തിങ്കളാഴ്‌ച, ജൂൺ 28, 2010

നമ്മുടെ രണ്ടാം ദേശീയോത്സവം

കേരളത്തിന്റെ രണ്ടാം ദേശീയോത്സവം കൊണ്ടാടുകയാണ് നാം ജൂണ്‍ 26 ശനിയാഴ്ച. മലയാളികള്‍ ഒരുപക്ഷേ ഓണത്തേക്കാലും ഇഷ്ടത്തോടെ കൊണ്ടാടുന്നതാണ് ഈ രണ്ടാം ദേശീയോത്സവം. രണ്ട് മാസത്തിലൊരിയ്ക്കലെങ്കിലും ഈ രണ്ടാം ദേശീയോത്സവം ആഘോഷിച്ചില്ലെങ്കില്‍ മലയാളിയ്ക്ക് ദുഖമാണ്.
കേരളത്തിന്റെ ആ രണ്ടാം ദേശീയോത്സവം പണ്ട് 'ബന്ദ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കുറച്ച് കാലം മുമ്പ് കോടതി ഇടപെട്ട് ആ പേര് വേണ്ട പകരം 'ഹര്‍ത്താല്‍' എന്ന് മതി എന്ന് നിഷ്കര്‍ഷിച്ചു. ഒരു പേരിലെന്തിരിയ്ക്കുന്നു എന്ന് പറഞ്ഞ് മലയാളികള്‍ ആ നിര്‍ദ്ദേശത്തെ നെഞ്ചിലേറ്റി.
ഇത്തവണ ഈ ആഘോഷത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കൂട്ടിയതിനാണ്. 2010 ഏപ്രില്‍ 27 നായിരുന്നു ഇതിന് മുമ്പ് നാം ഈ ഉത്സവം ആഘോഷിച്ചത്.
അന്ന് ഇന്ത്യ ഒട്ടുക്ക് ഈ ഉത്സവം ആഘോഷിയ്ക്കണമെന്നാണ് എന്‍ഡിഎ ഒഴികെയുളള 13 ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചത്. കേരളം ഈ നിര്‍ദ്ദേശം സമ്പൂര്‍ണമായി ഉള്‍ക്കൊണ്ട് അത് മഹത്തായ ഉത്സവമാക്കി മാറ്റി. പക്ഷേ പരമ ബോറന്മാരായ മറ്റ് സംസ്ഥാനക്കാര്‍ ഈ ആഘോഷത്തില്‍ കാര്യമായി പങ്കെടുത്തില്ല. കേരളം മാത്രം (വല്ലപ്പോഴും ബംഗാളും) ആഘോഷിയ്ക്കുന്ന ഉത്സവമായതുകൊണ്ട് അവര്‍ പുറം തിരിഞ്ഞ് നിന്നതാണോയെന്ന് സംശയമുണ്ട്. അടുത്ത തവണയും ഇത് തുടര്‍ന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മറ്റൊരു കേരള ഹര്‍ത്താല്‍ ആഘോഷിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ട്.
അന്ന് ഈ ആഘോഷത്തില്‍ വിശ്വാസമില്ലാത്ത ചേര്‍ത്തല കെഎസ് ആര്‍ടിസി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ എസ് ബിജു(41) ജോലിയ്ക്കെത്തി. ഹര്‍ത്താല്‍ ദിവസം പണിചെയ്തില്ലെങ്കില്‍ ജോലിയില്‍നിന്നു് പിരിച്ചുവിടുമെന്ന് ഉത്തരവുകിട്ടിതിയനെത്തുടര്‍ന്നാണ് ബിജു ജോലിയ്ക്കെത്തിയത്. ബസ് ഓടിച്ച ബിജുവിനെ യൂണിയന്‍ പ്രവര്‍ത്തകര്‍ ചെരുപ്പുമാല അണിയിച്ചു. പിന്നെ ബിജുവിന്റെ തലയില്‍ മൂത്രമൊഴിച്ചു.
ആലത്തൂരുകാരി സിന്ധുവിന് അന്നേ ദിവസം അവിസ്മരണീയമാക്കാന്‍ ഉള്ള സൗകര്യം ഉണ്ടാക്കിയതും ഈ ആഘോം തന്നെ. എസ്.ഐ ദനേശ് കോറോത്ത് 2010 ജൂണ്‍ 26 ഒരിയ്ക്കലും മറക്കില്ല. കണ്ണൂര്‍ വളപട്ടണത്തായിരുന്നു ജൂണ്‍ 26ന് ദനേശിന് ജോലി. ഇത്തരം കുഞ്ഞുകുഞ്ഞ് ഓര്‍മകളല്ലേ ഒടുവില്‍ ഉത്സവങ്ങളെക്കുറിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടാവൂ.
ഏപ്രില്‍ 27ന് ശേഷം നാം കിനാലൂരിലും വടകരയിലും കണ്ണൂരിലും ഒക്കെ ചെറിയ തോതില്‍ ഹര്‍ത്താല്‍ നാട്ടുത്സവങ്ങള്‍ നടന്നു. എങ്കിലും അഖില കേരള ആഘോഷത്തിന് ഒരു അവസരം കിട്ടിയത് ഇപ്പോഴാണ്. ഇനി അടുത്തത് എന്നാണോ എന്തോ. ഓഗസ്റ്റ് പകുതികഴിയുമ്പോള്‍ ഉണ്ടാവും എന്ന് പ്രതീക്ഷിയ്ക്കാം
ഓണമോ, ക്രിസ്മസോ പോലെ നിശ്ചിത ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കേണ്ടെന്നതാണ് ഈ രണ്ടാം ദേശീയോത്സവത്തിന്റെ ഗുണം. നാല് പേര്‍ ചേര്‍ന്ന് തീരുമാനിച്ചാല്‍ നമുക്ക് ഇത് ആഘോഷിയ്ക്കാം. വടക്ക് കാഞ്ഞങ്ങാട്ടോ തെക്ക് പാറശാലയിലോ ഇരുന്ന് നാല് പേര്‍ പ്രഖ്യാപിച്ചാല്‍ മതി. "നാളെ നാം, മലയാളികള്‍ രണ്ടാം ദേശീയോത്സവം ആഘോഷിയ്ക്കും".
ഈ പ്രഖ്യാപനം ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും അറിഞ്ഞുകഴിഞ്ഞാല്‍ സുരപാനത്തില്‍ സന്തേഷം കണ്ടെത്തുന്ന മലയാളികള്‍ അഹമഹമിഹയാ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബെവറേജസ് കോര്‍പ്പറേഷന്റെ 337 കടകളിലേയ്ക്കും മാര്‍ച്ച് ചെയ്യും. സര്‍വ മര്യാദയോടും കൂടി വരിവരിയായി നില്‍ക്കും. കൂടിയതും കുറഞ്ഞതുമായ മറ്റവനെ വാങ്ങി വീട്ടിലേയ്ക്കോ അല്ലെങ്കില്‍ കൂട്ടുകാരുമായി കൂടാനാവുന്ന മറ്റേതെങ്കിലും കൂട്ടിലേയ്ക്കോ പോകും. വേണമെങ്കില്‍ അവിടെ തന്നെ തയ്യാറാക്കാനായി ബീഫും കപ്പയും മറ്റ് അനുസാരികളും കണ്ടെത്തും. ഇതൊക്കെ ചെയ്യാന്‍ കൂട്ടുകാര്‍ക്ക് എന്തൊരു ഒത്തൊരുമ ആണെന്നോ. ദേശീയോത്സവ ആഘോഷം മോശമാക്കരുതല്ലോ.
എന്തായാലും ഏത് പാര്‍ട്ടി രണ്ടാം ദേശീയോത്സവം പ്രഖ്യാപിച്ചാലും എല്ലാ പാര്‍ട്ടിക്കാര്‍ക്കും സന്തോഷമാണ്. ഭരണ പക്ഷത്തിന് വന്‍ സന്തോഷം. കാരണം ഒരു ആഘോഷം ഖജനാവിലേയ്ക്ക് കുറച്ച് കോടികള്‍ കൂടുതല്‍ എത്തിയ്ക്കും. എല്ലാ ഹര്‍ത്താല്‍ ദിവസത്തിന്റെ തലേന്നും ബെവറേജസ് കോര്‍പ്പറേഷന്റെ വരുമാനം 20 ശതമാനം കണ്ട് കൂടും. ധനമന്ത്രിയ്ക്ക് ഇത് കണ്ടില്ലെന്ന് നടിയ്ക്കാനാവുമോ. ധനക്കമ്മി കുറയ്ക്കാന്‍ ഇതിനേക്കാള്‍ മികച്ച മറ്റെന്ത് വിദ്യയുണ്ട്.
മറ്റെല്ലാ ആഘോഷവും എന്ന പോലെ തന്നെ ഈ ആഘോഷത്തിലും എല്ലാ മലയാള ടെലിവിഷന്‍ ചാനലുകളും പങ്ക് ചേരും. നേരത്തേ പ്രഖ്യാപിച്ചിരുന്ന പരിപാടികള്‍ മാറ്റും. പകരം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും തട്ട് പൊളിപ്പന്‍ മലയാള സിനിമ സംപ്രേക്ഷണം ചെയ്യും.
സുരപാനത്തില്‍ കമ്പമില്ലാത്തവരും ആഘോഷം മുടക്കാറില്ല. തലേന്ന് തന്നെ ചിക്കനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിശിഷ്ട ഭോജ്യ വസ്തുവോ വാങ്ങും. ആഘോഷ ദിവസം അതൊക്കെ തയ്യാറാക്കി കുഞ്ഞുകുട്ടി പരാധീനങ്ങളോടൊപ്പം ചാനലിലെ സിനിമയും കണ്ട് ആര്‍ത്ത് ഉല്ലസിയ്ക്കും. വീട്ടമ്മമാര്‍ക്കും സന്തോഷത്തിന്റെ ദിനമാണിത്. എല്ലാപേരും വീട്ടില്‍. കണവനെക്കൊണ്ട് ശല്യമില്ല. ഒന്നുകില്‍ ഒരുമൂലയില്‍ രണ്ടെണ്ണം അടിച്ചുകൊണ്ട് ഇരുന്നുകൊള്ളും. അല്ലെങ്കില്‍ കൂട്ടുകാരുടേ കേന്ദ്രത്തിലേയ്ക്ക് പൊയ്ക്കൊള്ളും പിന്നെ വൈകീട്ടേ അതിയാന്റെ ശല്യമുണ്ടാവൂ. ഇനി സുരപാന പ്രീയനല്ലെങ്കില്‍ ചിക്കന്‍ വെട്ടാനും ഉള്ളി തൊലിയ്ക്കാനും ഒക്കെ അടുക്കളയില്‍ കൂടുകയും ചെയ്യും. ആനന്ദലബ്ദിയ്ക്കിനി എന്ത് വേണം.
ചാനല്‍ സിനിമയില്‍ കമ്പം ഇല്ലാത്തവര്‍ സി ഡി വാടകയ്ക്കെടുത്ത് ആഘോഷം കൊഴുപ്പിയ്ക്കും. സ്റ്റാര്‍ മൂവീസ്, എച്ച് ബി ഒ തടങ്ങിയ പരദേശി ചാനലുകള്‍ക്ക് നമ്മുടെ ഈ ദേശീയോത്സവത്തെക്കുറിച്ച് അറിഞ്ഞുകൂടെന്ന് തോന്നുന്നു. അതുകൊണ്ട് അവര്‍ പ്രത്യേക പരിപാടി ഒന്നും ഉള്‍പ്പെടുത്താറില്ല. ഉടനെ തന്നെ ആരെങ്കിലും അവരുടെ പ്രോഗ്രാമിംഗ് വിഭാഗത്തെ ഈ കൊയ്ത്ത് വേളയെക്കുറിച്ച് അറിയിയ്ക്കേണ്ടതാണ്.
കച്ചവടക്കാര്‍ക്ക് ഒരു ദിവസം കട അടയ്ക്കുക എന്ന് പറഞ്ഞാല്‍ അത് ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കട അടയ്ക്കാന്‍ സന്തോഷമാണ്. എന്തിന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവന്റെ മൂത്രം തന്റെ കടയ്ക്കുള്ളിലാക്കണം? അടച്ചില്ലെങ്കില്‍ മിഠായി കുപ്പികള്‍ വേറെ വാങ്ങേണ്ടി വരും. മുന്നില്‍ ചില്ലിട്ട കടയാണെങ്കില്‍ ചില്ല് മാറ്റേണ്ടി വരും. ഈ പൊല്ലാപ്പോന്നും വേണ്ട. കട തുറക്കാതിരുന്നാല്‍ പോരേ. ആരും തുറക്കാത്തതുകൊണ്ട് കച്ചവടം നഷ്ടമാവുമെന്ന പൊല്ലാപ്പുമില്ല.
പടക്കം വില്കാന്‍ ലൈസന്‍സുള്ള ഒരു കടക്കാരന്‍ ഈയിടെ ഇങ്ങനെ പറ‍ഞ്ഞു.
അടുത്ത തവണ മുതല്‍ ഹര്‍ത്താലിന്റെ തലേദിവസം പടക്ക കടകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: