ചൊവ്വാഴ്ച, ജൂൺ 15, 2010

ചര്‍ച്ചയില്‍ വീര്‍പ്പുമുട്ടുന്ന കേരളം

ചര്‍ച്ചകളും വിശകലനവും കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു പ്രദേശം ഭൂമിയിില്‍ കേരളമല്ലാതെ മറ്റൊരു പ്രദേശമുണ്ടാവില്ല.കാതലായ ചര്‍ച്ചകളും പരിഹാരനിര്‍ദ്ദേശവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന സാഹചര്യത്തില്‍ നാം നമ്മുടെ സമയവും സംഭാഷണങ്ങളും ഒരു തരത്തിലും പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയാതെ ചിലച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ അല്ലെങ്കില്‍ ചര്‍ച്ചകളുടെ എണ്ണം കുറയ്ക്കാന്‍ നാം ഒരു ചര്‍ച്ച കൂടി സംഘടിപ്പിക്കേണ്ടിവരുമോ?

ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ ഇന്റര്‍നെറ്റ്, ഓര്‍ക്കൂട്ട്, ബ്ലോഗ് എന്നീത്യാദി സങ്കേതിക മാര്‍ഗ്ഗങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നമ്മുടെ പ്രദേശത്തിന്റെ വരള്‍ച്ച മുരടിച്ച് ഒരു വ്യവസായവും ഒരു തൊഴിലവസരവും കിട്ടാതെ കൂടിവെള്ളവും കറന്റും വിദ്യാഭ്യാസവും കൃഷിയും ചെറുകിട വന്‍കിട പദ്ധതികളൊന്നും തിരിഞ്ഞ് നോക്കാതെ അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടപ്പെടുമ്പോള്‍ നമുക്ക് മാണി കോണ്‍ഗ്രസ് ലയനവും സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും ഐ.എന്‍.എല്‍ ഇടതുപക്ഷം വിടുമോ, പി.സി.തോമസിനെ ഇടതുപക്ഷത്തില്‍ ചേര്‍ക്കുമോ, കളരിയറിയാത്ത കളരി ഗുരുക്കന്മാരുടെ സംഘടനയുടെ വെല്ലുവിളികളോ, പെണ്‍കുട്ടികള്‍ ചുരുദാറോ, ജീന്‍സോ ധരിക്കുന്നത് നല്ലത് എന്നോ... കല്ല്യാണത്തിന് മുന്‍പ് ലൈംഗികബന്ധങ്ങള്‍ ആവാമോ എന്ന് ഗൗരവകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.

ഇവിടെ ശരാശരി ഒരു പ്രവാസി തന്റെ 15 വര്‍ഷത്തിന്റെയോ 20 വര്‍ഷത്തിന്റെയോ അദ്ധ്യാനഫലം കൊണ്ട് നാട്ടില്‍ ഒരു കൂര പണിയാന്‍ തുടങ്ങിയാല്‍ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതകുറവ് കൊണ്ട് പകുതിവെച്ച് നിര്‍ത്തിയ എത്ര വീടുകളും കെട്ടിടങ്ങളും ഉണ്ട് .കേരളത്തില്‍ ലഭ്യമല്ലാത്ത മണല്‍ മണല്‍ കിട്ടാതായിട്ട് വര്‍ഷങ്ങളായിട്ടും നമ്മുടെ ഗവണ്‍മെന്റോ അനുബന്ധവകുപ്പോ ഒരു ബദല്‍ സംവിധാനമൊ അല്ലെങ്കില്‍ മണല്‍ ലഭ്യമാകുന്ന തരത്തില്‍ ഒരു ഇടപെടലൊ നടത്തിയിട്ടുണ്ടൊ എന്ന് പറയാന്‍ പറ്റുമോ. ഒരു നിര്‍മാണ പ്രവര്‍ത്തനത്തിന് അഭികാമ്യമായ മണല്‍പോലും ലഭ്യമല്ലാതെ വരുമ്പോള്‍ ഉള്ള സ്ഥലത്ത് നിന്ന് ഇറക്കുമതി ചെയ്‌തോ അല്ലെങ്കില്‍ മറ്റു വഴികളൊ തേടി സുഗമമായി നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണല്ലോ വേണ്ടത്. ഈ നിസ്സാര പ്രവര്‍ത്തിന് പോലും പരിഹാരം കാണാന്‍ കഴിയാതെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ചെങ്കല്ല്, ഇഷ്ടിക എന്നിവയുടെ വില വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു, ചെത്ത് കല്ല് അവരവര്‍ക്ക് തോന്നിയത് പോലെ വില്‍ക്കുന്നു. വില കൂടാനുള്ള കാരണം പോലും കാണിക്കാനില്ലാതെ ഈ കല്ലുടമകള്‍ക്ക് അല്ലെങ്കില്‍ ഏജന്റ്മാര്‍ക്ക് വിലകൂട്ടുന്നതില്‍ ഒരു പ്രയാസവുമില്ല. ഗവണ്‍മെന്റിന്റെ ഒരു നിയന്ത്രണവും നിയമവും ഇവരുടെ മേലില്ല - അത് തന്നെ കാരണം.

മരപ്പണിക്കാരനും കല്‍പ്പണിക്കാരനും വാര്‍ക്കപ്പണിക്കാരനും ഇവിടെ സംഘടനകളുമുണ്ട്. അവകാശങ്ങള്‍ക്ക് വേണ്ടി ഇവരെല്ലാവരും ധര്‍ണയും സമരവും നടത്താറുണ്ട്. കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളുടെ പിന്‍ബലമുണ്ട്. ഈ പണിക്കാരില്‍ ഏതെങ്കിലും ഒരു പണിക്ക് നമ്മള്‍ വിളിച്ചാല്‍ ആവേശത്തില്‍ ഓടിയെത്തും. ആദ്യ ദിവസം പണി തുടങ്ങും അന്നത്തെ കൂലി വാങ്ങും. പണി സാധനവും വെച്ച് അര്‍ പോകും. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാലാണ് ഇവര്‍ പണിയെടുക്കാനെത്തുന്നത്. മറ്റൊരു തൊഴിലാളിയെ വിളിച്ചാല്‍ അവര്‍ വരില്ല. വര്‍ഗ്ഗബോധത്തിന്റെ മകുടോദാരണം.

ഒരു മാസത്തിന്റെ ലീവിന് പോയ പ്രവാസി തന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന ഈ തൊഴില്‍ ലംഘനത്തിന് ഏത് യൂണിയനില്‍ ചെന്ന് പരാതി പറയണം. തീര്‍പ്പ് കല്‍പ്പിക്കാന്‍ ഏത് നേതാവുണ്ട്. കാണാന്‍ ഒരു പ്രദേശത്തെ എല്ലാ നിര്‍മാണ പ്രവര്‍ത്തനവും 'തൊട്ട്' വെച്ച് തൊട്ട് വെച്ച് അവര്‍ ജോലി ചെയ്യുകയാണ്. ജോലിക്കാര്‍ എന്ന്‌വരും എന്നറിയാന്‍ 'കവടി' നിരത്തിക്കാത്തിരിക്കാം നമുക്ക്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആരുമാകട്ടെ, കെ.മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യട്ടെ. യൂത്ത് കോണ്‍ഗ്രസ്സില്‍ സമവായമോ തെരഞ്ഞെടുപ്പോ നടക്കട്ടെ, മുസ്ലീംലീഗില്‍ ജമാഅത്തെ ഇസ്ലാമിയൊ മറ്റുള്ളവരോ ചേരട്ടെ, പള്ളികളില്‍ ഇടയലേഖനം വായിക്കട്ടെ, ഇതല്ല കാതാലായ ചര്‍ച്ചകള്‍ക്ക് വിഷയമാവേണ്ടത്. ഇത് എന്തുമാകട്ടെ, ഇതിലൊന്നും കേരളത്തിലെ ഒരു പൗരന് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു വിഷയവുമില്ല.

പ്ലസ് ടുവും, എസ്.എസ്.എല്‍.സിയും പാസ്സായവര്‍ക്ക് ഉന്നത പഠനത്തിന് കേരളത്തില്‍ സീറ്റില്ല. മണല്‍, കമ്പി, കല്ല്, കട്ട എന്നീ നിര്‍മാണ വസ്തുക്കള്‍ കിട്ടാനില്ല. കുളിവെള്ളവും, അടിസ്ഥാന സൗകര്യവും ഫലപ്രദമല്ല. മെഡിക്കല്‍ കോളേജിലും ആരോഗ്യ കേന്ദ്രത്തിലും മരുന്നും മറ്റു സൗകര്യങ്ങളുമില്ല. നല്ല ഡോക്ടര്‍മാരില്ല. കേരളത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ മൂത്രപുരയില്ല. പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വിമാന കമ്പനിയുടെ ക്രൂരത സഹിക്കേണ്ടിവരിക എയര്‍ പോര്‍ട്ടില്‍ യൂസേഴ്‌സ് ഫ്രീ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ഒരിക്കല്‍കൂടി പ്രവാസിയോട് കൊഞ്ഞനം കാണിക്കുകയും ചെയ്തു. നീറുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പരിഹരിക്കാന്‍ മുറവിളി കൂട്ടേണ്ടതും വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിസ്സാര ചര്‍ച്ചകള്‍ ബോധപൂര്‍വ്വം പര്‍വ്വതീകരിച്ച് കാണിക്കുകയും ഒരു സമൂഹത്തെ പൊള്ളയായ ചര്‍ച്ചകളിലൂടെ മനസ്സും ശരീരവും ഒരു ലക്ഷ്യത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുക നമുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതിന് മുന്‍പ് മറ്റൊരു ചര്‍ച്ചയുടെ പൊള്ളയായ യാഥാര്‍ത്ഥ്യം നമ്മുടെ തലയില്‍ കൊണ്ടിടുക.

പ്രവാസികളുടെ ചര്‍ച്ചകള്‍ റേഡിയോയിലൂടെയും മറ്റു മധ്യമങ്ങളിലൂടെയും കേള്‍ക്കുമ്പോഴറിയാം. എല്ലാ വിഷമങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നവര്‍ ഒരേ ആള്‍ക്കാര്‍ തന്നെ. രണ്ട് ഇടത്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍, രണ്ട് നിഷ്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍. രണ്ട് നിഷ്പക്ഷ മതികള്‍. ഇതില്‍ നിന്ന് എന്തിനാണ് ഉരുത്തിരിയുക. ഒന്നും മനസ്സിലാവില്ല. പരിഹാര നിര്‍ദ്ദേശമുണ്ടാവില്ല. ഒറ്റപ്പെടുത്തലുകളും അനുകൂലിക്കുകയും ചെയ്യുക. വീണ്ടും അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ ഇവര്‍ തന്നെ ഒത്തുകൂടും. എല്ലാ വിഷയങ്ങളിലും അധികാരികമായി സംസാരിക്കാന്‍ ഇവര്‍ പലപ്പോഴും ശ്രദ്ധിക്കും അത് കേള്‍വിക്കാര്‍ അേേലാസരമുണ്ടാക്കും ചര്‍ച്ചകള്‍ കേരളത്തിന് ശാപമാവുകയാണ്.

പണ്ടൊക്കെ ടി.വിയില്‍ ഒരു ഫ്ലഷ് ന്യൂസ് എന്ന് ഏഴുതിക്കാണിക്കുമ്പോള്‍ നെഞ്ചിടിപ്പോട് കൂടെയേ നോക്കികാണാന്‍ പറ്റുകയുള്ളൂ. വല്ല അത്യാഹിതമൊ മരണമോ പ്രകൃതി ദുരന്തമോ എന്തെങ്കിലുമായിരിക്കും. ഇന്ന് ഫ്ലഷ് ന്യൂസില്‍ 'കെ. മുരളീധരന്‍ കരുണാകരനെ കണ്ടു' മകന്‍ അച്ഛനെ കാണുന്നത് വാര്‍ത്തയാക്കുന്ന കാലം കലികാലമാണോ അല്ലെങ്കില്‍ 'തിലകന് അമ്മയില്‍ നിന്ന് നോട്ടീസ് കിട്ടി' ഇതുപോലുള്ള ഫ്ലഷ് ന്യൂസുകള്‍ ന്യൂസ് വാല്യുവിന്റെ എത്ര താഴെയാണെന്ന് അറിയുക. മത്സരത്തിന്റെ പരക്കം പാച്ചിലില്‍ എല്ലാം വാര്‍ത്തകളാകുന്നു. ശരിയും തെറ്റും തിരിച്ചറിയുന്നതിന് മുന്‍പ് ന്യൂസ് ഫ്ലഷാവുന്നു. ചര്‍ച്ചകള്‍ തുടങ്ങുന്നു. വാപൊളിച്ച് കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഞങ്ങള്‍ ചാനലുകള്‍ മാറ്റുമ്പോള്‍ ന്യൂസിന്റെ വാര്‍ത്തയുടെ സ്വഭാവം മാറുന്നു. ഗതിമാറുന്ന ഉള്ളടക്കം മാറുന്നു. ഏത് വിശ്വസിക്കണം ആവോ അറിയില്ല. ചര്‍ച്ചകള്‍ തുടരാം. എസ്.എം.എസ് അയക്കാം. ചര്‍ച്ചയില്‍ പങ്കെടുക്കാം. ചര്‍ച്ചകള്‍ കേട്ട് കേട്ട് മനോവിഭ്രാന്തി പിടിച്ച് ടി.വി. തല്ലിപൊളിക്കുന്ന ഒരു തലമുറ വളര്‍ന്ന് വരുമോ? ആവോ? അറിയില്ല. ഒന്നറിയാം നമ്മുടെ പ്രതികാര ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: