌....... കാരണം ....കാത്തിരിക്കാന്‍ ആളുണ്ട് എനിക്ക്.... എന്നെ കാത്ത് ഒരു പെണ്‍കുട്ടി,,വീട്ടുകാര്‍,,കൂട്ടുകാര്‍....ഇങ്ങനെ ഒത്തിരിപ്പേര്‍ നാട്ടില്‍ ജീവിക്കുന്നുണ്ട്..
''ബോംബ്‌''എന്ന ഓമനപ്പേരുള്ള{എന്‍റെ നാട്ടില്‍.... കണ്ണൂരില്‍ ഉണ്ടാക്കുന്ന ബോംബ്‌ അല്ല കേട്ടാ } ഒരു മരുന്ന് ആണ് മുറിയില്‍ അടിച്ചിട്ടതെന്ന് ഇപ്പൊ ഞാന്‍ വെളിപ്പെടുത്തട്ടെ ...നിനക്കങ്ങനെത്തന്നെ വേണം .......അബ്രയില്‍ പോയി കിടക്കേണ്ടി വന്നു ഒരു ദിവസം....പോലിസ്കാര്‍ അവിടുന്നോടിച്ചപ്പോ നേരെപ്പോയതു ബാറിലേക്ക്....അവിടെങ്കിലും മനസ്സമാധാനം കിട്ടുമല്ലോ എന്നോര്‍ത്......

പിറ്റേ ദിവസം കഴിഞ്ഞു വന്നു നോക്കിയപ്പോ
"ഹ ഹ ഹ ഹാ ഹാ" ..... നിന്‍റെ വംശം മഴുവന്‍ താഴെ ചത്തു മലച്ചു കിടക്കുന്നു .... തുള്ളിചാടാതിരുന്നത് എനിക്ക് ഭരതനാട്യം അറിയാത്തത് കൊണ്ടല്ല ....പിന്നെ താഴത്തെ ഫ്ലാറ്റിലെ ഉറങ്ങുന്ന കുട്ടി ഉണരണ്ട എന്ന് വിചാരിച്ചാണ്....

മുറിയൊക്കെ വൃത്തിയാക്കാന്‍ അല്പം പാട് പെട്ടെങ്കിലും എന്‍റെ മനസ്സ് മന്ത്രിച്ചിരുന്നു ഇവരൊക്കെ എന്‍റെ ചോരയാ ...ന്ന്...
ഇനിയൊരു കാര്യം നിന്നോട് പറയാനുള്ളത് നീയും നിന്‍റെ വര്‍ഗ്ഗവും എന്‍റെ മുറിയില്‍ വന്നു പോകരുത്... വന്നാല്‍ .....

നിനക്ക് വേണ്ടി മെനക്കെടാന്‍ എനിക്കിപ്പോ നേരമില്ല കാരണം എന്താച്ചാല്‍
ഇനിയെനിക്ക് മധുരമുള്ള രാത്രികളാണ് സുന്ദരമായ കിനാവ്‌ കാണാന്‍....!!!

പോന്നു മൂട്ടേ .. എന്നോടൊന്നും തോന്നരുത് നിര്‍ത്തട്ടെ ....





കടപ്പാട്: ആര്‍ക്കായാലും അവര്‍ക്ക് മധുരമുള്ള രാവുകള്‍ നേരുന്നു